Friday, December 30, 2011

ഭാഗം- രണ്ട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു മേഘം വന്ന് അവരെ പൊതിഞ്ഞു




(ഫാ. ബോബി ജോസ് കട്ടികാടിന്റെ പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം)

ഒടുവിലത്തെ കണ്ടുുമുട്ടല്‍

ഗുരുക്കന്മാരുടെ സങ്കടമിതാണ്.
അങ്കി ധരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും മജ്ജ സ്വീകരിക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നു. ഞാന്‍ എന്നോടുതന്നെ ചോദിക്കാറുണ്ട്, ''ശരിക്കും നിനക്കീ അങ്കി മതിയോയെന്ന്!'' ഇതെന്നെ വല്ലാതെ ഭാരപ്പെടുത്തുന്നു. അങ്കി വേണോ, മജ്ജ വേണോയെന്ന് നിശ്ചയിക്കേണ്ട ചില അവസാനമുഹൂര്‍ത്തങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.

ബൈബിളിലെ ഒരു കുഞ്ഞുസംഭവം എന്നെ വല്ലാതെ ഭാരപ്പെടുത്താറുണ്ട്. ക്രിസ്തു ഇങ്ങനെ പറയുന്നു:
'' അന്തിമദിനങ്ങളില്‍ നീ എന്റെ പക്കല്‍വരും. നിന്റെ നാമത്തില്‍ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്, രോഗശാന്തി കൊടുത്തിട്ടുണ്ട്, അത്ഭുതങ്ങള്‍ കാണിച്ചിട്ടുണ്ട് എന്നെല്ലാം നീ എന്നോടു പറയും. അപ്പോള്‍ എന്റെ മറുപടി ഇങ്ങനെയായിരിക്കും: ഞാന്‍ നിന്നെ അറിയുന്നു പോലുമില്ല.!''
എപ്പോഴൊക്കെ ഈ ഭാഗം വായിക്കുന്നുവോ അപ്പോഴെല്ലാം എന്റെ പെരുവിരല്‍ തൊട്ട് ഒരു വിറയല്‍ വരാറുണ്ട്. പതിനഞ്ചാംവയസ്സില്‍ ആശ്രമത്തില്‍ ചേര്‍ന്നയാളാണു ഞാന്‍. കുറെയൊക്കെ അകന്നും അടുത്തും ഗുരുവുമായി ബന്ധപ്പെട്ടു ജീവിക്കുവാന്‍ ശ്രമിച്ചു. കുറച്ചു പുസ്തകങ്ങളെഴുതി. സത്സംഗങ്ങള്‍ ചെയ്തു. ഇതെല്ലാം കഴിഞ്ഞ് ഒടുവില്‍ യാത്രയ്‌ക്കൊരവസാനം കുറിച്ച് അവിടുത്തെ സവിധത്തിലെത്തുമ്പോള്‍ പറയുകയാണ് 'ഞാന്‍ നിന്നെ അറിയുന്നുപോലുമില്ല ! ഐ ജസ്റ്റ് നോട്ട് നോ!' എന്തു കഠിനമായിരിക്കും ആ തലവര.
നമുക്ക് ഗുരുവിനെ അറിയാമെന്നത് ഒരു വലിയ കാര്യമല്ല. ഇത്തിരി വായനയും, മാറി നടക്കാനുള്ള ആഭിമുഖ്യവുമുള്ള ആര്‍ക്കും ഗുരുക്കന്മാരെ അറിയുവാന്‍ സാധിക്കും. പക്ഷെ ഗുരുവിന് നമ്മളെ അറിയാമോ? അപ്പോള്‍ എവിടെയാണ് പാളിയത്? എല്ലാം ഗുരുപാദങ്ങളില്‍ സമര്‍പ്പിച്ച് പ്രണമിച്ച് ഗുരുവിനെ കേന്ദ്രീകരിച്ചു ജീവിച്ചവരാണ്. എന്നിട്ടും ഗുരുവിന് പിടുത്തംകിട്ടുന്നില്ലെന്നു പറഞ്ഞാല്‍ അര്‍ത്ഥമെന്താണ്?

ആത്മീയതയുടെ കാണാപ്പുറങ്ങള്‍

നമ്മള്‍ നമ്മെപ്പറ്റി പറയുന്ന കാര്യങ്ങളല്ല യഥാര്‍ത്ഥ നമ്മള്‍. നമ്മുടെ ശരീരഭാഷയ്ക്ക് എന്തോ കുഴപ്പമുണ്ട്. ഉദാഹരണത്തിന് 'കൊള്ളാം' എന്നൊരു വാക്ക് നമ്മള്‍ അച്ചടിച്ചുകഴിഞ്ഞാല്‍ കൊള്ളാം എന്നുതന്നെയാണ് അര്‍ത്ഥം. പക്ഷെ നൂറുപേര്‍ കൊള്ളാമെന്നു പറയുമ്പോള്‍ അതിന് നൂറ് അര്‍ത്ഥമാണ്. ചില മനുഷ്യര്‍ വലിയ സങ്കടങ്ങളിലൊക്കെ കൊള്ളാമെന്നു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അപ്പോള്‍ ഈ പറഞ്ഞ കാര്യങ്ങള്‍ക്കകത്ത് ആ ശരീരഭാഷയ്ക്കകത്ത് എന്തോ കുഴപ്പമുണ്ട്.

ഒന്നുകൂടെ വിശദമാക്കാം. ആത്മീയതയുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളുണ്ട്. ഒന്നിതാണ്- ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് നമ്മളെന്ന തോന്നല്‍. എന്താണ് ആത്മീയത എന്നുചോദിക്കുമ്പോള്‍ നമ്മള്‍ പറയുന്നു, ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കുന്നു, ധ്യാനിക്കുന്നു, ആരാധനയില്‍ ഏര്‍പ്പെടുന്നു എന്നൊക്കെ. കുറച്ചുകൂടി മുന്നോട്ടുപോയവര്‍ പറയുന്നു, ഞാന്‍ ദരിദ്രരെ ഊട്ടുന്നുണ്ട്, ഉപവിപ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടുന്നുണ്ട്.. ഇങ്ങനെ കുറെകാര്യങ്ങള്‍. കുറച്ചുകൂടി ചലഞ്ചിംഗ് ആയവര്‍ പറയുന്നു, നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്നു..ഇങ്ങനെ കുറെ കാര്യങ്ങള്‍..

