Thursday, February 23, 2012

ആയുര്‍വേദരക്ഷ

ആയുസ്സിന്റെ വേദമാണ് ആയുര്‍വേദം എന്നാണ് പ്രാമാണികതത്വം. കൂണുകള്‍ പോലെ ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍ മുളച്ചുപൊന്തുമ്പോഴും ഈ തനതുഭാരതീയ ചികിത്സാരീതിയ്ക്ക് പക്ഷെ വേണ്ടതുപോലെയുള്ള അംഗീകാരം ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ കിട്ടുന്നുണ്ടോ എന്നതാണ് കാതലായ ചോദ്യം. എന്തിന് ഇന്ത്യയിലും കേരളത്തില്‍പ്പോലും ആയുര്‍വ്വേദത്തിന് വേണ്ടത്ര പരിഗണന കിട്ടുന്നുണ്ടോ എന്നു സംശയമാണ്. തലസ്ഥാനത്ത് അരങ്ങേറിയ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഈ ചികിത്സാശാസ്ത്രത്തെപ്പറ്റിയുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്ക് വേദിയായി. ആയുര്‍വേദത്തെ അംഗീകരിക്കാന്‍ മനസ്സുകാട്ടുന്ന രാജ്യങ്ങളില്‍ അത് പ്രചരിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി നിര്‍ദ്ദേശിക്കുന്നു. കേരളമാണ് ആയുര്‍വദത്തിന്റെ പ്രധാനകേന്ദ്രം. രോഗചികിത്സാരംഗത്തും ജീവിതത്തിലും ആയുര്‍വ്വേദം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം ഈ ചികിത്സാമേഖലയെ പ്രചാരത്തിലെത്തിക്കാനുള്ള സംവിധാനവും ഒരുക്കേണ്ടതുണ്ട്- അദ്ദേഹം പറയുന്നു. ആയുര്‍വ്വേദത്തെ പ്രചരിപ്പിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ആയുഷ് വിഭാഗത്തിനു രൂപം നല്‍കിയെങ്കിലും മറ്റു അലോപ്പതി മരുന്നുമേഖലയിക്കിടയില്‍ അതിനു വേണ്ടത്ര പ്രചാരം ലഭിക്കുകയുണ്ടായില്ല. ജീവിതശൈലി രോഗങ്ങളുടെ കടന്നുകയറ്റത്തെ നിയന്ത്രിക്കാന്‍ ആയുര്‍വേദത്തിനാകും. ഇതോടെ ആയുര്‍വേദത്തെ അംഗീകരിക്കാനും സ്വീകരിക്കാനും തയ്യാറായി ഏറെ രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. അത്തരം രാജ്യങ്ങളുമായി ചര്‍ച്ചകള്‍ വഴി അവിടെ ആയുര്‍വേദകേന്ദ്രങ്ങള്‍ സ്ഥാപിക്കാനും അതുവഴി ആയുര്‍വേദത്തെ മുന്നിലെത്തിക്കാനും സാധിക്കുമെന്നും അഭിപ്രായമുയര്‍ന്നു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വിവിധ രാജ്യങ്ങളുമായി കൈകോര്‍ത്തുകൊണ്ട് രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഗ്‌ളോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെടുന്നു. കേരളത്തെ ലോക ആയുര്‍വേദ കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ജീവിതത്തിന്റെ നിലനില്‍പ്പും ശാസ്ത്രവുമാണ് ആയുര്‍വേദമെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍ പറയുന്നു. ആയുര്‍വ്വേദരംഗത്ത് ഇന്ന് ഏറെ വ്യാജന്മാരും കടന്നുകൂടിയിട്ടുണ്ട്. അവരെ തുരത്താന്‍ ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കുന്നു. മുന്നൂറു പവലിയനുകളിലായി ഒരുക്കിയ പ്രദര്‍ശനം അഞ്ചുലക്ഷത്തിലേറെ പേര്‍ വീക്ഷിച്ചു. ഹോര്‍ത്തൂസ് മലബാറിക്കൂസ്, ചരകസംഹിത മുതലായവയില്‍ സൂചിപ്പിച്ചിട്ടുള്ള ആയിരത്തോളം ഔഷധസസ്യങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം നടന്നു.

Thursday, February 16, 2012

“വാലന്റൈന്‍, സ്നേഹത്തില്‍ നമുക്ക്‌ ജീവിതം ഇല്ലെങ്കില്‍!!”

