Tuesday, January 17, 2012

മഹാരാജാസ്

നാം സ്വയം ചോദിക്കുന്നു
എവിടെപ്പോയി ആ സ്വപ്‌നങ്ങള്‍?
നാം തല കുലുക്കിക്കൊണ്ടു പറയുന്നു,
എത്ര വേഗമാണ് എല്ലാം കടന്നുപോകുന്നത്!
വീണ്ടും സ്വയം ചോദിക്കുന്നു
നീ നിന്റ ജീവിതം കൊണ്ടെന്തു ചെയ്തു?
നിന്റ ഏറ്റവും നല്ല വര്‍ഷങ്ങളെ എന്തു ചെയ്തു?
നീ ജീവിച്ചിട്ടുണ്ടോ ഇല്ലയോ?

ദെസ്തയോവ്‌സ്‌കി

മനുഷ്യജീവിതകഥാകാരനായ ദെസ്തയോവ്‌സ്‌കിക്ക് മറുപടിയുണ്ട്. ഞാന്‍ ജീവിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ ഞാന്‍ മഹാരാജാസിനൊപ്പം കഴിഞ്ഞു. മഹാരാജാസില്‍ ജീവിതം കഴിഞ്ഞുപോയ ഓരോ മഹാരാജാസുകാരനും ഈ ചോദ്യത്തിനു മറുപടിയുണ്ട്. അല്ലെങ്കില്‍ത്തന്നെ ഈ രാജകീയകലാലയത്തിലെ ജീവിതം കഴിയുന്നില്ലല്ലോ. ഏതുറക്കത്തിലും ഏതു നട്ടുച്ചയിലും ഞങ്ങള്‍ ഉണര്‍വ്വോടെ പറയുന്ന മറുപടിയാണിത്- മഹാരാജാസ് എന്റ ജീവിതത്തെ മാറ്റിയെഴുതി. കൈത്തണ്ടയില്‍ കുത്തിയ പച്ചയാണിത്. രക്തവര്‍ണം കൊണ്ടാണിത് കുറിച്ചിരിക്കുന്നത്. ഇതു മായുന്നതല്ല. മഹാരാജാസ് ഒരു മനസ്സാണ്. ഇവിടെ കടന്നുവന്നരാരും യാത്ര പറഞ്ഞു പിരിയുന്നില്ല. എല്ലാവരേയും ഞങ്ങളൊന്നാണ് എന്നു പറയിപ്പിക്കുന്ന ഒരേ മനസ്സ്, ഒരേ ഹൃദയതാളം. ഞങ്ങളിവിടെ ജീവിച്ചു, ഇപ്പോള്‍ ജീവിച്ചുകൊണ്ടിരി്ക്കുന്നു. നാളെയും ഞങ്ങളിവിടെ ഉണ്ടാകും.

സാധാരണപോലെ ഒരു ദിവസമായിരുന്നു അതുവരെ നമ്മള്‍ക്കന്ന്. ആ ദിവസത്തിന്റ പ്രത്യേകത ഇന്നു തിരിച്ചറിയുന്നു. ആദ്യമായി മഹാരാജാസിലേക്കു കടന്നുവന്ന ദിവസം. ഓര്‍മ്മകളിലെ നരച്ച മഞ്ഞച്ചിത്രങ്ങള്‍ പോലെയല്ല അത്. മിഴിവുറ്റ സ്വര്‍ണകാന്തി ചിതറുന്ന ഒരു ഓര്‍മ്മചിത്രം. അത് ജീവിതാന്ത്യംവരെ സജീവമായി നിലനില്‍്ക്കുന്നു. ആ ദിവസത്തിന്റെ വാര്‍ഷികങ്ങള്‍ ഓരോ ആണ്ടിലും കടന്നുപോകുന്നു. ആഘോഷങ്ങള്‍ കൊണ്ടാടുന്നവരല്ല മഹാരാജാസുകാരാരും തന്നെ. മഹാരാജാസിന്റെ വിജയങ്ങള്‍ മാത്രം നമ്മള്‍ ആഘോഷിച്ചു. ഇവിടെ വേറിട്ടൊരു അസ്തിത്വത്തിന് പ്രസക്തിയില്ലല്ലോ. ഇനിയും വര്‍ഷങ്ങള്‍ വരും. ഓര്‍മ്മപ്പെടുത്തലുകള്‍ വരും. എങ്കിലും ഞാനിവിടെയില്ല എന്നൊരു ഓര്‍മ്മമാത്രമുണ്ടാകില്ല. ഇവിടെത്തന്നെ ജീവിച്ചിരിരിക്കുമ്പോള്‍ ഇവിടെയില്ല എന്നു സങ്കടപ്പെട്ട് ആരും സ്മരണയുടെ മെഴുകുതിരികള്‍ കൊളുത്തി വയ്ക്കാറില്ലല്ലോ.