ഈ ചെയ്യുന്ന കാര്യങ്ങള്‍ മാത്രമാണോ നമ്മള്‍? അങ്ങനെയെങ്കില്‍ ധാരാളം ചെയ്തുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ പേര് മാര്‍ത്ത എന്നാണ്. ബൈബിളിലെ കഥയാണ്. അവളുടെ സഹോദരിയാണ് മറിയം. അവള്‍ ഒന്നും ചെയ്യാതെ കണ്ണുംപൂട്ടിയിരിപ്പാണ്. മാര്‍ത്ത ഗുരുവിന്റെ അടുക്കല്‍വന്നിട്ട് പറയുകയാണ്. ''വീട്ടുകാര്യങ്ങള്‍ ഒന്നുംചെയ്യാതെ അവളിരിക്കുന്നത് കണ്ടില്ലേ?''

അപ്പോള്‍ ക്രിസ്തു മാര്‍ത്തയോടു പറയുന്നു. '' മാര്‍ത്ത, അവള്‍ നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു !'' അതെങ്ങനെയാണ്? ചെയ്തുകൊണ്ടിരുന്നവരേക്കാള്‍ കൂടുതല്‍ ഈ ചെയ്യാത്തവര്‍ എങ്ങനെയാണ് നല്ല ഭാഗം തെരഞ്ഞെടുക്കുന്നത്?

അമ്മയില്ലാത്ത വീട്

അമ്മയെന്നു പറയുന്നത് ചെറിയ കാര്യമല്ല. അമ്മയെപ്പറ്റി ഉപന്യസിക്കാന്‍ പറഞ്ഞാല്‍ കുട്ടികള്‍ അമ്മ ഇന്നയിന്ന കാര്യങ്ങള്‍ ചെയ്യുന്നു എന്നെഴുതും. പക്ഷെ നാല്‍പ്പതുകളുടെ ആദ്യപാദത്തിലെത്തിയ ഒരാള്‍ക്ക് ഇങ്ങനെയല്ല. കാരണം അമ്മയൊന്നും ചെയ്യുന്നില്ല. എട്ടുവര്‍ഷമായി എന്റെ ഒരു ചങ്ങാതിയുടെ അമ്മ വീട്ടില്‍ തളര്‍ന്നുകിടക്കുകയാണ്. കുഞ്ഞുങ്ങള്‍ വരുമ്പോള്‍ വാതില്‍ തുറക്കാന്‍ പറ്റുന്നില്ല. കാപ്പി അനത്താനാവുന്നില്ല. അങ്ങിനെ കഴിഞ്ഞദിവസം അമ്മ മരിച്ചുപോയി. പെട്ടന്ന് ആ വീട്ടിലേക്ക് വലിയ ശൂന്യതയാണ് കടന്നുവന്നത്. അമ്മയില്ലാത്ത വീട് എന്തൊരു വീടാണ്. ചെയ്യുന്ന കാര്യങ്ങള്‍ മാത്രമായിരുന്നു അമ്മയെങ്കില്‍ അമ്മയുടെ വിയോഗം ഈ വീട്ടില്‍ കാര്യമായ പരിക്കോ ഉലച്ചിലോ ഉണ്ടാക്കുമായിരുന്നില്ല. അപ്പോള്‍ ആത്മീയതയുമായി ബന്ധപ്പെട്ട ഒരു കാര്യമിതാണ്- ചെയ്യുന്ന കാര്യങ്ങള്‍ മാത്രമല്ല നമ്മള്‍.

സ്‌നേഹം നിറയട്ടെ

ചെയ്യുന്ന കാര്യങ്ങളില്‍ സ്‌നേഹമില്ലെങ്കില്‍ അതിലെ സ്‌നേഹക്കുറവ് എളുപ്പത്തില്‍ മനസ്സിലാകും. ബൈബിളില്‍ ഇങ്ങനെയൊരു വാചകമുണ്ട്, 'സ്‌നേഹമില്ലാത്തവരുടെ ഭാഷണം മുഴങ്ങുന്ന ചെമ്പാണ്.' മനുഷ്യര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്നത് സ്‌നേഹക്കുറവാണ്.

എനിക്ക് ഒരു അനുഭവമുണ്ടായി. ഒരിക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ അല്പം ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയുമായി ഒരമ്മ വന്നു. ആ അമ്മയ്ക്ക് ടോയ്‌ലറ്റില്‍ പോകണം. പക്ഷെ കുട്ടിയെ ആരുപിടിക്കും? ഞാന്‍ അടുത്തുചെന്നു പറഞ്ഞു. കുട്ടിയെ ഞാന്‍ പിടിച്ചോളാം. അമ്മ കുട്ടിയെ എന്റെ കൈയിലേല്‍പ്പിച്ചു. അടുത്ത നിമിഷംതന്നെ കുട്ടി ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി. ആ കുട്ടിക്ക് മനസ്സിലായി തന്നോട് അത്ര വലിയ സ്‌നേഹമുള്ള ആളിന്റെ കൈയിലല്ല പെട്ടിരിക്കുന്നതെന്ന്!

ഒരിക്കല്‍ പ്രായമായ ഒരു വൈദികന്‍ എന്റെ അടുത്ത് ധ്യാനത്തിനായി വന്നു. അദ്ദേഹത്തിന്റെ ഒരു പല്ലിന് വലിയ വേദന. ഞാന്‍ പറഞ്ഞു, ഇവിടെ അടുത്ത് ഒരു ദന്താസ്പത്രിയുണ്ട്. നമുക്കവിടെ പോകാം. അപ്പോള്‍ അദ്ദേഹം പറഞ്ഞു, വേണ്ട, എനിക്ക് ഞാന്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ഒരു ഡെന്റിസ്റ്റിനെ കണ്ടാലേ ശരിയാകൂ. വീണ്ടും ഞാന്‍ ചോദിച്ചു, അതെന്താ പല്ലു പറിക്കുന്നത് ആരായാലെന്താ? അപ്പോള്‍ ആ വൈദികന്റെ മറുപടി ഇങ്ങനെയായിരുന്നു: ''അതല്ല അവന്‍ പല്ലുപറിക്കുമ്പോള്‍ അതിലൊരു ആത്മാവുണ്ട് !''
എന്തിലും ഒരാത്മാവ് (സോള്‍) എന്നുപറയുന്ന വശമുണ്ട്. ക്രൈസ്തവര്‍ക്കു വളരെ പ്രധാനപ്പെട്ട ഒന്നാണ് കുര്‍ബ്ബാന. ഒരാള്‍ വിരുന്നൊരുക്കിയിട്ട് വിരുന്നിനെത്തിയവരോട് ഭക്ഷണമൊന്നും കരുതിയിട്ടില്ല എന്നു പറയുന്നു. അതുകൊണ്ട് നിങ്ങള്‍ എന്നെ തിന്നുകൊള്‍ക. കേള്‍ക്കുമ്പോള്‍ തന്നെ കണ്ണുനിറയുന്ന അനുഭവമല്ലേ ഇത്?

