Tuesday, October 25, 2011

നാട്ടുനടപ്പും പരദേശി മരുന്നും


(നാട്ടുനടപ്പും പരദേശി മരുന്നും- ഡോ. സി.കെ. രാമചന്ദ്രനുമായി നടത്തിയ സംഭാഷണം- ഭാഗം-ഒന്ന്)

എറണാകുളത്ത് എല്ലാ വൈകുന്നേരവും ഞങ്ങള്‍ക്കൊരു 'നടപ്പുകമ്പനി'യുണ്ട്। ഞങ്ങളെന്നുപറഞ്ഞാല്‍ കൃഷ്ണയ്യര്‍ സ്വാമിയും സാനുമാഷും പിന്നെ ഞാനും. (ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരും പ്രശസ്ത എഴുത്തുകാരന്‍ എം.കെ സാനുവും.) നടപ്പെന്നു പറഞ്ഞാല്‍ അങ്ങനെ എടുത്തുപിടിച്ചുള്ള നടപ്പൊന്നുമല്ല. സായാഹ്നസവാരി. അതിനിടയില്‍ ഏറെയും വര്‍ത്തമാനങ്ങളും. നമ്മുടെ നാട്ടില്‍ നടക്കുന്ന ഓരോ വിഷയങ്ങളിലും നല്ല ചൂടുള്ള വര്‍ത്തമാനങ്ങള്‍ നടക്കാറുണ്ട്. നിയമവും ചികിത്സയും സാഹിത്യവുമൊക്കെ കടന്നുവരിക സ്വാഭാവികമാണല്ലോ.


അവിടെ സ്ഥിരമായ നടപ്പുകാരുണ്ട്. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുണ്ട്. ചിലരുടെ നടപ്പുകണ്ടാല്‍ അതിനായി വ്രതമെടുത്തു വന്നതുപോലെ തോന്നും. നല്ല സ്ഥൂലശരീരമുള്ളവര്‍ നന്നായി അദ്ധ്വാനിക്കുന്നതുകാണാം. വിയര്‍പ്പില്‍മുങ്ങി മറ്റുചിലര്‍. ചിലര്‍ ശ്വാസംപോലും കഴിക്കാതെ ഒറ്റ പാച്ചിലാണ്! പരിഷ്‌കാരികളായ മറ്റു ചിലരുടെ ചെവിയില്‍ പാട്ടൊക്കെ പിടിപ്പിച്ചിരിക്കുന്നതുകാണാം.
ഇവരുടൈല്ലാം നടപ്പുകണ്ടപ്പോള്‍ എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. ഇന്നത്തെ മലയാളി കാര്യമായി ചെയ്യുന്ന രണ്ടു പ്രവൃത്തികള്‍ തീറ്റയും നടപ്പും തന്നെ. നന്നായി വ്യായാമം ചെയ്താല്‍ എന്താഹാരവും കഴിക്കാം എന്ന ചിന്ത പ്രബലമായിരിക്കുന്നു. ഇതില്‍ തെറ്റുപറയാനാവില്ല. പക്ഷെ വ്യായാമം മുടക്കരുതെന്നുമാത്രം. ബി.പി, കൊളസ്േ്രടാള്‍, ഡയബറ്റിക് എന്നിവ പോലുള്ള ജീവിതശൈലീരോഗങ്ങളെ ചെറുക്കാന്‍ നടപ്പുനല്ലതാണ്. ഹൃദ്രോഗമോ മറ്റസുഖങ്ങളോ ഉള്ളവര്‍ തങ്ങളുടെ ഡോക്ടറുടെകൂടി അഭിപ്രായം മാനിച്ച് നടക്കാനിറങ്ങിയാല്‍ മതി.

