Wednesday, January 4, 2012

തിയറ്ററുകള്‍ ഐ.സി.യുവില്‍


മൂത്രവും മലവും കെട്ടിക്കിടക്കുന്ന ബാത്ത്‌റൂം.. പൊട്ടിപ്പൊളിഞ്ഞ സീറ്റുകള്‍.. എലികളും കൂറകളും വിഹരിക്കുന്ന നിലം...സീറ്റുകള്‍ക്കടിയില്‍ പ്ലാസ്റ്റിക്കും കുപ്പികളും പേപ്പറുമുള്‍പ്പെടെയുള്ള മാലിന്യക്കൂമ്പാരം.. പ്രദര്‍ശനത്തിനിടയില്‍ നിലത്തു തുപ്പുന്നവും ഇരുട്ടില്‍ തിയറ്ററിന്റെ മൂലയില്‍ മൂത്രമൊഴിക്കുന്നവരും..!! കേരളത്തിലെ ഭൂരിഭാഗം സിനിമാ തിയറ്ററുകളിലെയും അവസ്ഥ ഇതുതന്നെയാണെന്ന് അക്കമിട്ടു വ്യക്തമാക്കുകയാണ് തിയറ്റര്‍ ക്ലാസിഫിക്കേഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ പുതുപുത്തന്‍ സിനിമകള്‍ റിലീസ് ചെയ്യുന്ന ഭൂരിഭാഗം തിയറ്ററുകളുടെയും അവസ്ഥ ഇതാണെന്ന് സമിതി തന്നെ റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ മലയാളിയുടെ കാഴ്ച സംസ്‌കാരത്തിനുമേല്‍ വന്നുപതിച്ച വമ്പന്‍ ബോക്‌സോഫീസ് വീഴ്ച എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടിവരും. റിലീസിംഗ് കേന്ദ്രങ്ങളായ പല തിയറ്ററുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലത്രെ. ടോയ്‌ലറ്റുകളില്‍ ആവശ്യത്തിന് വെള്ളമോ പെപ്പുകള്‍ കാലഹരണപ്പെട്ടതോ ആയിരിക്കും. വന്‍തുക സര്‍വ്വീസ് ചാര്‍ജ്ജായി ഈടാക്കുന്ന തിയറ്ററുകള്‍പോലും ശുചീകരണത്തിന് പ്രാധാന്യം നല്‍കുന്നില്ല. സമിതി ഇക്കാര്യങ്ങളെല്ലാം ക്യാമറിയില്‍ ചിത്രീകരിച്ച് സിഡിയാക്കി സര്‍ക്കാരിനു കൈമാറുകയും ചെയ്തതോടെ തിയറ്ററുകാര്‍ക്കും പറഞ്ഞുനില്‍ക്കാന്‍ ഇടമില്ലാതായിരിക്കുകയാണ്. മൂന്നു മേഖകളിലായി നാനൂറോളം തിയറ്ററുകള്‍ പരിശോധിച്ച സമിതിക്ക് മികച്ച നിലവാരമുള്ള 15 തിയറ്ററുകള്‍ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ ! (മാര്‍ക്ക് 80 മുതല്‍ 85 വരെ) ഇവയ്ക്ക് പ്ലാറ്റിനം റേറ്റിംഗ് നല്‍കും. പ്ലാറ്റിനം റേറ്റിംഗ് ലഭിച്ച തിയറ്ററുകള്‍ക്ക് തങ്ങളുടെ പേരിനൊപ്പവും പരസ്യങ്ങളിലും പ്ലാറ്റിനം തിയറ്റര്‍ എന്നുപയോഗിക്കാം. അതേ സമയം ഗ്രാമീണമേഖലയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ 56 തിയറ്ററുകളില്‍ റിലീസിംഗ് സെന്ററുകളാക്കാമെന്നും നഗരങ്ങളിലെ മോശം തിയറ്ററുകളെ റിലീസിംഗില്‍ നിന്നും ഒഴിവാക്കാമെന്ന് സമിതി ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഇതോടെ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലേയും വടക്കന്‍ കേരളത്തിലെ ചില തിയറ്ററുകളും റിലീസിംഗില്‍ നിന്നും