ഒരിക്കല്‍ അതിരാവിലെ ഒരു യാത്ര പോകേണ്ടതുള്ളതുകൊണ്ട് വെളുപ്പിന് മൂന്നുമണിയ്ക്ക് കുര്‍ബ്ബാന അര്‍പ്പിച്ച് ഒരു മൂന്നേമുക്കാലോടെ ഞാനിറങ്ങി. പക്ഷേ എനിക്ക് എന്തോ അസ്വസ്ഥത. കാരണം കുര്‍ബ്ബാന കഴിഞ്ഞു; എന്റെ കണ്ണു നിറഞ്ഞിട്ടില്ല. ഒരു അനുഷ്ഠാനം പോലെ കഴിഞ്ഞു. അപ്പോള്‍ എന്തിലും ഒരാത്മാവ് എന്ന കാര്യം കിടപ്പുണ്ട്. ഈ ആത്മാവു നഷ്ടമായാല്‍ എല്ലാം അനുഷ്ഠാനമായി മാറും.

സ്‌നേഹക്കുറവോടെ ദാമ്പത്യസ്‌നേഹം അനുഷ്ഠിച്ചാല്‍ അതിനുള്ളില്‍ ഒന്നുമുണ്ടാകില്ല. ബൈബിളില്‍ ദാമ്പത്യസ്‌നേഹം അനുഷ്ഠിക്കുന്നവരെ കുറിക്കുന്ന വാക്ക് 'അറിയുക' എന്നതാണ്. അറിവ് ശരീരംകൊണ്ട് നടക്കേണ്ടതല്ല. ഉള്ളില്‍ നടക്കേണ്ട കാര്യമാണ്. എന്തറിവാണ് നമ്മുടെ സാധാരണ ഗൃഹസ്ഥാശ്രമത്തില്‍ നടക്കുന്നത്? ഒന്നുമില്ല. ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തമ്മില്‍ സ്‌നേഹമുണ്ടോ? അത് വളരെ വൈകാതെ നിങ്ങളും മനസ്സിലാക്കും നിങ്ങളുടെ പരിസരവും മനസ്സിലാക്കും.

(തുടരും)


Wednesday, December 7, 2011

പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു മേഘം വന്ന് അവരെ പൊതിഞ്ഞു..



(ഫാ. ബോബി ജോസ് കട്ടികാട് -- ആദരണീയനായ ആ ദൈവവേലക്കാരന്‍ ശാന്തിഗിരിയില്‍ വന്നുനടത്തിയ പ്രഭാഷണത്തില്‍ നിന്നും-- ഭാഗം--ഒന്ന് )

നിനക്ക് എന്റെ അങ്കി വേണമോ? മജ്ജ വേണമോ?

ബുദ്ധന്‍ മടങ്ങിപ്പോകാന്‍ നേരത്ത് ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ ആനന്ദന്‍ ചോദിച്ചു: 'അങ്ങ് എനിക്കുവേണ്ടി എന്താണ് മാറ്റി വച്ചിട്ടുളളത്'? ബുദ്ധന്‍ പറഞ്ഞു, 'ആനന്ദാ, എല്ലാവര്‍ക്കും ആവശ്യം എന്റെ അങ്കിയായിരുന്നു. നിനക്ക് ഞാനെന്റെ മജ്ജ മാറ്റിവച്ചിട്ടുണ്ട്..!'
ജീവിതത്തിലുടനീളം എല്ലാ ഗുരുക്കന്മാരും ഇത് പറയാനാഗ്രഹിക്കുന്നുണ്ട്. എല്ലാവര്‍ക്കും ആവശ്യം അങ്കിയാണ്. അപൂര്‍വ്വം ചിലര്‍ക്ക് ഗുരു തന്റെ മജ്ജ മാറ്റിവച്ചിരിക്കുന്നു. ഗുരുവിന്റെ അങ്കിയോ മജ്ജയോ ഏതുവേണമെന്നുള്ള അപകടകരമായ തീരുമാനമെടുക്കുന്നതിനായി ഒരാള്‍ തന്നെത്തന്നെ സ്വയം പരുവപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ കീര്‍ത്തനമാലകള്‍, നമസ്‌കാരങ്ങള്‍, പ്രാര്‍ത്ഥനകള്‍ ഇതിനെയെല്ലാംതന്നെ അങ്കിയെന്നു ഗണിക്കാം. ഒരു സംസ്‌കാരത്തിലും അങ്കി മോശമായ കാര്യമല്ല. പ്രത്യേകിച്ചും ഗുരുക്കന്മാരുടെ അങ്കിയിലൊക്കെ സ്പര്‍ശിച്ച് ആളുകള്‍ക്ക് പ്രസാദവും സൗഖ്യവും കൃപയുമൊക്കെ ലഭിക്കുന്നതിനായി നാമറിയുന്നുണ്ട്. പക്ഷെ കുറച്ചുകൂടി മുന്‍പോട്ട് പോകാന്‍ താല്പര്യമുളളവരോട് ഗുരു ചോദിക്കുന്നു, 'നിനക്ക് എന്റെ അങ്കി വേണോ? അതോ മജ്ജ വേണോ?' അപൂര്‍വ്വം ചിലര്‍ മജ്ജ മതിയെന്ന് നിശ്ചയിക്കുന്നു.

മജ്ജ ചോദിക്കുന്നതുകൊണ്ട് ഒരു കുഞ്ഞുപ്രശ്‌നമുണ്ട്. മജ്ജ കൊടുക്കാന്‍ മനസാവുന്നവരില്‍ നിന്ന് അവിടുന്ന് അങ്കിയുടെ സമാശ്വാസം എടുത്തുമാറ്റിയെന്നിരിക്കും. അതുകൊണ്ടാണ് വളരെ വിപല്‍ക്കരമായ ഒരു തീരുമാനമാണ് ഇതെന്ന് സൂചിപ്പിച്ചത്. എന്നാല്‍ ആ തീരുമാനമെടുക്കുന്ന നിമിഷം മുതല്‍ ഒരാളെ ഗുരുകൃപ കൈപിടിച്ച് കൂടെക്കൊണ്ടുപോകും. എല്ലാ ഗുരുപാരമ്പര്യങ്ങളിലും ഈ രണ്ടുകൂട്ടം മനുഷ്യരുണ്ട്. അങ്കിയും മജ്ജയും കിട്ടിയ മനുഷ്യര്‍! മജ്ജ ചോദിച്ച മനുഷ്യരെ ക്രിസ്തു വിളിക്കുന്ന പേര് 'എന്റെ ചെറിയ അജഗണം' എന്നാണ്. ചിലപ്പോള്‍ പതിനായിരക്കണക്കിന് മനുഷ്യര്‍ ക്രിസ്തുവിനെ കേട്ടിട്ടുണ്ടാകും. ക്രിസ്തു അപ്പമെടുത്ത് വാഴ്ത്തി അയ്യായിരം പേരെ ഊട്ടിയ കഥയൊക്കെയുണ്ട്. അയ്യായിരം പുരുഷന്മാര്‍ എന്നാണ് പറയുന്നത്. അതിന്റെ അര്‍ത്ഥം പലമടങ്ങ് സ്ത്രീകളും കുട്ടികളുമൊക്കെയായി ഏകദേശം കാല്‍ ലക്ഷത്തോളം പേര്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ്. എന്നിട്ടും കൂട്ടി, കുറച്ച്, ഹരിച്ചുകഴിഞ്ഞപ്പോള്‍ എത്രപേര്‍ അവിടുത്തോടൊപ്പം ഉണ്ടായിരുന്നു?

