Friday, August 19, 2011

കേരള ജിമ്മന്മാര്‍ മസിലുപെരുപ്പിക്കണ്ട പെരുംമസിലന്‍ നാട്ടിലെത്തിയിട്ടുണ്ട്....!




കോട്ടയംകാരോട് ഒന്നും പൊലിപ്പിച്ചുപറയാന്‍ പറ്റില്ല. കാര്യം കേട്ടുകഴിയുമ്പോള്‍ 'ഓ ഇത്രയേ ഉള്ളോ, ഇതെന്നാത്തിനു കൊള്ളും' എന്നുചോദിക്കുന്നതാണ് അസ്സല്‍ കോട്ടയംശൈലി. അങ്ങനെയുള്ള കോട്ടയംകാര്‍നഗരത്തിലിറങ്ങിയ ഒരാളെക്കണ്ട് ഈയിടെ ഒന്നുഞെട്ടി.

പതിവുകോട്ടയം പരിപ്പ് ആ ആളുടെ അടുത്ത് വെന്തില്ല. കോട്ടയത്തെ ഞെട്ടിച്ചയാള്‍ ചങ്ങനാശേരിക്കാരനല്ല, തിരുവല്ലക്കാരനല്ല, എന്തിന് മലയാളിയയോ ഇന്ത്യാക്കാരനോ പോലുമല്ല. അദ്ദേഹം അങ്ങ് ഈജിപ്തുകാരനാണ്. പേരു പറഞ്ഞാല്‍ എവിയെയോ കേട്ടിട്ടുണ്ടോ എന്നുതോന്നും. പക്ഷെ പേരിലല്ല കാര്യം; വലിപ്പത്തിലാണ്. എങ്കിലും പേര് ഇങ്ങനെ നീട്ടിപ്പറയാം- അഹമ്മദ് ഹമീദ് മന്‍സൂര്‍ ഹമൂദ.


ആള്‍ ചില്ലറക്കാരനല്ല. സൂപ്പര്‍ ഹെവിവെയ്റ്റ് ലോകചാമ്പ്യന്‍. അമേച്വര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹമൂദ നാലുവട്ടമാണ് ലോകകിരീടം നേടിയത്. ഇത്രയും പറഞ്ഞാല്‍പോരേ? ലോകത്തെ ഏറ്റവും ശക്തിയുള്ള മനുഷ്യന്‍ എന്നൊക്കെ പറഞ്ഞാല്‍ ഹമൂദയ്ക്കുതന്നെ നാണക്കേടാകും.



കേരളം ഹമൂദയ്ക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. മുമ്പൊരിക്കല്‍ തൃശൂരില്‍ വന്നിരുന്നു. ആ ഓര്‍മ്മയില്‍ വീണ്ടും കേരളത്തിലെത്തി. ഇക്കുറി കോട്ടയത്തെ ഒരു ഫിറ്റ്‌നെസ് സെന്ററിന്റെ ക്ഷണവുമുണ്ടായിരുന്നു. കുമരകത്ത് കായല്‍സവാരിയും കരിമീനുമായി ഹമുദ ശരിക്കും അടിച്ചുപൊളിച്ചു. ഒപ്പം കോട്ടയത്തുകാരായ ചില പയ്യന്‍മാര്‍ക്ക് പരിശീലനമെന്ന പേരില്‍ ചില ടിപ്‌സ് ട്യൂഷനും.


കുമരകത്തെ താജ് ഹോട്ടലിന്റെ മുന്നില്‍വച്ച് ഒരുപാവം കുമരകംകാരന്‍ ഹമൂദയോട് ലളിതമായൊരുചോദ്യം ചോദിച്ചു. 'അല്ലാ, ഈ ശരീരത്തിന്റെ രഹസ്യമെന്താണ്'? കുമരകംചുണ്ടനും ജവഹര്‍ തായങ്കരിക്കും കാരിച്ചാലിനുമൊക്കെ തുഴ പിടിക്കുന്ന ചേട്ടന്മാരുപോലും ഹമൂദയെ കണ്ടാല്‍ നാണിച്ചുതലതാഴ്ത്തി ചോദ്യം പോലും വേണ്ടെന്നുവയ്ക്കും. അപ്പോഴാണ് പാവം കുമരകംചേട്ടന്റെ ചോദ്യം.



മലയാളികള്‍ക്ക് ഒരിക്കലും നടപ്പിലാക്കാന്‍ പറ്റാത്ത ഒരുത്തരമാണ് ഹമുദയുടെ മറുപടി. 'ചിട്ടയായ ജീവിതവും വ്യായാവമും.' ആ മറുപടിയില്‍ എല്ലാമുണ്ട്. ഉപചോദ്യങ്ങള്‍ പാടില്ല.ലോകചാമ്പ്യനാകാന്‍ മാനസികമായും ശാരീരികമായും ഏറെ കഷ്ടപ്പെട്ടതിന്റെ കഥകളാണ് ഹമുദയ്ക്കു പറയുവാനുള്ളത്. പകല്‍മുഴുവനും നീണ്ടുനില്‍ക്കുന്ന വ്യായാമങ്ങള്‍, കര്‍ശനമായ ശാരീരികമാനസിക നിയന്ത്രണങ്ങള്‍. മുംബൈയില്‍ വച്ചാണ് ഹമൂദ ലോകചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി മുത്തമിടുന്നത്. 2003 ലെ ആ നേട്ടത്തിനുശേഷം ലും 2006ലും 2008, 2010ലും ലും അദ്ദേഹം വിജയം ആവര്‍ത്തിച്ചു.


