Friday, September 16, 2011

വെളിച്ചം ഉള്ളുതുറക്കട്ടെ..


(എന്നെ ആകര്‍ഷിച്ച ചിന്താദ്ദീപകമായ ചെറുകുറിപ്പുകളിലൊന്നാണിത്.
സ്വാമി
ഗുരുരത്‌നം ജ്ഞാനതപസ്വിയാണ് രചയിതാവ്. മലയാളമനോരമ
ആഴ്ചപ്പതിപ്പില്‍ അദ്ദേഹം എഴുതുന്ന ആത്മീയചിന്ത എന്ന പംക്തിയില്‍ നിന്നും
ഒരു ഖണ്ഡമാണ് താഴെ നല്‍കിയിരിക്കുന്നത്)


ഇത്തവണ ഒരു കഥയിലൂടെ തുടങ്ങാം. എല്ലാവരും കേട്ടിട്ടുള്ള കഥയാണ്. ഗ്രാമത്തിലെ ചന്തയിലൂടെ അച്ഛനും മകനും അവര്‍ പുതുതായി വാങ്ങിയ കഴുതയുമായി യാത്ര ചെയ്യുകയാണ്. കുറെ നേരം നടന്നപ്പോഴേയ്ക്കും അവര്‍ ക്ഷീണിച്ചു. മകനോട് കഴുതയുടെ പുറത്തിരുന്ന് സഞ്ചരിക്കാന്‍ അച്ഛന്‍ നിര്‍ദ്ദേശിച്ചു. വീണ്ടും യാത്ര തുടര്‍ന്നു.

അവരുടെ വരവുകണ്ട ചില വഴിയാത്രക്കാര്‍ പറഞ്ഞു, നോക്കണേ വൃദ്ധനും അവശനുമായ അച്ഛന്‍ നടക്കുമ്പോള്‍ മകന്‍ കഴുതപ്പുറത്ത് ഞെളിഞ്ഞിരുന്നു യാത്ര ചെയ്യുന്നു. എന്തൊരു മര്യാദയില്ലാത്ത പുത്രന്‍! ഇതുകേട്ടയുടനെ മകന്‍ കഴുതപ്പുറത്തുനിന്നും താഴെയിറങ്ങി. എങ്കില്‍ ഇനി അച്ഛന്‍ മുകളിലിരുന്നു യാത്ര ചെയ്യൂ. അങ്ങനെ അച്ഛന്‍ കഴുതയുടെ പുറത്തേറി യാത്രതുടര്‍ന്നു.

കുറച്ചുദൂരം നടന്ന് ഒരു ഗ്രാമത്തിലെത്തി. മകനെ നടത്തിക്കൊണ്ട് കഴുതപ്പുറത്തിരുന്ന് യാത്രചെയ്യുന്ന പിതാവിനെ ഗ്രാമീണര്‍ പരിഹസിച്ചു. ഇതുകേട്ട് മകനെയും കൂടെ കഴുതപ്പുറത്തുകയറ്റാന്‍ പിതാവു തീരുമാനിച്ചു. കുറെ ദൂരം കൂടി മുന്നോട്ടുപോയപ്പോള്‍ എതിരെ വന്ന മൃഗസ്‌നേഹിയായ ഒരുമനുഷ്യന് ഈ കാഴ്ച സഹിച്ചില്ല. അയാള്‍ പറഞ്ഞു, കരുണയില്ലാത്ത മനുഷ്യര്‍. നിങ്ങള്‍ മൃഗങ്ങളേക്കാളും കഷ്ടമാണല്ലോ പ്രവര്‍ത്തിക്കുന്നത്. ഈ കഴുത എത്രയേറെ ഭാരമാണ് ചുമക്കുന്നത്? നിങ്ങള്‍ കണ്ണില്‍ച്ചോരയില്ലാതെ ഇങ്ങനെ പെരുമാറരുത്. അയാളുടെ സംസാരത്തില്‍ സഹികെട്ട അച്ഛനും മകനും കഴുതപ്പുറത്തുനിന്നും ഇറങ്ങി ഏറെനേരം ആലോചിച്ചു.

ഒടുവില്‍ കഴുതയെ ചുമക്കാന്‍ തീരുമാനിച്ചു. കഴുതയുടെ കൈകാലുകള്‍ വലിയൊരു കമ്പില്‍ കൂട്ടിക്കെട്ടി അതിനെയും ചുമന്നുനടന്നുതുടങ്ങി. ഇതുകണ്ട് ഗ്രാമീണര്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. അവരില്‍ രസികനായ ഒരാള്‍ വിളിച്ചുപറഞ്ഞു- നല്ല കാഴ്ച തന്ന! രണ്ടു കഴുതകള്‍ ചേര്‍ന്ന് ഒരു വലിയ കഴുതയെ ചുമന്നുകൊണ്ടുപോകുന്നു..!

