Wednesday, January 18, 2012

പ്ലാസ്റ്റിക്കിനെതിരെ മരുതൂര്‍ക്കോണം മാതൃക


തിരുവനന്തപുരത്തെ മരുതൂര്‍ക്കോണം പിടിഎം വി.എച്ച്.എസ്.എസിലെ കുട്ടികള്‍ക്ക് അഭിമാനിക്കാം. പ്ലാസ്റ്റിക്കിനെതിരെ അവര്‍ നടത്തിയ മുന്നേറ്റം ഫലം കണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കിനെതിരെ ഏറെ പണിപ്പെട്ടിട്ടും ഫലം കാണാതെ വന്നപ്പോഴാണ് മുഖ്യമന്ത്രിയെ ഒന്നു നേരിട്ടുകണ്ടുകളയാമെന്ന് കുട്ടികള്‍ തീരുമാനിച്ചത്. പ്‌ളാസ്റ്റിക് ദേശീയപതാക വില്‍ക്കുന്നത് തടയണമെന്നായിരുന്നു അവരുടെ ആവശ്യം. കുട്ടികളുടെ അഭ്യര്‍ത്ഥനയിലെ ഗൗരവം മനസ്സിലാക്കിയ മുഖ്യമന്ത്രി അടിയന്തിര നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ദേശീയപതാകയുടെ വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ അദ്ദേഹം ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫലമോ കേരളം ആഘോഷിച്ചത് പ്ലാസ്റ്റിക്‌രഹിത സ്വാതന്ത്ര്യദിനാഘോവും. മുന്‍കാലങ്ങളില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ദേശീയപതാകയുടെ വില്‍പ്പന വ്യാപകമായി നടന്നിരുന്നു. ആഘോഷപരിപാടികള്‍ക്കുശേഷം ഇവ അലക്ഷ്യമായി വലിച്ചെറിയപ്പെടുകയും ചെയ്യുമായിരുന്നു. ദേശീയപതാകയോടുള്ള അനാദരവ് കൂടിയാണിയാണ് ഇതെന്ന് കുട്ടികള്‍ അഭിപ്രായപ്പെടുന്നു.

ക്യാറയേന്തിയ മുഖ്യമന്ത്രി



ക്യാമറയുടെ മുമ്പില്‍ സദസമയവും വാര്‍ത്താചിത്രങ്ങളായി മാറാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ഒരിക്കലെങ്കിലും ക്യാമറയുടെ പിന്നില്‍നിന്നുകാണാന്‍ മോഹം തോന്നുക സ്വാഭാവികമാണ്.
നമ്മുടെ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഫോട്ടോജെനിക്കായ ധാരാളം പേരുണ്ടെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകളുടെ വൈവിധ്യങ്ങളറിയുന്നവര്‍ കുറവാണെന്നുതന്നെ പറയണം. ക്യാമറ കൈയിലെടുക്കേണ്ട സന്ദര്‍ഭം തരപ്പെട്ടാല്‍
രണ്ടാള്‍ കാണുകയെങ്കിലും ചെയ്യട്ടെ എന്ന മനോഭാവത്തോടെ
ഫോട്ടോഗ്രാഫറായി മാറുന്നവരും കുറവല്ല. എന്നാല്‍ ഷോബിസിനസില്‍ ഒട്ടും താല്‍പര്യമെടുത്തുകാണാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈയില്‍ ക്യാമറയേന്തിയപ്പോള്‍ അതൊരു മിഴിവുറ്റ വാര്‍ത്താചിത്രം മാത്രമല്ല, ദേശീയമാധ്യമങ്ങള്‍ക്കുവരെ കൗതുകകരമായ ഒരു വാര്‍ത്തയായും മാറി. തിരുവനന്തപുരം പ്രസ് ക്ലബ്ബും പിആര്‍ഡിയും സംയുക്തമായി സംഘടിപ്പിച്ച വാര്‍ത്താചിത്രങ്ങളുടെ പ്രദര്‍ശനമായ ക്യാപ്പിറ്റല്‍ ലെന്‍സ് വ്യൂ ഫോട്ടോഗ്രാഫര്‍മാരുടേയും സഹപ്രവര്‍ത്തകരുടെയും ചിത്രമെടുത്തുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതത്. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയ മൂന്നുറോളം വാര്‍ത്താചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. രാഷ്ട്രീയത്തിലേയും കലയിലേയും സാഹിത്യത്തിലേയുമൊക്കെ അപൂര്‍വ്വനിമിഷങ്ങള്‍ അനാവരണം ചെയ്യപ്പെട്ട പ്രദര്‍ശനം ബഹുജനങ്ങളുടെ ശ്രദ്ധയും ആകര്‍ഷിച്ചു.

Tuesday, January 17, 2012

മഹാരാജാസ്

നാം സ്വയം ചോദിക്കുന്നു
എവിടെപ്പോയി ആ സ്വപ്‌നങ്ങള്‍?
നാം തല കുലുക്കിക്കൊണ്ടു പറയുന്നു,
എത്ര വേഗമാണ് എല്ലാം കടന്നുപോകുന്നത്!
വീണ്ടും സ്വയം ചോദിക്കുന്നു
നീ നിന്റ ജീവിതം കൊണ്ടെന്തു ചെയ്തു?
നിന്റ ഏറ്റവും നല്ല വര്‍ഷങ്ങളെ എന്തു ചെയ്തു?
നീ ജീവിച്ചിട്ടുണ്ടോ ഇല്ലയോ?

