Wednesday, February 15, 2012

വോട്ടറുടെ ദിവസം !

ദിനാചരണങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാട്ടില്‍ സമ്മതിദായകരുടെ ദേശീയദിനാചരണം എന്ന പുതിയ ആഘോഷത്തിനു കൂടി അനുമതി നല്‍കുന്നതില്‍ എന്താണത്ഭുതം ?! വോട്ടര്‍ പട്ടികയുടെ നീളം വര്‍ദ്ധിക്കുന്നതും ഓരോ പ്രദേശങ്ങളിലെയും തങ്ങളുടെ ബെല്‍റ്റുകള്‍ ശക്തിപ്പെടുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും?അവയാല്‍ നയിക്കപ്പെടുന്ന ജനകീയസര്‍ക്കാരുകള്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തി നമ്മുടെ രാജ്യത്തെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ നവവോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നു. ജനാധിപത്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഓരോരുത്തരും രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും സ്വതന്ത്രവും നീതിയുക്തവും സമാധാനപൂര്‍ണവുമായ തെരഞ്ഞെടുപ്പിന്റെ അന്തസ്സു കാത്തുകൊണ്ട് ഭാഗഭാക്കാകണമെന്നും ജാതി, മതം, ഭാഷ തുടങ്ങിയ പരിഗണനകള്‍ക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങള്‍ക്കോ വശംവദരാകാതെ തെരഞ്ഞെടുപ്പില്‍ സധൈര്യം വോട്ടു ചെയ്യണമെന്നും കമ്മീഷന്‍ പ്രതിജ്ഞ ചെയ്യിക്കുന്നു.
അതേ സമയം ദേശീയദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍ സംസ്ഥാനതലം മുതല്‍ പോളിംങ്ബൂത്തുവരെ സംഘടിപ്പിച്ച പരിപാടികള്‍ സംഘാടകമികവിനു തെളിവായി. വര്‍ദ്ധിച്ച ജനപങ്കാളിത്തമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയെന്ന് വോട്ടേഴ്‌സ് ഡെ ഉദ്ഘാടനം ചെയ്ത ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍ പറയുന്നു. ഇന്ത്യയിലെ വിപുലമായ തെരഞ്ഞെടുപ്പു പ്രക്രിയ ലോകരാജ്യങ്ങള്‍ക്ക് അത്ഭുതമാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇതേക്കുറിച്ച് താല്‍പര്യപൂര്‍വ്വം പഠിക്കാനെത്തുന്നുണ്ട്. യുവജനങ്ങള്‍ ആവേശപൂര്‍വ്വം വോട്ടര്‍മാരാകാന്‍ മുന്നോട്ടുവരുന്നത് നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ സജീവമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു. അതേ സമയം വോട്ടര്‍ ഐഡി കാര്‍ഡ് സുപ്രധാന തിരിച്ചറിയല്‍ രേഖയായി മാറിയതിനാല്‍ പതിനെട്ടു വയസ്സു പൂര്‍ത്തിയാകുന്നവരെല്ലാം അതിന് അപേക്ഷിക്കുന്നുണ്ടെന്നതാണ് വസ്തുത. വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ചേര്‍ത്ത വോട്ടര്‍മാരെ അഭിനന്ദിക്കാനായി പോളിംങ്ബൂത്തുകളില്‍ പ്രത്യേകയോഗങ്ങള്‍ സംഘടിപ്പിക്കുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം നടത്തുകയും ചെയ്തു. തലസ്ഥാനത്ത് കവടിയാറില്‍ കായികതാരങ്ങളെയും യുവതിയുവാക്കളെയും ഉള്‍പ്പെടുത്തി റണ്‍ ഫോര്‍ ഡെമോക്രസി എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിക്കുകയും ചെയ്തു തെരഞ്ഞെടുപ്പുകമ്മീഷന്‍.

No comments:

Post a Comment