Tuesday, September 13, 2011

ത്യാഗം പറഞ്ഞല്ല, പ്രവൃത്തിച്ചാണ് കാണിച്ചുകൊടുക്കേണ്ടത്


എല്ലാവര്‍ക്കും എല്ലാവരോടും ഒന്നുമാത്രമേ പറയാനുള്ളൂ- ത്യാഗം! ത്യാഗം.. ചെയ്യൂ.. ത്യാഗം ചെയ്യൂ.. എന്ന് എല്ലാവരും എല്ലാവരോടും പറഞ്ഞുകാണുന്നു. ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ പരാജയം നേരിട്ട വ്യക്തികളെ കണ്ടാലും നാം പറയുകയായി. കേട്ടോ സുഹൃത്തേ നിങ്ങളുടെ പ്രവൃത്തികളിലൊന്നും യാതൊരു ത്യാഗവുമില്ലാത്തതുകൊണ്ടാണ് ഇത്തരം അനര്‍്ത്ഥങ്ങളൊക്കെ സംഭവിക്കുന്നത്. സങ്കടപ്പെട്ടിരിക്കുന്നവന് ഉപദേശങ്ങളല്ലോ വേണ്ടത്. അയാളുടെ ദുഖത്തില്‍ നമുക്ക് പങ്കുചേരാനും ഏതെങ്കിലും വിധത്തില്‍ അയാളെ സഹായിക്കാനും കഴിഞ്ഞാല്‍ വലിയ കാര്യമായി. പക്ഷേ നാം ഒരിക്കലും അവസാനിക്കാത്ത തരത്തിലുള്ള ഉപദേശങ്ങള്‍ കൊണ്ട് മൂടാണ് ശ്രമിക്കുന്നത്. ഉപദേശംകൊണ്ട് വലിയ മാറ്റങ്ങളുണ്ടായതായി അറിവില്ല.

വെറുതെ പറയുന്ന വീണ്‍വാക്കുകളല്ല പ്രവൃത്തിയാണ് വേണ്ടതെന്ന് എല്ലാ മഹാത്മാരും പറയുന്നു. ത്യാഗം പറഞ്ഞല്ല, പ്രവൃത്തിച്ചാണ് കാണിച്ചുകൊടുക്കേണ്ടത്. എന്നാല്‍ അതിനായി സ്വയമേ മുതിര്‍ന്ന് മറ്റുള്ളവര്‍ക്കു മാതൃകയായി വര്‍ത്തിക്കുവാന്‍ ആരും തന്നെ തയ്യാറല്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത. ഇപ്പോള്‍ ഡല്‍ഹിയില്‍ അഴിമതിക്കെതിരായി അണ്ണാ ഹസാരെ എന്ന വൃദ്ധന്‍ നിരാഹാരമനുഷ്ഠിക്കുകയാണ്. കുറയധികം പേര്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. അണ്ണാ ഹസാരെ യഥാര്‍്തഥ ത്യാഗമനുഷ്ഠിക്കുകയാണ് എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. നമ്മുടെ മാധ്യമങ്ങളും അതുതന്നെയാണ് പറയുന്നത്. ഹസാരെയ്ക്ക് പിന്തുണയറിയിച്ച് ഡല്‍ഹിയില്‍ ഒത്തുകൂടിയ ജനങ്ങളുടെ സം്ഖ്യ ലക്ഷക്കണക്കിനു വരുമത്രെ. അഴിമതിരഹിത സമൂഹത്തിനായി ഇത്രയുമധികം ആളുകള്‍ ഒന്നിക്കുന്നത് നല്ല കാര്യമാണ്. പക്ഷെ ഇവര്‍ക്കെല്ലാം തന്നെ ഒരു കാര്യം നേടിയെടുക്കുന്നതിനായി അണ്ണായെപ്പോലെ ഗാന്ധിയന്‍ സഹനമാതൃക സ്വീകരിക്കാനാകുമോ. പലര്‍ക്കും കൈമടക്കുകൊടുത്ത് അതിവേഗം കാര്യം നേടിയെടുക്കുന്നതിലാവും താല്‍പര്യം. അപ്പോള്‍ നമ്മുടെ മനോഭാവമാണ് ആത്യന്തികമായി മാറേണ്ടത്. അതിന് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നത് ആശാവഹംതന്നെയാണ്.

