Tuesday, September 13, 2011

മാമന്‍ കഥ - 2 അഞ്ചാമത്തെ ശിഷ്യനെ സ്വീകരിക്കാത്ത മുനി


അഞ്ചാമത്തെ ശിഷ്യനെ സ്വീകരിക്കാത്ത മുനി

ഓണാവധിക്കാലം കൂട്ടുകാര്‍ ശരിക്കും ആഘോഷിച്ചു. മുറ്റത്ത് പൂക്കളമിട്ടും ഊഞ്ഞാലാടിയും ഓണക്കളികള്‍ കളിച്ചും ശരിക്കും അടിപൊളി ദിവസങ്ങള്‍ തന്നെ. ഓണസദ്യയുണ്ടശേഷം അവരെല്ലാവരുംകൂടി കഥാമാമന്റെ വീട്ടിലൊത്തുകൂടി.
മാമന്‍ അവരെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. വന്നപാടെ എല്ലാവര്‍ക്കും ഓരോ ഗ്ലാസ് പായസം കിട്ടി. നല്ല രസികന്‍ അടപ്രഥമന്‍ തന്നെ..!
റസിയക്ക് ഒരു ഗ്ലാസ് കുടിച്ചിട്ടു മതിയായില്ല.
'മാമാ എനിക്ക് ഒരു ഗ്ലാസ് കൂടി വേണം..,' അവള്‍ ആവശ്യപ്പെട്ടു.
'പായസം കൊതിച്ചി..!' കിഷോര്‍ കളിയാക്കി.
'നീ എന്റെ വീട്ടിലേക്കു വാ.. നിനക്ക് വയറുനിറച്ച് പായസം തരാം. നല്ല കടലപ്രഥമന്‍..!'
'ഉം.. അടപ്രഥമന്റെ മുന്നിലാണോ കടലപ്രഥമന്‍?' അനൂപ് ചോദിച്ചു.
'അടപ്രഥമനും കടലയുമൊന്നുമല്ല, പാലടയാണ് നല്ലത്.. എന്റെ വീട്ടില്‍ അതാ
യിരുന്നു.' അബു പറഞ്ഞു.
തര്‍ക്കമൊന്നും വേണ്ട.. കുട്ടികളുടെ ശബ്ദം കേട്ട് മാമന്‍ പറഞ്ഞു. 'എല്ലാവരും ഓരോ ഗ്ലാസ്സുകൂടി കഴിക്ക്..'
മാമന്‍ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി പായസം നല്‍കി.
'വേഗം കുടിക്ക് എന്നിട്ടുവേണം എനിക്കൊരു കഥപറയാന്‍..!'
കുട്ടികള്‍ വേഗം ഗ്ലാസുകള്‍ കാലിയാക്കി കഥ കേള്‍ക്കാനിരുന്നു.

മാമന്‍ കഥ പറഞ്ഞുതുടങ്ങി.