ദെസ്തയോവ്‌സ്‌കി

മനുഷ്യജീവിതകഥാകാരനായ ദെസ്തയോവ്‌സ്‌കിക്ക് മറുപടിയുണ്ട്. ഞാന്‍ ജീവിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ ഞാന്‍ മഹാരാജാസിനൊപ്പം കഴിഞ്ഞു. മഹാരാജാസില്‍ ജീവിതം കഴിഞ്ഞുപോയ ഓരോ മഹാരാജാസുകാരനും ഈ ചോദ്യത്തിനു മറുപടിയുണ്ട്. അല്ലെങ്കില്‍ത്തന്നെ ഈ രാജകീയകലാലയത്തിലെ ജീവിതം കഴിയുന്നില്ലല്ലോ. ഏതുറക്കത്തിലും ഏതു നട്ടുച്ചയിലും ഞങ്ങള്‍ ഉണര്‍വ്വോടെ പറയുന്ന മറുപടിയാണിത്- മഹാരാജാസ് എന്റ ജീവിതത്തെ മാറ്റിയെഴുതി. കൈത്തണ്ടയില്‍ കുത്തിയ പച്ചയാണിത്. രക്തവര്‍ണം കൊണ്ടാണിത് കുറിച്ചിരിക്കുന്നത്. ഇതു മായുന്നതല്ല. മഹാരാജാസ് ഒരു മനസ്സാണ്. ഇവിടെ കടന്നുവന്നരാരും യാത്ര പറഞ്ഞു പിരിയുന്നില്ല. എല്ലാവരേയും ഞങ്ങളൊന്നാണ് എന്നു പറയിപ്പിക്കുന്ന ഒരേ മനസ്സ്, ഒരേ ഹൃദയതാളം. ഞങ്ങളിവിടെ ജീവിച്ചു, ഇപ്പോള്‍ ജീവിച്ചുകൊണ്ടിരി്ക്കുന്നു. നാളെയും ഞങ്ങളിവിടെ ഉണ്ടാകും.

സാധാരണപോലെ ഒരു ദിവസമായിരുന്നു അതുവരെ നമ്മള്‍ക്കന്ന്. ആ ദിവസത്തിന്റ പ്രത്യേകത ഇന്നു തിരിച്ചറിയുന്നു. ആദ്യമായി മഹാരാജാസിലേക്കു കടന്നുവന്ന ദിവസം. ഓര്‍മ്മകളിലെ നരച്ച മഞ്ഞച്ചിത്രങ്ങള്‍ പോലെയല്ല അത്. മിഴിവുറ്റ സ്വര്‍ണകാന്തി ചിതറുന്ന ഒരു ഓര്‍മ്മചിത്രം. അത് ജീവിതാന്ത്യംവരെ സജീവമായി നിലനില്‍്ക്കുന്നു. ആ ദിവസത്തിന്റെ വാര്‍ഷികങ്ങള്‍ ഓരോ ആണ്ടിലും കടന്നുപോകുന്നു. ആഘോഷങ്ങള്‍ കൊണ്ടാടുന്നവരല്ല മഹാരാജാസുകാരാരും തന്നെ. മഹാരാജാസിന്റെ വിജയങ്ങള്‍ മാത്രം നമ്മള്‍ ആഘോഷിച്ചു. ഇവിടെ വേറിട്ടൊരു അസ്തിത്വത്തിന് പ്രസക്തിയില്ലല്ലോ. ഇനിയും വര്‍ഷങ്ങള്‍ വരും. ഓര്‍മ്മപ്പെടുത്തലുകള്‍ വരും. എങ്കിലും ഞാനിവിടെയില്ല എന്നൊരു ഓര്‍മ്മമാത്രമുണ്ടാകില്ല. ഇവിടെത്തന്നെ ജീവിച്ചിരിരിക്കുമ്പോള്‍ ഇവിടെയില്ല എന്നു സങ്കടപ്പെട്ട് ആരും സ്മരണയുടെ മെഴുകുതിരികള്‍ കൊളുത്തി വയ്ക്കാറില്ലല്ലോ.

ഒറ്റയ്ക്ക് കാമ്പസില്‍ കടന്നുചെല്ലുമ്പോള്‍ എന്തൊക്കെയോര്‍മ്മകള്‍ ! കാഴ്ചയില്‍ ആരുമുണ്ടാകില്ല. പക്ഷെ നിറയെ ശബ്ദമാണ്. വരാന്തയിലൂടെ ചുവപ്പുപതാകയേന്തി ഒരു പ്രകടനം കടന്നുപോവുകയാണ്. കൊലുസിട്ട നീണ്ട പാവാടധരിച്ച ഒരു പെണ്‍കുട്ടി നീളന്‍വരാന്തയിലൂടെ ഓടിമറയുന്നു. ഓഡിറ്റോറിയത്തിനു പിന്നില്‍ നാടകകോറസ്സിന്റെ പരിശീലനത്തിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്. മലയാളം ഹാളില്‍നിന്നും ചങ്ങമ്പുഴയുടെ ആ പഴയ കവിത ആരോ ഈണത്തില്‍ പാടുന്നുണ്ട്. ഷേക്‌സ്പിയ്ര്‍ ഡ്രാമയിലെ ഏതോ തമാശരംഗം ആടിത്തിമിര്‍ക്കുകയാണ് മെയിന്‍ഹാളില്‍ ഒരദ്ധ്യാപകന്‍. ഒറ്റയ്ക്കുവന്നു നോക്കണം, ഒഴിഞ്ഞ മഹാരാജാസിനെ കാണണം, അപ്പോഴറിയാം ഇവിടെ വലിയ ശബദ്ങ്ങള്‍.. വലിയ ആള്‍ക്കൂട്ടങ്ങള്‍.. ഓരോ നിമിഷവും ഇവിടെ കാലങ്ങള്‍ പുനര്‍ജ്ജനിക്കുകയാണ്.