ഒറ്റയ്ക്ക് കാമ്പസില്‍ കടന്നുചെല്ലുമ്പോള്‍ എന്തൊക്കെയോര്‍മ്മകള്‍ ! കാഴ്ചയില്‍ ആരുമുണ്ടാകില്ല. പക്ഷെ നിറയെ ശബ്ദമാണ്. വരാന്തയിലൂടെ ചുവപ്പുപതാകയേന്തി ഒരു പ്രകടനം കടന്നുപോവുകയാണ്. കൊലുസിട്ട നീണ്ട പാവാടധരിച്ച ഒരു പെണ്‍കുട്ടി നീളന്‍വരാന്തയിലൂടെ ഓടിമറയുന്നു. ഓഡിറ്റോറിയത്തിനു പിന്നില്‍ നാടകകോറസ്സിന്റെ പരിശീലനത്തിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്. മലയാളം ഹാളില്‍നിന്നും ചങ്ങമ്പുഴയുടെ ആ പഴയ കവിത ആരോ ഈണത്തില്‍ പാടുന്നുണ്ട്. ഷേക്‌സ്പിയ്ര്‍ ഡ്രാമയിലെ ഏതോ തമാശരംഗം ആടിത്തിമിര്‍ക്കുകയാണ് മെയിന്‍ഹാളില്‍ ഒരദ്ധ്യാപകന്‍. ഒറ്റയ്ക്കുവന്നു നോക്കണം, ഒഴിഞ്ഞ മഹാരാജാസിനെ കാണണം, അപ്പോഴറിയാം ഇവിടെ വലിയ ശബദ്ങ്ങള്‍.. വലിയ ആള്‍ക്കൂട്ടങ്ങള്‍.. ഓരോ നിമിഷവും ഇവിടെ കാലങ്ങള്‍ പുനര്‍ജ്ജനിക്കുകയാണ്.

ഇംഗ്ലീഷിനെയും ഹിസ്റ്ററിയെയും ബന്ധി്പ്പിക്കുന്ന ആ പാലമില്ലേ. ശാസ്ത്രമോ, കണക്കോ, സാഹിത്യമോ, അറബിയോ ആകട്ടെ, ഒരിക്കലെങ്കിലും ഈ പാലമൊന്നുകടന്നുപോയവരാണ് നമ്മളെല്ലാവരും തന്നെ. പാലം കടന്ന് അങ്ങോട്ടുമിങ്ങോട്ടും ഒരുപാടുപേര്‍ സഞ്ചരിച്ചു. അവിടെ നിന്ന് പടിഞ്ഞാറേക്കു നോക്കിയാല്‍ സുഭാഷ്പാര്‍ക്കിനപ്പുറം പണ്ട് കായലും അതിനപ്പുറം കടലും കാണാമായിരുന്നു. പടിഞ്ഞാറന്‍ ചക്രവാളത്തിലൂടെ കപ്പലുകള്‍ നീന്തി മറയുന്നത് കാണാമായിരുന്നു. വൈകുന്നേരങ്ങളില്‍ അവിടെ നിന്ന് കപ്പല്‍ കണ്ടവരെത്ര. ഇംഗ്ലീഷിനെയും ഹിസ്റ്ററിയെയും ബന്ധിപ്പി്ക്കുന്ന പാലമെന്ന കല്‍പ്പന ചേതോമഹരമാണ്. ചരിത്രം ഇവിടെ ഗൃഹാതുരശോഭയണിയുന്നു. ചരിത്രത്തില്‍ എത്രയെത്ര പാലങ്ങള്‍! യൂറോപ്പിനെയും ഗ്രീസിനെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പാലത്തെപ്പറ്റി ഓര്‍മ്മിക്കാം. ഇംഗ്ലീഷ് ക്ലാസിലെ മച്ചിനുമുകളില്‍ ചരിത്രത്തിന്റെ ഒരു ചില്ലോടുണ്ടത്രെ. ജര്‍മ്മനിയിലെ ഏതോ ഒരു പുരാതന ഓട്ടുകമ്പനിയിലെ ചൂളയില്‍ നീറി കടല്‍കടന്ന് മഹാരാജാസിലെത്തിയ ഒരു പഴയ ചില്ലോട്. കാലം അത് ഇപ്പോഴും കാത്തുസൂക്ഷിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളാണ് അവകാശി.. നിങ്ങളാണ് അവകാശി എന്നു പറയുന്നു.