ഒരിക്കല്‍ ചര്‍ക്കയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനും ഭാരതീയരില്‍ സ്വാശ്രയശീലം വളര്‍ത്തുന്നതിനുമായി മഹാത്മജി ഭാരതത്തിലെ ഓരോ ഗ്രാമങ്ങളിലൂടെയും യാത്ര ചെയ്യുകയായിരുന്നു. നൂല്‍നൂല്‍പ്പു പ്രചരിപ്പിക്കുന്നതിനായി ഓരോ ഗ്രാമത്തിലും അദ്ദേഹം ഗ്രാമീണസഹകരണസംഘങ്ങള്‍ക്ക് രൂപം നല്‍കുകയും അവരില്‍നിന്നും സംഭാവനകള്‍ പിരിക്കുകയും ചെയ്തു.
ഒറീസയില്‍ വച്ച് അദ്ദേഹം ഒരു ജനക്കൂട്ടത്തോടു സംസാരിക്കുകയായിരുന്നു. പ്രസംഗം അവസാനിച്ചപ്പോള്‍ ദരിദ്രയായ ഒരു വൃദ്ധ മഹാത്മജിക്കരികിലേക്ക് ചെല്ലുവാന്‍ ശ്രമിച്ചു. പ്രായാധിക്യം കൊണ്ട്് തളര്‍ന്നുപോയ ശരീരം. പൂര്‍ണ്ണമായും നരച്ച മുടിയിഴകള്‍, പഴന്തുണിക്കു സമാനമായ കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍.

വാളണ്ടിയര്‍മാര്‍ അവരെ ഗാന്ധിജിക്കരികിലേക്ക് പോകുന്നതു തടഞ്ഞു. പക്ഷേ വൃദ്ധ പറഞ്ഞു- 'എനിക്ക് അദ്ദേഹത്തെ കണ്ടേതീരൂ..' ആ നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ തടസ്സങ്ങള്‍ നീങ്ങി. അവര്‍ മഹാത്മാഗാന്ധിയിയുടെ അരികില്‍ ചെന്ന്് അദ്ദേഹത്തിന്റെ പാദങ്ങളില്‍ നമസ്‌കരിച്ചു. എന്നിട്ട് സാരിയുടെ മടിശീലയില്‍ നിന്നും ഒരു ചെമ്പുനാണയമെടുത്ത് ഗാന്ധിജിയുടെ കൈകളില്‍ വച്ചുകൊടുത്തു. അദ്ദേഹം ശ്രദ്ധാപൂര്‍വ്വം അതുവാങ്ങി.
ഇതുകണ്ട് അടുത്തുനിന്നിരുന്ന ഒരു ധനികപ്രമാണി ഗാന്ധിജിയോട് ഇപ്രകാരം ആവശ്യപ്പെട്ടു. 'ആ വൃദ്ധയുടെ പണം തിരിച്ചുകൊടുത്തേക്കൂ. അവരുടെ കൈയില്‍ ആകെയുളള സമ്പാദ്യമായിരിക്കും അത്. പകരമായി അങ്ങേയ്ക്ക് ഞാന്‍ ആയിരങ്ങള്‍ തന്നെ സംഭാവന തരം..'

മഹാത്മജി മന്ദഹസിച്ചു, എന്നിട്ടു പറഞ്ഞു. ''സുഹൃത്തേ ഈ ചെമ്പുനാണയത്തിന് നിങ്ങളിടുന്ന വില നിസ്സാരമായേക്കാം. പക്ഷെ ഞാനിതിന് താങ്കള്‍ പറഞ്ഞ ആയിരങ്ങളേക്കാള്‍ വിലമതിക്കുന്നു.
ഒരാളുടെ പക്കല്‍ ലക്ഷക്കണക്കിന് രൂപയുണ്ടെങ്കില്‍ അതില്‍നിന്നും ആയിരങ്ങള്‍ സംഭാവന ചെയ്യുന്നതിന് മടിയുണ്ടാവില്ല.
പക്ഷെ ഈ സാധുസ്ത്രീയുടെ കൈയിലെ ആകെയുള്ള സമ്പാദ്യമാണ് ഈ ചെമ്പുതുട്ട.് യാതൊരുമടിയും കൂടാതെ അവര്‍ അത് സംഭാവനയായി തന്നിരിക്കുന്നു. നിങ്ങളെപ്പോലെയുള്ള ഒരു ധനികന് ഇങ്ങനെയുള്ള ത്യാഗത്തിന് കഴിയുമോ?

