Wednesday, February 15, 2012

അഗസ്ത്യനെ കാണാന്‍


ഭക്തിയും സാഹസികതയും ഒന്നിക്കുന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്രയ്ക്ക് തുടക്കമായതോടെ ഇവിടേക്ക് കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള തീര്‍ത്ഥാടകരുടെയും സഞ്ചാരികളുടെയും ഒഴുക്ക് ആരംഭിച്ചു. സമുദ്രനിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അഗസ്ത്യാര്‍കൂടത്തിലേക്ക് വനപാലകരുടെയും വന്യജീവിസംരക്ഷണവിഭാഗത്തിന്റെയും കര്‍ശനനിയന്ത്രണത്തില്‍ വര്‍ഷത്തിലൊരിക്കലാണ് പ്രവേശനം. മകരവിളക്ക് ദിനത്തില്‍ ആരംഭിച്ച ഇത്തവണത്തെ തീര്‍ത്ഥാടനകാലം ഫെബ്രുവരി 20 വരെ നീണ്ടുനില്‍ക്കും. ദിവസം നൂറുപേര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുന്നത്. കേരളത്തെ ഒരു കോട്ട പോലെ സംരക്ഷിക്കുന്ന പശ്ചിമഘട്ടനിരകളില്‍ ഉള്‍പ്പെട്ട സഹ്യപര്‍വ്വതത്തിലെ വലിയ പര്‍വ്വതമേഖലയാണ് അഗസ്ത്യവനം. അത്യപൂര്‍വ്വമായ ഔഷധച്ചെടികള്‍ നിറഞ്ഞതും പ്രകൃതിരമണീയവുമായ ഈ പര്‍വ്വതനിരയില്‍ അഗസ്ത്യമുനി തപസ്സുചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം. മലയുടെ മുകളിലുള്ള ചോലയില്‍ അഗസ്ത്യന്റെ പൂര്‍ണകായപ്രതിമയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവിടെ ചോലമരങ്ങള്‍ കാറ്റിന്റെ ഗതിയെ തടഞ്ഞ് അഗസ്ത്യന്റെ മുന്നിലെ വിളക്കു കെടാതെ സൂക്ഷിക്കുന്നു. ആയൂര്‍വ്വേദാചാര്യനായ അഗസ്ത്യന്‍ ഇഷ്ടപ്പെട്ടിരുന്ന അഗത്തി (അഗസ്തി) എന്ന വൃക്ഷവും ഇവിടെ യഥേഷ്ടം കണ്ടുവരുന്നു. കുത്തനെയുള്ള കയറ്റങ്ങളും പാറക്കെട്ടുകളും മൊട്ടക്കുന്നുകളും പുല്‍മേടുകളും കുളിര്‍കാറ്റും മഞ്ഞും അപൂര്‍വ്വപക്ഷിക്കൂട്ടവും ചിത്രശലഭങ്ങളും അരുവികളും വന്യജീവികളും വന്‍വൃക്ഷങ്ങളും മറ്റുമായി സമ്പല്‍സമൃദ്ധമായണ് അഗസ്ത്യകൂടത്തിലെ പ്രകൃതി. തമിഴ്‌നാട്ടിലെ താമ്രപര്‍ണി, കേരളത്തിലെ നെയ്യാര്‍, കരമനയാര്‍, വാമനപുരം ആര്‍ എന്നിവ ഉത്ഭവിക്കുന്നതും ഇവിടെനിന്നാണ്. 2001 നവംബറില്‍ നിലവില്‍ വന്ന അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വ്വിന് ഏകദേശം 3500 ചതുരശ്രകീലോമീറ്റര്‍ വിസ്തീര്‍ണമാണുള്ളത്. ഇതില്‍ 1828 ച.കി.മീ. കേരളത്തിലും ബാക്കി ഭാഗം തമിഴ്‌നാട്ടിലുമാണ്. (തിരുവനന്തപുരം, കൊല്ലം, തിരുനെല്‍വേലി ജില്ലകളില്‍). നെയ്യാര്‍, പേപ്പാറ വന്യജീവിസങ്കേതങ്ങള്‍ അഗസ്ത്യമല റിസര്‍വ്വിന്റെ ഭാഗമാണ് .തലസ്ഥാനത്ത് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസ് ആണ് പാസുകള്‍ നല്‍കുന്നത്. കാല്‍നൂറ്റാണ്ടായി സംസ്ഥാനവനംവകുപ്പും കേന്ദ്രപരിസ്ഥിതിമന്ത്രാലയവും അഗസ്ത്യകൂടത്തിന്റെ ജൈവവൈവിദ്ധ്യം കാത്തുസൂക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

No comments:

Post a Comment