Wednesday, September 14, 2011

''ഞാനാരാകണം? തീരുമാനം എന്റെ ഗുരുവിന്റേതാണ്..-ഗുരുവന്ദന.ജി ''



ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍നിന്നും 94 ശതമാനം മാര്‍ക്കോടുകൂടി ഉന്നതവിജയം കരസ്ഥമാക്കിയ ഗുരുവന്ദന ജി. തന്റെ പഠനാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ഗുരുവിന്റെ അടുക്കല്‍ ഗുരുശുശ്രൂഷ ചെയ്തും ആശ്രമകര്‍മ്മങ്ങളിലേര്‍പ്പെട്ടും കഴിയുന്ന ഈ വിദ്യാര്‍ത്ഥിനിയുടെ ഉന്നതവിജയം ഒരു മാതൃകയാണ്. കോലിയക്കോട് മംഗളശ്രീയില്‍ എം.സി ജലലാലിന്റെയും (വിജയ ബാങ്ക്, മാര്‍ത്താണ്ഡം), ഡോ. ബി. ഗീതയുടേയും (ശാന്തിഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരാമെഡിക്കല്‍സ്) മകളാണ് ഗുരുവനന്ദന.


ശാന്തിഗിരി വിദ്യാഭവനിലേക്ക്..

ചങ്ങനാശേരിയിലായിരുന്നു ഞാനും കുടുംബവും കഴിഞ്ഞിരുന്നത്. അവിടെയുള്ള ഗുഡ്‌ഷെപ്പേഡ് സ്‌കൂളിലായിരുന്നു പത്താം ക്ലാസുവരെ പഠിച്ചത്. പത്തുകഴിഞ്ഞപ്പോള്‍ ആദരണീയശിഷ്യപൂജിത എന്നെ വിളിച്ച് 'മോള്‍ ഇനി നമ്മുടെ സ്‌കൂളില്‍ പഠിച്ചാല്‍ മതിയെന്നുപറഞ്ഞു.' അങ്ങനെ ഞാന്‍ ശാന്തിഗിരി വിദ്യാഭവനില്‍ പ്ലസ് വണ്ണിനു ചേര്‍ന്നു. ബയോമാത്‌സ് ഗ്രൂപ്പിലാണ് ചേര്‍ന്നത്. തുടര്‍ന്നു ഗുരുവിന്റെ നിര്‍ദേശപ്രകാരം ഇവിടെ വീടുവയ്ക്കുകയും താമസം ആരംഭിക്കുകയും ചെയ്തു. സി.ബി.എസ്.ഇ സിലബസില്‍ പഠിച്ച എനിക്ക് ആദ്യമൊക്കെ സ്റ്റേറ്റ് സിലബസ് പഠിക്കാന്‍ ബുദ്ധിമുട്ടുതോന്നിയിരുന്നു. ക്രമേണ പഠനം എളുപ്പമായി. താമസിയാതെ നമ്മുടെ സ്‌കൂളില്‍ സി.ബി.എസ്.ഇ സിലബസ് പ്രകാരം പ്ലസ്ടു ആരംഭിക്കുകയും ചെയ്തു.

ശ്രദ്ധാഭക്തി

പ്ലസ് ടു നല്ല മാര്‍ക്കോടെ വിജയിച്ചപ്പോള്‍ എല്ലാവരും ചോദിച്ചു, 'എങ്ങനെയാണ് മോള്‍ക്ക് നല്ല മാര്‍ക്കു കിട്ടിയത്, എങ്ങനെയാണ് പഠിക്കുന്ന രീതി എന്നൊക്കെ.' ഞാന്‍ അധികനേരമൊന്നും കുത്തിയിരുന്നു പഠിക്കുന്നയാളല്ല. രാവിലെയും വൈകിട്ടും അര മണിക്കൂര്‍ വീതം പഠിക്കും.
പഠിക്കുന്നതിന് മുമ്പായി ഞാന്‍ പാഠപുസ്തകം തുറന്നുവച്ച് ഗുരുവിനെ
പ്രാര്‍ത്ഥിക്കും. നന്നായി മനസ്സിരുത്തിയാണ് പ്രാര്‍ത്ഥിക്കുന്നത്. എന്നിട്ടേ പഠിക്കാന്‍ തുടങ്ങൂ. ഗുരുവിനെ പ്രാര്‍ത്ഥിച്ചുകഴിഞ്ഞാല്‍ നല്ല ശ്രദ്ധയായിരിക്കും. പിന്നെ ശ്രദ്ധ മാറുകയേയില്ല.
പ്രാര്‍ത്ഥിക്കുന്നതുപോലെയാണ് നമ്മള്‍ പഠിക്കേണ്ടത്. രണ്ടും നല്ല ശ്രദ്ധയോടെയാണേല്ലാ ചെയ്യേണ്ടത്. ഗുരു 'ശ്രദ്ധാഭക്തി' എന്ന വിഷയത്തെപ്പറ്റി പറഞ്ഞിട്ടുള്ളത് ഞാന്‍ ഗുരുവാണിയില്‍ വായിച്ചിട്ടുണ്ട്. ഇതു ഞാന്‍ മറ്റുകുട്ടികളോടും പറയുന്നതാണ്. എന്തു ചെയ്യുമ്പോഴും ഭക്തിപൂര്‍വ്വം ശ്രദ്ധയോടെ ചെയ്യണം.