ചെറിയ അജഗണത്തിന്റെ പ്രതിനിധിയായ മീന്‍പിടുത്തക്കാരന്‍

ഒന്നോര്‍ത്തുകഴിഞ്ഞാല്‍ ഈ ചെറിയ അജഗണത്തിനു മാത്രമേ നിലനില്പുളളൂ. ഗുരുക്കന്മാര്‍ തിരയുന്ന ചെറിയ അജഗണത്തിന്റെ ഭാഗമായിട്ട് നില്കുകയെന്നതു ശ്രമകരമാണ്. പക്ഷെ അത് അര്‍ത്ഥപൂര്‍ണമാണ്. ഈ ചെറിയ അജഗണം എല്ലായിടത്തുമുണ്ട്.

ഒരിക്കല്‍ ഞാനൊരു പുഴയോരത്തിരിക്കുമ്പോള്‍ ഒരാള്‍ വഞ്ചിയിലിരുന്ന് വലയെറിയുന്നതുകണ്ടു. വലയില്‍ ഒന്നും കുരുങ്ങിയിട്ടില്ല. കടവിനടുത്തുവന്നു വലയെറിഞ്ഞപ്പോള്‍ നാലുവലിയ മാലമീനുകള്‍ കുരുങ്ങി. രുചികരവും വിലയുമുള്ളതാണ് മാലമീനുകള്‍. അയാള്‍ മത്സ്യങ്ങളെ ഓരോന്നായി എടുത്തു വഞ്ചിയിലേക്കിട്ടു. ഒരു മത്സ്യത്തെ മാത്രം തിരിച്ചും മറിച്ചും നോക്കിയിട്ട് പുഴയിലേക്കു തന്നെ വിട്ടു. ഉടനെതന്നെ അത് വെളളത്തിലേക്ക് ഊളിയിട്ടുപോകുകയും ചെയ്തു.

ഞാന്‍ അയാളോട് വിളിച്ചുചോദിച്ചു, 'എന്തിനാണ് അതിനെ വിട്ടുകളഞ്ഞത്? അയാള്‍ മുഖംപോലും ഉയര്‍ത്താതെ പറഞ്ഞു, അതിനെ എന്തോ കടിച്ചിട്ടുണ്ടെന്നു തോന്നുന്നു. അന്തിയ്ക്ക് കഞ്ഞികുടിയ്ക്കാനായി മീന്‍ പിടിയ്ക്കാനിരിക്കുന്ന ഒരു മനുഷ്യന്‍ ഇത്രയും നൈതികതയും ആര്‍ജ്ജവവും ആഴവും പുലര്‍ത്തേണ്ട കാര്യമില്ല. ചന്തയില്‍ വില്ക്കാന്‍ പോകുന്ന മത്സ്യമാണ്. അതിനെ എന്തെങ്കിലും കടിച്ചാലെന്ത്? ഇനി കടിച്ചാലും കാര്യമായി കുഴപ്പമില്ലെന്നതിന്റെ തെളിവാണേല്ലാ അത് ജീവിച്ചിരിക്കുന്നതുതന്നെ. അഥവാ ഇത്തിരി വിഷം തീണ്ടിയാല്‍പ്പോലും കുഴപ്പമില്ല. അതിനാണ് നമ്മള്‍ ഭക്ഷണം പാകപ്പെടുത്തി കഴിക്കുന്നത്. ഇങ്ങനെ എന്തുമാത്രം കാര്യങ്ങള്‍ അയാള്‍ക്ക് ചിന്തിക്കാം. ഇതൊന്നും കൂട്ടാക്കാതെ അയാളാ മത്സ്യത്തെ പുഴയിലേക്കുതന്നെ വിട്ടു.

ആ മനുഷ്യന്റെ നിലനില്പ് അഗാധമാണ്. അയാള്‍ ഒരു ചെറിയ അജഗണമാണ്. മീന്‍പിടുത്തക്കാരുടെ കൂട്ടത്തിലെ ചെറിയ അജഗണം. എല്ലാവരുടെ കൂട്ടത്തിലുമുണ്ട് ഈ ചെറിയ അജഗണം. ഓരോ അവസരത്തിലും ഗുരുകൃപയോട് പ്രാര്‍ത്ഥിക്കേണ്ടത് ഇതിനുവേണ്ടി മാത്രമാവണം. 'നിന്റെ ചെറിയ അജഗണമായി ഞങ്ങളെ നിലനിര്‍ത്തേണമേ..'

തന്നോടൊപ്പമായിരിക്കുക, തനിക്കു വേണ്ടിയായിരിക്കുക.

ഗുരുക്കന്മാര്‍ പറയും, ഒന്ന്-തന്നോടൊപ്പമായിരിക്കുക, രണ്ട്- തനിക്കു വേണ്ടിയായിരിക്കുക. ഈയൊരൊറ്റ ഉരകല്ലില്‍ ഒരാള്‍ക്ക് തന്നെത്തന്നെ ഉരച്ചുനോക്കാവുന്നതേയുളളൂ. ഞാന്‍ സദാ ഗുരുവിനോടൊപ്പമാണോ? കണ്ണുപൂട്ടിയിരിക്കുമ്പോള്‍ ബൈബിളില്‍ പറയുന്ന ഒരു വാക്കുണ്ട്- 'അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മേഘം വന്ന് അവരെ പൊതിഞ്ഞു.' ഇതുകണക്ക് ആ ഗുരുകൃപയുടെ നനുത്ത മേഘംവന്ന് നമ്മെ പൊതിയുന്നത് നാമറിയുന്നു.

