Friday, December 30, 2011

ഭാഗം- രണ്ട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു മേഘം വന്ന് അവരെ പൊതിഞ്ഞു




(ഫാ. ബോബി ജോസ് കട്ടികാടിന്റെ പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം)

ഒടുവിലത്തെ കണ്ടുുമുട്ടല്‍

ഗുരുക്കന്മാരുടെ സങ്കടമിതാണ്.
അങ്കി ധരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും മജ്ജ സ്വീകരിക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നു. ഞാന്‍ എന്നോടുതന്നെ ചോദിക്കാറുണ്ട്, ''ശരിക്കും നിനക്കീ അങ്കി മതിയോയെന്ന്!'' ഇതെന്നെ വല്ലാതെ ഭാരപ്പെടുത്തുന്നു. അങ്കി വേണോ, മജ്ജ വേണോയെന്ന് നിശ്ചയിക്കേണ്ട ചില അവസാനമുഹൂര്‍ത്തങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.

ബൈബിളിലെ ഒരു കുഞ്ഞുസംഭവം എന്നെ വല്ലാതെ ഭാരപ്പെടുത്താറുണ്ട്. ക്രിസ്തു ഇങ്ങനെ പറയുന്നു:
'' അന്തിമദിനങ്ങളില്‍ നീ എന്റെ പക്കല്‍വരും. നിന്റെ നാമത്തില്‍ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്, രോഗശാന്തി കൊടുത്തിട്ടുണ്ട്, അത്ഭുതങ്ങള്‍ കാണിച്ചിട്ടുണ്ട് എന്നെല്ലാം നീ എന്നോടു പറയും. അപ്പോള്‍ എന്റെ മറുപടി ഇങ്ങനെയായിരിക്കും: ഞാന്‍ നിന്നെ അറിയുന്നു പോലുമില്ല.!''
എപ്പോഴൊക്കെ ഈ ഭാഗം വായിക്കുന്നുവോ അപ്പോഴെല്ലാം എന്റെ പെരുവിരല്‍ തൊട്ട് ഒരു വിറയല്‍ വരാറുണ്ട്. പതിനഞ്ചാംവയസ്സില്‍ ആശ്രമത്തില്‍ ചേര്‍ന്നയാളാണു ഞാന്‍. കുറെയൊക്കെ അകന്നും അടുത്തും ഗുരുവുമായി ബന്ധപ്പെട്ടു ജീവിക്കുവാന്‍ ശ്രമിച്ചു. കുറച്ചു പുസ്തകങ്ങളെഴുതി. സത്സംഗങ്ങള്‍ ചെയ്തു. ഇതെല്ലാം കഴിഞ്ഞ് ഒടുവില്‍ യാത്രയ്‌ക്കൊരവസാനം കുറിച്ച് അവിടുത്തെ സവിധത്തിലെത്തുമ്പോള്‍ പറയുകയാണ് 'ഞാന്‍ നിന്നെ അറിയുന്നുപോലുമില്ല ! ഐ ജസ്റ്റ് നോട്ട് നോ!' എന്തു കഠിനമായിരിക്കും ആ തലവര.
നമുക്ക് ഗുരുവിനെ അറിയാമെന്നത് ഒരു വലിയ കാര്യമല്ല. ഇത്തിരി വായനയും, മാറി നടക്കാനുള്ള ആഭിമുഖ്യവുമുള്ള ആര്‍ക്കും ഗുരുക്കന്മാരെ അറിയുവാന്‍ സാധിക്കും. പക്ഷെ ഗുരുവിന് നമ്മളെ അറിയാമോ? അപ്പോള്‍ എവിടെയാണ് പാളിയത്? എല്ലാം ഗുരുപാദങ്ങളില്‍ സമര്‍പ്പിച്ച് പ്രണമിച്ച് ഗുരുവിനെ കേന്ദ്രീകരിച്ചു ജീവിച്ചവരാണ്. എന്നിട്ടും ഗുരുവിന് പിടുത്തംകിട്ടുന്നില്ലെന്നു പറഞ്ഞാല്‍ അര്‍ത്ഥമെന്താണ്?