ഒരിടത്ത് ഒരു മഹാമുനിയുണ്ടായിരുന്നു. പണ്ഡിതനും വിനയാന്വിതനുമായ അദ്ദേഹത്തിന്റെ ഗുരുകുലത്തില്‍ മക്കളെ ചേര്‍ത്ത് വിദ്യയഭ്യസിപ്പിക്കുവാന്‍ എല്ലാവരും മോഹിച്ചു. പക്ഷെ മുനിക്ക് ഒരു നിര്‍ബന്ധമുണ്ടായിരുന്നു. ഒരുസമയം അഞ്ചു കുട്ടികളെ മാത്രമേ അദ്ദേഹം ശിഷ്യരായി സ്വീകരിക്കുകയുള്ളൂ. പക്ഷെ പലപ്പോഴും അഞ്ചില്‍ത്താഴെ ശിഷ്യന്മാര്‍ മാത്രമേ ഗുരുകുലത്തിലുണ്ടായിരുന്നുള്ളൂ.
അത്തവണയും നാലു പേര്‍ക്കുമാത്രമാണ് അദ്ദേഹം പ്രവേശനം നല്‍കിയത്. അതില്‍ മൂന്നുപേര്‍ നല്ല മിടുക്കരും ആശ്രമകര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ ശുഷ്‌കാന്തിയുള്ളവരുമായിരുന്നു. ഗുരുമുഖത്തുനിന്നു കേള്‍ക്കുന്നതെന്തും അവര്‍ പെട്ടന്നു ഗ്രസിക്കും. പഠിപ്പിലും പാചകത്തിലും പശുപാലനത്തിലും കൃഷിയിലുമൊക്കെ അവര്‍ അതിവേഗം കഴിവുസമ്പാദിച്ചു. എന്നാല്‍ നാലാമത്തെയാളാകട്ടെ ഇതില്‍നിന്നെല്ലാം തീരെ വിഭിന്നനായിരുന്നു. അവന്‍ അലസനും ഒരു കാര്യത്തിലും താല്‍പര്യമില്ലാതെ ചുരുണ്ടുകൂടുന്നവനുമായിരുന്നു. കൂട്ടുകാര്‍ കൃഷിത്തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ അവന്‍ മാത്രം മരത്തണലിലിരുന്നു വിശ്രമിക്കും. പാട്ടോ കവിതയോ ഒന്നും അവന്റെ ഓര്‍മ്മയില്‍ നിന്നിരുന്നില്ല. കിളക്കാനോ കറിക്കറിയാനോ ഒന്നും അറിയില്ല. ഒരു പുല്ലുപോലും കൈകൊണ്ടു പറിച്ചുകളയില്ല.
മുനി എന്തുകൊണ്ട് ഇവനെ ഗുരുകുലത്തിലെടുത്തു എന്നോര്‍ത്ത് മറ്റു ശിഷ്യന്മാര്‍ അത്ഭുതപ്പെട്ടിരുന്നു.
മുനിയുടെ അടുത്ത് അഞ്ചാമതൊരു ശിഷ്യന്റെ ഒഴിവുണ്ടെന്നറിഞ്ഞ് ഒരു ദിവസം ഒരു ധനികന്‍ തന്റെ മകനെയും കൂട്ടി അവിടെയെത്തി. തന്റെ പുത്രനെക്കൂടി ശിഷ്യനായി സ്വീകരിക്കണമെന്ന് അയാള്‍ മുനിയോടപേക്ഷിച്ചു.
മുനി ഒന്നാലോചിച്ചതിനുശേഷം ഒരു വ്യവസ്ഥവെച്ചു. കുട്ടി പരിശ്രമശാലിയാണോ എന്നറിയണം. അവന്റെ സ്വഭാവവും രീതികളും കണ്ടു ബോധിക്കണം. അതിനായി രണ്ടുദിവസം ആശ്രമത്തില്‍ കഴിയണം. അവന്റെ രീതികള്‍ കണ്ടുബോധിച്ചാല്‍ സ്ഥിരമായി ആശ്രമത്തില്‍ നിര്‍ത്താം.
ഗുരുവിന്റെ വ്യവസ്ഥ ധനികന്‍ സമ്മതിച്ചു. അയാള്‍ പുത്രനെ അവിടെ നിര്‍ത്തി മടങ്ങിപ്പോയി. ഗുരു അവനെ മറ്റു ശിഷ്യരോടൊപ്പം കൃഷിസ്ഥലത്തേക്കു പറഞ്ഞുവിട്ടു.