നമുക്ക് ജീവിതത്തില്‍ ഒരു പാട് വലിയ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടാവും. എനിക്ക് പറ്റിയ ഒരബദ്ധം ഇതായിരുന്നു. ഞാന്‍ പാര്‍ത്തിരുന്ന ആശ്രമത്തിനടുത്തായി ഒരു ഗ്ലാസ്ഫാക്ടറിയുണ്ടായിരുന്നു. അവിടെ നൈറ്റ്ഷിഫ്റ്റ് കഴിഞ്ഞുപോകുന്ന ഒരു യുവാവ് എന്നെ കണ്ടപ്പോള്‍ പറഞ്ഞു. രാത്രി ഞാന്‍ പാടവരമ്പിലൂടെ നടന്നുപോകുമ്പോള്‍ എന്റെ തൊട്ടുമുന്നിലായി ക്രിസ്തുവിന്റെ വസ്ത്രവിളുമ്പ് ഉലയുന്നതുകണ്ടു.!

ഉളളില്‍ കാര്യമായ പ്രകാശമൊന്നുമില്ലാതിരുന്ന ഒരവസരമായിരുന്നു അത്. ഞാനയാളോട് പറഞ്ഞു നിശ്ചയമായിട്ടും ഇത് ഒരു ഡോക്ടറെ കാണേണ്ട അസുഖമാണ്. ഇന്ന് ഒരു പത്തിരുപത് വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നു, ദൈവമേ ഇതിനേക്കാള്‍ മോശപ്പെട്ട ഒരു വര്‍ത്തമാനം ഞാനെന്റെ ജീവിതത്തില്‍ പറഞ്ഞിട്ടില്ല. കാരണം ഇതിനേക്കാള്‍ അനുഗ്രഹപ്രദമായി മറ്റെന്തുണ്ട്? ഒരാള്‍ നടന്നുപോകുമ്പോള്‍ അയാള്‍ പ്രണമിക്കുന്ന ഗുരുവിന്റെ പ്രകാശത്തില്‍ നടന്നുപോകുക! അതു സാധ്യമാണ്. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട മനുഷ്യര്‍ നടന്നുപോകുമ്പോള്‍ ബൈബിളില്‍ പറയുന്നതിങ്ങനെയാണ് പകല്‍ മേഘമായിട്ടും രാത്രി അഗ്നിയായിട്ടും കര്‍ത്താവ് അവരെ പൊതിഞ്ഞുനില്‍ക്കുന്നു!

Saturday, December 3, 2011

ശുദ്ധമാകട്ടെ നാടും നമ്മളും..


അറ്റന്‍ഡര്‍ ചിക്കന്‍പോക്‌സു പിടിച്ചു കിടപ്പിലായതോടെ ആ ഓഫീസിലെ കാര്യങ്ങളാകെ തകിടം മറിഞ്ഞു. ഫലയലുകള്‍ ഒരു ടേബിളില്‍ നിന്നും മറ്റൊരു ടേബിളിലേക്കു നീങ്ങിയില്ല. ആവശ്യക്കാര്‍ പരാതിയും ബഹളവുമായി. കൃത്യസമയത്തു ചായയോ വെള്ളമോ കിട്ടാതെ ഓഫീസര്‍മാര്‍ വലഞ്ഞു. അടിക്കാതെയും തൂക്കാതെയും മുറികളാകെ അലങ്കോലമായി.. വേസ്റ്റ് ബിന്നുകളില്‍ കടലാസും ചപ്പുചവറുകളും നിറഞ്ഞു. ഡൈനിംങ് ടേബിളില്‍ ഈച്ചയും ഉറുമ്പും പെരുകി. രാവിലെ ഓഫീസ് തുറക്കുമ്പോള്‍ ഫയലുകളില്‍നിന്നും എലികള്‍ പുറത്തുചാടി. ടോയ്‌ലറ്റില്‍നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. അങ്ങിനെ സഹിക്കവയ്യാത്ത ഒരു നൂറായിരം പ്രശ്‌നങ്ങള്‍...


ചിക്കന്‍പോക്‌സു പിടിച്ചയാള്‍ക്കു പകരമായി ഒരാളെ നിയമിക്കണമെങ്കില്‍ ഹെഡ് ഓഫീസില്‍നിന്നുള്ള അനുമതി വേണം. അതിന്
ചുരുങ്ങിയത് രണ്ടുമാസത്തെയെങ്കിലും പേപ്പര്‍ജോലികള്‍ വേണ്ടിവരും. താല്‍ക്കാലികമായി ആരെയെങ്കിലും നിയമിക്കാമെന്നു വെച്ചാല്‍ ഒരാളെയും കിട്ടാനുമില്ല. ഒന്നുരണ്ടുപേര്‍ വന്നെങ്കിലും ശമ്പളമായി ചോദിച്ചതാകട്ടെ ഒരു വലിയ തുകയും. ഇപ്പോഴാണ് ആ പാവം അറ്റന്‍ഡറുടെ വില മനസ്സിലായത്. നിന്നുതിരിയാന്‍ നേരമില്ലാതെ എന്തുമാത്രം ജോലിയായിരുന്നു അയാള്‍ക്കിവിടെ ചെയ്തുതീര്‍ക്കേണ്ടിയിരുന്നത് ?!

ഒരാഴ്ചകൂടി അങ്ങനെപോയി. അപ്പോഴേക്കും ഓഫീസിലെ സ്ഥിതിഗതികള്‍ ഗുരുതരമായി. ഒടുവില്‍ മറ്റു പോംവഴികളില്ലായെന്നപ്പോള്‍ സൂപ്രണ്ട് കല്‍പ്പിച്ചു, മാനഭിമാനങ്ങള്‍ വെടിഞ്ഞ് എല്ലാവരും അവരവരുടെ സീറ്റുകളും മുറികളുമൊക്കെ വൃത്തിയാക്കുക. അന്ന് ഉച്ചയ്ക്കു ശേഷം എല്ലാവരും ചേര്‍ന്ന് അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. വലിപ്പച്ചെറുപ്പമില്ലാതെ സൂപ്രണ്ടും സെക്ഷന്‍ ഓഫീസറും, മാനേജറും, ക്ലാര്‍ക്കുമൊക്കെ ചൂലും വെള്ളവും ബക്കറ്റുമൊക്കെയായി ഒരടിയന്തിര വൃത്തിയാക്കല്‍ യജ്ഞംതന്നെ.

എല്ലാവരും കൂടിചേര്‍ന്ന് ഒന്നുരണ്ടു മണിക്കൂര്‍ നേരത്തെ അദ്ധ്വാനംകൊണ്ട് ഓഫീസും പരിസരവും വൃത്തിയായി. അവിശ്വസനീയം തന്നെ.
എല്ലായിടവും ക്ലീന്‍. മഹനീയമായ ഒരു ജോലി ചെയ്തുതീര്‍ത്തതിന്റെ സംതൃപ്തി അവരുടെ മുഖത്തുനിറഞ്ഞു. എത്ര വലിയ ജോലിയാണ് നമ്മുടെ അറ്റന്‍ഡര്‍ ഓരോ ദിവസവും ഒറ്റയ്ക്കുചെയ്തുതീര്‍ക്കുന്നതെന്ന ആശ്ചര്യം എല്ലാവരും പങ്കുവെച്ചു. അദ്ധ്വാനത്തിന്റെ മഹത്വത്തിന്റെപ്പറ്റി പറയാനായിരുന്നു പക്ഷെ സൂപണ്ടിന് ആവേശം. അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ ഒരു കഥ ഉദാഹരിച്ചു.