നിന്നെക്കുറിച്ച് ഓര്‍ത്തു കരഞ്ഞ രാവുകളാണ്
നമ്മുടെ പ്രണയത്തിന്റെ അടയാളം..

സസ്യശാസ്ത്രവിഭാഗത്തിന്റെ മച്ചുവരാന്തയിലേക്ക് കയറാന്‍ ഭൂമിയില്‍ നിന്നും മുളച്ചുപൊന്തിയ പിരിയന്‍ ഗോവണി. അത് ഒരു മുല്ലവള്ളി പോലെ തളിര്‍ക്കുന്നു പൂക്കുന്നു പു്ഷ്പിക്കുന്നു. പിരിയന്‍ ഗോവണിക്കുചുറ്റും പ്രണയത്തിന്റെ വെള്ളിവെളിച്ചമാണ്. ഇവിടേക്ക് തീര്‍ത്ഥാടനം നടത്താത്ത, ഗോവണി കയറാത്ത പ്രണയിനികള്‍ കാണില്ല. പിരിയന്‍ ഗോവണിക്കു താഴെ ഭൂമിയുടെ ഉന്മാദഗന്ധമാണ്. അവിടെ മു്ല്ലപ്പന്തല്‍ തണല്‍ വിരിച്ചിരുന്നു. ഇവിടെ പൂക്കള്‍ കൊഴിയുന്നില്ല. എവിടെയും വെളുത്ത സുഗന്ധം പരത്തുന്ന പൂക്കള്‍ മാത്രം. മഹാരാജാസില്‍ എവിടെ പ്രണയമുണ്ടെന്നു നമുക്കറിയാം. എന്നിലും നിന്നിലും എല്ലാം.നോക്കുന്നിടത്തെല്ലാം സ്‌നേഹത്തിന്റെ സുഗന്ധം പരത്തുന്ന വെളുത്ത പൂക്കള്‍ മാത്രം. ഒരു പൂവും ഇതുവരെയും വാടിയിട്ടില്ല. ഒരു പൂവും ഞാനിനി മണം പടര്‍ത്തുന്നില്ല എന്നു പറഞ്ഞിട്ടില്ല. പ്രണയം മരിക്കുന്നില്ല എന്നതിനിന് പുഷ്പങ്ങളുടെ സത്യവാങ്മൂലം മാത്രം മതിയല്ലോ