ആത്മീയതയുടെ കാണാപ്പുറങ്ങള്‍

നമ്മള്‍ നമ്മെപ്പറ്റി പറയുന്ന കാര്യങ്ങളല്ല യഥാര്‍ത്ഥ നമ്മള്‍. നമ്മുടെ ശരീരഭാഷയ്ക്ക് എന്തോ കുഴപ്പമുണ്ട്. ഉദാഹരണത്തിന് 'കൊള്ളാം' എന്നൊരു വാക്ക് നമ്മള്‍ അച്ചടിച്ചുകഴിഞ്ഞാല്‍ കൊള്ളാം എന്നുതന്നെയാണ് അര്‍ത്ഥം. പക്ഷെ നൂറുപേര്‍ കൊള്ളാമെന്നു പറയുമ്പോള്‍ അതിന് നൂറ് അര്‍ത്ഥമാണ്. ചില മനുഷ്യര്‍ വലിയ സങ്കടങ്ങളിലൊക്കെ കൊള്ളാമെന്നു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അപ്പോള്‍ ഈ പറഞ്ഞ കാര്യങ്ങള്‍ക്കകത്ത് ആ ശരീരഭാഷയ്ക്കകത്ത് എന്തോ കുഴപ്പമുണ്ട്.

ഒന്നുകൂടെ വിശദമാക്കാം. ആത്മീയതയുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളുണ്ട്. ഒന്നിതാണ്- ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് നമ്മളെന്ന തോന്നല്‍. എന്താണ് ആത്മീയത എന്നുചോദിക്കുമ്പോള്‍ നമ്മള്‍ പറയുന്നു, ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കുന്നു, ധ്യാനിക്കുന്നു, ആരാധനയില്‍ ഏര്‍പ്പെടുന്നു എന്നൊക്കെ. കുറച്ചുകൂടി മുന്നോട്ടുപോയവര്‍ പറയുന്നു, ഞാന്‍ ദരിദ്രരെ ഊട്ടുന്നുണ്ട്, ഉപവിപ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടുന്നുണ്ട്.. ഇങ്ങനെ കുറെകാര്യങ്ങള്‍. കുറച്ചുകൂടി ചലഞ്ചിംഗ് ആയവര്‍ പറയുന്നു, നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്നു..ഇങ്ങനെ കുറെ കാര്യങ്ങള്‍..

ഈ ചെയ്യുന്ന കാര്യങ്ങള്‍ മാത്രമാണോ നമ്മള്‍? അങ്ങനെയെങ്കില്‍ ധാരാളം ചെയ്തുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ പേര് മാര്‍ത്ത എന്നാണ്. ബൈബിളിലെ കഥയാണ്. അവളുടെ സഹോദരിയാണ് മറിയം. അവള്‍ ഒന്നും ചെയ്യാതെ കണ്ണുംപൂട്ടിയിരിപ്പാണ്. മാര്‍ത്ത ഗുരുവിന്റെ അടുക്കല്‍വന്നിട്ട് പറയുകയാണ്. ''വീട്ടുകാര്യങ്ങള്‍ ഒന്നുംചെയ്യാതെ അവളിരിക്കുന്നത് കണ്ടില്ലേ?''

അപ്പോള്‍ ക്രിസ്തു മാര്‍ത്തയോടു പറയുന്നു. '' മാര്‍ത്ത, അവള്‍ നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു !'' അതെങ്ങനെയാണ്? ചെയ്തുകൊണ്ടിരുന്നവരേക്കാള്‍ കൂടുതല്‍ ഈ ചെയ്യാത്തവര്‍ എങ്ങനെയാണ് നല്ല ഭാഗം തെരഞ്ഞെടുക്കുന്നത്?