അമേരിക്കയിലൂടെ ഒരു നാട്ടിന്‍പുറത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു എബ്രഹാം ലിങ്കണ്‍. ഗ്രാമീണപാതയിലൂടെ കുറച്ചുദൂരം മുന്നോട്ടുപോയപ്പോള്‍ പ്രസിഡന്റിന്റെ വാഹനം പെട്ടന്നുനിന്നു. അദ്ദേഹം കാര്യം തിരക്കി. മുന്നില്‍ തടി കയറ്റിയ ഒരു ഭാരവണ്ടി കയറ്റം കയറുകയാണ്. രണ്ടു പട്ടാളക്കാര്‍ ചേര്‍ന്നാണ് അതുവലിക്കുന്നത്. കുത്തനെയുള്ള കയറ്റമായതിനാല്‍ അവര്‍ക്ക് ഏറെ കഷ്ടപ്പെടേണ്ടിവരുന്നു.
വണ്ടി വളരെ സാവകാശമാണ് മുകളിലേക്കു കയറുന്നത്.

അതുകണ്ട് അദ്ദേഹത്തിന്റെ ഡ്രൈവര്‍ പറഞ്ഞു. 'കഷ്ടം, ആരെങ്കിലും ഒരാള്‍കൂടി അവരെ സഹായിക്കാനുണ്ടായിരുന്നെങ്കില്‍ ഈ കയറ്റം അവര്‍ക്ക് അനായാസം പിന്നിടാമായിരുന്നു.''

പെട്ടന്ന്, എബ്രഹാം ലിങ്കണ്‍ വാഹനത്തില്‍നിന്നും ചാടിയിറങ്ങി ഓടിച്ചെന്ന് വണ്ടിവലിക്കുന്നവര്‍ക്കൊപ്പം കൂടി. അദ്ദേഹത്തിന്റെ ഡ്രൈവര്‍ അമ്പരന്നിരുന്നുപോയി. പ്രസിഡന്റില്‍നിന്നും അത്തരമൊരു നടപടി അയാള്‍ പ്രതീക്ഷിച്ചില്ലായിരുന്നു. അയാളും ഓടിച്ചെന്ന് ആ ഭാരവണ്ടിയില്‍ കൈവച്ചു. അങ്ങനെ വളരെ എളുപ്പത്തില്‍ വണ്ടി കയറ്റം പിന്നിട്ടു. തങ്ങളെ സഹായിക്കാനെത്തിയ വ്യക്തിയെ പട്ടാളക്കാര്‍ തിരിച്ചറിഞ്ഞു. തങ്ങളുടെ പ്രസിഡന്റ് ..! അവര്‍ കോരിച്ചരിച്ചുപോയി. ഉടനെ തന്നെ രണ്ടുചൂടന്‍ സല്യൂട്ടുകള്‍ അര്‍പ്പിക്കപ്പെട്ടു. ലിങ്കണ്‍ അവരെ ചുമലില്‍ തട്ടി അഭിനന്ദിച്ചുകൊണ്ട് യാത്രയായി.

വലിപ്പച്ചെറുപ്പം പുലര്‍ത്താതെ സ്വന്തം കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുകയാണ് സാമൂഹ്യജീവിയെന്ന നിലയില്‍ ഓരോ മനുഷ്യരുടെയും കടമ. സ്വന്തം വീടും പരിസരങ്ങളും മറ്റുള്ളവരെ ആശ്രയിക്കാതെ തന്നെ വൃത്തിയാക്കുവാന്‍ നാം കുറച്ചുസമയം മാറ്റിവയ്ക്കണം. പരിസരം വൃത്തിയാകുന്നതിനൊപ്പം നമ്മുടെ അകത്തേക്കും വൃത്തിയും സംതൃപ്തിയും കടന്നുവരുന്നത് അത്ഭുതകരമായ ഒരനുഭവമാണ്. കൊച്ചുകൊച്ചുപ്രവൃത്തികളിലൂടെ നാമോരുത്തരും സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുമ്പോഴാണ് ഉത്തരവാദപ്പെട്ട ഒരു ജനതയായി നാം മാറുക. റോഡരുകില്‍ മാലിന്യം വലിച്ചെറിയുന്നതിനെതിരെ ഈയിടെയുണ്ടായ കോടതിവിധി ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലുമൊക്ക ഏറെ പുരോഗതി അവകാശപ്പെടുന്ന മലയാളിക്ക് അപമാനകരമാണ്. ദൈവത്തിന്റെ സ്വന്തം നാടാണെന്നല്ലോ പറയുന്നത്. അത് വിശുദ്ധിയും വെളിച്ചവും നിറഞ്ഞതാകട്ടെ. നമ്മുടെ റോഡുകളും തോടുകളും ജലാശങ്ങളുമൊക്കെ വെടിപ്പുള്ളതും ശുദ്ധവായു നിറഞ്ഞതുമാകണം. അതിനായി ഒരു കൊച്ചുകാല്‍വയ്പ്പ് അത് നമ്മുടെ മുറിയില്‍നിന്നുമാരംഭിക്കട്ടെ.

കദീശുമ്മയുടെ സല്‍ക്കാരം


( കദീശുമ്മയുടെ സല്‍ക്കാരം : ഡോ. സി.കെ രാമചന്ദ്രനുമായി നടത്തിയ സംഭാഷണം- ഭാഗം-രണ്ട് )


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഞാന്‍ നാലു പതിറ്റാണ്ടിലേറെ ജോലി ചെയ്തു. ആ പട്ടണവുമായുള്ള ആത്മബന്ധം കേവലം വാക്കുകളില്‍ മാത്രമായി ഒതുക്കാനാവില്ല. കോഴിക്കോട്ടുകാരുടെ സ്‌നേഹവും ആതിഥ്യമര്യാദയും സല്‍ക്കാരപ്രിയവുമൊക്കെ പ്രസിദ്ധമാണല്ലോ. എനിക്കും വളരെ നീണ്ടൊരു കാലയളവുതന്നെ അതെല്ലാം അനുഭവിക്കാനും ആസ്വദിക്കാനും യോഗമുണ്ടാന്നു പറയാം.

