Thursday, February 23, 2012

ആയുര്‍വേദരക്ഷ


ആയുസ്സിന്റെ വേദമാണ് ആയുര്‍വേദം എന്നാണ് പ്രാമാണികതത്വം. കൂണുകള്‍ പോലെ ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍ മുളച്ചുപൊന്തുമ്പോഴും ഈ തനതുഭാരതീയ ചികിത്സാരീതിയ്ക്ക് പക്ഷെ വേണ്ടതുപോലെയുള്ള അംഗീകാരം ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ കിട്ടുന്നുണ്ടോ എന്നതാണ് കാതലായ ചോദ്യം. എന്തിന് ഇന്ത്യയിലും കേരളത്തില്‍പ്പോലും ആയുര്‍വ്വേദത്തിന് വേണ്ടത്ര പരിഗണന കിട്ടുന്നുണ്ടോ എന്നു സംശയമാണ്. തലസ്ഥാനത്ത് അരങ്ങേറിയ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഈ ചികിത്സാശാസ്ത്രത്തെപ്പറ്റിയുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്ക് വേദിയായി. ആയുര്‍വേദത്തെ അംഗീകരിക്കാന്‍ മനസ്സുകാട്ടുന്ന രാജ്യങ്ങളില്‍ അത് പ്രചരിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി നിര്‍ദ്ദേശിക്കുന്നു. കേരളമാണ് ആയുര്‍വദത്തിന്റെ പ്രധാനകേന്ദ്രം. രോഗചികിത്സാരംഗത്തും ജീവിതത്തിലും ആയുര്‍വ്വേദം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം ഈ ചികിത്സാമേഖലയെ പ്രചാരത്തിലെത്തിക്കാനുള്ള സംവിധാനവും ഒരുക്കേണ്ടതുണ്ട്- അദ്ദേഹം പറയുന്നു. ആയുര്‍വ്വേദത്തെ പ്രചരിപ്പിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ആയുഷ് വിഭാഗത്തിനു രൂപം നല്‍കിയെങ്കിലും മറ്റു അലോപ്പതി മരുന്നുമേഖലയിക്കിടയില്‍ അതിനു വേണ്ടത്ര പ്രചാരം ലഭിക്കുകയുണ്ടായില്ല. ജീവിതശൈലി രോഗങ്ങളുടെ കടന്നുകയറ്റത്തെ നിയന്ത്രിക്കാന്‍ ആയുര്‍വേദത്തിനാകും. ഇതോടെ ആയുര്‍വേദത്തെ അംഗീകരിക്കാനും സ്വീകരിക്കാനും തയ്യാറായി ഏറെ രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. അത്തരം രാജ്യങ്ങളുമായി ചര്‍ച്ചകള്‍ വഴി അവിടെ ആയുര്‍വേദകേന്ദ്രങ്ങള്‍ സ്ഥാപിക്കാനും അതുവഴി ആയുര്‍വേദത്തെ മുന്നിലെത്തിക്കാനും സാധിക്കുമെന്നും അഭിപ്രായമുയര്‍ന്നു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വിവിധ രാജ്യങ്ങളുമായി കൈകോര്‍ത്തുകൊണ്ട് രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഗ്‌ളോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെടുന്നു. കേരളത്തെ ലോക ആയുര്‍വേദ കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ജീവിതത്തിന്റെ നിലനില്‍പ്പും ശാസ്ത്രവുമാണ് ആയുര്‍വേദമെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍ പറയുന്നു. ആയുര്‍വ്വേദരംഗത്ത് ഇന്ന് ഏറെ വ്യാജന്മാരും കടന്നുകൂടിയിട്ടുണ്ട്. അവരെ തുരത്താന്‍ ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കുന്നു. മുന്നൂറു പവലിയനുകളിലായി ഒരുക്കിയ പ്രദര്‍ശനം അഞ്ചുലക്ഷത്തിലേറെ പേര്‍ വീക്ഷിച്ചു. ഹോര്‍ത്തൂസ് മലബാറിക്കൂസ്, ചരകസംഹിത മുതലായവയില്‍ സൂചിപ്പിച്ചിട്ടുള്ള ആയിരത്തോളം ഔഷധസസ്യങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം നടന്നു.

4 comments:

  1. പുറം നാട്ടുകാര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുമ്പോള്‍ മാത്രമാണല്ലോ നമ്മളും പലതും തിരിച്ചറിയുന്നത്‌. ആയുര്‍വേദവും യോഗയും ഉദാഹരണം.

    ReplyDelete
  2. Ha...
    Only if Govt. gave at least 10% of the budget allocation that's given to Allopathy!

    ReplyDelete
  3. “മുറ്റത്തെമുല്ലക്ക് മണമില്ല”

    ReplyDelete
  4. നമ്മുടെ മണ്ണില്‍പിറന്നുവളര്‍ന്ന ചികിത്സാരീതിയുടെ പ്രചാരണത്തിനും, പൗരാണിക ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ കണ്ടെത്തലുകള്‍ക്കും പുതിയ പരീക്ഷണങ്ങള്‍ക്കും ഇത്തരത്തിലുള്ള ശ്രമങ്ങള്‍ സഹായകമാവട്ടെയെന്ന് പ്രത്യാശിക്കാം.

    ReplyDelete