ഉച്ചയ്ക്കുമുമ്പ് പണികള്‍ തീര്‍ത്ത് മടങ്ങിച്ചെല്ലാനായിരുന്നു മുനിയുടെ നിര്‍ദ്ദേശം. മൂന്നു ശിഷ്യന്മാരും ധിറുതിയില്‍ ഓരോ പണികള്‍ തീര്‍ത്തുകൊണ്ടിരുന്നു. ഇതിനിടയിലും നവാഗതനായി എത്തിയ കുട്ടിയെ അവര്‍ തങ്ങളുടെ ജോലിയില്‍ സഹായിക്കാനായി ക്ഷണിക്കുകയും ചെയ്തു. പക്ഷെ അവന് അതില്‍ താല്‍പര്യം തോന്നിയില്ലെന്നു മാത്രമല്ല അവരോട് പുച്ഛം തോന്നുകയും ചെയ്തു. 'പറമ്പില്‍ കിളക്കണമായിരുന്നെങ്കില്‍ ഗുരുകുലത്തില്‍ വരേണ്ട ആവശ്യമില്ലായിരുന്നുവല്ലോ. തന്റെ വീട്ടില്‍ നിരവധി സ്ഥലമുണ്ട്. അവിടെ ആളുകളെ കൂലിയ്ക്കുവച്ചാണ് പണിയെടുപ്പിക്കുന്നത്..!'
നവാഗതന്‍ തണല്‍ നോക്കി മരച്ചുവട്ടിലേക്കു ചെന്നു. അവിടെ ഒരു പണിയും ചെയ്യാത്ത അലസനായ ശിഷ്യനിരുന്ന്് കാറ്റുകൊള്ളുന്നുണ്ടായിരുന്നു. ഇരുവരും തമ്മില്‍ നോക്കി ചിരിച്ചു. പെട്ടന്നുതന്നെ അവര്‍ അടുത്ത ചങ്ങാതിമാരായി മാറി. മരച്ചുവട്ടിലിരുന്ന് അവര്‍ ഓരോ തമാശകള്‍ പറഞ്ഞുചിരിച്ചുകൊണ്ടിരുന്നു.
മുനി ഇതെല്ലാം ദൂരെമാറിനിന്നു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 'ഇവനെ എത്രയും വേഗം തിരിച്ചയക്കണം' അദ്ദേഹം തീരുമാനിച്ചു.
അന്നു വൈകുന്നേരം തന്നെ അദ്ദേഹം അവനെയും പിതാവിന്റെ അടുത്തെത്തി.
'രണ്ടു ദിവസത്തെ നിരീക്ഷണം വേണമെന്നല്ലേ അങ്ങു പറഞ്ഞിരുന്നത്? എന്നിട്ട് ഇന്നുതന്നെ കൊണ്ടുവന്നതെന്താണ്? ധനികന്‍ ചോദിച്ചു.
'ഇവന്റെ കാര്യത്തില്‍ അരദിവസം പോലും വേണ്ടിവന്നില്ല. എത്ര മൂടി വെക്കാന്‍ ശ്രമിച്ചാലും ഒടുവില്‍ സാക്ഷാല്‍ സ്വരൂപം കാണിക്കും. ഇവന്‍ ഒരു അലസനാണ്. ആശ്രമത്തിലെ പരിശ്രമശാലികളായ കുട്ടികള്‍ വിളിച്ചിട്ടും അവിടത്തെ അലസ
നോടു കൂട്ടുകൂടാനാണ് ഇവന്‍ തയ്യാറായത്. മറ്റു കുട്ടികളുടെ അദ്ധ്വാനം ഇവന്റെ കണ്ണില്‍പ്പെട്ടില്ല. സംസര്‍ഗമാണ് ഒരാളുടെ ജീവിതത്തെ വിജയിപ്പിക്കുന്നത്. നല്ല സ്വഭാവഗുണം ഉള്ളവരോടുകൂട്ടുകൂടാനാണ് തയ്യാറാവേണ്ടത്.' മുനി അവനെ പിതാവിനെ ഏല്‍പ്പിച്ചു മടങ്ങി.
മാമന്‍ കഥ പറഞ്ഞുനിര്‍ത്തി. ഇനിയൊരു ചോദ്യം ചോദിക്കാം. 'ഈ കഥയിലെ ഗുണപാഠം എന്താണ്?' എല്ലാവരും ഒരു നിമിഷം ആലോചിച്ചിരുന്നു. മനസ്സില്‍ തോന്നുന്നത് ആരുംപറയേണ്ട. നിങ്ങളുടെ അഭിപ്രായം എഴുതിത്തന്നാല്‍ മതി'.

മാമന്‍ എഴുന്നേറ്റു.


No comments:

Post a Comment