അതിരാവിലെ എഴുന്നേല്‍ക്കാം..

എപ്പോഴും പഠിക്ക് പഠിക്ക് എന്നുപറഞ്ഞ് അച്ഛനുമമ്മയും എന്നെ നിര്‍ബന്ധിക്കാറില്ല.
പഠിക്കുന്നത് എന്റെ കടമായണല്ലോ. ഞാനാണത് നന്നായി ചെയ്യേണ്ടത്. ഒരു കാര്യത്തിനേ എനിക്കു വീട്ടില്‍ സ്ഥിരമായി വഴക്കു കേള്‍ക്കാറുള്ളൂ. എന്റെ ഉറക്കത്തിനാണ്. എനിക്ക് ഉറക്കം ഇത്തിരി കൂടുതലാണെന്നാണ് അമ്മ പറയുന്നത്. ഇതിന് അമ്മയുടെ കൈയില്‍നിന്നും നല്ല അടിയൊക്കെ കിട്ടിയിട്ടുണ്ട്. എന്നെ ആകെ അടിച്ചിട്ടുള്ളതിനും ഇതിനാണ്. ശിഷ്യപൂജിതയോട് എന്റെ ഉറക്കത്തെപ്പറ്റിയൊക്കെ അമ്മ പറഞ്ഞിട്ടുണ്ട്.
'ആവശ്യത്തിന് ഉറങ്ങണം; പക്ഷെ അമിതമായാല്‍ അതു ദോഷം ചെയ്യും'. അതുകൊണ്ട്
നേരത്തെ തന്നെ എഴുന്നേറ്റുശീലിച്ചുതുടങ്ങി. പഠിക്കുന്ന കുട്ടികള്‍ നേരത്തെ കിടന്ന് അതിരാവിലെ തന്നെ എഴുന്നേല്‍ക്കുന്നതാണ് നല്ലത്. ഞാന്‍ ശിഷ്യപൂജിതയുടെ അനുഭവം വായിച്ചിട്ടുണ്ട്. ആശ്രമത്തില്‍ എല്ലാ കര്‍മങ്ങളും ചെയ്തുതീര്‍ത്തതിനുശേഷമേ ജനനി കിടക്കൂ. എല്ലാവരും അപ്പോഴേക്കും ഉറക്കമായിട്ടുണ്ടാവും. അതിരാവിലെ ആദ്യമെണീക്കുന്നതും ജനനി തന്നെയായിരിക്കും. രാവിലത്തെ അന്തരീക്ഷമാണ് പഠിക്കാന്‍ ഏറ്റവും അനുയോജ്യം. പ്രകൃതി അപ്പോള്‍ നല്ല ശാന്തഭാവത്തിലായിരിക്കും. ഒരു കാര്യം ഗ്രഹിക്കാന്‍ ആ സമയം നല്ലതാണ്.
പ്രാര്‍ത്ഥിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയവും പ്രഭാതകാലമാണ്. ഗുരു അറിയിച്ചിട്ടുണ്ട്് ''ജീവന്റെ അണുക്കള്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷത്തില്‍ നിറയുന്നത് പുലരിയിലെ
ബ്രഹ്മയാമങ്ങളിലാണെന്ന്.''