“But in my sleep to you I fly:am always with you in my sleep!world is all one’s ownwhere am I?, all alone”-S. T. Coleridge

നിന്നിലേക്കുള്ള പാത
ഓര്‍മ്മകളുടെ ഒരു വിദൂര ഖണ്ഡത്തിലാണ്‌ നിന്റെ താമസം എന്നു തോന്നിപ്പോകുന്നു. ചക്രങ്ങള്‍ കണ്ടുപിടിക്കുന്നതിനുമുമ്പ്‌ ആദികാലത്തെന്നപോലെ ഗതാഗത വിന്യാസങ്ങളില്ലാത്ത പാറക്കെട്ടുകളും പര്‍വതങ്ങളും ഗര്‍ത്തങ്ങളും ഇടകലര്‍ന്ന ഒരു വനാന്തരത്തിലൂടെയാണു നിന്നിലേക്കുള്ള യാത്രയുടെ പാത. അഞ്ചലോട്ടക്കാരുടെ കാലത്തുപോലും അവിടേക്കൊരു തപാലുരുപ്പടി പ്രതീക്ഷിക്കുക വയ്യ. ഇന്നിപ്പോള്‍ ചുവപ്പും പച്ചയും മഞ്ഞയും നിറങ്ങളില്‍ എത്രയെത്ര തപാല്‍പെട്ടികളാണു തെരുവുകള്‍ തോറും! എന്നിട്ടും .Delay എന്ന അവ്യക്‌തമായി മുദ്ര പതിഞ്ഞ ഒരു കത്തുപോലും ലഭിക്കുന്നില്ലല്ലോ. എന്നെക്കാണുമ്പോഴെല്ലാം കാക്കകള്‍ കരഞ്ഞുതുടങ്ങുന്നു. ആരോ വരും വരും എന്നു വിളിച്ചറിയിക്കുന്നതുപോലെ. ആരു വരാന്‍ ഈ വൈകിയ വേളയില്‍?

ഭൂമി മുഴുവന്‍ ജലാശയം!
ഇന്നലെ രാത്രിയില്‍ യാദൃശ്ചികമായി ഒരു മഴ പെയ്‌തു. മഴ പോലെ പണ്ട്‌ നമ്മളും വെള്ളമായിരുന്നു. ഭൂമി മുഴുവന്‍ ഒരു ജലാശയം. വെള്ള തന്മാത്രകളായിരുന്നു നാം.
അങ്ങനെയിരിക്കെ ഒരു നാള്‍ ജലാശയത്തിന്റെ ശക്‌തമായ അടിയൊഴുക്കിലേക്ക്‌ ദൈവം കാലു വഴുതി വീണുപോയി. വെള്ളക്കുമിളകള്‍ മാത്രമായ നമ്മള്‍ ദൈവത്തെ പൊക്കിയെടുത്തു മരണത്തില്‍നിന്നും രക്ഷിച്ചു. ദൈവത്തിനു നമ്മുടെ പ്രവൃത്തിയില്‍ ഒത്തിരി സന്തോഷം തോന്നുകയും ജലാശയത്തിന്റെ ഒരു ഭാഗം മന്ത്രം ചൊല്ലി കരയാക്കുകയും നമ്മളെ മനുഷ്യരാക്കി അവിടേക്കു പറഞ്ഞയയ്ക്കുകയും ചെയ്‌തു. മനുഷ്യരായ നമ്മള്‍ അന്നുമുതലക്കാണ്‌ പരസ്പരം സംസാരിക്കാനും സ്നേഹിക്കുവാനും തുടങ്ങുന്നത്‌.

നമ്മുടെ പ്രണയകാലം
ഫെബ്രുവരിയില്‍ മഴ പതിവില്ലാത്ത ഒരു ദേശത്താണു നമ്മുടെ ജീവിതം. അഥവാ പെയ്‌താല്‍തന്നെ മഴത്തുള്ളികള്‍ക്കു മുള്ളുകളുടെ മൂര്‍ച്ചയായിരിക്കും. അതു മജ്ജയെ ആഞ്ഞു തുളയ്ക്കും. നമ്മള്‍ കൈകോര്‍ത്തുപിടിച്ചും കുടചൂടിയും നടന്ന കായല്‍ത്തീരത്തെ വഴികളെല്ലാം മഴവെള്ളം നിറഞ്ഞുകിടക്കുന്നു. നിന്റെ പാദങ്ങള്‍ സൌമ്യമാക്കിയ വീഥിയിലെ ഓരോ ചുവടുവയ്പിലും എനിക്കു ചോര പൊടിയുകയും കാലുകള്‍ ദുര്‍ബലമാവുകയും ചെയ്യുന്നു. ഞാന്‍ അബോധത്തിലേക്ക്‌ ആണ്ടുപോവുകയും ശിഥിലമായ നമ്മുടെ പ്രണയകാലം ഓര്‍മ്മയിലേക്കെത്തുകയും ചെയ്യുന്നു. സൂര്യനസ്‌തമിക്കുന്നതുപോലെ വെളിച്ചം മറഞ്ഞുപോകുന്നു.