അമ്മയില്ലാത്ത വീട്

അമ്മയെന്നു പറയുന്നത് ചെറിയ കാര്യമല്ല. അമ്മയെപ്പറ്റി ഉപന്യസിക്കാന്‍ പറഞ്ഞാല്‍ കുട്ടികള്‍ അമ്മ ഇന്നയിന്ന കാര്യങ്ങള്‍ ചെയ്യുന്നു എന്നെഴുതും. പക്ഷെ നാല്‍പ്പതുകളുടെ ആദ്യപാദത്തിലെത്തിയ ഒരാള്‍ക്ക് ഇങ്ങനെയല്ല. കാരണം അമ്മയൊന്നും ചെയ്യുന്നില്ല. എട്ടുവര്‍ഷമായി എന്റെ ഒരു ചങ്ങാതിയുടെ അമ്മ വീട്ടില്‍ തളര്‍ന്നുകിടക്കുകയാണ്. കുഞ്ഞുങ്ങള്‍ വരുമ്പോള്‍ വാതില്‍ തുറക്കാന്‍ പറ്റുന്നില്ല. കാപ്പി അനത്താനാവുന്നില്ല. അങ്ങിനെ കഴിഞ്ഞദിവസം അമ്മ മരിച്ചുപോയി. പെട്ടന്ന് ആ വീട്ടിലേക്ക് വലിയ ശൂന്യതയാണ് കടന്നുവന്നത്. അമ്മയില്ലാത്ത വീട് എന്തൊരു വീടാണ്. ചെയ്യുന്ന കാര്യങ്ങള്‍ മാത്രമായിരുന്നു അമ്മയെങ്കില്‍ അമ്മയുടെ വിയോഗം ഈ വീട്ടില്‍ കാര്യമായ പരിക്കോ ഉലച്ചിലോ ഉണ്ടാക്കുമായിരുന്നില്ല. അപ്പോള്‍ ആത്മീയതയുമായി ബന്ധപ്പെട്ട ഒരു കാര്യമിതാണ്- ചെയ്യുന്ന കാര്യങ്ങള്‍ മാത്രമല്ല നമ്മള്‍.

സ്‌നേഹം നിറയട്ടെ

ചെയ്യുന്ന കാര്യങ്ങളില്‍ സ്‌നേഹമില്ലെങ്കില്‍ അതിലെ സ്‌നേഹക്കുറവ് എളുപ്പത്തില്‍ മനസ്സിലാകും. ബൈബിളില്‍ ഇങ്ങനെയൊരു വാചകമുണ്ട്, 'സ്‌നേഹമില്ലാത്തവരുടെ ഭാഷണം മുഴങ്ങുന്ന ചെമ്പാണ്.' മനുഷ്യര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്നത് സ്‌നേഹക്കുറവാണ്.

എനിക്ക് ഒരു അനുഭവമുണ്ടായി. ഒരിക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ അല്പം ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയുമായി ഒരമ്മ വന്നു. ആ അമ്മയ്ക്ക് ടോയ്‌ലറ്റില്‍ പോകണം. പക്ഷെ കുട്ടിയെ ആരുപിടിക്കും? ഞാന്‍ അടുത്തുചെന്നു പറഞ്ഞു. കുട്ടിയെ ഞാന്‍ പിടിച്ചോളാം. അമ്മ കുട്ടിയെ എന്റെ കൈയിലേല്‍പ്പിച്ചു. അടുത്ത നിമിഷംതന്നെ കുട്ടി ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി. ആ കുട്ടിക്ക് മനസ്സിലായി തന്നോട് അത്ര വലിയ സ്‌നേഹമുള്ള ആളിന്റെ കൈയിലല്ല പെട്ടിരിക്കുന്നതെന്ന്!