അമിതവണ്ണവും കുടവയറും മൂലം ബുദ്ധിമുട്ടിയിരുന്ന ഒരു ചെറുപ്പക്കാരന്‍ ഈയിടെ എന്നോട് ഒരുപദേശം ആരാഞ്ഞു. വയറുകുറയ്ക്കാനും മെലിയാനുമുള്ള തൈലങ്ങളും എണ്ണയുമൊക്കെ ഇപ്പോള്‍ സുലഭമാണല്ലോ. ഇതെല്ലാം ഉപയോഗിച്ച് 'രോഗശാന്തിയും മന:ശാന്തിയും' നേടിയവരുടെ ചിത്രങ്ങള്‍ സഹിതം ധാരാളം പരസ്യങ്ങളും പ്രചരിക്കുന്നു. ഇക്കൂട്ടരില്‍ സിനിമാക്കാര്‍ പോലുമുണ്ട്. അപ്പോള്‍ അവയെപ്പറ്റി സംശയമേ വേണ്ടാത്തതാണ്. അയാള്‍ അത്തരത്തിലൊരു തൈലം പരീക്ഷിക്കാന്‍ തീരുമാ
നിച്ചിരിക്കുന്നു. അതിനുമുമ്പ് എന്റെ അഭിപ്രായംകൂടി ചോദിക്കാമെന്നു വച്ചു.

ചെറുപ്പക്കാരന്റെ ആവലാതി നിസ്സാരമായി കാണാനാവില്ല. തടി ദിനംപ്രതി വര്‍ദ്ധിച്ചുവന്ന് അയാള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലാണ്. എന്തായാലും ഞാന്‍ നിര്‍ദാക്ഷിണ്യം തന്നെ ഇക്കാര്യം തുറന്നുപറഞ്ഞു. പരസ്യത്തില്‍ കാണുന്നതുപോലെ തൈലം മേടിച്ചുപുരട്ടിയാല്‍ തടി കുറയില്ല. എണ്ണതേച്ച് കളിപ്പുപറ്റിയവര്‍ അക്കാര്യം പുറത്തുമിണ്ടുകയില്ലല്ലോ. എങ്കില്‍പ്പിന്നെ ശസ്ത്രക്രിയ ചെയ്ത് വയറ്റിലെ കൊഴുപ്പുനീക്കിയാലോ എന്നായി ചോദ്യം. ശസ്ത്രക്രിയക്ക് നല്ല ചെലവുവരും, കൂടാതെ പാര്‍ശ്വഫലങ്ങളും കണ്ടേക്കാം.

പരസ്യങ്ങള്‍ അനാരോഗ്യകരമായ ഒരു ആരോഗ്യസംസ്‌കാരം സൃഷ്ടിക്കുന്നുണ്ട്. ഗ്യാസ്ട്രബിള്‍, മൂലക്കുരു, ദാമ്പത്യപ്രശ്‌നങ്ങള്‍ എല്ലാത്തിനും ഒറ്റമൂലികളോ മറ്റെങ്ങും കിട്ടാത്ത ചികിത്സയോ ഉണ്ടെന്നാണ് മിക്കവരുടെയും അവകാശവാദം. ഇത്തരം മുറിവൈദ്യന്മാരുടെ ഉപദേശം സ്വീകരിച്ചു ചികിത്സ തുടങ്ങിയാല്‍ നില അവതാളത്തിലായതുതന്നെ.

ഭക്ഷണനിയന്ത്രണവും വ്യായാമവും തന്നെയാണ് നല്ല ആരോഗ്യമന്ത്രം. വലിച്ചുവാരി തിന്നാതിരിക്കുക. രണ്ടുനേരം കഴിക്കാനാണ് ആചാര്യന്മാരുടെ നിര്‍ദ്ദേശം- രാവിലെയും വൈകിട്ടും മാത്രം. ഇടയ്ക്ക് പഴങ്ങളാവാം. രാത്രി ഏഴുമണിക്കുമുമ്പ് അത്താഴം കഴിച്ചുകിടക്കുക. രാവിലെ നേരത്തെയുണരുക. ധാരാളം നടക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക. ഇതു ചെയ്താല്‍തന്നെ ദീര്‍ഘകാലം ആരോഗ്യത്തോടെയിരിക്കാം.

മലയാളികള്‍ രോഗങ്ങളെക്കുറിച്ച് നല്ല അറിവുള്ളരാണ്. എങ്കിലും രോഗപ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നവരാണ്. ഭൂരിഭാഗം പേരും ഒരസുഖവുമില്ലെങ്കിലും ഡോക്ടറുടെയടുത്ത് ഓടിയെത്തുന്നു. അസുഖം ശരീരത്തിനല്ല മനസ്സിനാണ് എന്നുഡോക്ടര്‍ക്കറിയാം.