വായന നല്ല ഗുണം

ഒരു ദിവസം ശിഷ്യപൂജിതയെ കണ്ടപ്പോള്‍ എന്നോട് ചില പുസ്തകങ്ങള്‍ വായിക്കണമെന്ന്
നിര്‍ദ്ദേശിച്ചു. കബീര്‍ദാസിന്റെ ജീവചരിത്രം, ശ്രീരാമകൃഷ്ണപരമഹംസരുടെയും ശാരദാദേവി
യുടെയും ജീവിതകഥ, വിവേകാനന്ദസാഹിത്യസര്‍വ്വം തുടങ്ങിയ പുസ്തകങ്ങളെക്കുറിച്ചാണ് ശിഷ്യപൂജിത സംസാരിച്ചത്. ഈ പുസ്തകങ്ങള്‍ ഞാന്‍ തേടിപ്പിടിച്ചു വായിച്ചു.
ഇതുകൂടാതെ മറ്റു മഹാന്മാരുടേയും ആത്മീയപുരുഷന്‍മാരുടേയുമൊക്കെ ത്യാഗജീവിതത്തെ കുറിച്ചറിഞ്ഞു. മഹാത്മാക്കളുടെ ജീവചരിത്രഗ്രന്ഥങ്ങളും ആത്മകഥകളുമാണ് ഇപ്പോള്‍ വായിക്കാന്‍ താല്‍പര്യമുള്ള വിഷയങ്ങള്‍. സമകാലികസാഹിത്യത്തിലെ കഥകളും
നോവലുകളുമൊക്കെ വായിക്കാറുണ്ട്. ഷെര്‍ലക്‌ഹോംസ് കഥകളാണ് ഞാന്‍ ഇഷ്ടത്തോടെ വായിക്കാറുണ്ട്. ആര്‍തന്‍കോനന്‍ ഡോയലിനേയും ഷെര്‍ലക് ഹോംസിനേയും മറക്കാനാവില്ല. ഡിറ്റക്ടീവ് കഥകള്‍ എനിക്കിഷ്ടമാണ്.
അച്ഛനും അമ്മയും വായിക്കുന്ന സ്വഭാവമുള്ളവരാണ്. വീട്ടില്‍ നല്ലൊരു പുസ്‌കകശേഖരമുണ്ട്. കുട്ടികള്‍ ചെറുപ്രായത്തില്‍ത്തന്നെ വായനയുടെ രസം അറിയണം. സമകാലീന സംഭവങ്ങളെക്കുറിച്ച് നമുക്കറിവുണ്ടാകണം. അതിന് വായനശീലത്തിലൂടെയേ കഴിയൂ. മത്സരപരീക്ഷകള്‍ എഴുതേണ്ടി വരുമ്പോള്‍ വായനയുടെ ഗുണം നമുക്കുലഭിക്കും. ദിവസ
വും പത്രം വായിക്കണം. ഞാന്‍ ഹിന്ദു ദിനപത്രമാണ് വായിക്കുന്നത്. അതിലെ എഡിറ്റോറിയല്‍ പേജില്‍ വരുന്ന ലേഖനങ്ങളും അഭിമുഖങ്ങളും മറ്റും വെട്ടിയെടുത്ത് സൂക്ഷിച്ചുവയ്ക്കാറുണ്ട്.


ഗുരുവാണി പാരായണം

എല്ലാ ദിവസവും വീട്ടില്‍ ഗുരുവാണി പാരായണം ചെയ്യും. അതിന് മുടക്കം വരുത്താറില്ല . ഓരോ വിഷയത്തേയുംപറ്റി ആഴത്തിലുള്ള അറിവുനേടാന്‍ ഗുരുവാണി പാരായണം
ചെയ്താല്‍ മതി. വളരെ ആഴമുള്ള വായനകൊണ്ടുമാത്രം ഗ്രഹിക്കാനാവുന്ന വിഷയങ്ങള്‍ ഗുരു കൊച്ചുകൊച്ചുവാക്കുകളില്‍ ലളിതമായി വിശദമാക്കിയിട്ടുണ്ട്. സാമൂഹ്യശാസ്ത്രം, സയന്‍സ് എന്നിവയെപറ്റിയൊക്കെ എനിക്ക് ഗുരുവിന്റെ വാക്കുകളില്‍നിന്നും കൂടുതല്‍
പഠിക്കാനായി.