ഹൃദയത്തിന്റെ അടിത്തട്ട്‌
പഴയ തുറമുഖത്തെ ഇരുമ്പുവേലിയോരത്തിരുന്ന്‌ സങ്കടങ്ങള്‍ മാത്രം നിറഞ്ഞ പ്രണയകാലത്തെ ഞാന്‍ കുമ്പസാരക്കൂട്ടില്‍ കയറ്റിനിര്‍ത്തുന്നു. എന്റെ സ്നേഹത്തിന്റെ വേരുകള്‍ മുഴുവന്‌ അടിയുറച്ചിട്ടുള്ളത്‌ നിന്റെ ഹൃദയത്തിന്റെ ഭൂമികളിലാണെന്നു ഞാന്‍ അറിയുന്നു. ഭൂമിയില്‍ സ്നേഹത്തിനായി നീക്കിവയ്ക്കപ്പെട്ട ഈ ദിനം തന്നെ എനിക്കെന്റെ പ്രണയപാപങ്ങള്‍ ഏറ്റുപറയണം. ഓര്‍ത്തെടുക്കുന്തോറും എല്ലാമെനിക്ക്‌ വേദനയൂറുന്നതായി മാറുന്നു. ചിരപുരാതനായ ഒരാത്മാവിന്റെ കരച്ചിലാണ്‌ എന്നില്‍നിന്നുയരുന്നത്‌. സംഭവബഹുലമായ ഒരു സ്നേഹകാലത്തിന്റെ ദീര്‍ഘപ്രവാഹങ്ങള്‍ നുരഞ്ഞുയരുന്ന ഒരു ചുഴിപോലെ എന്നില്‍നിന്നുദിക്കുന്നു. നിന്റെ ഗന്ധം കടലില്‍നിന്നും വീശുന്ന കാറ്റുപോലെ എന്നെ വരിക്കുന്നു. എന്റെ ശബ്ദം നിലച്ചുപോകുന്നു. ഇന്ദൃയ ക്ഷോഭങ്ങളോടെ കൂച്ചുവിലങ്ങില്‍പെട്ട്‌ എന്റെ ജീവസ്പന്ദനങ്ങള്‍ നിലയ്ക്കുന്നു. വാക്കു തെറ്റുകയും ദിശകള്‍ ഇരുട്ടുമൂടുകയും ചെയ്യുന്നു. നിന്നോടുള്ള ഇഷ്ടം ഒരു വിദ്യുത്പ്രവാഹത്തിലെന്നപോലെ എന്നെ ഭ്രമണം ചെയ്യിക്കുന്നു.

ജീവന്റെ നിലനില്‍പ്പിനായി മാത്രം ശ്വാസത്തുടിപ്പുകളോടു ഞാന്‍ ആഞ്ഞാഞ്ഞു പടവെട്ടുന്നു. ഞാന്‍ മരിച്ചുവീണേക്കാം. അഭയമെന്നതുപോലെ പ്രണയം ഏതൊരുവനെയും അനാഥനാക്കുകകൂടി ചെയ്യുന്നുണ്ട്‌. പ്രണയത്തിന്റെ ഈ ആല്‍പ്സ്‌ തകര്‍ന്ന്‌ കയ്ക്കുന്ന എന്റെ ഹൃദയത്തിലേക്കു പാറച്ചീളുകള്‍ ആഴ്ന്നിറങ്ങട്ടെ. സ്നേഹത്താല്‍ ഞാന്‍ ഇല്ലാതാകപ്പെടട്ടെ.