ഒളിവാകും. ഗ്രേഡിംങില്‍ ഏറ്റവുമധികം മാര്‍ക്കുനേടിയത് കോട്ടയത്തെ ആനന്ദ് ആണ്. നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ പ്ലാറ്റിനത്തിനു താഴെ ഗോള്‍ഡ് പ്ലസ്, ഗോള്‍ഡ്, സില്‍വര്‍ എന്നീ ഗ്രേഡുകളുമുണ്ടായിരുന്നു. അതേ സമയം തിയറ്റര്‍ ക്ലാസിഫിക്കേഷന്‍ സമിതിയുമായി സഹകരിക്കാത്ത തിയറ്റേറുകള്‍ പൂട്ടാന്‍ നടപടിയെക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പറയുന്നു. മലയാളസിനിമയെ ഇന്നുകാണുന്ന ഏറ്റവും മോശപ്പെട്ട നിലയില്‍ എത്തിച്ചത് ചില സംഘടനകളാണെന്നും വ്യക്തിതാല്‍പര്യത്തിനായി സംഘടനകളെ ആരും ഉപയോഗിക്കരുതെന്നും അദ്ദേഹം പറയുന്നു. “സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ റിലീസിംഗ് നടത്തും. സഹകരിക്കാതെ തടസ്സം നിന്ന തിയറ്ററുകളുടെ ലൈസന്‍സ് റദ്ദുചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കും.” സഹകരിക്കാത്ത തിയറ്ററുകള്‍ക്ക് ആറുമാസത്തെ സമയം കൂടി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കുന്നു. “കെല്‍ട്രോണിന്റെ സഹായത്തോടെ മാര്‍ച്ചില്‍ തിയറ്ററുകളില്‍ ടിക്കറ്റ് മെഷീനുകള്‍ സ്ഥാപിക്കും. ഇതോടൊപ്പം ടിക്കറ്റ് നിരക്കില്‍നിന്നും ക്ഷേമനിധിക്കുള്ള മൂന്നുരൂപയും സര്‍വ്വീസ് ചാര്‍ജും ഈടാക്കും. മെഷീന്‍ പരിപാലിക്കുന്നതിന് ഓരോ ടിക്കറ്റില്‍നിന്നും 25 പൈസ ഈടാക്കും. ആയിരം രൂപ നല്‍കി സിനിമാ കാര്‍ഡ് എടുക്കുന്ന വ്യക്തിക്ക് ഏതു തിയറ്ററിലും കയറി സിനിമ കാണാന്‍ കഴിയുന്ന പദ്ധതിയും കൊണ്ടുവരുമെന്ന് ഗണേഷ്‌കുമാര്‍ പറയുന്നു. വ്യാപാരകേന്ദ്രങ്ങളില്‍ ടച്ച് സ്‌ക്രീന്‍ കിയോക്‌സുകള്‍ സ്ഥാപിക്കാനും ക്രെഡിറ്റുകാര്‍ഡുപയോഗിച്ച് ടിക്കറ്റു ബുക്കുചെയ്യാനുള്ള സംവിധാനവും കൊണ്ടുവരും.
ഭൂരിഭാഗം തിയറ്ററുകളിലും നികുതിവെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയ സമിതി കാണികളുടെ എണ്ണത്തിലും വിനോദനികുതിയുടെ കാര്യത്തിലുമുള്ള കണക്കുകളില്‍ പൊരുത്തമില്ലെന്നും ചൂണ്ടിക്കാട്ടുന്നു. പൊതുജനാരോഗ്യവകുപ്പിന്റെ പരിശോധന ആഴ്ചയില്‍ ഒരിക്കലെങ്കിലും തിയറ്ററുകളില്‍ വേണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. തിയറ്ററുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നടപടിയെടുക്കുന്ന സര്‍ക്കാരിന്റെ പങ്കിന്റെ ശ്ലാഘിച്ചേ മതിയാകൂ. മലയാള സിനിമയുടെ ആരോഗ്യംകൂടി മെച്ചമാക്കാനുള്ള നടപടികളും ഇതോടൊപ്പമുണ്ടാകുമെന്ന് ആശിക്കാം.

No comments:

Post a Comment