ഇംഗ്ലീഷിനെയും ഹിസ്റ്ററിയെയും ബന്ധി്പ്പിക്കുന്ന ആ പാലമില്ലേ. ശാസ്ത്രമോ, കണക്കോ, സാഹിത്യമോ, അറബിയോ ആകട്ടെ, ഒരിക്കലെങ്കിലും ഈ പാലമൊന്നുകടന്നുപോയവരാണ് നമ്മളെല്ലാവരും തന്നെ. പാലം കടന്ന് അങ്ങോട്ടുമിങ്ങോട്ടും ഒരുപാടുപേര്‍ സഞ്ചരിച്ചു. അവിടെ നിന്ന് പടിഞ്ഞാറേക്കു നോക്കിയാല്‍ സുഭാഷ്പാര്‍ക്കിനപ്പുറം പണ്ട് കായലും അതിനപ്പുറം കടലും കാണാമായിരുന്നു. പടിഞ്ഞാറന്‍ ചക്രവാളത്തിലൂടെ കപ്പലുകള്‍ നീന്തി മറയുന്നത് കാണാമായിരുന്നു. വൈകുന്നേരങ്ങളില്‍ അവിടെ നിന്ന് കപ്പല്‍ കണ്ടവരെത്ര. ഇംഗ്ലീഷിനെയും ഹിസ്റ്ററിയെയും ബന്ധിപ്പി്ക്കുന്ന പാലമെന്ന കല്‍പ്പന ചേതോമഹരമാണ്. ചരിത്രം ഇവിടെ ഗൃഹാതുരശോഭയണിയുന്നു. ചരിത്രത്തില്‍ എത്രയെത്ര പാലങ്ങള്‍! യൂറോപ്പിനെയും ഗ്രീസിനെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പാലത്തെപ്പറ്റി ഓര്‍മ്മിക്കാം. ഇംഗ്ലീഷ് ക്ലാസിലെ മച്ചിനുമുകളില്‍ ചരിത്രത്തിന്റെ ഒരു ചില്ലോടുണ്ടത്രെ. ജര്‍മ്മനിയിലെ ഏതോ ഒരു പുരാതന ഓട്ടുകമ്പനിയിലെ ചൂളയില്‍ നീറി കടല്‍കടന്ന് മഹാരാജാസിലെത്തിയ ഒരു പഴയ ചില്ലോട്. കാലം അത് ഇപ്പോഴും കാത്തുസൂക്ഷിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളാണ് അവകാശി.. നിങ്ങളാണ് അവകാശി എന്നു പറയുന്നു.

നിന്നെക്കുറിച്ച് ഓര്‍ത്തു കരഞ്ഞ രാവുകളാണ്
നമ്മുടെ പ്രണയത്തിന്റെ അടയാളം..

സസ്യശാസ്ത്രവിഭാഗത്തിന്റെ മച്ചുവരാന്തയിലേക്ക് കയറാന്‍ ഭൂമിയില്‍ നിന്നും മുളച്ചുപൊന്തിയ പിരിയന്‍ ഗോവണി. അത് ഒരു മുല്ലവള്ളി പോലെ തളിര്‍ക്കുന്നു പൂക്കുന്നു പു്ഷ്പിക്കുന്നു. പിരിയന്‍ ഗോവണിക്കുചുറ്റും പ്രണയത്തിന്റെ വെള്ളിവെളിച്ചമാണ്. ഇവിടേക്ക് തീര്‍ത്ഥാടനം നടത്താത്ത, ഗോവണി കയറാത്ത പ്രണയിനികള്‍ കാണില്ല. പിരിയന്‍ ഗോവണിക്കു താഴെ ഭൂമിയുടെ ഉന്മാദഗന്ധമാണ്. അവിടെ മു്ല്ലപ്പന്തല്‍ തണല്‍ വിരിച്ചിരുന്നു. ഇവിടെ പൂക്കള്‍ കൊഴിയുന്നില്ല. എവിടെയും വെളുത്ത സുഗന്ധം പരത്തുന്ന പൂക്കള്‍ മാത്രം. മഹാരാജാസില്‍ എവിടെ പ്രണയമുണ്ടെന്നു നമുക്കറിയാം. എന്നിലും നിന്നിലും എല്ലാം.നോക്കുന്നിടത്തെല്ലാം സ്‌നേഹത്തിന്റെ സുഗന്ധം പരത്തുന്ന വെളുത്ത പൂക്കള്‍ മാത്രം. ഒരു പൂവും ഇതുവരെയും വാടിയിട്ടില്ല. ഒരു പൂവും ഞാനിനി മണം പടര്‍ത്തുന്നില്ല എന്നു പറഞ്ഞിട്ടില്ല. പ്രണയം മരിക്കുന്നില്ല എന്നതിനിന് പുഷ്പങ്ങളുടെ സത്യവാങ്മൂലം മാത്രം മതിയല്ലോ