ഒരിക്കല്‍ പ്രായമായ ഒരു വൈദികന്‍ എന്റെ അടുത്ത് ധ്യാനത്തിനായി വന്നു. അദ്ദേഹത്തിന്റെ ഒരു പല്ലിന് വലിയ വേദന. ഞാന്‍ പറഞ്ഞു, ഇവിടെ അടുത്ത് ഒരു ദന്താസ്പത്രിയുണ്ട്. നമുക്കവിടെ പോകാം. അപ്പോള്‍ അദ്ദേഹം പറഞ്ഞു, വേണ്ട, എനിക്ക് ഞാന്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ഒരു ഡെന്റിസ്റ്റിനെ കണ്ടാലേ ശരിയാകൂ. വീണ്ടും ഞാന്‍ ചോദിച്ചു, അതെന്താ പല്ലു പറിക്കുന്നത് ആരായാലെന്താ? അപ്പോള്‍ ആ വൈദികന്റെ മറുപടി ഇങ്ങനെയായിരുന്നു: ''അതല്ല അവന്‍ പല്ലുപറിക്കുമ്പോള്‍ അതിലൊരു ആത്മാവുണ്ട് !''
എന്തിലും ഒരാത്മാവ് (സോള്‍) എന്നുപറയുന്ന വശമുണ്ട്. ക്രൈസ്തവര്‍ക്കു വളരെ പ്രധാനപ്പെട്ട ഒന്നാണ് കുര്‍ബ്ബാന. ഒരാള്‍ വിരുന്നൊരുക്കിയിട്ട് വിരുന്നിനെത്തിയവരോട് ഭക്ഷണമൊന്നും കരുതിയിട്ടില്ല എന്നു പറയുന്നു. അതുകൊണ്ട് നിങ്ങള്‍ എന്നെ തിന്നുകൊള്‍ക. കേള്‍ക്കുമ്പോള്‍ തന്നെ കണ്ണുനിറയുന്ന അനുഭവമല്ലേ ഇത്?

ഒരിക്കല്‍ അതിരാവിലെ ഒരു യാത്ര പോകേണ്ടതുള്ളതുകൊണ്ട് വെളുപ്പിന് മൂന്നുമണിയ്ക്ക് കുര്‍ബ്ബാന അര്‍പ്പിച്ച് ഒരു മൂന്നേമുക്കാലോടെ ഞാനിറങ്ങി. പക്ഷേ എനിക്ക് എന്തോ അസ്വസ്ഥത. കാരണം കുര്‍ബ്ബാന കഴിഞ്ഞു; എന്റെ കണ്ണു നിറഞ്ഞിട്ടില്ല. ഒരു അനുഷ്ഠാനം പോലെ കഴിഞ്ഞു. അപ്പോള്‍ എന്തിലും ഒരാത്മാവ് എന്ന കാര്യം കിടപ്പുണ്ട്. ഈ ആത്മാവു നഷ്ടമായാല്‍ എല്ലാം അനുഷ്ഠാനമായി മാറും.

സ്‌നേഹക്കുറവോടെ ദാമ്പത്യസ്‌നേഹം അനുഷ്ഠിച്ചാല്‍ അതിനുള്ളില്‍ ഒന്നുമുണ്ടാകില്ല. ബൈബിളില്‍ ദാമ്പത്യസ്‌നേഹം അനുഷ്ഠിക്കുന്നവരെ കുറിക്കുന്ന വാക്ക് 'അറിയുക' എന്നതാണ്. അറിവ് ശരീരംകൊണ്ട് നടക്കേണ്ടതല്ല. ഉള്ളില്‍ നടക്കേണ്ട കാര്യമാണ്. എന്തറിവാണ് നമ്മുടെ സാധാരണ ഗൃഹസ്ഥാശ്രമത്തില്‍ നടക്കുന്നത്? ഒന്നുമില്ല. ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തമ്മില്‍ സ്‌നേഹമുണ്ടോ? അത് വളരെ വൈകാതെ നിങ്ങളും മനസ്സിലാക്കും നിങ്ങളുടെ പരിസരവും മനസ്സിലാക്കും.

(തുടരും)


No comments:

Post a Comment