ഇതാണ് ത്യാഗത്തിന്റെ ഒരു വശം. ഇങ്ങനെ മറ്റനേരം വശങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കടന്നുവരാം. ആ നിമിഷങ്ങളില്‍ നാം അതിനോട് എ്ങ്ങിനെ സക്രിയമായി പ്രതികരിക്കുന്നു എന്നതാണ് പ്രധാനം. സഹജീവിക്ക് അത്യാപത്തുവരുമ്പോള്‍ ആത്മാര്‍ത്ഥമായി നമുക്കു സാധിക്കുമോ? റോഡില്‍ ഒരാള്‍ മരണത്തോട് മല്ലടിഞ്ഞു കിടക്കുന്നതുകണ്ടാല്‍ വേഗം അവിടെനിന്നും തടിതപ്പാനായിരിക്കും മിക്കവര്‍ക്കും ധിറുതി.
നിത്യജീവിത്തിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന് പലര്‍ക്കും മടിയാണ്. ഒരു പ്രശ്‌നത്തിലേക്കിറങ്ങിച്ചെന്ന് അതിനെ സധൈര്യം നേരിടുമ്പോഴാണ് അതിജീവനശേഷി കൈവരുന്നത്. അപ്പോള്‍ മുതലാണ് ദൈവം പ്രയാസപ്പെടുന്നവനിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. അതുവരെ താന്‍ നല്‍കിയ ചെറിയ പ്രതിസന്ധികളെ അവനെങ്ങനെ നേരിടുന്നു
എന്നറിയാനായിരിക്കും ഈശ്വരനു താ്ല്‍പര്യം.

തന്റെ കൈയില്‍ ആകെ അവശേഷിക്കുന്ന ആ ചെമ്പുതുട്ട് കൈവിട്ടുപോയാല്‍ തനിക്കൊരു
നേരത്തെ ആഹാരം എങ്ങനെയുണ്ടാകുമെന്ന് ആധി ആ വൃദ്ധയെ അലട്ടുന്നില്ല. സത്യസന്ധമായ ജോലിക്ക് ദൈവമാണ് കൂലി നല്‍കുന്നത്.
ഗുരു പറയുന്നു, സത്യസന്ധമായിട്ട് ജീവിച്ചുശീലിക്കുക എന്നതാണ് ത്യാഗത്തിന്റെ അര്‍ത്ഥം. വൃദ്ധയുടെ ആകെയുള്ള സമ്പാദ്യമായ ചെമ്പുതുട്ട് രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്കുളള മൂലധനമായി മാറുന്ന കാഴ്ച നാം കണ്ടു. ചെമ്പുതുട്ട് ഇവിടെ ഒരു പ്രതീകം മാത്രമാണ്. അവരുടെ ആ ത്യാഗമാണ് സ്വാതന്ത്ര്യമെന്ന വിശാലതയിലേക്കും അര്‍ത്ഥസമ്പുഷ്ടിയിലേക്കും നമ്മെ നയിച്ചത്. ഗുരു പറയുന്നു, ലോകത്ത് ഉണ്ടായിട്ടുള്ള എല്ലാ സമ്പത്തുക്കളും ത്യാഗപ്പെട്ടവരുടെ പ്രവൃത്തിയിലൂടെയാണ് കൈവരിച്ചിട്ടുള്ളത്. ത്യാഗത്തിന് ഒരിടത്തും കുനിയേണ്ടതില്ല. സകല യോഗ്യതയും ത്യാഗത്തിന് അടിമയാണ് എന്ന്.