വെള്ളമാലാഖാ വിപഌം

കേരളീയത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും കക്ഷികളും സാംസ്‌കാരികലോകവുമെല്ലാം ഇതുപോലെ ബുദ്ധിമുട്ടിയ മുന്‍കാലചരിത്രമില്ല. കേരളത്തിനു പുറത്തു നടക്കുന്ന നഴ്‌സിംഗ് പീഢനങ്ങളെ മുന്‍പേജില്‍ വെണ്ടയ്ക്കാ തലക്കെട്ടുകളില്‍ അച്ചുനിരത്തിയ പത്രങ്ങളും നിരാശയില്‍ തന്നെ. കേരളത്തില്‍ കുറഞ്ഞകാലത്തിനുള്ളില്‍ത്തന്നെ ശക്തിപ്രാപിക്കുകയും വിജയം പിടിച്ചെടുക്കുകയും ചെയ്തുവരുന്ന നഴ്‌സുമാരുടെ സമരത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. വിവിധ ആശുപത്രി മാനേജുമെന്റുകള്‍ക്കെതിരായ നഴ്‌സുമാരുടെ സമരത്തെ കാണാനും, കണ്ടില്ലെന്നു നടിക്കാനുമുള്ള ഗതികേടിലാണ് മുന്‍സൂചിപ്പിച്ച വിഭാഗങ്ങളെല്ലാംതന്നെ. സംസ്ഥാനത്തെ വലിയ വോട്ടുബാങ്കുകളിലൊന്നാണ് നഴ്‌സുമാരുടെ കുടുംബങ്ങള്‍. അവര്‍ക്കൊപ്പം നില്‍ക്കുന്നതാണ് പാര്‍ട്ടികള്‍ക്കു ലാഭവും. പക്ഷെ പാര്‍ട്ടി ഫണ്ട് കൊഴുപ്പിക്കുന്നതാകട്ടെ വന്‍കിട ആശുപത്രി മാനേജുമെന്റുകളും അവരുള്‍പ്പെടുന്ന വ്യവസായലോകവും.
നാളിതുവരെ നഴ്‌സുമാരുടെ സമരത്തെച്ചൊല്ലി ഒരു പാര്‍ട്ടിയും നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രാദേശികവും ഒറ്റപ്പെട്ടതുമായ പിന്തുണ അവര്‍ നല്‍കിവരികയും ചെയ്യുന്നു. എ.കെ.ജിയുടെയും ഇന്ദിരാപ്രിയദര്‍ശിനിയുടെയും എ.പി വര്‍ക്കിയുടെയും പേരിലുള്ള ആശുപത്രികള്‍ നടത്തുന്ന പാര്‍ട്ടികള്‍ നിലപാടു വ്യക്തമാക്കിയാല്‍ സേവനവേതന വ്യവസ്ഥകള്‍ തങ്ങളുടെ ആശുപത്രികളില്‍ക്കൂടി നടപ്പിലാക്കേണ്ടി വന്നേക്കും. തൊഴില്‍മേഖലയിലെ കുറഞ്ഞ വേതനത്തിനും, കൂടിയ ജോലിഭാരത്തിനും എതിരെയാണ് നഴ്‌സുമാരുടെ പ്രത്യക്ഷസമരം. തുച്ഛമായ ശമ്പളത്തിലാണ് കേരളത്തിലെ നഴ്‌സുമാര്‍ ജോലി ചെയ്തുവരുന്നത്. ഇവരില്‍ ഭൂരിപക്ഷം പേരും തൊഴിലില്‍ എട്ടും പത്തും വര്‍ഷങ്ങള്‍ വരെ പൂര്‍ത്തിയാക്കിയവരാണ്.
ലോണെടുത്തും വായ്പ വാങ്ങിയും ലക്ഷങ്ങള്‍ മുടക്കി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ പല നഴ്‌സുമാരും ഇന്ന് ലോണ്‍തിരിച്ചടക്കാന്‍ കഴിയാതെ വിഷമിക്കുകയാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ കേന്ദ്ര ഭാരവാഹിയും മുന്‍മന്ത്രി എസ് കൃഷ്ണകുമാറിന്റെ പത്‌നിയുമായ ഉഷ കൃഷ്ണകുമാര്‍ പറയുന്നു. പത്തും പതിനഞ്ചും മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യിച്ച് ആശുപത്രി മാനേജുമെന്റുകള്‍ കുട്ടികളെ ചൂഷണം ചെയ്യുകയാണ്. കൊടുക്കുന്നതാകട്ടെ രണ്ടായിരവും മൂവായിരവുമൊക്കെ. ഇതുകൊണ്ട് അവര്‍ക്ക് മെച്ചപ്പെട്ട ഒരു ജീവിതമുണ്ടാകുന്നില്ല. തൃശൂരിലെ അമല, എലൈറ്റ്, അങ്കമാലി എല്‍.എഫ്, എറണാകുളത്തെ അമൃത, ലേക് ഷോര്‍, കോലഞ്ചേരി ആശുപത്രി എന്നിവിടങ്ങളിലെ നഴ്‌സുമാരുടെ സമരം