എല്ലാ സമരങ്ങളും സമരമരത്തിന്റെ ചുവട്ടില്‍ നിന്നും ആരംഭിച്ചു. എല്ലാ പ്രണയവും ഒരിക്കലെങ്കിലും സമരമരത്തിന്റെ ചുവട്ടില്‍ സന്ധിച്ചു. പ്രണയവും സമരവും ഒരേ തീഷ്ണതയോടെ ഇവിടെ പൂത്തുലഞ്ഞു. സമരമരത്തിന് എന്തൊക്കെ കഥകള്‍ പറയാന്‍ ഉണ്ടാകും. സമരമരത്തിന്റെ ചരിത്രം എന്നാരംഭിക്കുന്നു. അത് മഹാരാജാസിന്റെ ചരിത്രത്തോടൊപ്പം തന്നെ ആരംഭിക്കട്ടെ എന്നാഗ്രഹിക്കാനാണ് എല്ലാവര്‍ക്കുമിഷ്ടം. സ്വാതന്ത്ര്യസമരവേളയില്‍ ദേശീയനേതാ്ക്കളെ തുറങ്കിലടച്ചതില്‍ പ്രതിഷേധിച്ച് മഹാരാജാസിലെ ധീരരായ വിദ്യാര്‍ത്ഥികള്‍ ദേശീയപതാക നാട്ടിയപ്പോള്‍ അതിനു സാക്ഷിയായി സമരമരമുണ്ടായിരുന്നുവോ? കാറ്റില്‍ ഇളകിയാടുന്ന ഈ ഇലകള്‍ക്ക് ഒട്ടേറ കഥകള്‍ പറയുവാനുണ്ടാകും. കാലം അതിന്റെ സഞ്ചാരപഥത്തിലൂടെ അതിദ്രുതം സഞ്ചരിച്ച് ഈ നിമിഷത്തിലെത്തിനില്‍ക്കുമ്പോഴും സമരമര്ച്ചുവട്ടില്‍ ഒട്ടേറ പേര്‍ കാത്തുനില്‍ക്കുന്നുണ്ടാകണം. അവര്‍ പറയുന്നുണ്ടാവണം

കാലം സാക്ഷി ചരിത്രം സാക്ഷി
സമരമരത്തിന്‍ ചില്ലകള്‍ സാക്ഷി..
അതെ എവിടെ നിന്നും തിരസ്‌കരിക്കപ്പെടുന്ന ഒരുവന് സമരമരത്തിന്റെ ചുവട് അഭയം നല്‍കുന്നു.

എത്രയോ നിലാവുള്ള രാത്രികളില്‍ മഹാരാജാസിന്റെ നടുമുറ്റത്തേക്കു കടന്നുവന്നിരിക്കുന്നു. കാമ്പസിനുകൂട്ടായി സെന്റര്‍ സര്‍ക്കിളിനു കുളത്തിനു നടുവില്‍ ഒരു മാലാഖ ഉറങ്ങാതെ കാത്തിരിക്കുന്നു. മഹാരാജാസിനൊപ്പം മഞ്ഞിലും മഴയിലും ചൂടിലും വെയിലിലും അത് ഉണര്‍ന്നിരിക്കുന്നു. അധ്യയനം അവസാനിച്ചിട്ടും സ്വര്‍്ഗത്തിലേക്ക് മടങ്ങിപ്പോകാനാവാത്ത ഒരു മാലാഖക്കുഞ്ഞ്. സിമന്റുകുളത്തിനു നടുവില്‍ അതിന് അഭയവും ഉയിരും നല്‍കിയിരിക്കുന്നു ഓരോ മഹാരാജാസുകാരനും. കാലമെത്രയോ കടന്നുപോയിരിക്കുന്നു, വിണ്ണില്‍നിന്നും ആരുമെത്തിയില്ല, മഹാരാജാസുകാരന്റെ ഹൃദയത്തില്‍നിന്നും പറിച്ചറിയാന്‍, പിരിഞ്ഞുപോകാന്‍ ഇതിനാവില്ല.

മഹാരാജാസിന്റെ മണ്ണും ആകാശവും വേറിട്ട ഭൂമികയാണ്. വിക്ഷുബ്ദകാലത്തിന്റെ മായാത്ത മുദ്രകള്‍ പേറി അതു നിലകൊള്ളുന്നു. ജീവിക്കുന്ന ചരിത്രം ഈ നടവഴികളിലും തണല്‍ചുവടുകളിലും വിശ്രമിക്കുന്നു. നമുക്കൊരിക്കലും ഇവിടെ നിന്നും യാത്ര പറയാനാവില്ല. വഴി തെറ്റി വന്നരാരെയും നമ്മളിവിടെ കാണുന്നില്ല. തുറക്കപ്പെടുവാനായി നമുക്കുമുന്നില്‍ ഇനി വാതായനങ്ങളുമില്ല. പ്രിയപ്പെട്ട മഹാരാജാസ്, നിന്റെ ഹൃദയപാളികളില്‍ ദിവസങ്ങളുടെ ചിത്രങ്ങള്‍ക്ക് ഓര്‍മ്മയുടെ കലുഷവിരലുകളാല്‍ ഞാനേതു വര്‍ണം നിറയ്ക്കും?