പടയോട്ടത്തില്‍ നിരവധി രാജ്യങ്ങള്‍ കീഴടക്കിയ മഹാരാജാവ് ഒടുവിലാണ് ആ കൊച്ചുരാജ്യത്തെത്തിയത്. വലിയ സൈനികശേഷിയോ കരുത്തോ ഒന്നുമില്ലായിരുന്ന ആ പ്രദേശം വളരെപ്പെട്ടെന്നുതന്നെ മഹാരാജാവിനു കീഴടങ്ങി. അവിടത്തെ ഭരണാധികാരികള്‍ രാജാവിനെ സിംഹാസനത്തിലേക്ക് ആനയിച്ചു. മന്ത്രിമാര്‍ അദ്ദേഹത്തിന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ചു. ജനങ്ങള്‍ സ്തുതിഗീതങ്ങള്‍ പാടി.
കുറച്ചുദിവസത്തെ വിശ്രമത്തിനുശേഷം മഹാരാജാവും സൈന്യവും യാത്രയായി. വീഥിയുടെ ഇരുവശങ്ങളിലും നിന്ന് ജനങ്ങള്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്തുകൊണ്ടിരുന്നു. യാത്ര ഒരു മലയടിവാരത്തെത്തി. അവിടെ ഒരു മുനിയുടെ കുടില്‍ കണ്ടു.
രാജാവ് അങ്ങോട്ടുചെന്നു. കുടിലിന്റെ പിറകിലുള്ള തോട്ടത്തില്‍ ചെടികള്‍ക്ക് വെള്ളമൊഴിച്ചുകൊണ്ടു നില്‍ക്കുന്ന മുനിയെ രാജാവുകണ്ടു. ധാരാളം ഫലവൃക്ഷങ്ങള്‍ അവിടെ പൂവിട്ടുനിന്നിരുന്നു. പച്ചക്കറികള്‍ വിളഞ്ഞുകിടക്കുന്നു. കൂടാതെ വലിയൊരു തൊഴുത്തും പശുക്കളും കിടങ്ങളുമെല്ലാം. രാജാവ് അങ്ങോട്ടുചെന്നു. രാജാവിനെ കണ്ടിട്ടും പ്രത്യേകിച്ചൊരു ഭാവവുംകൂടാതെ
മുനി ചെടികള്‍ക്കുവെള്ളമൊഴിക്കുന്നതു തുടര്‍ന്നുകൊണ്ടിരുന്നു.

രാജാവിനു ദേഷ്യമായി. തന്റെ മുന്നില്‍ നിസ്സാരനായ ഒരു മുനി ആദരവില്ലാതെ പെരുമാറുന്നു. അദ്ദേഹം ധിക്കാരത്തോടെ ചോദിച്ചു. 'ഞാന്‍ നൂറുകണക്കിനു രാജ്യങ്ങള്‍ കീഴടക്കിയ മഹാരാജാവാണ്. എന്നെ തോല്‍പ്പിക്കാന്‍ ആരുമില്ല. ഈ ലോകംതന്നെ കീഴടക്കുകയാണ് എന്റെ ലക്ഷ്യം. എന്റെ പേരുകേട്ടാല്‍ത്തന്നെ എല്ലാവരും ആദരപൂര്‍വ്വം എഴുന്നേറ്റുനില്‍ക്കും. എന്നിട്ടും താങ്കളെന്താണ് തീരെ
ബഹുമാനമില്ലാതെ നില്‍ക്കുന്നത്'?

രാജാവു പറഞ്ഞതു മുനി സശ്രദ്ധം കേട്ടു. വെള്ളംനിറച്ച പാത്രം സാവധാനം നിലത്തുവച്ചുകൊണ്ട് മുനി ചോദിച്ചു. 'മഹാരാജന്‍ നൂറുകണക്കിനു രാജ്യങ്ങള്‍ കീഴടക്കിയെന്നു പറഞ്ഞല്ലോ. എന്തിനുവേണ്ടിയാണ് അങ്ങ് അതിനൊരുമ്പെട്ടത്?
രാജാവ് ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചില്ല. ഒന്ന്്് ആലോചിച്ചശേഷം രാജാവു
പറഞ്ഞു.'എന്റെ സന്തോഷത്തിനുവേണ്ടിയാണ്.'

മുനി പുഞ്ചിരിച്ചുകൊണ്ടുപറഞ്ഞു: 'ശരിയായ ഉത്തരം തന്നെ അങ്ങു പറഞ്ഞിരിക്കുന്നു. എന്തു ചെയ്യുന്നതിനു പിറകിലും മനുഷ്യന് ഒറ്റ ലക്ഷ്യമേയുള്ളൂ. സന്തോഷം- അതിനുവേണ്ടിിയാണ് പ്രവൃത്തികളെല്ലാം തന്നെ..'

