Thursday, February 16, 2012

“വാലന്റൈന്‍, സ്നേഹത്തില്‍ നമുക്ക്‌ ജീവിതം ഇല്ലെങ്കില്‍!!”


“But in my sleep to you I fly:am always with you in my sleep!world is all one’s ownwhere am I?, all alone”-S. T. Coleridge

നിന്നിലേക്കുള്ള പാത
ഓര്‍മ്മകളുടെ ഒരു വിദൂര ഖണ്ഡത്തിലാണ്‌ നിന്റെ താമസം എന്നു തോന്നിപ്പോകുന്നു. ചക്രങ്ങള്‍ കണ്ടുപിടിക്കുന്നതിനുമുമ്പ്‌ ആദികാലത്തെന്നപോലെ ഗതാഗത വിന്യാസങ്ങളില്ലാത്ത പാറക്കെട്ടുകളും പര്‍വതങ്ങളും ഗര്‍ത്തങ്ങളും ഇടകലര്‍ന്ന ഒരു വനാന്തരത്തിലൂടെയാണു നിന്നിലേക്കുള്ള യാത്രയുടെ പാത. അഞ്ചലോട്ടക്കാരുടെ കാലത്തുപോലും അവിടേക്കൊരു തപാലുരുപ്പടി പ്രതീക്ഷിക്കുക വയ്യ. ഇന്നിപ്പോള്‍ ചുവപ്പും പച്ചയും മഞ്ഞയും നിറങ്ങളില്‍ എത്രയെത്ര തപാല്‍പെട്ടികളാണു തെരുവുകള്‍ തോറും! എന്നിട്ടും .Delay എന്ന അവ്യക്‌തമായി മുദ്ര പതിഞ്ഞ ഒരു കത്തുപോലും ലഭിക്കുന്നില്ലല്ലോ. എന്നെക്കാണുമ്പോഴെല്ലാം കാക്കകള്‍ കരഞ്ഞുതുടങ്ങുന്നു. ആരോ വരും വരും എന്നു വിളിച്ചറിയിക്കുന്നതുപോലെ. ആരു വരാന്‍ ഈ വൈകിയ വേളയില്‍?

ഭൂമി മുഴുവന്‍ ജലാശയം!
ഇന്നലെ രാത്രിയില്‍ യാദൃശ്ചികമായി ഒരു മഴ പെയ്‌തു. മഴ പോലെ പണ്ട്‌ നമ്മളും വെള്ളമായിരുന്നു. ഭൂമി മുഴുവന്‍ ഒരു ജലാശയം. വെള്ള തന്മാത്രകളായിരുന്നു നാം.
അങ്ങനെയിരിക്കെ ഒരു നാള്‍ ജലാശയത്തിന്റെ ശക്‌തമായ അടിയൊഴുക്കിലേക്ക്‌ ദൈവം കാലു വഴുതി വീണുപോയി. വെള്ളക്കുമിളകള്‍ മാത്രമായ നമ്മള്‍ ദൈവത്തെ പൊക്കിയെടുത്തു മരണത്തില്‍നിന്നും രക്ഷിച്ചു. ദൈവത്തിനു നമ്മുടെ പ്രവൃത്തിയില്‍ ഒത്തിരി സന്തോഷം തോന്നുകയും ജലാശയത്തിന്റെ ഒരു ഭാഗം മന്ത്രം ചൊല്ലി കരയാക്കുകയും നമ്മളെ മനുഷ്യരാക്കി അവിടേക്കു പറഞ്ഞയയ്ക്കുകയും ചെയ്‌തു. മനുഷ്യരായ നമ്മള്‍ അന്നുമുതലക്കാണ്‌ പരസ്പരം സംസാരിക്കാനും സ്നേഹിക്കുവാനും തുടങ്ങുന്നത്‌.

നമ്മുടെ പ്രണയകാലം
ഫെബ്രുവരിയില്‍ മഴ പതിവില്ലാത്ത ഒരു ദേശത്താണു നമ്മുടെ ജീവിതം. അഥവാ പെയ്‌താല്‍തന്നെ മഴത്തുള്ളികള്‍ക്കു മുള്ളുകളുടെ മൂര്‍ച്ചയായിരിക്കും. അതു മജ്ജയെ ആഞ്ഞു തുളയ്ക്കും. നമ്മള്‍ കൈകോര്‍ത്തുപിടിച്ചും കുടചൂടിയും നടന്ന കായല്‍ത്തീരത്തെ വഴികളെല്ലാം മഴവെള്ളം നിറഞ്ഞുകിടക്കുന്നു. നിന്റെ പാദങ്ങള്‍ സൌമ്യമാക്കിയ വീഥിയിലെ ഓരോ ചുവടുവയ്പിലും എനിക്കു ചോര പൊടിയുകയും കാലുകള്‍ ദുര്‍ബലമാവുകയും ചെയ്യുന്നു. ഞാന്‍ അബോധത്തിലേക്ക്‌ ആണ്ടുപോവുകയും ശിഥിലമായ നമ്മുടെ പ്രണയകാലം ഓര്‍മ്മയിലേക്കെത്തുകയും ചെയ്യുന്നു. സൂര്യനസ്‌തമിക്കുന്നതുപോലെ വെളിച്ചം മറഞ്ഞുപോകുന്നു.

