Wednesday, August 10, 2011

ഒ.എന്‍.വിയുമായി ഒരപൂര്‍വ്വ അഭിമുഖം ഒ.എന്‍.വി പറയുന്നു- സിനിമയില്‍ സാരമില്ലെന്നു വയ്ക്കാം; പക്ഷ ചികിത്സയിലെ ഡ്യൂപ്പ് അപകടകാരിയാണ്!


മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി കുറുപ്പിന് ഇക്കഴിഞ്ഞ രണ്ടരയാഴ്ചക്കാലം
ചികിത്സയും പൂര്‍ണ്ണവിശ്രവുമായിരുന്നു. മലയാളത്തെ ക്ലാസിക് ഭാഷയായി ഉയര്‍ത്തുന്നതിനാവശ്യമായ പ്രയത്‌നങ്ങളുമായി ഓടിനടക്കുകയായിരുന്നു ഇതുവരെ. അതിനിടയിലായിരുന്നു ജ്ഞാനപീഠപുരസ്‌കാര പ്രഖ്യാപനവും അനുബന്ധമായി വന്ന തിരക്കുകളും. ക്ലാസിക് ഭാഷയായി മലയാളത്തെ ഉര്‍ത്തുന്നതിന് ആവശ്യമായ രേഖകള്‍ കണ്ടെത്താനും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനുമൊക്കെ ഏറെ അദ്ധ്വാനം വേണ്ടിവന്നു. ഇതിനിടിയില്‍ ഡല്‍ഹിയില്‍പ്പോയി പ്രധാനമന്ത്രിയെ കണ്ടു. ജ്ഞാനപീഠപുരസ്‌കാരം ലഭിച്ചതിനു പിന്നാലെ നിരവധി സ്വീകരണയോഗങ്ങളുണ്ടായി. എല്ലായിടത്തും പ്രസംഗിക്കേണ്ടി വന്നു. തിരുവനന്തപുരത്തു വച്ചായിരുന്നു ജ്ഞാനപീഠം സമ്മാനിക്കല്‍ ചടങ്ങുനടന്നത്. ആരോഗ്യം ശ്രദ്ധിക്കാനൊന്നും ഇതിനിടയില്‍ വേണ്ടത്ര സാവകാശം ലഭിച്ചില്ല. നിത്യസഹചാരിയായി ഒഎന്‍വിയോടൊപ്പമുള്ളത് സഹധര്‍മ്മിണി സരോജിനിയാണ്. പക്ഷെ കുറച്ചുകാലമായി പിടിതരാതെ നടക്കുന്ന ഒരു വില്ലനും കൂടെയുണ്ട്് - പ്രമേഹം! ഒന്നു കണ്ണുരുട്ടി ദേഷ്യപ്പെട്ടു നോക്കിയാല്‍ അവന്‍ അകന്നുപോകും, പക്ഷെ ശ്രദ്ധതെറ്റിയാല്‍ കൂടെ കയറിവരികയും ചെയ്യും. കോട്ടയ്ക്കലിലെ ഡോ. വാരിയരുടെ നവതി ആഘോഷച്ചടങ്ങുകളില്‍ പങ്കെടുത്ത് വന്നതില്‍പ്പിന്നെ നേരെ പോയത് ശാന്തിഗിരിയിലേക്കാണ്. അവിടെ വര്‍ഷംതോറുമുള്ള ആയുര്‍വ്വേദചികിത്സ പതിവുള്ളതാണ്.

കൂടിക്കാഴ്ചയ്‌ക്കെത്തുമ്പോള്‍ ഒ.എന്‍.വി ആരോടോ ടെലിഫോണില്‍ സംസാരിക്കുകയാണ്. ആരോഗ്യം, ചികിത്സ എന്നിവയാണ് സംസാരവിഷയം. ഇടയ്ക്ക് പ്രമേഹവും കയറിവന്നു. ''ഇവിടെ ചികിത്സ തുടങ്ങിയതില്‍പ്പിന്നെ ഒരത്ഭുതം സംഭവിച്ചു, ഷുഗര്‍ ലെവല്‍ നന്നായി കുറഞ്ഞു. ശരീരത്തിനും മനസ്സിനും പൂര്‍ണസുഖം, ആഹാരം നിയന്ത്രിച്ചോ മരുന്നുകഴിച്ചോ ഒന്നുമല്ല ഷുഗറു കുറച്ചത്.''

കൂടിക്കാഴ്ചയ്ക്കായി ഞങ്ങള്‍ക്കൊപ്പമുന്നായിരുന്ന ഒ.എന്‍.വിയുടെ ആഹാരകാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ശാന്തിഗിരിയിലെ സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി അതുകേട്ടു പുഞ്ചിരിച്ചു. അദ്ദേഹം പറഞ്ഞു. ''നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ തന്നെയാണ് സാറിനു നല്‍കിയത്. പപ്പായ, വെള്ളരി, മുരങ്ങയില തുടങ്ങിയവ കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍. ഇവിടെ ആഹാരം തന്നെയാണ് മരുന്ന്്്്. ഓരോ രോഗിയുടേയും സ്വഭാവമനുസരിച്ച് പ്രത്യേകഡയറ്റ് തയ്യാറാക്കുന്നു. ആവിയില്‍ പുഴുങ്ങിയ ആഹാരമാണ് ഒ.എന്‍.വിക്കു നല്‍കിയത്. എണ്ണയും തേങ്ങയും പൂര്‍ണമായും ഒഴിവാക്കിയ അവിയല്‍, മുളപ്പിച്ച പയര്‍, ഉലുവ, ചമ്മന്തി, ചുട്ട പപ്പടം ഇതൊക്കെ നല്‍കി. ഇടനേരങ്ങളില്‍ ബ്രോക്കണ്‍വീറ്റ് കിച്ചടി, നെല്ലിക്ക, വെള്ളരിജ്യൂസുകള്‍.

