Friday, September 16, 2011

സുഖപ്പെടുത്തേണ്ടതാരെ.. ?


(എന്നെ ആകര്‍ഷിച്ച ചിന്താദ്ദീപകമായ ചെറുകുറിപ്പുകളിലൊന്നാണിത്.
സ്വാമി ഗുരുര്തനം ജ്ഞാനതപസ്വിയാണ് രചയിതാവ്. മലയാളമനോരമ
ആഴ്ചപ്പതിപ്പില്‍ അദ്ദേഹം എഴുതുന്ന ആത്മീയചിന്ത എന്ന പംക്തിയില്‍ നിന്നും
ഒരു ഖണ്ഡമാണ് താഴെ നല്‍കിയിരിക്കുന്നത്)


മനോരോഗാശുപത്രിയിലെ അടുക്കളയിലേക്കുള്ള അരിയും പച്ചക്കറികളും
പലവ്യജ്ഞനങ്ങളുമായി വന്നതായിരുന്നു ആ ട്രക്കു ഡ്രൈവര്‍. നല്ല മഴയുള്ള ദിവസം. സ്ഥിരം വരുന്ന ഡ്രൈവര്‍ അവധിയായിരുന്നതിനാല്‍ പകരക്കാരനായി എത്തിയതായിരുന്നു അയാള്‍. മനോരോഗാശുപത്രിയിലേക്കാണ് ഓട്ടം എന്നറിഞ്ഞപ്പോള്‍ ആദ്യം അയാളൊന്നു മടിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ മനസില്ലാമനസ്സോടെ വണ്ടിയെടുത്തു. മനോരോഗികളെ അയാള്‍ക്കു കുട്ടിക്കാലം മുതലേ ഭയമാണ്. സ്‌കുളില്‍ പോകുന്ന സമയത്ത് ചിലര്‍ മനോനില തെറ്റിയവരെ കല്ലെടുത്തെറിയുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോള്‍ അത്തരക്കാര്‍ ഉപദ്രവിക്കുമെന്നു ഭയന്നു ഓടിയിട്ടുണ്ട്. മുതിര്‍ന്നപ്പോള്‍ ചിലരെ വഴിവക്കില്‍ കാണുമ്പോള്‍ അവജ്ഞയോടെ വീക്ഷിച്ചു.

അടുക്കളയുടെ അരികിലുള്ള സ്റ്റോറില്‍ പെട്ടെന്നു ലോഡിറക്കി സ്ഥലം വിടാനാ
യിരുന്നു അയാളുടെ തീരുമാനം. കനത്ത മഴ നിലയ്ക്കാന്‍ കാത്തുനില്‍ക്കാതെ സാധനങ്ങള്‍ ഓരോന്നായി ഇറക്കി. ആ തീരുമാനത്തിനു പിറകില്‍ മറ്റൊരു കാരണംകൂടിയുണ്ടായിരുന്നു. അയാളെ സഹായിക്കാനായി വന്നവര്‍ അവിടത്തെ രണ്ടു രോഗികളായിരുന്നു. അയാള്‍ അവരെ ചങ്കിടിപ്പോടെ നോക്കി. കണ്ടാല്‍ രോഗമുണ്ടെന്നു പറയില്ല, ആശുപത്രിവസ്ത്രം ധരിച്ച ശാന്തഭാവമുള്ള രണ്ടുപേര്‍. അവര്‍ നിശബ്ദരായി തങ്ങളുടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു.

