Wednesday, December 7, 2011

പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു മേഘം വന്ന് അവരെ പൊതിഞ്ഞു..



(ഫാ. ബോബി ജോസ് കട്ടികാട് -- ആദരണീയനായ ആ ദൈവവേലക്കാരന്‍ ശാന്തിഗിരിയില്‍ വന്നുനടത്തിയ പ്രഭാഷണത്തില്‍ നിന്നും-- ഭാഗം--ഒന്ന് )

നിനക്ക് എന്റെ അങ്കി വേണമോ? മജ്ജ വേണമോ?

ബുദ്ധന്‍ മടങ്ങിപ്പോകാന്‍ നേരത്ത് ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ ആനന്ദന്‍ ചോദിച്ചു: 'അങ്ങ് എനിക്കുവേണ്ടി എന്താണ് മാറ്റി വച്ചിട്ടുളളത്'? ബുദ്ധന്‍ പറഞ്ഞു, 'ആനന്ദാ, എല്ലാവര്‍ക്കും ആവശ്യം എന്റെ അങ്കിയായിരുന്നു. നിനക്ക് ഞാനെന്റെ മജ്ജ മാറ്റിവച്ചിട്ടുണ്ട്..!'
ജീവിതത്തിലുടനീളം എല്ലാ ഗുരുക്കന്മാരും ഇത് പറയാനാഗ്രഹിക്കുന്നുണ്ട്. എല്ലാവര്‍ക്കും ആവശ്യം അങ്കിയാണ്. അപൂര്‍വ്വം ചിലര്‍ക്ക് ഗുരു തന്റെ മജ്ജ മാറ്റിവച്ചിരിക്കുന്നു. ഗുരുവിന്റെ അങ്കിയോ മജ്ജയോ ഏതുവേണമെന്നുള്ള അപകടകരമായ തീരുമാനമെടുക്കുന്നതിനായി ഒരാള്‍ തന്നെത്തന്നെ സ്വയം പരുവപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ കീര്‍ത്തനമാലകള്‍, നമസ്‌കാരങ്ങള്‍, പ്രാര്‍ത്ഥനകള്‍ ഇതിനെയെല്ലാംതന്നെ അങ്കിയെന്നു ഗണിക്കാം. ഒരു സംസ്‌കാരത്തിലും അങ്കി മോശമായ കാര്യമല്ല. പ്രത്യേകിച്ചും ഗുരുക്കന്മാരുടെ അങ്കിയിലൊക്കെ സ്പര്‍ശിച്ച് ആളുകള്‍ക്ക് പ്രസാദവും സൗഖ്യവും കൃപയുമൊക്കെ ലഭിക്കുന്നതിനായി നാമറിയുന്നുണ്ട്. പക്ഷെ കുറച്ചുകൂടി മുന്‍പോട്ട് പോകാന്‍ താല്പര്യമുളളവരോട് ഗുരു ചോദിക്കുന്നു, 'നിനക്ക് എന്റെ അങ്കി വേണോ? അതോ മജ്ജ വേണോ?' അപൂര്‍വ്വം ചിലര്‍ മജ്ജ മതിയെന്ന് നിശ്ചയിക്കുന്നു.

മജ്ജ ചോദിക്കുന്നതുകൊണ്ട് ഒരു കുഞ്ഞുപ്രശ്‌നമുണ്ട്. മജ്ജ കൊടുക്കാന്‍ മനസാവുന്നവരില്‍ നിന്ന് അവിടുന്ന് അങ്കിയുടെ സമാശ്വാസം എടുത്തുമാറ്റിയെന്നിരിക്കും. അതുകൊണ്ടാണ് വളരെ വിപല്‍ക്കരമായ ഒരു തീരുമാനമാണ് ഇതെന്ന് സൂചിപ്പിച്ചത്. എന്നാല്‍ ആ തീരുമാനമെടുക്കുന്ന നിമിഷം മുതല്‍ ഒരാളെ ഗുരുകൃപ കൈപിടിച്ച് കൂടെക്കൊണ്ടുപോകും. എല്ലാ ഗുരുപാരമ്പര്യങ്ങളിലും ഈ രണ്ടുകൂട്ടം മനുഷ്യരുണ്ട്. അങ്കിയും മജ്ജയും കിട്ടിയ മനുഷ്യര്‍! മജ്ജ ചോദിച്ച മനുഷ്യരെ ക്രിസ്തു വിളിക്കുന്ന പേര് 'എന്റെ ചെറിയ അജഗണം' എന്നാണ്. ചിലപ്പോള്‍ പതിനായിരക്കണക്കിന് മനുഷ്യര്‍ ക്രിസ്തുവിനെ കേട്ടിട്ടുണ്ടാകും. ക്രിസ്തു അപ്പമെടുത്ത് വാഴ്ത്തി അയ്യായിരം പേരെ ഊട്ടിയ കഥയൊക്കെയുണ്ട്. അയ്യായിരം പുരുഷന്മാര്‍ എന്നാണ് പറയുന്നത്. അതിന്റെ അര്‍ത്ഥം പലമടങ്ങ് സ്ത്രീകളും കുട്ടികളുമൊക്കെയായി ഏകദേശം കാല്‍ ലക്ഷത്തോളം പേര്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ്. എന്നിട്ടും കൂട്ടി, കുറച്ച്, ഹരിച്ചുകഴിഞ്ഞപ്പോള്‍ എത്രപേര്‍ അവിടുത്തോടൊപ്പം ഉണ്ടായിരുന്നു?