എല്ലാ സമരങ്ങളും സമരമരത്തിന്റെ ചുവട്ടില്‍ നിന്നും ആരംഭിച്ചു. എല്ലാ പ്രണയവും ഒരിക്കലെങ്കിലും സമരമരത്തിന്റെ ചുവട്ടില്‍ സന്ധിച്ചു. പ്രണയവും സമരവും ഒരേ തീഷ്ണതയോടെ ഇവിടെ പൂത്തുലഞ്ഞു. സമരമരത്തിന് എന്തൊക്കെ കഥകള്‍ പറയാന്‍ ഉണ്ടാകും. സമരമരത്തിന്റെ ചരിത്രം എന്നാരംഭിക്കുന്നു. അത് മഹാരാജാസിന്റെ ചരിത്രത്തോടൊപ്പം തന്നെ ആരംഭിക്കട്ടെ എന്നാഗ്രഹിക്കാനാണ് എല്ലാവര്‍ക്കുമിഷ്ടം. സ്വാതന്ത്ര്യസമരവേളയില്‍ ദേശീയനേതാ്ക്കളെ തുറങ്കിലടച്ചതില്‍ പ്രതിഷേധിച്ച് മഹാരാജാസിലെ ധീരരായ വിദ്യാര്‍ത്ഥികള്‍ ദേശീയപതാക നാട്ടിയപ്പോള്‍ അതിനു സാക്ഷിയായി സമരമരമുണ്ടായിരുന്നുവോ? കാറ്റില്‍ ഇളകിയാടുന്ന ഈ ഇലകള്‍ക്ക് ഒട്ടേറ കഥകള്‍ പറയുവാനുണ്ടാകും. കാലം അതിന്റെ സഞ്ചാരപഥത്തിലൂടെ അതിദ്രുതം സഞ്ചരിച്ച് ഈ നിമിഷത്തിലെത്തിനില്‍ക്കുമ്പോഴും സമരമര്ച്ചുവട്ടില്‍ ഒട്ടേറ പേര്‍ കാത്തുനില്‍ക്കുന്നുണ്ടാകണം. അവര്‍ പറയുന്നുണ്ടാവണം

കാലം സാക്ഷി ചരിത്രം സാക്ഷി
സമരമരത്തിന്‍ ചില്ലകള്‍ സാക്ഷി..
അതെ എവിടെ നിന്നും തിരസ്‌കരിക്കപ്പെടുന്ന ഒരുവന് സമരമരത്തിന്റെ ചുവട് അഭയം നല്‍കുന്നു.

എത്രയോ നിലാവുള്ള രാത്രികളില്‍ മഹാരാജാസിന്റെ നടുമുറ്റത്തേക്കു കടന്നുവന്നിരിക്കുന്നു. കാമ്പസിനുകൂട്ടായി സെന്റര്‍ സര്‍ക്കിളിനു കുളത്തിനു നടുവില്‍ ഒരു മാലാഖ ഉറങ്ങാതെ കാത്തിരിക്കുന്നു. മഹാരാജാസിനൊപ്പം മഞ്ഞിലും മഴയിലും ചൂടിലും വെയിലിലും അത് ഉണര്‍ന്നിരിക്കുന്നു. അധ്യയനം അവസാനിച്ചിട്ടും സ്വര്‍്ഗത്തിലേക്ക് മടങ്ങിപ്പോകാനാവാത്ത ഒരു മാലാഖക്കുഞ്ഞ്. സിമന്റുകുളത്തിനു നടുവില്‍ അതിന് അഭയവും ഉയിരും നല്‍കിയിരിക്കുന്നു ഓരോ മഹാരാജാസുകാരനും. കാലമെത്രയോ കടന്നുപോയിരിക്കുന്നു, വിണ്ണില്‍നിന്നും ആരുമെത്തിയില്ല, മഹാരാജാസുകാരന്റെ ഹൃദയത്തില്‍നിന്നും പറിച്ചറിയാന്‍, പിരിഞ്ഞുപോകാന്‍ ഇതിനാവില്ല.

മഹാരാജാസിന്റെ മണ്ണും ആകാശവും വേറിട്ട ഭൂമികയാണ്. വിക്ഷുബ്ദകാലത്തിന്റെ മായാത്ത മുദ്രകള്‍ പേറി അതു നിലകൊള്ളുന്നു. ജീവിക്കുന്ന ചരിത്രം ഈ നടവഴികളിലും തണല്‍ചുവടുകളിലും വിശ്രമിക്കുന്നു. നമുക്കൊരിക്കലും ഇവിടെ നിന്നും യാത്ര പറയാനാവില്ല. വഴി തെറ്റി വന്നരാരെയും നമ്മളിവിടെ കാണുന്നില്ല. തുറക്കപ്പെടുവാനായി നമുക്കുമുന്നില്‍ ഇനി വാതായനങ്ങളുമില്ല. പ്രിയപ്പെട്ട മഹാരാജാസ്, നിന്റെ ഹൃദയപാളികളില്‍ ദിവസങ്ങളുടെ ചിത്രങ്ങള്‍ക്ക് ഓര്‍മ്മയുടെ കലുഷവിരലുകളാല്‍ ഞാനേതു വര്‍ണം നിറയ്ക്കും?




No comments:

Post a Comment