അന്നത്തെ കാലത്തെ കഥകള്‍ രസകരമാണ്. നഗരത്തില്‍നിന്നും മാറി വിദൂരമായ ഗ്രാമപ്രദേശങ്ങളില്‍ രോഗികളെ നോക്കുവാന്‍
പോകേണ്ടിവന്നിട്ടുണ്ട്. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമെന്നാണല്ലോ.

നിഷ്‌കളങ്കരായ ഗ്രാമീണരുടെ സ്‌നേഹവാത്സല്യങ്ങള്‍ക്ക് എത്രയോ തവണയാണ് നിന്നുകൊടുക്കേണ്ടിവന്നിരിക്കുന്നു.
ഇന്നത്തെപോലെ വാഹനസൗകര്യമില്ലാത്ത കാലമാണ്. ഡോക്ടറെ കൊണ്ടുപോകാന്‍ വലിയ മഞ്ചലുമായാണ് ആളുകള്‍ എത്തുന്നത്. കോഴിക്കോടു വന്ന കാലം മുതല്‍ മഞ്ചലുകള്‍ എനിക്കൊരു കൗതുകക്കാഴ്ചയായിരുന്നു. വലിയ സമ്പന്നരാണ് അക്കാലത്തു മഞ്ചല്‍ ഉപയോഗിക്കുന്നത്. വീട്ടില്‍ ഒരു മഞ്ചലുണ്ടെങ്കില്‍ അതു കുടുംബമഹിമയുടെ പ്രതീകം കൂടിയായിരുന്നു.

അവശരായ രോഗികളെ മഞ്ചലിലാണ് ആശുപത്രിയിലെത്തിക്കുക. മഞ്ചല്‍ ചുമട്ടുകാര്‍ വലിയ ശബ്ദമുണ്ടാക്കി മുന്നിലോടും. രോഗിയുടെ ബന്ധുക്കളും അയല്‍ക്കാരുമൊക്കെ പുറകെയോടും. ഇന്ന് ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കിക്കൊണ്ട് പാഞ്ഞുപോകുന്നതു കാണുമ്പോള്‍ ആ പഴയ മഞ്ചല്‍ക്കാലം ഓര്‍മ്മവരും.

പറഞ്ഞുവരുന്നത് മഞ്ചലില്‍ കയറി ഒരു രോഗിയെ കാണാന്‍ പോയ കഥയാണ്. കദീശുമ്മ എന്നായിരുന്നു അവരുടെ പേര്. ഒരു വലിയ തറവാട്ടിലെ കാരണവത്തിയാണ്. മക്കളും ചെറുമക്കളുമൊക്കെയായി വലിയ ഒരു കുടുംബം. വേണ്ടതിലേറെ സമ്പത്തും പെരുമയും.

പെരുത്ത നെഞ്ചുവേദന വന്ന് അവശയായി കിടക്കുകയാണ് കദീശുമ്മ. നല്ല പരവശവും വിയര്‍പ്പുമുണ്ടെന്ന് വിളിക്കാനെത്തിയവര്‍ പറഞ്ഞു. വേദന കൊണ്ടുപുളയുന്നതുമൂലം ഒന്നും ഉരിയാടുന്നില്ല. ഡോക്ടര്‍ എത്രയും പെട്ടന്നെത്തിയാലേ കദീശുമ്മയുടെ രക്ഷപെടുത്താനാകൂ.

ഒരു മൈനര്‍ അറ്റാക്കിനാണ് സാദ്ധ്യതയെന്ന് ഞാന്‍ കണക്കുകൂട്ടി. മഞ്ചലുമായി എന്നെ വിളിക്കുവാന്‍ വന്നവരുടെ മുഖത്തെ പരിഭ്രമം വര്‍ദ്ധിക്കുകയാണ്. അവശ്യം വേണ്ട സാമഗ്രികളുമായി ഞാന്‍ പെട്ടെന്നിറങ്ങി. മഞ്ചലിക്ക് കയറേണ്ട താമസം അവര്‍ ഓട്ടം തുടങ്ങി.

ഞാനവിടെ ചെല്ലുമ്പോള്‍ ഒരു നാട്ടുകൂട്ടത്തിനുള്ള ആളുകള്‍ വീടിനെ ചുറ്റിപ്പറ്റി നില്‍പ്പുണ്ട്. കദീശുമ്മയ്ക്ക് അത്യാപത്ത് എന്തെങ്കിലും സംഭവിച്ചുവോ? പക്ഷെ ആശങ്കപ്പെടാനുള്ള ഒരു സാഹചര്യവും കാണുന്നില്ലതാനും. മഞ്ചല്‍ കണ്ട് രസംപിടിച്ച കുറച്ചു കുട്ടികള്‍ ഓടി അടുത്തെത്തി. കൂട്ടത്തില്‍ ആ വീട്ടിലെ ഉത്തരവാദപ്പെട്ടവരെന്നു തോന്നിക്കുന്ന ചില പുരുഷന്മാരും. കോലായില്‍ നിന്നും വനിതകള്‍ എത്തിനോക്കുന്നുണ്ട്. ഒരാള്‍ എന്റെ ബാഗു പിടിച്ചുവാങ്ങി മുന്നില്‍ നടന്നു. മറ്റൊരാള്‍ ഓടിവന്ന് എന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് സ്വാഗതം ചെയ്തു. കദീശുമ്മയുടെ മൂത്തമകനാണ്. പെട്ടി പിടിച്ചിരിക്കുന്നതും കൂടെയുള്ളവരും മറ്റു മക്കള്‍.

''രോഗി എവിടെയാണ് കിടക്കുന്നത്''? ഞാന്‍ ചോദിച്ചു

''അകത്തെ മുറിയിലാണ്്..!''

''പെട്ടന്ന് അവിടേയ്ക്കുപോകാം..''

നെഞ്ചുവേദനയുടെ നില പറഞ്ഞകേട്ട മട്ടാണെങ്കില്‍ അപ്പോഴവിടെ നല്ല തിടുക്കം വേണ്ടതാണ്. പക്ഷെ അവരുടെ നടപ്പ് തീരെ സാവധാനവും. ഉമ്മയെപ്രതി ഈ മക്കള്‍ക്ക് ഒരു വേദനയുമില്ലെന്നാണോ?!

പൂമുഖത്തെ ആഡ്യത്വം നിറഞ്ഞ ചിത്രപ്പണികള്‍ചെയ്ത വലിയ തേക്കുകസാലയില്‍ എന്നെ ഇരുത്താനാണ് അവരുടെ ഉദ്യമം. എനിക്കു ക്ഷമ നശിച്ചു. ഇവരുടെ ആതിഥ്യം സ്വീകരിക്കാനല്ലല്ലോ വന്നിരിക്കുന്നത്. എത്രയും വേഗം രോഗിയെ കാണണം. പരിശോധന നടത്തണം. നില ഗുരുതരമാണെങ്കില്‍ ഉടനെ ആശുപത്രിയില്‍ കൊണ്ടുപോകണം.