കോടതി മുന്നറിയിപ്പ്


ദുരന്തങ്ങള്‍ ആവര്‍ത്തിച്ചാലും പാഠങ്ങള്‍ പഠിക്കുകയില്ലെന്ന ദു:സ്ഥിതി കേരളത്തിന് ശാപമാവുകയാണോ? സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചുകൊണ്ടു സഞ്ചരിക്കുന്ന വാഹനങ്ങള്‍ അടിക്കടി അപകടങ്ങള്‍ക്കിരയാവുകയും കുട്ടികള്‍ മരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും ഉത്തരവാദപ്പെട്ടവര്‍ കാണിക്കുന്ന നിസംഗത അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ കുട്ടികളുടെ ജീവനെച്ചൊല്ലിയുള്ള ആശങ്ക ഭീതിയ്ക്കു വഴി മാറിയതോടെ സ്വയം കേസെടുക്കാന്‍ നിര്‍ബന്ധിതമായത് അത്യുന്നത നീതിന്യായപീഠമായ കേരള ഹൈക്കോടതി തന്നെ. ഇതു സംബന്ധിച്ച മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനമാക്കിയാണ് പ്രശ്‌നത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. സമീപകാലത്ത് സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ അപകടങ്ങളില്‍പെട്ട് കുട്ടികള്‍ മരിക്കാനിടയായ സാഹചര്യങ്ങള്‍ ഭീതിയോടെയാണ് കാണുന്നതെന്ന് കോടതി നിരീക്ഷിക്കുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെക്കുറിച്ചും കോടതി സംശയം പുലര്‍ത്തുന്നു. വേണ്ടത്ര പരിശോധനകളോ കുറ്റക്കാര്‍ക്കെതിരെ നടപടികളോ ഇല്ല. പോലീസും നിഷ്‌ക്രിയരാണ്. പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളാണ് പലയിടത്തും സ്‌കൂള്‍ ബസ്സുകളായി ഉപയോഗിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പല സ്‌കൂള്‍ മാനേജുമെന്റുകളും കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. സ്‌കൂള്‍ ബസുകളിലെ ജീവനക്കാര്‍ ശ്രദ്ധയില്ലാതെയാണ് വാഹനം കൈകാര്യം ചെയ്യുന്നത്. റോഡുകളുടെ മോശം അവസ്ഥയും അപകടങ്ങള്‍ക്കു വഴി വെയ്ക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ടെമ്പോവാനുകളിലും കോഴിക്കോടും ഇടുക്കിയിലും ജീപ്പുകളിലും കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോകുന്നുണ്ട്. ആലപ്പുഴയിലും കൊല്ലത്തും ബോട്ടുകളിലും വള്ളങ്ങളിലും കുട്ടികളെ കൊണ്ടുപോകുന്ന പതിവുണ്ട്. വേണ്ടത്ര സുരക്ഷാമുന്‍കരുതലുകള്‍ കൂടാതെയാണ് ഇത്തരം യാത്രകളെന്നും കോടതി മുന്നറിയിപ്പുനല്‍കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവനെച്ചൊല്ലി കോടതി പുലര്‍ത്തുന്ന ആശങ്കയെങ്കിലും സര്‍ക്കാരിനും മോട്ടോര്‍വാഹനവകുപ്പിനുമൊക്കെ ഉണ്ടാകേണ്ടിയിരിക്കുന്നു. ദുരന്തങ്ങള്‍ ആവര്‍ത്തിച്ചതിനുശേഷം മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ എന്തുമിടുക്ക്?