അരമണിക്കൂറിനകം പണിയവസാനിച്ചു. വണ്ടി മുന്നോട്ടെടുത്തപ്പോള്‍ പിറകില്‍
നിന്നും എന്തോ ഇളകിവീഴുന്ന ശബ്ദം കേട്ടു. 'നാശം, ആ ഭ്രാന്തന്മാര്‍ എന്തെങ്കിലും പണിയൊപ്പിച്ചോ' എന്നു പിറുപിറുത്തുകൊണ്ട് ഡ്രൈവിംങ് സീറ്റില്‍നിന്നും ദേഷ്യത്തോടെ പുറത്തേക്കിറങ്ങി. പുറകിലെ വീലുകളൊന്ന് ഇളകിയിരിക്കുന്നു. വീല്‍ ഉറപ്പിച്ചിരുന്ന
നാലുനട്ടുകള്‍ ഇളകിപ്പോയിരിക്കുന്നു. ആ അവസ്ഥയില്‍ വണ്ടി മുന്നോട്ടുപോയാല്‍ അപകടം ഉറപ്പാണ്.
ഇളകിവീണ നട്ടുകള്‍ കുറെ തെരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. മഴവെള്ളത്തില്‍ ഒലിച്ചുപോയിരിക്കാണ് സാദ്ധ്യത. സമീപത്ത് അടുക്കളയില്‍ നിന്നുള്ള ഒരു ഓവുചാലൊഴുകുന്നുണ്ട്. അതില്‍ തെറിച്ചുവീഴാനും ഇടയുണ്ട്. പക്ഷെ ചീഞ്ഞുനാറുന്ന ഓടയില്‍ കൈയിട്ടുപരിശോധിക്കുന്നതെങ്ങിനെ? എത്രയും വേഗം ഭ്രാന്തന്മാരുടെ ഈ സങ്കേതത്തില്‍നിന്നും രക്ഷപെടുകയും വേണം. അയാള്‍ രണ്ടുംകല്‍പ്പിച്ച് ഓടയില്‍ കുറെനേരം പരതിയിട്ടും ഒന്നും തടഞ്ഞില്ല. എന്തു ചെയ്യണമെന്നറിയാതെ അയാള്‍ വിഷണ്ണനായി കുറെനേരം നിന്നുപോയി.

അപ്പോള്‍ ആ മനോരോഗികളിലൊരാള്‍ അടുത്തുവന്നു പറഞ്ഞു. 'സുഹൃത്തേ നിങ്ങള്‍ നേരിടുന്ന പ്രശ്‌നം വളരെ ലളിതമാണ്. നഷ്ടപ്പെട്ടുപോയ നട്ടുകളെക്കുറിച്ച് ആലോചിച്ചിട്ടു പ്രയോജനമില്ല. ചെയ്യാവുന്ന ഒരു കാര്യം, വണ്ടിയുടെ മറ്റു മൂന്നു ചക്രങ്ങളില്‍നിന്നും ഓരോ നട്ടുകള്‍ ഊരിയെടുത്ത് പിന്നിലെ ചക്രത്തില്‍ ഉറപ്പിക്കുക എന്നതുമാത്രമാണ്. എന്നിട്ട് അടുത്ത വര്‍ക്കുഷോപ്പുവരെ സാവധാനം ഓടിച്ചുചെന്ന് കുഴപ്പം പൂര്‍ണമായി പരഹരിക്കുക'
അയാളുടെ വാക്കുകള്‍ കേട്ട് ഡ്രൈവര്‍ അത്ഭുതപ്പെട്ടുപോയി. മനോരോഗിയെന്നു മുദ്ര കുത്തിയിരുന്ന ഒരാളില്‍ നിന്നും പ്രതീക്ഷിക്കാവുന്ന പക്വമായ വാക്കുകളല്ല അവ. പക്ഷെ പ്രായോഗികമായ ആ നിര്‍ദ്ദേശം നടപ്പാക്കുകമാത്രമേ അയാള്‍ക്കു മുന്നിലുണ്ടായിരുന്ന
പോംവഴി.

മറ്റുള്ളവരെ വിലയിരുത്തുന്നതില്‍ നമുക്കു പലപ്പോഴും തെറ്റുകള്‍ സംഭവിക്കാം. അന്യരെക്കുറിച്ചുള്ള പല മുന്‍ധാരണകളും അബദ്ധത്തില്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും. രോഗബാധിതരേയും വൈകല്യങ്ങള്‍ പേറുന്നവരെയും പൊതുധാരയില്‍നിന്നും അകറ്റിനിര്‍ത്താനാണ് സമൂഹമെപ്പോഴും ശ്രമിക്കുന്നത്. സ്‌നേഹപൂര്‍ണമായ പരിചരണ
വും ചികിത്സയും കൊണ്ട് ഭൂരിഭാഗം പേര്‍ക്കും സാധാരണജീവിതത്തിലേക്കു മടങ്ങിയെത്തുവാനാകും. പക്ഷെ അപ്പോഴും അവരെ സ്വീകരിക്കാന്‍ സമൂഹം തയ്യാറാവണമെന്നില്ല. നമുക്കിടയിലെ ചിലര്‍ അപ്പോഴും ഇങ്ങനെ ചോദിക്കും:
'അവന്‍ ചികിത്സ കഴിഞ്ഞിറങ്ങിയോ? സൂക്ഷിക്കണം പിള്ളേരെയൊന്നും അടുത്തേക്കു വിടരുത്...!

നമുക്കിടയില്‍ ആരാണ് സുഖപ്പെട്ടവന്‍? ആരെയാണ് സുഖപ്പെടുത്തേണ്ടത്..?

No comments:

Post a Comment