ഗുരു രക്ഷിച്ചു

ഗുരു എന്നെ വലിയൊരു അപകടത്തില്‍ നിന്നും രക്ഷിച്ചു. ഗുരുവിന് എന്നോടുള്ള
സ്‌നേഹം എത്ര വലിയതാണെന്ന് അന്നാദ്യമായി ഞാന്‍ മനസിലാക്കുകയായിരുന്നു. അന്ന് ഞങ്ങള്‍ ചങ്ങനാശേരിയില്‍ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം വാടകയ്ക്കു താമസിക്കുകയായിരുന്നു. ഒരു വീടിന്റെ രണ്ടാം നിലയിലായിരുന്നു താമസം. അച്ഛന്‍ തിരുവനന്തപുരത്ത് ആശ്രമത്തില്‍ പോയിരിക്കുന്നു. അമ്മ ക്ലിനിക്കിലും. പെട്ടന്ന്് അന്തരീക്ഷമാകെ മൂടിക്കെട്ടി മഴ പെയ്യാനാരംഭിച്ചു. കൂട്ടത്തില്‍ ശക്തമായ കാറ്റുമടിച്ചു.
ക്രമേണ കാറ്റിന്റെ ശക്തി കൂടിക്കൂടി വന്നു. അതൊരു വലിയ കൊടുങ്കാറ്റായി മാറി. ആസ്ബറ്റോസ് പാകിയ വീടിന്റെ മച്ച് പെട്ടന്ന് താഴേക്കിടിഞ്ഞുവീണു. തൊട്ടടുത്ത നിമിഷം
വലിയ ശബ്ദത്തോടെ വീടിന്റെ മേല്‍ക്കൂര നിലംപതിച്ചു. ഞാനാകെ പേടിച്ചുവിറച്ചു
പോയി. ആരും അടുത്തില്ല. തൊട്ടടുത്ത് വേറെ വീടുണ്ടെങ്കിലും മഴയത്തു വിളിച്ചാല്‍ കേള്‍ക്കില്ല. പെട്ടന്ന് ആരോ എന്നെ പുറത്തേക്കു കൊണ്ടുപോകുന്നതുപോലെ തോന്നി. എങ്ങനെയോ കോണിപ്പടിയിറങ്ങി ഞാന്‍ താഴേക്കോടുകയാണ്. ഓടി അടുത്ത വീട്ടിലെത്തി. മഴയും കാറ്റും അടങ്ങിയപ്പോള്‍ എല്ലാവരും ഓടിയെത്തി. എല്ലാം തകര്‍ന്നുകിടക്കുന്നു. അതിനിടയില്‍
നിന്നും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത് അത്ഭുകരമായി തോന്നി. ഗുരുവാണ് എന്നെ രക്ഷിച്ചതെന്ന് ഉറപ്പുണ്ടായിരുന്നു. ആശ്രമത്തിലേക്കു വിളിച്ച് അച്ഛനോടു വിവരം പറഞ്ഞു. അച്ഛന്‍ ഗുരുവിനെ അറിയിച്ചു. പിറ്റേന്നു ഞാനും അമ്മയും കൂടി ആശ്രമത്തില്‍വന്ന് ഗുരുവിനെ കണ്ടു.

ശാന്തിഗിരി വിദ്യാഭവന്‍

സ്‌കൂള്‍ മാറി വന്നപ്പോള്‍ ആദ്യമൊക്കെ എനിക്കു കുറച്ചു സങ്കടം തോന്നിയിരുന്നു. പക്ഷെ ഞാനിവിടെ പഠിക്കണമെന്നത് ഗുരുവിന്റെ ആഗ്രഹമാണ്. ഗുരുവിന്റെ വാക്കു തെറ്റിച്ചുകൂടാ.
ഗുരുവിന്റെ സ്‌കൂളില്‍ പഠിക്കുന്നത് മഹാഭാഗ്യവും അഭിമാനവുമാണെന്ന് എനിക്കു മനസ്സിലായി. ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്കെല്ലാം ഗുരുവിനോട് വലിയ സ്‌നേഹമാണെന്നു ഞാന്‍ മനസിലാക്കിയിട്ടുണ്ട്. ആശ്രമത്തിനുപുറത്തുള്ള എന്റെ കൂട്ടുകാര്‍ എന്നോടൊപ്പം ആശ്രമത്തില്‍ വരികയും ഗുരുവിന്റെ പങ്കുവാങ്ങുകയും ചെയ്തിട്ടുണ്ട്. സ്‌കൂളില്‍ ഒരു പിരിയഡ് മോറല്‍ സയന്‍സ് പഠിപ്പിക്കുന്നു. ആ സമയത്ത് ഗുരുവിന്റെ ആശയം സംസാരിക്കും. പക്ഷെ അതെല്ലാവര്‍ക്കും മനസ്സിലാകില്ല. ഗുരുവിന്റെ കാര്യങ്ങള്‍ ലളിതമായി കഥകളിലൂടെ എല്ലാ കുട്ടികള്‍ക്കും മനസിലാകുന്ന വിധത്തില്‍ അവതരിപ്പിക്കണം.
പഠനവിഷയങ്ങള്‍ക്കു പുറമേ ആനുകാലികപ്രാധാന്യമുള്ള വിഷയങ്ങളെപ്പറ്റി ചര്‍ച്ചകളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടക്കാറുണ്ട്. പരിസ്ഥിതി സംബന്ധമായ ചര്‍ച്ചകളും ക്വിസ് മത്സരങ്ങളുമൊക്കെ കൂടെക്കൂടെയുണ്ടാകും.