രണ്ടുപുസ്തകം രണ്ടെഴുത്തുകാര്‍

എഴുത്തില്‍ വലിയ സ്വാധീനശക്തിയും വായനയില്‍ വിപഌകാരമായ മുന്നേറ്റങ്ങളും സൃഷ്ടിച്ച പുസ്തകപ്രേമികളാണോ കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ എന്നതാണു ചോദ്യം. ഇടതു വലതു വ്യത്യാസമില്ലാതെ കേരളത്തിലെ മുന്‍നിര രാഷ്ട്രീയനേതാക്കളില്‍ പലരും പുസ്തകങ്ങളുമായി രംഗപ്രവേശം നടത്തുമ്പോള്‍ ഇങ്ങനെ ചോദിക്കാതിരിക്കുന്നതെങ്ങിനെ ? പല പുസ്തകങ്ങളുടെയും ഉള്ളടക്കം പരിശോധിക്കുമ്പോഴാണ് അവയ്ക്കു പിന്നിലെ ഉള്ളുകള്ളികള്‍ മറനീക്കി പുറത്തുവരുന്നത് എന്നത് മറ്റൊരു സത്യം ! പണ്ടുകാലത്ത് രാഷ്ട്രീയത്തില്‍ നിന്നും വിരമിതിനുശേഷമായിരുന്നു രാഷ്ട്രീയനേതാക്കളുടെ ഗ്രന്ഥരചനകളെങ്കില്‍ ഇന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തിനൊപ്പം പുസ്തകമെഴുത്തും എന്ന നിലയിലേക്കു മാറിയിരിക്കുന്നു.
രാഷ്ട്രീയത്തില്‍ റിട്ടയര്‍മെന്റ് ഇല്ലാത്തതിനാല്‍ തങ്ങളുടെ പ്രൊഫൈല്‍ പേജുകളുടെ തിളക്കം കൂട്ടുന്നതിനായി ലോക്കല്‍- മണ്ഡലം കമ്മിറ്റികളില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴേതന്നെ എഴുത്തിലേക്കു തിരിയുന്നവരാണ് ഭൂരിഭാഗം പേരും. കേരളരാഷ്ട്രീയചരിത്രവും പാര്‍ട്ടികളുടെയും സഖ്യങ്ങളുടെയുമൊക്കെ ചരിത്രസത്യങ്ങള്‍ പ്രൗഡിയില്‍ അനാവരണം ചെയ്യുന്നതായിരുന്നു പഴയകാലനേതാക്കളുടെ ഗ്രന്ഥങ്ങളെങ്കില്‍ ഇന്നത്തെ പുസ്തകങ്ങളത്രയും തങ്ങളുടെ തന്നെ മേനിപറച്ചിലും എതിര്‍പക്ഷക്കാരന്റെ തേജോവധവും മാത്രം ലക്ഷ്യമാക്കി പ്രസിദ്ധപ്പെടുത്തുന്നതാണെന്നു പറയേണ്ടിയിരിക്കുന്നു. സിപിഎം ഔദ്യോഗിക ചേരിയില്‍ നിന്നും അകന്നുവെന്ന് വിലയിരുത്തപ്പെട്ട ഡോ. തോമസ് ഐസക് എഴുതിയ ഇനിയെന്തു ലാവ്‌ലിന്‍, സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ എ.പി അബ്ദുള്ളക്കുട്ടിയുടെ ചിന്തയില്‍ നിന്നും വീക്ഷണത്തിലേക്ക് എന്നീ പുസ്തകങ്ങളാണ് സമീപകാലത്ത് ഏറെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ സാമ്പത്തിക അഴിമതി നടത്തിയതിനെ തെളിവില്ലെന്ന് വ്യക്തമാക്കുന്ന അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ഐസക് യുദ്ധകാലാടിസ്ഥാനത്തില്‍ ലാവ്‌ലിന്‍ പുസ്തകം പൂര്‍ത്തിയാക്കിയതെന്നു പറയപ്പെടുന്നു. പക്ഷെ മാധ്യമങ്ങളും ജനങ്ങളും മറന്ന ലാവ്‌ലിന്‍ സംഭവം വീണ്ടും ജനശ്രദ്ധയില്‍ വന്നതിന് ഐസകിന്റെ പുസ്തകം കാരണമായെന്ന് ആലപ്പുഴയില്‍ സുധാകരപക്ഷം ആരോപിക്കുന്നു. ലാവ്‌ലിന്‍ ചൂടോടെതന്നെ ജനശ്രദ്ധയില്‍ നിലനിര്‍ത്തുന്നതില്‍ ശ്രദ്ധിച്ച വിഎസ് അച്യുതാനന്ദനെ പ്രത്യക്ഷമായോ പരോക്ഷമായോ വിമര്‍ശിക്കുന്ന ഭാഗങ്ങളൊന്നും ഐസക്കിന്റെ പുസ്തകത്തിലില്ല എന്നതാണ് ഇതിനു പിന്നിലെ യഥാര്‍്തഥ രാഷ്ടീയവും. നിങ്ങളെന്നെ കോണ്‍ഗ്രസാക്കി എന്ന പുസ്തകത്തിന്റെ പല പതിപ്പുകള്‍ ഇതിനകം പുറത്തിറങ്ങിയ ശേഷമാണ് പുതിയൊരു പുസ്തകമെന്ന ആശയത്തിലേക്ക് അബ്ദുള്ളക്കുട്ടി നീങ്ങിയത്. ഖദറിട്ടാല്‍ വികസനരാഷ്ട്രീയം പറയണമെന്ന പല്ലവി അദ്ദേഹം പുതിയ പുസ്തകത്തിലും ആവര്‍ത്തിക്കുന്നു. വികസനം കഴിഞ്ഞാല്‍ സിപിഎം നേതാക്കളോടുള്ള വിരോധമാണ് അബ്ദുള്ളക്കുട്ടിക്കു പ്രിയപ്പെട്ട വിഷയം. ടി ഗോവിന്ദന്‍, ടി.വി രാജേഷ്, എം.വി ജയരാജന്‍ എന്നിവര്‍ക്കെതിരെ പ്രത്യക്ഷനിലപാടുകളുമായി പുസ്തകത്തിലൂടെ അദ്ദേഹം രംഗത്തുവരുന്നു. പാതയോര പൊതുയോഗനിരോധനത്തിനെതിരെ പ്രസംഗിക്കുന്ന ജയരാജന്‍ കമ്യൂണിസ്റ്റുചൈനയില്‍ പാതയോരം പോയിട്ട് മൈതാനത്തുപോലും പൊതുയോഗം നടത്താന്‍ അവകാശം നിഷേധിക്കുന്ന പാര്‍ട്ടിനിലപാടിനെ എങ്ങനെ കാണുന്നുവെന്ന് അബ്ദുള്ളക്കുട്ടി ചോദിക്കുന്നു. മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി വന്‍കിടപദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ ആവിഷ്‌കരിക്കണമെന്നും വ്യവസായികളില്‍നിന്ന് സെസ്് പിരിച്ച് ഇതിന്റെ നിര്‍വ്വഹണം മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം നിര്‍്‌ദ്ദേശിക്കുകൂടി ചെയ്യുന്നു. വ്യവസ്ഥിതി മാറാന്‍ മനസ്ഥിതി മാറണമെന്ന് ഉപദേശിക്കുക കൂടി ചെയ്യുന്നു അദ്ദേഹം. തന്റെ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങാന്‍ സിപിഎം സഹയാത്രികനായ എം.മുകുന്ദനെ ക്ഷണിച്ചതുവഴി തന്റെ മാറിയ വിശാലമനസ്ഥിതി അദ്ദേഹം അനായാസം തെളിയിച്ചിരിക്കുന്നു എന്നുകൂടി പറയേണ്ടിയിരിക്കുന്നു.