ഹൃദയത്തിന്റെ അടിത്തട്ട്‌
പഴയ തുറമുഖത്തെ ഇരുമ്പുവേലിയോരത്തിരുന്ന്‌ സങ്കടങ്ങള്‍ മാത്രം നിറഞ്ഞ പ്രണയകാലത്തെ ഞാന്‍ കുമ്പസാരക്കൂട്ടില്‍ കയറ്റിനിര്‍ത്തുന്നു. എന്റെ സ്നേഹത്തിന്റെ വേരുകള്‍ മുഴുവന്‌ അടിയുറച്ചിട്ടുള്ളത്‌ നിന്റെ ഹൃദയത്തിന്റെ ഭൂമികളിലാണെന്നു ഞാന്‍ അറിയുന്നു. ഭൂമിയില്‍ സ്നേഹത്തിനായി നീക്കിവയ്ക്കപ്പെട്ട ഈ ദിനം തന്നെ എനിക്കെന്റെ പ്രണയപാപങ്ങള്‍ ഏറ്റുപറയണം. ഓര്‍ത്തെടുക്കുന്തോറും എല്ലാമെനിക്ക്‌ വേദനയൂറുന്നതായി മാറുന്നു. ചിരപുരാതനായ ഒരാത്മാവിന്റെ കരച്ചിലാണ്‌ എന്നില്‍നിന്നുയരുന്നത്‌. സംഭവബഹുലമായ ഒരു സ്നേഹകാലത്തിന്റെ ദീര്‍ഘപ്രവാഹങ്ങള്‍ നുരഞ്ഞുയരുന്ന ഒരു ചുഴിപോലെ എന്നില്‍നിന്നുദിക്കുന്നു. നിന്റെ ഗന്ധം കടലില്‍നിന്നും വീശുന്ന കാറ്റുപോലെ എന്നെ വരിക്കുന്നു. എന്റെ ശബ്ദം നിലച്ചുപോകുന്നു. ഇന്ദൃയ ക്ഷോഭങ്ങളോടെ കൂച്ചുവിലങ്ങില്‍പെട്ട്‌ എന്റെ ജീവസ്പന്ദനങ്ങള്‍ നിലയ്ക്കുന്നു. വാക്കു തെറ്റുകയും ദിശകള്‍ ഇരുട്ടുമൂടുകയും ചെയ്യുന്നു. നിന്നോടുള്ള ഇഷ്ടം ഒരു വിദ്യുത്പ്രവാഹത്തിലെന്നപോലെ എന്നെ ഭ്രമണം ചെയ്യിക്കുന്നു.

ജീവന്റെ നിലനില്‍പ്പിനായി മാത്രം ശ്വാസത്തുടിപ്പുകളോടു ഞാന്‍ ആഞ്ഞാഞ്ഞു പടവെട്ടുന്നു. ഞാന്‍ മരിച്ചുവീണേക്കാം. അഭയമെന്നതുപോലെ പ്രണയം ഏതൊരുവനെയും അനാഥനാക്കുകകൂടി ചെയ്യുന്നുണ്ട്‌. പ്രണയത്തിന്റെ ഈ ആല്‍പ്സ്‌ തകര്‍ന്ന്‌ കയ്ക്കുന്ന എന്റെ ഹൃദയത്തിലേക്കു പാറച്ചീളുകള്‍ ആഴ്ന്നിറങ്ങട്ടെ. സ്നേഹത്താല്‍ ഞാന്‍ ഇല്ലാതാകപ്പെടട്ടെ.

2 comments:

  1. ആദ്യമായാണ് ഇവിടെയെത്തുന്നത്. സ്നേഹം വല്ലാത്ത ഒരു വികാരമാണ്. നിര്‍മ്മലമായ സ്നേഹത്താല്‍ , അതിന്റെ അനുഭൂതിയാല്‍ ഇല്ലാതാവട്ടെ.. അല്ലേ :)

    ReplyDelete
    Replies
    1. തീര്‍ച്ചയായും മനോരാജ്. അത് എങ്ങനെ ഒരാള്‍ കണ്‍സീവ് ചെയ്യുന്നു എന്നതിലാണ് പ്രത്യേകത.
      അഭിപ്രായം അറിയിച്ചതിന് നന്ദി

      Delete