Tuesday, September 13, 2011

മാമന്‍ കഥ 1- പരസ്പരം രക്ഷിച്ച ഉറുമ്പും പ്രാവും


പരസ്പരം രക്ഷിച്ച ഉറുമ്പും പ്രാവും

സുനന്ദയും റസിയയും രശ്മിയും അനൂപും കിഷോറും അബുവുമൊക്കെ ഒരു സെറ്റാണ്. ശനിയും ഞായറും സ്‌കൂളില്ലാത്ത മറ്റു ദിവസങ്ങളിലുമൊക്കെ സെറ്റ് സമ്മേളിക്കും. അതിന് ഒരു സ്ഥിരം സമ്മേളനവേദിയുണ്ട്. തൊട്ടടത്തുതന്നെയുള്ള കഥമാമന്റെ വീടിന്റെ വിശാലമായ ഉമ്മറം. മാമനോടൊപ്പം ഭാര്യ മാത്രമാണ് താമസം. മക്കളൊക്കെ ദൂരെ ജോലിസ്ഥലത്താണ്. മാമന്റെ വീട്ടില്‍ ധാരാളം പുസ്തകങ്ങളുണ്ട്. അവിടെച്ചെന്നാല്‍ അതെല്ലാം വായിക്കാം. കൂട്ടത്തില്‍നിന്നും നല്ല പുസ്തകങ്ങളെടുത്ത് മാമന്‍ വായിക്കാന്‍ കൊടുത്തുവിടുകയും ചെയ്യും.
അവധിദിവസങ്ങളില്‍ കുട്ടിസംഘം എത്താന്‍ വൈകുകയാണെങ്കില്‍ മാമന്‍ ഓരോരുത്തരുടേയും വീട്ടിലേക്ക് ഫോണ്‍ ചെയ്യും. താമസിയാതെ തന്നെ സംഘം എത്തിച്ചേരുകയും ചെയ്യും. ഓരോ തവണയും മാമന്‍ ഓരോരോ കഥകള്‍ പറയും. കഥ പറയുമ്പോള്‍ ശ്രദ്ധിച്ചു കേള്‍ക്കണം എന്ന നിബന്ധനയേ മാമനുളളൂ. കഥയുടെ ഇടയില്‍ സംശയങ്ങളും ചോദ്യങ്ങളുമൊക്കെ അനുവദിക്കും. അവയ്‌ക്കൊക്കെ രസകരമായി മറുപടി പറയുകയും ചെയ്യും. കഥയുടെ ഒടുവില്‍ മാമന്‍ കുട്ടികളോടും ചില ചോദ്യങ്ങള്‍ ചോദിക്കും. കഥയില്‍ നിന്നും നിങ്ങളെന്തു മനസ്സിലാക്കി എന്നായിരിക്കും പ്രധാന ചോദ്യം.
അന്നത്തെ ദിവസം എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ മാമന്‍ കഥപറയാന്‍ തുടങ്ങി.
'ഇന്നു ഞാന്‍ ഒരു ഉറുമ്പിന്റെയും പ്രാവിന്റെയും കഥയാണ് പറയുന്നത്. ശ്രദ്ധിച്ചുകേള്‍ക്കണം. ' കുട്ടികള്‍ കാതു കൂര്‍പ്പിച്ചിരുന്നു.
'ഉറുമ്പ് അന്നത്തെ ദിവസം തീറ്റ തേടി ഏറെ അലഞ്ഞു. കാര്യമായി ഒന്നുംതന്നെ കിട്ടിയില്ല. ഒടുവില്‍ ദാഹിച്ചുവലഞ്ഞ് ഒരു അരുവിയുടെ അടുത്തെത്തി. കുറച്ചു വെള്ളമെങ്കിലും ക്ഷീണമകറ്റാമെന്നു കരുതി അരുവിയിലേക്കിറങ്ങി. പെട്ടന്നു ശ്രദ്ധയൊന്നു പാളി. ഉറുമ്പ് കാലുതെറ്റി അരുവിയിലേക്കു വീണു!''
''അയ്യോ, അത് നിലവിളിച്ചില്ലേ..?'' രശ്മി ഇടയ്ക്കു കയറി ചോദിച്ചു.