അതുകേട്ട് രാജാവു പറഞ്ഞു: ' നൂറുകണക്കിനു രാജ്യങ്ങള്‍ ഞാന്‍ കീഴടക്കി. അളവില്ലാത്ത ധനം. ലക്ഷക്കണക്കിനു പ്രജകള്‍.. എവിടെയും ആദരം.. ഇതെല്ലാമെനിക്ക് സന്തോഷം നല്‍കുന്നു. പക്ഷെ ഈ മലഞ്ചെരിവില്‍ തണുപ്പിലും മഴയിലും കഷ്ടപ്പെട്ടുകഴിയുന്ന അങ്ങേയ്ക്ക് എന്തു സന്തോഷമാണ് ലഭിക്കുന്നത്?
മുനി പറഞ്ഞു: 'മഹാരാജാവേ, ഈ ലളിതമായ ജീവിതം തന്നെയാണ് എന്റെ സന്തോഷവും സന്തുഷ്ടിയും. പ്രവൃത്തിയിലാണ് എന്റെ ദൈവം. ധ്യാനവും പൂജയും എന്റെ അനുഷ്ഠാനവും ധര്‍മവുമാണ്. ഞാന്‍ ആ ജോലികള്‍ ചെയ്തുതീര്‍ത്തിട്ട് മറ്റു കര്‍മങ്ങളിലേക്കു കടക്കുന്നു. കൃഷിയും മൃഗങ്ങളും പ്രകൃതിപരിപാലനവുമൊക്കെ ഒരു നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനഘടകങ്ങളാണ്. സ്വയംപര്യാപ്തമായ ഒരുനാടിനു മാത്രമേ പ്രജകള്‍ക്ക് ക്ഷേമം പകരാന്‍കഴിയൂ. രാജ്യാതിര്‍ത്തി വിസ്തൃതമാകുമ്പോഴല്ല പ്രജാക്ഷേമത്തിന് മുന്‍തൂക്കം നല്‍കുമ്പോഴാണ് ഭരണാധികാരിയുടെ മഹത്വം വര്‍ദ്ധിക്കുന്നത്. പ്രജകള്‍ക്കായി ത്യാഗപ്പെടുന്ന രാജാവ് രാജര്‍ഷിയെപ്പോലെയാണ്. തനിക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കുകൂടിയും ഒരാള്‍ പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥത്യാഗം.' മുനി പറഞ്ഞുനിര്‍ത്തി.
രാജാവിന് തന്റെ പടയോട്ടങ്ങളുടെ നിരര്‍ത്ഥകത ബോദ്ധ്യമായി. അദ്ദേഹം മുനിയോട് തന്നെ ശിഷ്യനാക്കണമെന്നഭ്യര്‍ത്ഥിച്ചു. ആ അപേക്ഷയും മുനി നിരസിച്ചു. ധര്‍മ്മോചിതം രാജ്യഭരണം നിര്‍വഹിക്കുക, അതാണ് അങ്ങയുടെ കര്‍ത്തവ്യം.'
മനോഭാവമാണ് നമ്മുടെ ചിന്തയുടെയും പ്രവൃത്തിയുടെയും സദ്ഫലങ്ങള്‍ സൃഷ്ടിക്കുന്നത്. പ്രവൃത്തി ചെയ്യുമ്പോള്‍ തനിക്കുവേണ്ടിിയും മറ്റുള്ളവര്‍ക്കുവേണ്ടിയുമാണ് ചെയ്യുന്നത്.

മുനിയുടെ ത്യാഗഭാവവും പ്രവര്‍ത്തനസന്നദ്ധതയുമാണ് ആ രാജ്യത്തെ പൂര്‍ണ ഐശ്വര്യത്തിലേക്കു നയിക്കുന്നത്. മുനി തന്റെ കഷ്ടപ്പാടിനെ ഒരു വെല്ലുവിളിയായി കരുതുന്നില്ല. പ്രയത്‌നം അദ്ദേഹത്തിന് ജീവിതസുഖമാണ്. എന്തുതന്നെ സഹിക്കേണ്ടിവന്നാലും മറ്റുള്ളവന്റെ ഉള്ളില്‍ നന്മ കടത്താന്‍ ശ്രമിക്കുന്നവനാണ് വ്യഗ്രത കാണിക്കുന്നവനാണ് ത്യാഗിയെന്നു ഗുരു പറയുന്നു. ത്യാഗമില്ലാതെ സ്വര്‍ണമോ രാജ്യമോ അധികാരമോ എന്തുതന്നെ വാരിക്കൂട്ടിയാലും നാം ഒന്നും നേടാന്‍ പോകുന്നില്ല.

No comments:

Post a Comment