ശ്രദ്്ധ പിടിച്ചുപറ്റി. പലയിടത്തും അക്രമസംഭവങ്ങള്‍ അരങ്ങേറി. വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സമരം നീണ്ടതോടെ മാനേജുമെന്റുകള്‍ ധാരണയ്‌ക്കെത്തുകയായിരുന്നു. ഇതിനിടയിലും നിശബ്ദമായി നിന്ന സര്‍ക്കാര്‍ ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് രംഗത്തുവന്നത്.
ലേക് ഷോര്‍ ആശുപത്രിയിലെ ചര്‍ച്ചക്കായി തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നേരിട്ടു രംഗത്തുവന്നു. നിയമാനുസൃതമല്ലാതെ നടത്തുന്ന സമരമെന്ന് അഭിപ്രായപ്പെട്ട് മുഖം തിരിഞ്ഞുനിന്ന സര്‍ക്കാരിന് ഒടുവില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വന്നിരിക്കുകയാണെന്ന് ലേക് ഷോര്‍ സമരം തെളിയിച്ചതായി യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പറയുന്നു. നഴ്‌സുമാരുടെ സമരത്തെ എന്തു വിലകൊടുത്തും നേരിടുകയെന്ന നിലപാടു സ്വീകരിച്ച ഡോക്ടര്‍മാരുടെ സംഘടനായ ഐ.എം.എയും ഒടുവില്‍ ഒറ്റപ്പെടുകയാണ്. ആശുപത്രികളെ ആവശ്യസര്‍വ്വീസ് നിയമത്തിന്റെ (എസ്മ) പരിധിയില്‍ പെടുത്തുണമെന്നും സംഘടനാസ്വാതന്ത്ര്യം നിഷേ)ിക്കണമെന്നും ആവശ്യപ്പെട്ട ഐഎംഎ നഴ്‌സിംങ് കോഴ്‌സ് പൂര്‍ത്തിയാക്കി വരുന്നവര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത ആശുപത്രി പരിശീലനം നല്‍കണമെന്നും, ശമ്പളവര്‍ദ്ധന അസ്വീകാര്യവുമാണെന്നാണ് അഭിപ്രായപ്പെട്ടത്. അതേ സമയം പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ സമരം തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നഴ്‌സസ് അസോസിയേഷന്റെ വെബ് സൈറ്റിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നു. പിറവത്തെ തെരഞ്ഞെടുപ്പിനുശേഷം ആരോഗ്യതൊഴില്‍ വകുപ്പിലെ കസേരകളില്‍ ആര് ഇരിക്കുമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നും സംഘടന വ്യക്തമാക്കുന്നു. കേരളത്തില്‍ നടക്കുന്ന നഴ്‌സിംഗ് സമരത്തെ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ പിന്തുണയും വര്‍ദ്ധിച്ചിരിക്കുകയാണ്. അറേബ്യയില്‍ നടന്ന മുല്ലപ്പൂ വിപഌവത്തോടാണ് വെള്ളമാഖാഖമാരുടെ സമരത്തെ വിശേഷിപ്പിക്കുന്നത്. മുറിവുണക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ആരു കനിയണം എന്നതാണ് ചോദ്യം.

