Tuesday, January 17, 2012

കോടതി മുന്നറിയിപ്പ്


ദുരന്തങ്ങള്‍ ആവര്‍ത്തിച്ചാലും പാഠങ്ങള്‍ പഠിക്കുകയില്ലെന്ന ദു:സ്ഥിതി കേരളത്തിന് ശാപമാവുകയാണോ? സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചുകൊണ്ടു സഞ്ചരിക്കുന്ന വാഹനങ്ങള്‍ അടിക്കടി അപകടങ്ങള്‍ക്കിരയാവുകയും കുട്ടികള്‍ മരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും ഉത്തരവാദപ്പെട്ടവര്‍ കാണിക്കുന്ന നിസംഗത അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ കുട്ടികളുടെ ജീവനെച്ചൊല്ലിയുള്ള ആശങ്ക ഭീതിയ്ക്കു വഴി മാറിയതോടെ സ്വയം കേസെടുക്കാന്‍ നിര്‍ബന്ധിതമായത് അത്യുന്നത നീതിന്യായപീഠമായ കേരള ഹൈക്കോടതി തന്നെ. ഇതു സംബന്ധിച്ച മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനമാക്കിയാണ് പ്രശ്‌നത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. സമീപകാലത്ത് സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ അപകടങ്ങളില്‍പെട്ട് കുട്ടികള്‍ മരിക്കാനിടയായ സാഹചര്യങ്ങള്‍ ഭീതിയോടെയാണ് കാണുന്നതെന്ന് കോടതി നിരീക്ഷിക്കുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെക്കുറിച്ചും കോടതി സംശയം പുലര്‍ത്തുന്നു. വേണ്ടത്ര പരിശോധനകളോ കുറ്റക്കാര്‍ക്കെതിരെ നടപടികളോ ഇല്ല. പോലീസും നിഷ്‌ക്രിയരാണ്. പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളാണ് പലയിടത്തും സ്‌കൂള്‍ ബസ്സുകളായി ഉപയോഗിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പല സ്‌കൂള്‍ മാനേജുമെന്റുകളും കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. സ്‌കൂള്‍ ബസുകളിലെ ജീവനക്കാര്‍ ശ്രദ്ധയില്ലാതെയാണ് വാഹനം കൈകാര്യം ചെയ്യുന്നത്. റോഡുകളുടെ മോശം അവസ്ഥയും അപകടങ്ങള്‍ക്കു വഴി വെയ്ക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ടെമ്പോവാനുകളിലും കോഴിക്കോടും ഇടുക്കിയിലും ജീപ്പുകളിലും കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോകുന്നുണ്ട്. ആലപ്പുഴയിലും കൊല്ലത്തും ബോട്ടുകളിലും വള്ളങ്ങളിലും കുട്ടികളെ കൊണ്ടുപോകുന്ന പതിവുണ്ട്. വേണ്ടത്ര സുരക്ഷാമുന്‍കരുതലുകള്‍ കൂടാതെയാണ് ഇത്തരം യാത്രകളെന്നും കോടതി മുന്നറിയിപ്പുനല്‍കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവനെച്ചൊല്ലി കോടതി പുലര്‍ത്തുന്ന ആശങ്കയെങ്കിലും സര്‍ക്കാരിനും മോട്ടോര്‍വാഹനവകുപ്പിനുമൊക്കെ ഉണ്ടാകേണ്ടിയിരിക്കുന്നു. ദുരന്തങ്ങള്‍ ആവര്‍ത്തിച്ചതിനുശേഷം മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ എന്തുമിടുക്ക്?

No comments:

Post a Comment