''രോഗിയെ കണ്ടിട്ടുമതി മറ്റുകാര്യങ്ങള്‍. എവിടെയാണ് രോഗി കിടക്കുന്നത്?''

എന്റെ ചോദ്യം കേട്ടതും മക്കളുടെ മുഖത്തൊരു ചമ്മല്‍.

''ഉമ്മ അല്‍പ്പം മുമ്പ് കട്ടിലില്‍നിന്നും എഴുന്നേറ്റു. ഇപ്പോള്‍ അടുക്കളയിലാണ്..!''

........................................

''അടുക്കളയിലോ..?''

എനിക്ക് വിശ്വസിക്കാനായില്ല. ആ വലിയ വീടിന്റെ അടുക്കളയിലേക്ക് ഞാന്‍ ആനയിക്കപ്പെട്ടു. അവിടെ നിന്നും നല്ല ഹൃദ്യമായ സുഗന്ധം ഉയരുന്നു. നമ്മുടെ രോഗി അവിടെ നിന്ന് തിടുക്കപ്പെട്ടുകൊണ്ട് നല്ല ഉശിരന്‍ പാചകത്തിലാണ്.

തട്ടവും കാച്ചിയുമൊക്കെയുള്ള ഒരമ്മ. നല്ല സുന്ദരി തന്നെ. കണ്ടാല്‍ രോഗിയെന്നുപോലും പറില്ല. നല്ല മിടുമിടുക്കിയായി നിന്ന് അടുപ്പില്‍നിന്നും എണ്ണയില്‍ പൊരിച്ചെടുത്തത് വാരുകയാണ്.

ഞാന്‍ അടുത്തുചെന്ന് പറഞ്ഞു.

''നെഞ്ചുവേദനയുള്ളവര്‍ ഇങ്ങനെ തീയിന്റെ അടുത്തുനിന്ന് കനപ്പെട്ട ജോലിയൊന്നും ചെയ്യരുത്.''

ഉടനെ വന്നു മറുപടി.

''അതുപിന്നെ ഡോക്ടറിവിടെ ആദ്യായിട്ട് വരികയേ. ഒന്നും തിന്നാല്‍ തന്നില്ലെങ്കില്‍ എനിക്ക് പെരുത്ത് വിഷമമാകും. ഇല്ലാത്ത നേരമുണ്ടാക്കി കുറച്ചു സാധനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മറ്റുള്ളോരെക്കൊണ്ടു ചെയ്യിച്ചാല്‍ ശരിയാകില്ല. ഡോക്ടര്‍ ഇതെല്ലാം തിന്നണം.''

ഞാന്‍ അടുക്കളപാതകത്തിലേക്കു നോക്കി. കണ്ണുകള്‍ മിഴിച്ചുപോയി. ഒരു ചെറിയ സദ്യയ്ക്കുള്ള വിഭവങ്ങള്‍ നിരന്നിരിക്കുന്നു. നല്ല കൈപ്പുണ്യമുള്ള കൈകള്‍ കൊണ്ടുണ്ടാക്കിയതാണെന്ന് കണ്ടാലറിയാം. ബിരിയാണിയില്‍ നിന്നും ആവി പറക്കുന്നു. കല്ലുമ്മക്കായയും കോഴിയിറച്ചിയും മറ്റനേകം സുന്ദരന്‍ വിഭവങ്ങളുമുണ്ട്. അതെല്ലാം ഞാന്‍ തന്നെ തിന്നുതീര്‍ക്കണമെന്നാണ് കദീശുമ്മയുടെ ആഗ്രഹം.


''ആദ്യം പരിശോധന. പിന്നെയാവാം കഴിക്കലൊക്കെ്..'' അവരെ നിരാശപ്പെടുത്തേണ്ടെന്നു കരുതി ഞാന്‍ പറഞ്ഞു.

പക്ഷേ പരിശോധനക്കായി കദീശുമ്മ നിന്നുതരുന്നില്ല. ഒടുവില്‍ മക്കളുടെയും മരുമക്കളുടെയും സഹായത്തോടെ അവരെ കിടക്കയിലേക്കു നയിച്ചു. വിശദമായി പരിശോധിച്ചു. സംശയിച്ചതുപോലെ തന്നെ കദീശുമ്മയുടെ ഹൃദയം സമരം പ്രഖ്യാപിച്ചിരിക്കുന്നു. ആ വേദനയും പരവേശവുമൊക്കെ അവഗണിച്ചാണ് കദീശുമ്മ എനിക്കുവേണ്ടി പലഹാരമുണ്ടാക്കാനായി അടുക്കളയിലേക്ക് ഓടിക്കയറിയിരിക്കുന്നത്.

കദീശുമ്മയെ വിദഗ്ദ്ധപരിശോധനകള്‍ക്കായി ഹോസ്പിറ്റലിലേക്കു മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ആശുപത്രിയില്‍ കിടക്കുന്ന കാര്യം കദീശുമ്മയ്ക്ക് ആലോചിക്കാനേ പറ്റുന്നില്ല. വീടില്‍നിന്നും മാറിനിന്നാല്‍ ഇവിടത്തെ കാര്യങ്ങളൊക്കെ കുഴയുമത്രെ. പറമ്പിലെ പണിക്കാരൊക്കെ കള്ളപ്പണി ചെയ്യും. പശുവിനും ആടിനുമൊന്നും കൃത്യസമയത്ത് കാടിയോ വെള്ളമോ കിട്ടില്ല. പറമ്പിലെ ഫലമൂലാദികളുടെ പരിരക്ഷ നാനാവിധമാകും.

''അതൊക്കെ കൃത്യമായി നടന്നോളും.'' ഞാന്‍ സമാധാനിപ്പിച്ചു. കുറച്ചുനേരത്തെ തയ്യാറെടുപ്പിനുശേഷം വീട്ടുകാര്യങ്ങളൊക്കെ മൂത്ത മരുമകളെ ഏല്‍പ്പിച്ച് കദീശുമ്മ മഞ്ചലിലേക്ക് കയറാന്‍ തുടങ്ങി.

''ഡോക്ടര്‍ ഒന്നും കഴിച്ചിട്ടില്ല. ഡോക്ടറെ കഴിപ്പിച്ചിട്ടേ പുറകെ അയക്കാവൂ..കേട്ടോ..''

കഴിച്ചിട്ടേ പിറകെവരൂ എന്നുറപ്പുകൊടുത്തിട്ടേ മഞ്ചല്‍ അവിടെനിന്നും ഒരടി മുന്നോട്ടുനീങ്ങിയുള്ളൂ.