നിത്യജീവിതത്തില്‍ യുക്തിഭദ്രമായ ഒരു തീരുമാനമെടുക്കാനാതെ പലരും അഭിപ്രായമാരാഞ്ഞ് എന്നെ സമീപിക്കാറുണ്ട്. സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കേണ്ട ഘട്ടമെത്തുമ്പോള്‍ നൂറൂനൂറ് അഭിപ്രായങ്ങളുമായി ഒരുപാടുപേര്‍ കൂടെക്കൂടും. അവയ്‌ക്കെല്ലാം പ്രതികരിക്കാന്‍ നില്‍ക്കുന്നതുകൊണ്ട് കാര്യം നടക്കുന്നുമില്ല. ആളുകള്‍ കളിയാക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ എന്താണുചെയ്യേണ്ടത്? ഒരു കാര്യത്തെ സംബന്ധിച്ച് ആലോചിച്ചുറപ്പിച്ച സുനിശ്ചിതമായ ഒരഭിപ്രായം നമുക്കുണ്ടാവണമെന്നു സാരം. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് വില നല്‍കരുതെന്ന് ഈ പറഞ്ഞതിന് അര്‍ത്ഥം കല്‍പ്പിക്കുകയും വേണ്ട. കൂടെയുള്ളവരുടെ അഭിപ്രായങ്ങള്‍ക്കു വിലനല്‍കാത്ത ഒരു ഏകാധിപതിയെപ്പോലെ പ്രവര്‍ത്തിക്കേണ്ടതില്ല. മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങളിലെ നല്ലതു സ്വീകരിക്കേണ്ടതും തക്കതായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതും നമ്മള്‍ തന്നെയായിരിക്കണം.

ജീവിതത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരുമ്പോള്‍ സമാനമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയവരുടെ അനുഭവങ്ങള്‍ കേള്‍ക്കുന്നതില്‍ തെറ്റില്ല. പ്രായോഗികമായി സ്വീകരിക്കാവുന്ന പല നിര്‍ദ്ദേശങ്ങളും ഇത്തരം തുറന്നുപറയലുകളില്‍നിന്നും സ്വീകരിക്കാനാവും. ഭൗതികകാര്യങ്ങളില്‍ നമുക്കു വഴികാട്ടികളായി നിരവധി പേരുണ്ടാകാമെങ്കിലും ആത്മീയകാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഭൂരിഭാഗം പേരും ആരെയും സമീപിക്കാറില്ല എന്നതാണുസത്യം. ആത്മീയത സുഖജീവിതത്തില്‍നിന്നും നമ്മെ അകറ്റിനിര്‍ത്തുന്ന തത്വശാസ്ത്രമാണ് എന്നാണ് അധികംപേരും ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ ഇതുശരിയല്ല, ഇങ്ങനെ കരുതുന്നവരെ കുറ്റപ്പെടുത്താനുമാകില്ല. കാരണം ആളുകള്‍ക്ക് അത്തരം പരിചയമില്ല.
ആത്മീയത നമ്മെത്തന്നെ മനസ്സിലാക്കാനുപകരിക്കുന്ന യഥാര്‍ത്ഥ തത്വശാസ്ത്രമാണ്. നമ്മെത്തന്നെ മനസ്സിലാക്കുന്നതാണ് യഥാര്‍ത്ഥസുഖവും. ഉള്ളുതുറക്കുന്ന, അകത്തെ ഇരുട്ടിനെ അകറ്റുന്ന വെളിച്ചമെന്നും ആത്മീയതയെ വിശേഷിപ്പിക്കാം. ഇരുട്ടിലാണ്ടുകിടക്കുന്ന മുറിയില്‍ വെളിച്ചം കടന്നുവന്നാലേ അകത്ത് എന്തെന്നറിയാനാകൂ. മുറിക്കകത്തെ കസേര, ശയ്യ, എഴുത്തുമേശ എല്ലാം വെളിച്ചത്തില്‍ ദൃശ്യമാകും. ഇതേപോലെ അകത്തുവെളിച്ചം നിറയുമ്പോള്‍ നമ്മുടെ ഉള്ളുംകൂടുതല്‍ വ്യക്തമാകുന്നു.

1 comment:

  1. അകത്തുവെളിച്ചം നിറയുമ്പോള്‍ നമ്മുടെ ഉള്ളുംകൂടുതല്‍ വ്യക്തമാകുന്നു.
    സത്യം തന്നെ

    ReplyDelete