Thursday, January 5, 2012

പ്രസംഗവും എഴുത്തും




ജീവിച്ചിരിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയും അതിന്റെ സൂചകങ്ങള്‍ രചനയില്‍ പോറിയിടുകയും ചെയ്യുകയാണോ ഒരെഴുത്തുകാരന്റെ ധാര്‍മ്മികമായ ബാദ്ധ്യത? ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എംടി വാസുദേവന്‍ നായരെപ്പോലുള്ള എഴുത്തുകാര്‍ ഇവിടെ ജീവിച്ചിരിക്കുന്നു എന്നതുതന്നെയാണ് മലയാളഭാഷയുടെ ഭാഗ്യം. സംസ്ഥാനസര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രഭാഷണവും സമൂഹത്തില്‍ എഴുത്തുകാരന്റെ ആവശ്യമെന്ത് എന്നതിനെ ചൊല്ലിയായിരുന്നു. സമൂഹം എന്തു ചിന്തിക്കുന്നു എന്നറിയുവാന്‍ എഴുത്തുകാരന്റെ ഉള്ളിലേക്കു നോക്കിയാല്‍ മതിയായിരുന്ന കാലം അസ്തമിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഇന്ന് തന്റെ വീട്, ഗ്രാമം, നാട് എന്തു ചിന്തിക്കുന്നു എന്നറിയാന്‍ എഴുത്തുകാരനു സാധിക്കാത്ത അവസ്ഥയാണ്. ജീവിതം അത്രമാത്രം സങ്കീര്‍ണ്ണമായിരിക്കുന്നു. എഴുത്തിന്റെ ആരംഭകാലത്ത് വരുമാനവും ഖ്യാതിയും പ്രതീക്ഷിച്ചിരുന്നില്ല. കുട്ടിക്കാലത്തു ദൂരെ നിന്നു കാണുന്ന പുഴയെ നോക്കി പുതിയ വാക്കുകളും വാക്യങ്ങളും സൃഷ്ടിച്ചു. ചിലതു പറയണമെന്നു തോന്നി. ക്രമേണ അച്ചടിച്ചു. ഇതു കണ്ട ലോകം തന്നോടു ചോദിച്ചത് ഇനി എന്തു പറയാനെന്തുണ്ട് എന്നാണ്. ചരിത്രം രേഖപ്പെടുത്താത്ത കാര്യങ്ങളൊക്കെ ഭാവനയില്‍ വിരിയിച്ചെടുത്തു. തന്റെ ഗ്രാമ്യസംസ്‌കാരവുമായി ഏറ്റവുമധികം ബന്ധപ്പെട്ടതാണ് എഴുത്തച്ഛന്‍ പുരസ്‌കാരമെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു. ചില തണലുകളും അനുഗ്രഹങ്ങളും പുരസ്‌കാരങ്ങളും എഴുത്തുകാരനെ മുന്നോട്ടുനയിക്കുന്ന ശക്തിയാണ്. അനേകം കയ്പ്പുകള്‍ക്കിടയില്‍ ഈ പുരസ്‌കാരം താങ്ങാണെന്നും എംടി പറയുന്നു. തണലുകളും അനുഗ്രഹങ്ങളും എന്ന് എംടി പറയുമ്പോള്‍ ഇന്നത്തെ എഴുത്തുകാര്‍ അര്‍ത്ഥമാക്കേണ്ടതെന്താണ് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. എഴുത്തുകാരന് ആരുടെയെങ്കിലും തണലുപറ്റാതെ സ്വന്തമായി ഒരസ്ഥിത്വം അവകാശപ്പെടാനാകില്ലേ?