'' പിന്നെ, ഉറുമ്പ് വലിയ വായില്‍ത്തന്നെ നിലവിളിച്ചു. ശബ്ദം കേട്ട് തൊട്ടടുത്ത മരക്കൊമ്പിലിരുന്ന പ്രാവ് തിരിഞ്ഞുനോക്കി. ഉറുമ്പ് മരണവെപ്രാളത്തോടെ കൈകാലുകളിട്ടടിക്കുന്നു. പ്രാവിന് ഒരുപായം തോന്നി. അത് ഒരില പൊട്ടിച്ച് വെള്ളത്തിലേക്കിട്ടുകൊടുത്തു. ഉറുമ്പ് ഇലയില്‍ പിടിച്ചുകയറി കരയില്‍ സുരക്ഷിതനായെത്തി.
ഉറുമ്പ് പ്രാവിനോട് നന്ദി പറഞ്ഞു. 'ഒരാളുടെ ജീവന്‍ രക്ഷിച്ചതിന് നന്ദിയൊന്നും പറയേണ്ട. അത് ഓരോ ജീവികളുടേയും കര്‍ത്തവ്യമാണ്. പ്രാവുപറഞ്ഞു.
കുറച്ചുനാള്‍ കഴിഞ്ഞ് ഉറുമ്പ് കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു വേടന്‍ അമ്പെയ്യാന്‍ ഉന്നം പിടിച്ചുനില്‍ക്കുന്നത് കണ്ടു. മരക്കൊമ്പിലിരിക്കുന്ന പ്രാവാണ് വേടന്റെ ലക്ഷ്യമെന്നു അതുകണ്ടു. അയ്യോ, അതെന്നെ വെള്ളത്തില്‍ നിന്നും രക്ഷിച്ച പ്രാവല്ലേ, ഒരു ഞെട്ടലോടെ ഉറുമ്പ് മനസ്സിലാക്കി. പാഞ്ഞുചെന്ന് വേടന്റെ വിരലില്‍ ഒറ്റക്കടി കൊടുത്തു. വേടന്‍ 'അയ്യോ'യെന്നും പറഞ്ഞ് നിലത്തിരുന്നുപോയി.
അപകടം മനസ്സിലാക്കിയ കേട്ട് പ്രാവ് പറന്നുപോയി. ഉറുമ്പ് കരിയിലകളുടെ ഇടയിലേക്കൊളിച്ചു. വേടന്‍ പോയെന്നു ഉറപ്പായപ്പോള്‍ പ്രാവ് അവിടേക്കു തിരിച്ചുവന്നു. ഉറുമ്പ് അവിടെ കാത്തുനിന്നിരുന്നു. ജീവന്‍ രക്ഷിച്ചതിന് പ്രാവ് ഉറുമ്പിനോടു നന്ദി പറഞ്ഞു.
''നീ ഒരിക്കല്‍ രക്ഷിച്ച ജീവനാണ് എന്റേത്. ഒരു പ്രതിഫലവും ആഗ്രഹിക്കാതെയാണ് നീയതു ചെയ്തത്. ആ സദ്പ്രവൃത്തിക്ക് പകരമായി ദൈവം എനിക്കു തന്ന അവസരമാണിത്. പരസ്പരം നന്ദി പറയുന്നതിനു പകരം നമുക്ക് ദൈവത്തിനു നന്ദി പറയാം.'' ഉറുമ്പ് പറഞ്ഞു. അവര്‍ ഒരുനിമിഷമിരുന്നു പ്രാര്‍ത്ഥിച്ചു.

''ഈ കഥയില്‍ നിന്നുള്ള ഗുണപാഠമെന്താണ്? കഥമാമന്‍ ചോദിച്ചു. കുട്ടികള്‍ പരസ്പരം നോക്കി. അബു എന്തോ പറയാന്‍ തുടങ്ങവേ മാമന്‍ പറഞ്ഞു. 'ഈ കഥയില്‍ നിന്നും പഠിച്ച പാഠമെന്തെന്ന് എല്ലാവരും എഴുതിതന്നാല്‍ മതി. ഏറ്റവും നന്നായി എഴുതിയവര്‍ക്ക് നല്ലൊരു സമ്മാനവും തരും''.
''എങ്കില്‍ സമ്മാനം എനിക്കുതന്നെ..''എല്ലാവരും ആവേശത്തോടെ ചാടിയെണീറ്റു എഴുതാനായി പുറപ്പെട്ടു.

1 comment:

  1. അരുവിയില്‍ വിഴുംപോള്‍ വലിയ വായില്‍ നിലവിളിക്കണം. :)

    ReplyDelete