തനിക്ക് എന്തോ ഗുരുതരമായ അസുഖം ബാധിച്ചിരിക്കുന്നു എന്ന ഉത്കണ്ഠയോടെ ഓടിയെത്തുന്ന നിരവധി രോഗികളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരില്‍ എഴുപതുശതമാനം പേര്‍ക്കും യാതൊരസുഖവും കാണില്ല. അവരെ ഒന്നു സ്പര്‍ശിച്ച് ഒരു നല്ലവാക്കു പറഞ്ഞ് സമാധാനപ്പെടുത്തി വിടേണ്ട ആവശ്യമേയുള്ളൂ. ഡോക്ടറുടെ അനുകമ്പയോടെയുള്ള പെരുമാറ്റം കൊണ്ട് രോഗം സുഖപ്പെട്ട എത്രയോ പേരെ കാണാന്‍ കഴിയും. ചിലപ്പോള്‍ നാം തന്നെയും അത്തരം അനുഭവമുള്ളവരാണല്ലോ.

രോഗിയോടുള്ള ഡോക്ടറുടെ സമീപനമാണ് പ്രധാനം. സ്‌നേഹമാണ് ഇവിടെ ഔഷധം. ചില രോഗികള്‍ക്ക് ഈ ഔഷധത്തിന്റെ കൂടെ എന്തെങ്കിലും കൂടി വേണം. ഹാനികരമല്ലാത്ത വിലകുറഞ്ഞ ചില വിറ്റമിന്‍ ഗുളികകളൊക്കെ അപ്പോള്‍ എഴുതും. മറ്റുചിലര്‍ ഇതുകൊണ്ടും തൃപ്തിപ്പെടണമെന്നില്ല. അവര്‍ക്ക് വിലകൂടിയ മരുന്നുകള്‍ തന്നെ വേണം. ഇതും ചികിത്സയുടെ ഭാഗമാണല്ലോ. അത്തരക്കാരെ വെറുതെ മടക്കിയയക്കാനാവില്ല.

ഒരിക്കല്‍ മലബാറിലെ ഒരു പ്രധാനി കണ്‍സള്‍ട്ടിംഗിനായി എത്തി. സകലപരിശോധനയും നടത്തി. ഒന്നും കണ്ടെത്താനായില്ല. എങ്കിലും ഞാന്‍ മരുന്നെഴുതി. ഒന്നേകാല്‍ രൂപയുടെ ഒരു ഗുളിക! പ്രമാണി അന്തംവിട്ടുപോയി. തനിക്ക് ഒന്നേകാലുറപ്പികയുടെ മരുന്നോ? ഡോക്ടറെന്നെ കളിയാക്കുകയാണോ എന്നായി ചോദ്യം. ഞാന്‍ വാസ്തവം പറഞ്ഞിട്ടും ബോധ്യമാകുന്നില്ല. അയാളുടെ കൂടെ വന്നവരും നിര്‍ബന്ധിച്ചുതുടങ്ങി. മാസം അമ്പതിനായിരം നാളികേരം കിട്ടുന്ന ആളാണ് രോഗിയെന്ന് കൂടെ വന്നവരിലൊരാള്‍ എന്റെ കാതില്‍ മന്ത്രിച്ചു. നിര്‍ബന്ധംകൂടി വന്നു. ഒടുവില്‍ അറുന്നൂറു രൂപയുടെ മരുന്ന് എഴുതിയിട്ടേ പരിസമാപ്തിയായുള്ളൂ. ഇനി മറ്റുചില കൂട്ടരുണ്ട്. അവര്‍ക്ക് നാട്ടില്‍ കിട്ടുന്ന മരുന്ന് കുറച്ചിലാണ്. വിദേശത്തുനിന്നും വരുത്തിയ മരുന്നേ ഫലം ചെയ്യൂ എന്നവര്‍ പറയും. പിന്നെ വിദേശത്തുള്ള ബന്ധുക്കള്‍ക്ക് കഷ്ടപ്പാടാണ്. നാട്ടില്‍ മരുന്നെത്തുന്നതുവരേയും രോഗി ഇല്ലാത്ത രോഗവുമായി 'മല്ലടിച്ചുകൊണ്ടേയിരിക്കും'. അപ്പോഴും രോഗം മാറ്റാത്ത ഡോക്ടറോടു കാണില്ല വിരോധം. ഡോക്ടറുടെ ചികിത്സയല്ലല്ലോ പ്രശ്‌നം; നാട്ടില്‍ പറ്റിയ മരുന്നില്ലാല്ലത്തതല്ലേ..?!