43കാരനായ ഹമുദയെ കണ്ടാല്‍ മുപ്പതുകളുടെ തുടക്കമാണെന്നേ പറയു. ചിരിയും ചിട്ടയായ പരിശീലനവും ഇതാണ് ഹമൂദയുടെ വിജയസൂത്രവാക്യം. 'നന്നായി ചിരിക്കൂ..പൊട്ടിപ്പൊട്ടിച്ചിരിക്കൂ..'എന്ന് ഹമൂദപറയുന്നു. ചിരിച്ചുചിരിച്ച് ഉറക്കത്തിലേക്ക് വഴുതിവീഴാനാണിഷ്ടം. രാത്രി 11 മുതല്‍ രാവിലെ 7 വരെ നീളുന്നതാണ് ഹമൂദയുടെ ഉറക്കം. രാവിലെ 9 മണിമുതല്‍ ഉച്ചവരെ ജിമ്മില്‍ പ്രാക്ടീസ് ചെയ്യും. ഇതിനിടയില്‍ ബീച്ച് പഗ്ഗി റൈഡും കുതിരസവാരിയുമൊക്കെ നടത്തും. ഉച്ചയ്ക്ക് വന്ന് കുശാലായി ശാപ്പാടടിക്കും. മത്സരകാലങ്ങളില്‍ ആറു മണിക്കൂര്‍ വരെ തുടര്‍ച്ചയായി പ്രാക്ടീസ് ചെയ്യും. ഒന്നിനെക്കുറിച്ചം ടെന്‍ഷനില്ല. പാട്ടുകേള്‍ക്കാന്‍ സമയം കണ്ടെത്തും. പക്ഷെ ടിവിയോട് അലര്‍ജിയാണ്.


ഹമൂദയുടെ ആഹാരരീതികളും സവിശേഷം തന്നെ. ദിവസം നാലുമുതല്‍ അഅഞ്ചുതവണ വരെ അദ്ദേഹം ഭക്ഷണം കഴിക്കുന്നു. ചിക്കന്‍ വിഭവങ്ങളോടാണ് കൂടുതല്‍താല്‍പര്യം. മല്‍സ്യം, പാല്‍, ബീഫ്, കോഴിമുട്ട എന്നിവയും ധാരാളമായി കഴിക്കും. ശരീരത്തെ കേടുവരുത്താത്ത ഏതു ആഹാരത്തിനും അദ്ദേഹത്തിന്റെ അടുത്തേക്ക് എന്‍ട്രിയുണ്ട്.


ഭാര്യയും പരിശീലകയുമായ ജര്‍മ്മന്‍സ്വദേശിനി സൂസെനാണ് ഹമൂദയുടെ ഏറ്റവുമടുത്ത ചങ്ങാതി. ഹമൂദയുടെ പരിശീലനത്തിന്റെയും ഭക്ഷണത്തിന്റെയും ചുമതല സൂസെനാണ്. 'കേരളീയരുടെ ശരീരഘടന നല്ലതാണ്. പക്ഷെ അവര്‍ ശരീരം സൂക്ഷിക്കുന്ന കൂട്ടരല്ല'- ഹമൂദ പറയുന്നു. ശരീരസംരക്ഷണത്തിനും സൗന്ദര്യത്തിനുമായി നന്നായി വെള്ളംകുടിക്കാനാണ് അദ്ദേഹത്തിന്റെ ഉപദേശങ്ങളിലൊന്ന്.


ഹമൂദയുടെ 'അഴകളവുകള്‍'


ഉയരം -185 സെന്റീമീറ്റര്‍ഭാരം- 117

കിലോനെഞ്ചളവ്- 134 സെ.

മീകൈയിലെ മസിലിന്റെ ചുറ്റളവ്- 52 സെ.മീ


വാല്‍ക്കഷണം:

തിരുവനന്തപുരം നഗരത്തില്‍ മ്യൂസിയത്തിനടുത്ത് വഴിയരുകില്‍ സംസാരിച്ചുകൊണ്ടുനിന്ന മുന്‍മന്ത്രി പന്തളം സുധാകരനും പത്രപ്രവര്‍ത്തകസുഹൃത്തിനും മേല്‍ പാഞ്ഞുകയറിയ മോട്ടോര്‍സൈക്കിള്‍ പറത്തിയത് രണ്ടു കേരള ജിമ്മന്മാര്‍. 'അനിയാ സാവധാനം ഓടിച്ചുകൂടേ' എന്നുചോദിച്ച പന്തളത്തിനുമുന്നില്‍ മസിലുകള്‍ പെരുപ്പിച്ചുകാട്ടിയുള്ള ഭീഷണിയായിരുന്നു മറുപടി. മുന്‍മന്ത്രിക്കും പത്രപ്രവര്‍ത്തകനും രക്ഷയില്ലാത്ത നാട്ടില്‍ തന്നെയാണ് പെരുംമസിലനായ ഹമൂദ വിനയത്തോടെയും മര്യാദയോടെയും ഒന്നുരണ്ടാഴ്ച കഴിഞ്ഞത്. കൈക്കുഴയിലെ മസിലിന് രണ്ടുസെന്റീമീറ്റര്‍ നീളംവയ്ക്കുമ്പോഴേക്കും നാടിനെ ഭയപ്പെടുത്തിക്കളയാം എന്നുവിചാരിച്ചിരിക്കുന്നവര്‍ ഹമൂദയെ കണ്ടുപഠിക്കുക. മസിലുണ്ടെങ്കിലും മര്യാദയ്ക്ക് ജീവിക്കുന്നവരും ലോകത്തുണ്ട്.

No comments:

Post a Comment