Wednesday, February 15, 2012

ഭാവി ചോദ്യങ്ങള്‍ ?!

ഇന്ന് പൊതുസമൂഹം അനുഭവിക്കുന്ന പല സ്വാതന്ത്ര്യങ്ങളുടെയും പിന്നില്‍ രാജ്യത്തിനുവേണ്ടി തനിക്ക് എന്തു ചെയ്യാനാവുമെന്നു ചിന്തിച്ച ഒരു കൂട്ടം മനുഷ്യരുടെ ത്യാഗവും അക്ഷീണപ്രയ്‌നവുമുണ്ടെന്ന് എത്ര പേരോര്‍മ്മിക്കുന്നുണ്ടാവും ? അവരുടെ വിരാമമില്ലാത്ത കര്‍മ്മത്തിന്റെയും ജീവന്റെയും വിലയാണ് രാജ്യം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ എണ്‍പതാം വാര്‍ഷികവേളയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആ തലമുറയില്‍പ്പെട്ടൊരാളെ കണ്ടെത്താനും ആദരിക്കാനും സര്‍ക്കാരും സമൂഹവും പ്രദര്‍ശിപ്പിച്ച സന്മനസ്സിനെ എത്ര പ്രശംസിച്ചാലും അധികമാവുകയില്ല. ഗുരുവായൂര്‍ സത്യഗ്രഹസമരസേനാനി കെ. മാധവനെ ആദരിക്കുകവഴി അന്നത്തെ തലമുറയ്ക്ക് ഇന്നത്തെ കേരളം നല്‍കിയ ഉചിതമായ ഗുരുവന്ദനമായി ഇത്. പതിമൂന്നാം വയസ്സില്‍ ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത മാധവന്‍ അന്നത്തെ പ്രായം കുറഞ്ഞ സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. കെ.കേളപ്പന്റെയും മറ്റും നേതൃത്വത്തില്‍ അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടുനടന്ന സത്യഗ്രഹത്തിന് അതിനപ്പുറം വലിയ മാനങ്ങളാണ് ചരിത്രം പരിശോധിച്ചാല്‍ ലഭിക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നു. സ്വാതന്ത്ര്യസമരകാലഘട്ടത്തിലെ സാമൂഹ്യമാറ്റങ്ങള്‍ക്ക് വഴി തെളിച്ച മഹാസംഭവമായി ഗുരുവായൂര്‍ സത്യഗ്രഹം മാറി. അവര്‍ണരെയുള്‍പ്പെടെ സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാനും എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചു ചേര്‍ക്കാനും സാമൂഹ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും ഗുരുവായൂര്‍, വൈക്കം സത്യഗ്രഹങ്ങള്‍ക്കു സാധിച്ചു.
രാജ്യത്തിനുവേണ്ടി എല്ലാം ത്യജിക്കുകയും അതുവഴി സ്വാതന്ത്ര്യം നേടിത്തരികയും ചെയ്തവര്‍ക്കുവേണ്ടി പിന്‍തലമുറ എന്തു ചെയ്തുവെന്ന ചോദ്യവും ഇത്തരുണത്തില്‍ പ്രസക്തായി. ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ കേളപ്പജിയെ പില്‍ക്കാലത്ത് വേണ്ടവിധം ആദരിച്ചിട്ടില്ലെന്ന ആക്ഷേപം നേരത്തെ മുതലുണ്ട്. കേളപ്പജിക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന അഭ്യര്‍ത്ഥന നല്‍കാനും കെ.മാധവന്‍ തന്നെ വേണ്ടിവന്നു. ഇതുസംബന്ധിച്ച് അദ്ദേഹം നല്‍കിയ അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. കേളപ്പജിക്ക് ഗുരുവായൂരില്‍ പ്രതിമയാണോ സ്മാരകമാണോ വേണ്ടതെന്ന ആലോചനയിലാണ് സര്‍ക്കാര്‍??കെ. മാധവന്റെ ആത്മകഥയായ തേജസ്വിനിയുടെ തീരങ്ങളില്‍ എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനവും ഇതോടൊപ്പം നടന്നു. രാജ്യത്തിനുവേണ്ടി കൈയിലുള്ളതെല്ലാം മടികൂടാത വിട്ടൊഴിഞ്ഞവരുടെ തലമുറയില്‍പ്പെട്ടവര്‍ ഇന്നു വിരളമാണ്. അവനനവനെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരുടെ എണ്ണം പെരുകുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അവരുടെ സ്മരണ നിലനിര്‍ത്തേണ്ടത് പ്രതിമയില്‍ക്കൂടിയോ പ്രവൃത്തിയില്‍ക്കൂടിയോ എന്നു ചിന്തിക്കുവാന്‍ തയ്യാറാവണം. തനിക്ക് എന്തു കിട്ടും എന്ന ചിന്തയോടെ ജനാധിപത്യരംഗത്തു പ്രവര്‍ത്തിക്കുന്നവരാണ് അധികം പേരുമെന്ന് മുഖ്യമന്ത്രി തന്നെ പറയുമ്പോള്‍ രാജ്യത്തെ മുന്നോട്ടു നയിക്കേണ്ടവരുടെ വരുംതലമുറയെക്കുറിച്ചുള്ള ചിന്തകള്‍ ആശങ്കാകുലമാകുന്നില്ലേ എന്ന ചോദ്യം ഏറെ പ്രസക്തമാകുന്നു.