എല്ലാം ഗുരു മാത്രം

ഭാവിയെപ്പറ്റിയുള്ള ചില ആശങ്കകളെങ്കിലും ഉള്ളവരാണ് എന്റെ കൂട്ടുകാരില്‍ ചിലരെങ്കിലും.
നന്നായി പഠിച്ച് നല്ല ജോലി സ്വന്തമാക്കണമെന്നാണ് എല്ലാവരുടേയും തന്നെ ആഗ്രഹം. ഏതു പ്രൊഫഷന്‍ തെരഞ്ഞെടുക്കണം എന്നതിനെപ്പറ്റിയും ആശങ്കയുള്ളവരുണ്ട്. ഇത്തരം ആശങ്കകള്‍ ഞങ്ങള്‍ അദ്ധ്യാപകരോടു പങ്കുവയ്ക്കാറുണ്ട്. അവര്‍ നല്ല മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ ഗുരുവിന്റെ അടുത്തുനില്‍ക്കുന്ന ഒരു കുട്ടിയുടെ ഭാവി എന്തായിരിക്കണമെന്നുള്ള തീരുമാനം ഗുരുവിന്റേതുമാത്രമായിരിക്കും. ഒരാളുടെ ജീവിതത്തില്‍ ഉണ്ടാകേണ്ട നന്മയെക്കുറിച്ചു മാത്രമായിരിക്കും ഗുരുവിന്റെ ചിന്ത. ഗുരുവിന്റെ തീരുമാനങ്ങളെ അനുസരിച്ചാണ് ഞങ്ങളുടെ കുടുംബം കഴിയുന്നത്. ഗുരു എന്തുപറയുന്നോ അത് അക്ഷരം
പ്രതി ഞാന്‍ അനുസരിക്കും. എന്റെ മാതാപിതാക്കള്‍ എന്നോടു പറഞ്ഞുതന്നിരിക്കുന്നതും
ഇതുതന്നെയാണ്. നമുക്കേറെയിഷ്ടമുള്ള കാര്യങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ ആഗ്രഹിക്കാറില്ല.
പക്ഷെ ഗുരു പറഞ്ഞാല്‍ എന്തുതന്നെയായാലും ഞാനത് പൂര്‍ണമായി അനുസരിക്കും. എനിക്ക് പഠിക്കാന്‍ ഇഷ്ടമാണ്; പക്ഷെ നീയിനി പഠിക്കേണ്ട എന്നു പറഞ്ഞാല്‍ ഞാന്‍ ആ സമയംതന്നെ പഠനം നിര്‍ത്തും. അതിനും ഞാനൊരുക്കമാണ്. കാരണം എന്നെ നയിക്കുന്നതും നേര്‍വഴിക്കു നടത്തുന്നതും എന്റെ ഗുരു തന്നെയാണ്. ഞാനെന്താകണമെന്ന തീരുമാനം എന്റെ ഗുരുവിന്റേതാണ്. ഇന്നു എനിക്കുണ്ടായ വിജയവും എന്റെ ഗുരുവിന്റെ കാരുണ്യവും ഇച്ഛയുമായി ഞാന്‍ കാണുന്നു. നാളെ ഞാനെന്താകണമെന്നും ഗുരു തീരുമാനിക്കട്ടെ. ഞാനെന്റെ സര്‍വ്വവും ഗുരുവില്‍ സമര്‍പിക്കുന്നു.

(തയ്യാറാക്കിയത് ടി.ബി ലാല്‍)

No comments:

Post a Comment