Wednesday, February 15, 2012

ഭാവി ചോദ്യങ്ങള്‍ ?!


ഇന്ന് പൊതുസമൂഹം അനുഭവിക്കുന്ന പല സ്വാതന്ത്ര്യങ്ങളുടെയും പിന്നില്‍ രാജ്യത്തിനുവേണ്ടി തനിക്ക് എന്തു ചെയ്യാനാവുമെന്നു ചിന്തിച്ച ഒരു കൂട്ടം മനുഷ്യരുടെ ത്യാഗവും അക്ഷീണപ്രയ്‌നവുമുണ്ടെന്ന് എത്ര പേരോര്‍മ്മിക്കുന്നുണ്ടാവും ? അവരുടെ വിരാമമില്ലാത്ത കര്‍മ്മത്തിന്റെയും ജീവന്റെയും വിലയാണ് രാജ്യം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ എണ്‍പതാം വാര്‍ഷികവേളയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആ തലമുറയില്‍പ്പെട്ടൊരാളെ കണ്ടെത്താനും ആദരിക്കാനും സര്‍ക്കാരും സമൂഹവും പ്രദര്‍ശിപ്പിച്ച സന്മനസ്സിനെ എത്ര പ്രശംസിച്ചാലും അധികമാവുകയില്ല. ഗുരുവായൂര്‍ സത്യഗ്രഹസമരസേനാനി കെ. മാധവനെ ആദരിക്കുകവഴി അന്നത്തെ തലമുറയ്ക്ക് ഇന്നത്തെ കേരളം നല്‍കിയ ഉചിതമായ ഗുരുവന്ദനമായി ഇത്. പതിമൂന്നാം വയസ്സില്‍ ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത മാധവന്‍ അന്നത്തെ പ്രായം കുറഞ്ഞ സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. കെ.കേളപ്പന്റെയും മറ്റും നേതൃത്വത്തില്‍ അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടുനടന്ന സത്യഗ്രഹത്തിന് അതിനപ്പുറം വലിയ മാനങ്ങളാണ് ചരിത്രം പരിശോധിച്ചാല്‍ ലഭിക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നു. സ്വാതന്ത്ര്യസമരകാലഘട്ടത്തിലെ സാമൂഹ്യമാറ്റങ്ങള്‍ക്ക് വഴി തെളിച്ച മഹാസംഭവമായി ഗുരുവായൂര്‍ സത്യഗ്രഹം മാറി. അവര്‍ണരെയുള്‍പ്പെടെ സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാനും എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചു ചേര്‍ക്കാനും സാമൂഹ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും ഗുരുവായൂര്‍, വൈക്കം സത്യഗ്രഹങ്ങള്‍ക്കു സാധിച്ചു.
രാജ്യത്തിനുവേണ്ടി എല്ലാം ത്യജിക്കുകയും അതുവഴി സ്വാതന്ത്ര്യം നേടിത്തരികയും ചെയ്തവര്‍ക്കുവേണ്ടി പിന്‍തലമുറ എന്തു ചെയ്തുവെന്ന ചോദ്യവും ഇത്തരുണത്തില്‍ പ്രസക്തായി. ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ കേളപ്പജിയെ പില്‍ക്കാലത്ത് വേണ്ടവിധം ആദരിച്ചിട്ടില്ലെന്ന ആക്ഷേപം നേരത്തെ മുതലുണ്ട്. കേളപ്പജിക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന അഭ്യര്‍ത്ഥന നല്‍കാനും കെ.മാധവന്‍ തന്നെ വേണ്ടിവന്നു. ഇതുസംബന്ധിച്ച് അദ്ദേഹം നല്‍കിയ അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. കേളപ്പജിക്ക് ഗുരുവായൂരില്‍ പ്രതിമയാണോ സ്മാരകമാണോ വേണ്ടതെന്ന ആലോചനയിലാണ് സര്‍ക്കാര്‍??കെ. മാധവന്റെ ആത്മകഥയായ തേജസ്വിനിയുടെ തീരങ്ങളില്‍ എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനവും ഇതോടൊപ്പം നടന്നു. രാജ്യത്തിനുവേണ്ടി കൈയിലുള്ളതെല്ലാം മടികൂടാത വിട്ടൊഴിഞ്ഞവരുടെ തലമുറയില്‍പ്പെട്ടവര്‍ ഇന്നു വിരളമാണ്. അവനനവനെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരുടെ എണ്ണം പെരുകുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അവരുടെ സ്മരണ നിലനിര്‍ത്തേണ്ടത് പ്രതിമയില്‍ക്കൂടിയോ പ്രവൃത്തിയില്‍ക്കൂടിയോ എന്നു ചിന്തിക്കുവാന്‍ തയ്യാറാവണം. തനിക്ക് എന്തു കിട്ടും എന്ന ചിന്തയോടെ ജനാധിപത്യരംഗത്തു പ്രവര്‍ത്തിക്കുന്നവരാണ് അധികം പേരുമെന്ന് മുഖ്യമന്ത്രി തന്നെ പറയുമ്പോള്‍ രാജ്യത്തെ മുന്നോട്ടു നയിക്കേണ്ടവരുടെ വരുംതലമുറയെക്കുറിച്ചുള്ള ചിന്തകള്‍ ആശങ്കാകുലമാകുന്നില്ലേ എന്ന ചോദ്യം ഏറെ പ്രസക്തമാകുന്നു.

1 comment:

  1. "ശകുനമറിയാത്തോൻ ചെന്നറിയും"

    ReplyDelete