ചെറിയ അജഗണത്തിന്റെ പ്രതിനിധിയായ മീന്‍പിടുത്തക്കാരന്‍

ഒന്നോര്‍ത്തുകഴിഞ്ഞാല്‍ ഈ ചെറിയ അജഗണത്തിനു മാത്രമേ നിലനില്പുളളൂ. ഗുരുക്കന്മാര്‍ തിരയുന്ന ചെറിയ അജഗണത്തിന്റെ ഭാഗമായിട്ട് നില്കുകയെന്നതു ശ്രമകരമാണ്. പക്ഷെ അത് അര്‍ത്ഥപൂര്‍ണമാണ്. ഈ ചെറിയ അജഗണം എല്ലായിടത്തുമുണ്ട്.

ഒരിക്കല്‍ ഞാനൊരു പുഴയോരത്തിരിക്കുമ്പോള്‍ ഒരാള്‍ വഞ്ചിയിലിരുന്ന് വലയെറിയുന്നതുകണ്ടു. വലയില്‍ ഒന്നും കുരുങ്ങിയിട്ടില്ല. കടവിനടുത്തുവന്നു വലയെറിഞ്ഞപ്പോള്‍ നാലുവലിയ മാലമീനുകള്‍ കുരുങ്ങി. രുചികരവും വിലയുമുള്ളതാണ് മാലമീനുകള്‍. അയാള്‍ മത്സ്യങ്ങളെ ഓരോന്നായി എടുത്തു വഞ്ചിയിലേക്കിട്ടു. ഒരു മത്സ്യത്തെ മാത്രം തിരിച്ചും മറിച്ചും നോക്കിയിട്ട് പുഴയിലേക്കു തന്നെ വിട്ടു. ഉടനെതന്നെ അത് വെളളത്തിലേക്ക് ഊളിയിട്ടുപോകുകയും ചെയ്തു.

ഞാന്‍ അയാളോട് വിളിച്ചുചോദിച്ചു, 'എന്തിനാണ് അതിനെ വിട്ടുകളഞ്ഞത്? അയാള്‍ മുഖംപോലും ഉയര്‍ത്താതെ പറഞ്ഞു, അതിനെ എന്തോ കടിച്ചിട്ടുണ്ടെന്നു തോന്നുന്നു. അന്തിയ്ക്ക് കഞ്ഞികുടിയ്ക്കാനായി മീന്‍ പിടിയ്ക്കാനിരിക്കുന്ന ഒരു മനുഷ്യന്‍ ഇത്രയും നൈതികതയും ആര്‍ജ്ജവവും ആഴവും പുലര്‍ത്തേണ്ട കാര്യമില്ല. ചന്തയില്‍ വില്ക്കാന്‍ പോകുന്ന മത്സ്യമാണ്. അതിനെ എന്തെങ്കിലും കടിച്ചാലെന്ത്? ഇനി കടിച്ചാലും കാര്യമായി കുഴപ്പമില്ലെന്നതിന്റെ തെളിവാണേല്ലാ അത് ജീവിച്ചിരിക്കുന്നതുതന്നെ. അഥവാ ഇത്തിരി വിഷം തീണ്ടിയാല്‍പ്പോലും കുഴപ്പമില്ല. അതിനാണ് നമ്മള്‍ ഭക്ഷണം പാകപ്പെടുത്തി കഴിക്കുന്നത്. ഇങ്ങനെ എന്തുമാത്രം കാര്യങ്ങള്‍ അയാള്‍ക്ക് ചിന്തിക്കാം. ഇതൊന്നും കൂട്ടാക്കാതെ അയാളാ മത്സ്യത്തെ പുഴയിലേക്കുതന്നെ വിട്ടു.

ആ മനുഷ്യന്റെ നിലനില്പ് അഗാധമാണ്. അയാള്‍ ഒരു ചെറിയ അജഗണമാണ്. മീന്‍പിടുത്തക്കാരുടെ കൂട്ടത്തിലെ ചെറിയ അജഗണം. എല്ലാവരുടെ കൂട്ടത്തിലുമുണ്ട് ഈ ചെറിയ അജഗണം. ഓരോ അവസരത്തിലും ഗുരുകൃപയോട് പ്രാര്‍ത്ഥിക്കേണ്ടത് ഇതിനുവേണ്ടി മാത്രമാവണം. 'നിന്റെ ചെറിയ അജഗണമായി ഞങ്ങളെ നിലനിര്‍ത്തേണമേ..'

തന്നോടൊപ്പമായിരിക്കുക, തനിക്കു വേണ്ടിയായിരിക്കുക.