Wednesday, January 4, 2012

തിയറ്ററുകള്‍ ഐ.സി.യുവില്‍


മൂത്രവും മലവും കെട്ടിക്കിടക്കുന്ന ബാത്ത്‌റൂം.. പൊട്ടിപ്പൊളിഞ്ഞ സീറ്റുകള്‍.. എലികളും കൂറകളും വിഹരിക്കുന്ന നിലം...സീറ്റുകള്‍ക്കടിയില്‍ പ്ലാസ്റ്റിക്കും കുപ്പികളും പേപ്പറുമുള്‍പ്പെടെയുള്ള മാലിന്യക്കൂമ്പാരം.. പ്രദര്‍ശനത്തിനിടയില്‍ നിലത്തു തുപ്പുന്നവും ഇരുട്ടില്‍ തിയറ്ററിന്റെ മൂലയില്‍ മൂത്രമൊഴിക്കുന്നവരും..!! കേരളത്തിലെ ഭൂരിഭാഗം സിനിമാ തിയറ്ററുകളിലെയും അവസ്ഥ ഇതുതന്നെയാണെന്ന് അക്കമിട്ടു വ്യക്തമാക്കുകയാണ് തിയറ്റര്‍ ക്ലാസിഫിക്കേഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ പുതുപുത്തന്‍ സിനിമകള്‍ റിലീസ് ചെയ്യുന്ന ഭൂരിഭാഗം തിയറ്ററുകളുടെയും അവസ്ഥ ഇതാണെന്ന് സമിതി തന്നെ റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ മലയാളിയുടെ കാഴ്ച സംസ്‌കാരത്തിനുമേല്‍ വന്നുപതിച്ച വമ്പന്‍ ബോക്‌സോഫീസ് വീഴ്ച എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടിവരും. റിലീസിംഗ് കേന്ദ്രങ്ങളായ പല തിയറ്ററുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലത്രെ. ടോയ്‌ലറ്റുകളില്‍ ആവശ്യത്തിന് വെള്ളമോ പെപ്പുകള്‍ കാലഹരണപ്പെട്ടതോ ആയിരിക്കും. വന്‍തുക സര്‍വ്വീസ് ചാര്‍ജ്ജായി ഈടാക്കുന്ന തിയറ്ററുകള്‍പോലും ശുചീകരണത്തിന് പ്രാധാന്യം നല്‍കുന്നില്ല. സമിതി ഇക്കാര്യങ്ങളെല്ലാം ക്യാമറിയില്‍ ചിത്രീകരിച്ച് സിഡിയാക്കി സര്‍ക്കാരിനു കൈമാറുകയും ചെയ്തതോടെ തിയറ്ററുകാര്‍ക്കും പറഞ്ഞുനില്‍ക്കാന്‍ ഇടമില്ലാതായിരിക്കുകയാണ്. മൂന്നു മേഖകളിലായി നാനൂറോളം തിയറ്ററുകള്‍ പരിശോധിച്ച സമിതിക്ക് മികച്ച നിലവാരമുള്ള 15 തിയറ്ററുകള്‍ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ ! (മാര്‍ക്ക് 80 മുതല്‍ 85 വരെ) ഇവയ്ക്ക് പ്ലാറ്റിനം റേറ്റിംഗ് നല്‍കും. പ്ലാറ്റിനം റേറ്റിംഗ് ലഭിച്ച തിയറ്ററുകള്‍ക്ക് തങ്ങളുടെ പേരിനൊപ്പവും പരസ്യങ്ങളിലും പ്ലാറ്റിനം തിയറ്റര്‍ എന്നുപയോഗിക്കാം. അതേ സമയം ഗ്രാമീണമേഖലയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ 56 തിയറ്ററുകളില്‍ റിലീസിംഗ് സെന്ററുകളാക്കാമെന്നും നഗരങ്ങളിലെ മോശം തിയറ്ററുകളെ റിലീസിംഗില്‍ നിന്നും ഒഴിവാക്കാമെന്ന് സമിതി ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഇതോടെ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലേയും വടക്കന്‍ കേരളത്തിലെ ചില തിയറ്ററുകളും റിലീസിംഗില്‍ നിന്നും ഒളിവാകും. ഗ്രേഡിംങില്‍ ഏറ്റവുമധികം മാര്‍ക്കുനേടിയത് കോട്ടയത്തെ ആനന്ദ് ആണ്. നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ പ്ലാറ്റിനത്തിനു താഴെ ഗോള്‍ഡ് പ്ലസ്, ഗോള്‍ഡ്, സില്‍വര്‍ എന്നീ ഗ്രേഡുകളുമുണ്ടായിരുന്നു. അതേ സമയം തിയറ്റര്‍ ക്ലാസിഫിക്കേഷന്‍ സമിതിയുമായി സഹകരിക്കാത്ത തിയറ്റേറുകള്‍ പൂട്ടാന്‍ നടപടിയെക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പറയുന്നു. മലയാളസിനിമയെ ഇന്നുകാണുന്ന ഏറ്റവും മോശപ്പെട്ട നിലയില്‍ എത്തിച്ചത് ചില സംഘടനകളാണെന്നും വ്യക്തിതാല്‍പര്യത്തിനായി സംഘടനകളെ ആരും ഉപയോഗിക്കരുതെന്നും അദ്ദേഹം പറയുന്നു. “സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ റിലീസിംഗ് നടത്തും. സഹകരിക്കാതെ തടസ്സം നിന്ന തിയറ്ററുകളുടെ ലൈസന്‍സ് റദ്ദുചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കും.” സഹകരിക്കാത്ത തിയറ്ററുകള്‍ക്ക് ആറുമാസത്തെ സമയം കൂടി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കുന്നു. “കെല്‍ട്രോണിന്റെ സഹായത്തോടെ മാര്‍ച്ചില്‍ തിയറ്ററുകളില്‍ ടിക്കറ്റ് മെഷീനുകള്‍ സ്ഥാപിക്കും. ഇതോടൊപ്പം ടിക്കറ്റ് നിരക്കില്‍നിന്നും ക്ഷേമനിധിക്കുള്ള മൂന്നുരൂപയും സര്‍വ്വീസ് ചാര്‍ജും ഈടാക്കും. മെഷീന്‍ പരിപാലിക്കുന്നതിന് ഓരോ ടിക്കറ്റില്‍നിന്നും 25 പൈസ ഈടാക്കും. ആയിരം രൂപ നല്‍കി സിനിമാ കാര്‍ഡ് എടുക്കുന്ന വ്യക്തിക്ക് ഏതു തിയറ്ററിലും കയറി സിനിമ കാണാന്‍ കഴിയുന്ന പദ്ധതിയും കൊണ്ടുവരുമെന്ന് ഗണേഷ്‌കുമാര്‍ പറയുന്നു. വ്യാപാരകേന്ദ്രങ്ങളില്‍ ടച്ച് സ്‌ക്രീന്‍ കിയോക്‌സുകള്‍ സ്ഥാപിക്കാനും ക്രെഡിറ്റുകാര്‍ഡുപയോഗിച്ച് ടിക്കറ്റു ബുക്കുചെയ്യാനുള്ള സംവിധാനവും കൊണ്ടുവരും.
ഭൂരിഭാഗം തിയറ്ററുകളിലും നികുതിവെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയ സമിതി കാണികളുടെ എണ്ണത്തിലും വിനോദനികുതിയുടെ കാര്യത്തിലുമുള്ള കണക്കുകളില്‍ പൊരുത്തമില്ലെന്നും ചൂണ്ടിക്കാട്ടുന്നു. പൊതുജനാരോഗ്യവകുപ്പിന്റെ പരിശോധന ആഴ്ചയില്‍ ഒരിക്കലെങ്കിലും തിയറ്ററുകളില്‍ വേണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. തിയറ്ററുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നടപടിയെടുക്കുന്ന സര്‍ക്കാരിന്റെ പങ്കിന്റെ ശ്ലാഘിച്ചേ മതിയാകൂ. മലയാള സിനിമയുടെ ആരോഗ്യംകൂടി മെച്ചമാക്കാനുള്ള നടപടികളും ഇതോടൊപ്പമുണ്ടാകുമെന്ന് ആശിക്കാം.