Thursday, January 5, 2012

പ്രസംഗവും എഴുത്തും




ജീവിച്ചിരിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയും അതിന്റെ സൂചകങ്ങള്‍ രചനയില്‍ പോറിയിടുകയും ചെയ്യുകയാണോ ഒരെഴുത്തുകാരന്റെ ധാര്‍മ്മികമായ ബാദ്ധ്യത? ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എംടി വാസുദേവന്‍ നായരെപ്പോലുള്ള എഴുത്തുകാര്‍ ഇവിടെ ജീവിച്ചിരിക്കുന്നു എന്നതുതന്നെയാണ് മലയാളഭാഷയുടെ ഭാഗ്യം. സംസ്ഥാനസര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രഭാഷണവും സമൂഹത്തില്‍ എഴുത്തുകാരന്റെ ആവശ്യമെന്ത് എന്നതിനെ ചൊല്ലിയായിരുന്നു. സമൂഹം എന്തു ചിന്തിക്കുന്നു എന്നറിയുവാന്‍ എഴുത്തുകാരന്റെ ഉള്ളിലേക്കു നോക്കിയാല്‍ മതിയായിരുന്ന കാലം അസ്തമിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഇന്ന് തന്റെ വീട്, ഗ്രാമം, നാട് എന്തു ചിന്തിക്കുന്നു എന്നറിയാന്‍ എഴുത്തുകാരനു സാധിക്കാത്ത അവസ്ഥയാണ്. ജീവിതം അത്രമാത്രം സങ്കീര്‍ണ്ണമായിരിക്കുന്നു. എഴുത്തിന്റെ ആരംഭകാലത്ത് വരുമാനവും ഖ്യാതിയും പ്രതീക്ഷിച്ചിരുന്നില്ല. കുട്ടിക്കാലത്തു ദൂരെ നിന്നു കാണുന്ന പുഴയെ നോക്കി പുതിയ വാക്കുകളും വാക്യങ്ങളും സൃഷ്ടിച്ചു. ചിലതു പറയണമെന്നു തോന്നി. ക്രമേണ അച്ചടിച്ചു. ഇതു കണ്ട ലോകം തന്നോടു ചോദിച്ചത് ഇനി എന്തു പറയാനെന്തുണ്ട് എന്നാണ്. ചരിത്രം രേഖപ്പെടുത്താത്ത കാര്യങ്ങളൊക്കെ ഭാവനയില്‍ വിരിയിച്ചെടുത്തു. തന്റെ ഗ്രാമ്യസംസ്‌കാരവുമായി ഏറ്റവുമധികം ബന്ധപ്പെട്ടതാണ് എഴുത്തച്ഛന്‍ പുരസ്‌കാരമെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു. ചില തണലുകളും അനുഗ്രഹങ്ങളും പുരസ്‌കാരങ്ങളും എഴുത്തുകാരനെ മുന്നോട്ടുനയിക്കുന്ന ശക്തിയാണ്. അനേകം കയ്പ്പുകള്‍ക്കിടയില്‍ ഈ പുരസ്‌കാരം താങ്ങാണെന്നും എംടി പറയുന്നു. തണലുകളും അനുഗ്രഹങ്ങളും എന്ന് എംടി പറയുമ്പോള്‍ ഇന്നത്തെ എഴുത്തുകാര്‍ അര്‍ത്ഥമാക്കേണ്ടതെന്താണ് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. എഴുത്തുകാരന് ആരുടെയെങ്കിലും തണലുപറ്റാതെ സ്വന്തമായി ഒരസ്ഥിത്വം അവകാശപ്പെടാനാകില്ലേ?

No comments:

Post a Comment