അഗസ്ത്യനെ കാണാന്‍

ഭക്തിയും സാഹസികതയും ഒന്നിക്കുന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്രയ്ക്ക് തുടക്കമായതോടെ ഇവിടേക്ക് കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള തീര്‍ത്ഥാടകരുടെയും സഞ്ചാരികളുടെയും ഒഴുക്ക് ആരംഭിച്ചു. സമുദ്രനിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അഗസ്ത്യാര്‍കൂടത്തിലേക്ക് വനപാലകരുടെയും വന്യജീവിസംരക്ഷണവിഭാഗത്തിന്റെയും കര്‍ശനനിയന്ത്രണത്തില്‍ വര്‍ഷത്തിലൊരിക്കലാണ് പ്രവേശനം. മകരവിളക്ക് ദിനത്തില്‍ ആരംഭിച്ച ഇത്തവണത്തെ തീര്‍ത്ഥാടനകാലം ഫെബ്രുവരി 20 വരെ നീണ്ടുനില്‍ക്കും. ദിവസം നൂറുപേര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുന്നത്. കേരളത്തെ ഒരു കോട്ട പോലെ സംരക്ഷിക്കുന്ന പശ്ചിമഘട്ടനിരകളില്‍ ഉള്‍പ്പെട്ട സഹ്യപര്‍വ്വതത്തിലെ വലിയ പര്‍വ്വതമേഖലയാണ് അഗസ്ത്യവനം. അത്യപൂര്‍വ്വമായ ഔഷധച്ചെടികള്‍ നിറഞ്ഞതും പ്രകൃതിരമണീയവുമായ ഈ പര്‍വ്വതനിരയില്‍ അഗസ്ത്യമുനി തപസ്സുചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം. മലയുടെ മുകളിലുള്ള ചോലയില്‍ അഗസ്ത്യന്റെ പൂര്‍ണകായപ്രതിമയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവിടെ ചോലമരങ്ങള്‍ കാറ്റിന്റെ ഗതിയെ തടഞ്ഞ് അഗസ്ത്യന്റെ മുന്നിലെ വിളക്കു കെടാതെ സൂക്ഷിക്കുന്നു. ആയൂര്‍വ്വേദാചാര്യനായ അഗസ്ത്യന്‍ ഇഷ്ടപ്പെട്ടിരുന്ന അഗത്തി (അഗസ്തി) എന്ന വൃക്ഷവും ഇവിടെ യഥേഷ്ടം കണ്ടുവരുന്നു. കുത്തനെയുള്ള കയറ്റങ്ങളും പാറക്കെട്ടുകളും മൊട്ടക്കുന്നുകളും പുല്‍മേടുകളും കുളിര്‍കാറ്റും മഞ്ഞും അപൂര്‍വ്വപക്ഷിക്കൂട്ടവും ചിത്രശലഭങ്ങളും അരുവികളും വന്യജീവികളും വന്‍വൃക്ഷങ്ങളും മറ്റുമായി സമ്പല്‍സമൃദ്ധമായണ് അഗസ്ത്യകൂടത്തിലെ പ്രകൃതി. തമിഴ്‌നാട്ടിലെ താമ്രപര്‍ണി, കേരളത്തിലെ നെയ്യാര്‍, കരമനയാര്‍, വാമനപുരം ആര്‍ എന്നിവ ഉത്ഭവിക്കുന്നതും ഇവിടെനിന്നാണ്. 2001 നവംബറില്‍ നിലവില്‍ വന്ന അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വ്വിന് ഏകദേശം 3500 ചതുരശ്രകീലോമീറ്റര്‍ വിസ്തീര്‍ണമാണുള്ളത്. ഇതില്‍ 1828 ച.കി.മീ. കേരളത്തിലും ബാക്കി ഭാഗം തമിഴ്‌നാട്ടിലുമാണ്. (തിരുവനന്തപുരം, കൊല്ലം, തിരുനെല്‍വേലി ജില്ലകളില്‍). നെയ്യാര്‍, പേപ്പാറ വന്യജീവിസങ്കേതങ്ങള്‍ അഗസ്ത്യമല റിസര്‍വ്വിന്റെ ഭാഗമാണ് .തലസ്ഥാനത്ത് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസ് ആണ് പാസുകള്‍ നല്‍കുന്നത്. കാല്‍നൂറ്റാണ്ടായി സംസ്ഥാനവനംവകുപ്പും കേന്ദ്രപരിസ്ഥിതിമന്ത്രാലയവും അഗസ്ത്യകൂടത്തിന്റെ ജൈവവൈവിദ്ധ്യം കാത്തുസൂക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

വോട്ടറുടെ ദിവസം !

ദിനാചരണങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാട്ടില്‍ സമ്മതിദായകരുടെ ദേശീയദിനാചരണം എന്ന പുതിയ ആഘോഷത്തിനു കൂടി അനുമതി നല്‍കുന്നതില്‍ എന്താണത്ഭുതം ?! വോട്ടര്‍ പട്ടികയുടെ നീളം വര്‍ദ്ധിക്കുന്നതും ഓരോ പ്രദേശങ്ങളിലെയും തങ്ങളുടെ ബെല്‍റ്റുകള്‍ ശക്തിപ്പെടുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും?അവയാല്‍ നയിക്കപ്പെടുന്ന ജനകീയസര്‍ക്കാരുകള്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തി നമ്മുടെ രാജ്യത്തെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ നവവോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നു. ജനാധിപത്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഓരോരുത്തരും രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും സ്വതന്ത്രവും നീതിയുക്തവും സമാധാനപൂര്‍ണവുമായ തെരഞ്ഞെടുപ്പിന്റെ അന്തസ്സു കാത്തുകൊണ്ട് ഭാഗഭാക്കാകണമെന്നും ജാതി, മതം, ഭാഷ തുടങ്ങിയ പരിഗണനകള്‍ക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങള്‍ക്കോ വശംവദരാകാതെ തെരഞ്ഞെടുപ്പില്‍ സധൈര്യം വോട്ടു ചെയ്യണമെന്നും കമ്മീഷന്‍ പ്രതിജ്ഞ ചെയ്യിക്കുന്നു.
അതേ സമയം ദേശീയദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍ സംസ്ഥാനതലം മുതല്‍ പോളിംങ്ബൂത്തുവരെ സംഘടിപ്പിച്ച പരിപാടികള്‍ സംഘാടകമികവിനു തെളിവായി. വര്‍ദ്ധിച്ച ജനപങ്കാളിത്തമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയെന്ന് വോട്ടേഴ്‌സ് ഡെ ഉദ്ഘാടനം ചെയ്ത ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍ പറയുന്നു. ഇന്ത്യയിലെ വിപുലമായ തെരഞ്ഞെടുപ്പു പ്രക്രിയ ലോകരാജ്യങ്ങള്‍ക്ക് അത്ഭുതമാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇതേക്കുറിച്ച് താല്‍പര്യപൂര്‍വ്വം പഠിക്കാനെത്തുന്നുണ്ട്. യുവജനങ്ങള്‍ ആവേശപൂര്‍വ്വം വോട്ടര്‍മാരാകാന്‍ മുന്നോട്ടുവരുന്നത് നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ സജീവമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു. അതേ സമയം വോട്ടര്‍ ഐഡി കാര്‍ഡ് സുപ്രധാന തിരിച്ചറിയല്‍ രേഖയായി മാറിയതിനാല്‍ പതിനെട്ടു വയസ്സു പൂര്‍ത്തിയാകുന്നവരെല്ലാം അതിന് അപേക്ഷിക്കുന്നുണ്ടെന്നതാണ് വസ്തുത. വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ചേര്‍ത്ത വോട്ടര്‍മാരെ അഭിനന്ദിക്കാനായി പോളിംങ്ബൂത്തുകളില്‍ പ്രത്യേകയോഗങ്ങള്‍ സംഘടിപ്പിക്കുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം നടത്തുകയും ചെയ്തു. തലസ്ഥാനത്ത് കവടിയാറില്‍ കായികതാരങ്ങളെയും യുവതിയുവാക്കളെയും ഉള്‍പ്പെടുത്തി റണ്‍ ഫോര്‍ ഡെമോക്രസി എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിക്കുകയും ചെയ്തു തെരഞ്ഞെടുപ്പുകമ്മീഷന്‍.

Wednesday, January 18, 2012

പ്ലാസ്റ്റിക്കിനെതിരെ മരുതൂര്‍ക്കോണം മാതൃക

തിരുവനന്തപുരത്തെ മരുതൂര്‍ക്കോണം പിടിഎം വി.എച്ച്.എസ്.എസിലെ കുട്ടികള്‍ക്ക് അഭിമാനിക്കാം. പ്ലാസ്റ്റിക്കിനെതിരെ അവര്‍ നടത്തിയ മുന്നേറ്റം ഫലം കണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കിനെതിരെ ഏറെ പണിപ്പെട്ടിട്ടും ഫലം കാണാതെ വന്നപ്പോഴാണ് മുഖ്യമന്ത്രിയെ ഒന്നു നേരിട്ടുകണ്ടുകളയാമെന്ന് കുട്ടികള്‍ തീരുമാനിച്ചത്. പ്‌ളാസ്റ്റിക് ദേശീയപതാക വില്‍ക്കുന്നത് തടയണമെന്നായിരുന്നു അവരുടെ ആവശ്യം. കുട്ടികളുടെ അഭ്യര്‍ത്ഥനയിലെ ഗൗരവം മനസ്സിലാക്കിയ മുഖ്യമന്ത്രി അടിയന്തിര നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ദേശീയപതാകയുടെ വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ അദ്ദേഹം ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫലമോ കേരളം ആഘോഷിച്ചത് പ്ലാസ്റ്റിക്‌രഹിത സ്വാതന്ത്ര്യദിനാഘോവും. മുന്‍കാലങ്ങളില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ദേശീയപതാകയുടെ വില്‍പ്പന വ്യാപകമായി നടന്നിരുന്നു. ആഘോഷപരിപാടികള്‍ക്കുശേഷം ഇവ അലക്ഷ്യമായി വലിച്ചെറിയപ്പെടുകയും ചെയ്യുമായിരുന്നു. ദേശീയപതാകയോടുള്ള അനാദരവ് കൂടിയാണിയാണ് ഇതെന്ന് കുട്ടികള്‍ അഭിപ്രായപ്പെടുന്നു.