Tuesday, January 17, 2012

രണ്ടുപുസ്തകം രണ്ടെഴുത്തുകാര്‍

എഴുത്തില്‍ വലിയ സ്വാധീനശക്തിയും വായനയില്‍ വിപഌകാരമായ മുന്നേറ്റങ്ങളും സൃഷ്ടിച്ച പുസ്തകപ്രേമികളാണോ കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ എന്നതാണു ചോദ്യം. ഇടതു വലതു വ്യത്യാസമില്ലാതെ കേരളത്തിലെ മുന്‍നിര രാഷ്ട്രീയനേതാക്കളില്‍ പലരും പുസ്തകങ്ങളുമായി രംഗപ്രവേശം നടത്തുമ്പോള്‍ ഇങ്ങനെ ചോദിക്കാതിരിക്കുന്നതെങ്ങിനെ ? പല പുസ്തകങ്ങളുടെയും ഉള്ളടക്കം പരിശോധിക്കുമ്പോഴാണ് അവയ്ക്കു പിന്നിലെ ഉള്ളുകള്ളികള്‍ മറനീക്കി പുറത്തുവരുന്നത് എന്നത് മറ്റൊരു സത്യം ! പണ്ടുകാലത്ത് രാഷ്ട്രീയത്തില്‍ നിന്നും വിരമിതിനുശേഷമായിരുന്നു രാഷ്ട്രീയനേതാക്കളുടെ ഗ്രന്ഥരചനകളെങ്കില്‍ ഇന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തിനൊപ്പം പുസ്തകമെഴുത്തും എന്ന നിലയിലേക്കു മാറിയിരിക്കുന്നു.
രാഷ്ട്രീയത്തില്‍ റിട്ടയര്‍മെന്റ് ഇല്ലാത്തതിനാല്‍ തങ്ങളുടെ പ്രൊഫൈല്‍ പേജുകളുടെ തിളക്കം കൂട്ടുന്നതിനായി ലോക്കല്‍- മണ്ഡലം കമ്മിറ്റികളില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴേതന്നെ എഴുത്തിലേക്കു തിരിയുന്നവരാണ് ഭൂരിഭാഗം പേരും. കേരളരാഷ്ട്രീയചരിത്രവും പാര്‍ട്ടികളുടെയും സഖ്യങ്ങളുടെയുമൊക്കെ ചരിത്രസത്യങ്ങള്‍ പ്രൗഡിയില്‍ അനാവരണം ചെയ്യുന്നതായിരുന്നു പഴയകാലനേതാക്കളുടെ ഗ്രന്ഥങ്ങളെങ്കില്‍ ഇന്നത്തെ പുസ്തകങ്ങളത്രയും തങ്ങളുടെ തന്നെ മേനിപറച്ചിലും എതിര്‍പക്ഷക്കാരന്റെ തേജോവധവും മാത്രം ലക്ഷ്യമാക്കി പ്രസിദ്ധപ്പെടുത്തുന്നതാണെന്നു പറയേണ്ടിയിരിക്കുന്നു. സിപിഎം ഔദ്യോഗിക ചേരിയില്‍ നിന്നും അകന്നുവെന്ന് വിലയിരുത്തപ്പെട്ട ഡോ. തോമസ് ഐസക് എഴുതിയ ഇനിയെന്തു ലാവ്‌ലിന്‍, സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ എ.പി അബ്ദുള്ളക്കുട്ടിയുടെ ചിന്തയില്‍ നിന്നും വീക്ഷണത്തിലേക്ക് എന്നീ പുസ്തകങ്ങളാണ് സമീപകാലത്ത് ഏറെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ സാമ്പത്തിക അഴിമതി നടത്തിയതിനെ തെളിവില്ലെന്ന് വ്യക്തമാക്കുന്ന അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ഐസക് യുദ്ധകാലാടിസ്ഥാനത്തില്‍ ലാവ്‌ലിന്‍ പുസ്തകം പൂര്‍ത്തിയാക്കിയതെന്നു പറയപ്പെടുന്നു. പക്ഷെ മാധ്യമങ്ങളും ജനങ്ങളും മറന്ന ലാവ്‌ലിന്‍ സംഭവം വീണ്ടും ജനശ്രദ്ധയില്‍ വന്നതിന് ഐസകിന്റെ പുസ്തകം കാരണമായെന്ന് ആലപ്പുഴയില്‍ സുധാകരപക്ഷം ആരോപിക്കുന്നു. ലാവ്‌ലിന്‍ ചൂടോടെതന്നെ ജനശ്രദ്ധയില്‍ നിലനിര്‍ത്തുന്നതില്‍ ശ്രദ്ധിച്ച വിഎസ് അച്യുതാനന്ദനെ പ്രത്യക്ഷമായോ പരോക്ഷമായോ വിമര്‍ശിക്കുന്ന ഭാഗങ്ങളൊന്നും ഐസക്കിന്റെ പുസ്തകത്തിലില്ല എന്നതാണ് ഇതിനു പിന്നിലെ യഥാര്‍്തഥ രാഷ്ടീയവും. നിങ്ങളെന്നെ കോണ്‍ഗ്രസാക്കി എന്ന പുസ്തകത്തിന്റെ പല പതിപ്പുകള്‍ ഇതിനകം പുറത്തിറങ്ങിയ ശേഷമാണ് പുതിയൊരു പുസ്തകമെന്ന ആശയത്തിലേക്ക് അബ്ദുള്ളക്കുട്ടി നീങ്ങിയത്. ഖദറിട്ടാല്‍ വികസനരാഷ്ട്രീയം പറയണമെന്ന പല്ലവി അദ്ദേഹം പുതിയ പുസ്തകത്തിലും ആവര്‍ത്തിക്കുന്നു. വികസനം കഴിഞ്ഞാല്‍ സിപിഎം നേതാക്കളോടുള്ള വിരോധമാണ് അബ്ദുള്ളക്കുട്ടിക്കു പ്രിയപ്പെട്ട വിഷയം. ടി ഗോവിന്ദന്‍, ടി.വി രാജേഷ്, എം.വി ജയരാജന്‍ എന്നിവര്‍ക്കെതിരെ പ്രത്യക്ഷനിലപാടുകളുമായി പുസ്തകത്തിലൂടെ അദ്ദേഹം രംഗത്തുവരുന്നു. പാതയോര പൊതുയോഗനിരോധനത്തിനെതിരെ പ്രസംഗിക്കുന്ന ജയരാജന്‍ കമ്യൂണിസ്റ്റുചൈനയില്‍ പാതയോരം പോയിട്ട് മൈതാനത്തുപോലും പൊതുയോഗം നടത്താന്‍ അവകാശം നിഷേധിക്കുന്ന പാര്‍ട്ടിനിലപാടിനെ എങ്ങനെ കാണുന്നുവെന്ന് അബ്ദുള്ളക്കുട്ടി ചോദിക്കുന്നു. മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി വന്‍കിടപദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ ആവിഷ്‌കരിക്കണമെന്നും വ്യവസായികളില്‍നിന്ന് സെസ്് പിരിച്ച് ഇതിന്റെ നിര്‍വ്വഹണം മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം നിര്‍്‌ദ്ദേശിക്കുകൂടി ചെയ്യുന്നു. വ്യവസ്ഥിതി മാറാന്‍ മനസ്ഥിതി മാറണമെന്ന് ഉപദേശിക്കുക കൂടി ചെയ്യുന്നു അദ്ദേഹം. തന്റെ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങാന്‍ സിപിഎം സഹയാത്രികനായ എം.മുകുന്ദനെ ക്ഷണിച്ചതുവഴി തന്റെ മാറിയ വിശാലമനസ്ഥിതി അദ്ദേഹം അനായാസം തെളിയിച്ചിരിക്കുന്നു എന്നുകൂടി പറയേണ്ടിയിരിക്കുന്നു.


No comments:

Post a Comment