ഗുരുക്കന്മാര്‍ പറയും, ഒന്ന്-തന്നോടൊപ്പമായിരിക്കുക, രണ്ട്- തനിക്കു വേണ്ടിയായിരിക്കുക. ഈയൊരൊറ്റ ഉരകല്ലില്‍ ഒരാള്‍ക്ക് തന്നെത്തന്നെ ഉരച്ചുനോക്കാവുന്നതേയുളളൂ. ഞാന്‍ സദാ ഗുരുവിനോടൊപ്പമാണോ? കണ്ണുപൂട്ടിയിരിക്കുമ്പോള്‍ ബൈബിളില്‍ പറയുന്ന ഒരു വാക്കുണ്ട്- 'അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മേഘം വന്ന് അവരെ പൊതിഞ്ഞു.' ഇതുകണക്ക് ആ ഗുരുകൃപയുടെ നനുത്ത മേഘംവന്ന് നമ്മെ പൊതിയുന്നത് നാമറിയുന്നു.

നമുക്ക് ജീവിതത്തില്‍ ഒരു പാട് വലിയ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടാവും. എനിക്ക് പറ്റിയ ഒരബദ്ധം ഇതായിരുന്നു. ഞാന്‍ പാര്‍ത്തിരുന്ന ആശ്രമത്തിനടുത്തായി ഒരു ഗ്ലാസ്ഫാക്ടറിയുണ്ടായിരുന്നു. അവിടെ നൈറ്റ്ഷിഫ്റ്റ് കഴിഞ്ഞുപോകുന്ന ഒരു യുവാവ് എന്നെ കണ്ടപ്പോള്‍ പറഞ്ഞു. രാത്രി ഞാന്‍ പാടവരമ്പിലൂടെ നടന്നുപോകുമ്പോള്‍ എന്റെ തൊട്ടുമുന്നിലായി ക്രിസ്തുവിന്റെ വസ്ത്രവിളുമ്പ് ഉലയുന്നതുകണ്ടു.!

ഉളളില്‍ കാര്യമായ പ്രകാശമൊന്നുമില്ലാതിരുന്ന ഒരവസരമായിരുന്നു അത്. ഞാനയാളോട് പറഞ്ഞു നിശ്ചയമായിട്ടും ഇത് ഒരു ഡോക്ടറെ കാണേണ്ട അസുഖമാണ്. ഇന്ന് ഒരു പത്തിരുപത് വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നു, ദൈവമേ ഇതിനേക്കാള്‍ മോശപ്പെട്ട ഒരു വര്‍ത്തമാനം ഞാനെന്റെ ജീവിതത്തില്‍ പറഞ്ഞിട്ടില്ല. കാരണം ഇതിനേക്കാള്‍ അനുഗ്രഹപ്രദമായി മറ്റെന്തുണ്ട്? ഒരാള്‍ നടന്നുപോകുമ്പോള്‍ അയാള്‍ പ്രണമിക്കുന്ന ഗുരുവിന്റെ പ്രകാശത്തില്‍ നടന്നുപോകുക! അതു സാധ്യമാണ്. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട മനുഷ്യര്‍ നടന്നുപോകുമ്പോള്‍ ബൈബിളില്‍ പറയുന്നതിങ്ങനെയാണ് പകല്‍ മേഘമായിട്ടും രാത്രി അഗ്നിയായിട്ടും കര്‍ത്താവ് അവരെ പൊതിഞ്ഞുനില്‍ക്കുന്നു!

4 comments:

  1. അനുഭവമാദിയിലൊന്നിരിക്കിലില്ലാ-
    തനുമിതിയില്ലിതു മുന്നമക്ഷിയാലേ
    അനുഭവിയാതതുകൊണ്ടു ധര്‍മ്മിയുണ്ടെ-
    ന്നനുമിതിയാലറിവീലറിഞ്ഞിടേണം.

    ReplyDelete
  2. ബോബി അച്ഛന്‍റെ പുസ്തകങ്ങള്‍,എഴുത്ത് എല്ലാം സെന്‍ കഥകളെ ഓര്‍മിപ്പിക്കും .അപോളെനിക്ക് നിത്യചൈതന്യയതിയെ,മലയാറ്റൂര്‍ തടാകത്തെ ഓര്‍മവരും.കാരണം അവിടത്തെ ആശ്രമത്തില്‍ വച്ചാണ് ഞാന്‍ ആദ്യമായി അത്തരമൊരു പുസ്ത്തകം വായിക്കുന്നത്.

    ReplyDelete
  3. അഭിപ്രായങ്ങള്‍ അറിയിച്ചതിന്
    സാധുവിനും ബിജു പി നടുമുറ്റത്തിനും നന്ദി

    ReplyDelete
  4. അവിടെയെല്ലാം ഇരുട്ടുവീണു കിടക്കുന്നതെന്തിനാണ്? പ്രകാശം പരക്കട്ടെ, എല്ലായിടത്തും...
    - ഓഷോ

    ReplyDelete