സ്വാമി പ്രത്യകം തയ്യാര്‍ചെയ്തു നല്‍കിയ പപ്പടം കൊണ്ടുള്ള വിഭവം ഒ.എന്‍.വിക്ക് ഏറെയിഷ്ടമായി. പോകുമ്പോള്‍ ഒരു ഭരണി നിറയെ തയ്യാറാക്കി നല്‍കണമെന്നാണ് ശുപാര്‍ശ. ജനസമ്മതന്‍സ്വാമിയുടെ ആഹാരം അദ്ദേഹത്തെ 'സര്‍വ്വസമ്മതന്‍' ആക്കുന്നുവെന്നു പറഞ്ഞ് കവി ചിരിക്കുന്നു.

കാര്യമായ അസുഖങ്ങളൊന്നും അലട്ടിയ ശരീരമല്ല ഒ.എന്‍.വിയുടേത്. അസുഖങ്ങള്‍ വരുമ്പോള്‍ ആയുര്‍വ്വേദത്തെയാണ് ആദ്യം ആശ്രയിക്കുന്നത്. ആയുര്‍വ്വേദം കൊണ്ടുമാറാത്തതൊന്നും തന്നിലില്ലെന്നും അദ്ദേഹം പറയുന്നു. തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ ആയുര്‍വ്വേദപൈതൃകം ഒരു വരദാനം പോലെ അദ്ദേഹവും കാത്തുസൂക്ഷിക്കുന്നു.

''താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനത്തിലെ ജീവന്‍മശായിയെപ്പോലെ മുഖലക്ഷണം നോക്കി രോഗം നിര്‍ണ്ണയിക്കുന്ന വൈദ്യകുലപതികളുടെ നാടായിരുന്നു കേരളം. എന്റെ അച്ഛനും അപ്പൂപ്പനുമൊക്കെ വൈദ്യന്മാരായിരുന്നു. 'വൈദ്യനപ്പൂപ്പന്‍' എന്നാണ് ഞാന്‍ മുത്തച്ഛനെ വിളിച്ചിരുന്നത്. തേവാടി നാരായണക്കുറുപ്പ് എന്ന പേരിലാണ് മുത്തച്ഛന്‍ അറിയപ്പെട്ടിരുന്നത്. പേരുകേട്ട ചികിത്സകനായിരുന്നു; ധാരാളം ശിഷ്യന്മാരും. വൈദ്യവൃത്തിയും വൈദ്യപഠനവും ചികിത്സയുമെല്ലാം ഒരു വിഭാഗത്തില്‍പ്പെട്ട ആളുകള്‍ മാത്രം കൈകാര്യം ചെയതിരുന്ന നാളുകളില്‍ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരെ വൈദ്യം പഠിപ്പിച്ചയാളായിരുന്നു മുത്തച്ഛനും അച്ഛനുമൊക്കെ.''

ഒ.എന്‍.വിയുടെ അച്ഛന്‍ വൈദ്യന്‍ കൃഷ്ണക്കുറുപ്പും ചികിത്സയില്‍പേരുകേട്ടയാളായിരുന്നു. അദ്ദേഹത്തിന് ഏഴു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു.

വൈദ്യനും രോഗിയും തമ്മിലുള്ള ബന്ധം അന്ന് എങ്ങനെയായിരുന്നു?

'' 1938 ലാണ് എന്റെ അച്ഛന്‍ മരിക്കുന്നത്. അന്നത്തെ ചികിത്സയെക്കുറിച്ചൊക്കെ ഇന്നും സജീവമായ ഓര്‍മ്മകളാണുള്ളത്. സ്റ്റെതസ്‌കോപ്പു വച്ചൊന്നുമായിരുന്നില്ല അന്നത്തെ പരിശോധന. രോഗവുമായി ഒരാളെത്തിയാല്‍ നെഞ്ചും നാഡിയും നെറ്റിയുമൊക്കെ കണ്ടാല്‍ വൈദ്യന് രോഗം പിടികിട്ടും. വൈദ്യനൊന്ന് സ്പര്‍ശിച്ചാല്‍പോലും രോഗത്തിന് ശമനം ലഭിക്കുമെന്ന് രോഗികള്‍ പറയും. മുത്തച്ഛനും അച്ഛനുമൊക്കെ നല്ലവൈദ്യന്മാരായിരുന്നു. എന്നെ അതിനു കൊള്ളില്ല എന്നതുകൊണ്ടാണ് പഠിപ്പിക്കാതിരുന്നത്. എങ്കിലും കുട്ടിക്കാലത്തുള്ള അനുഭവത്തില്‍നിന്നും ഒരുപാടു മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ഇത് ഇന്ന ചെടിയുടെ വേരാണ്.. ഇന്ന ചെടിയിലെ നിന്നുള്ള ഇലയാണ്.. ഈ തളിര് ആ രോഗത്തിന് നല്ലതാണ്.. ആ പുല്ലിന് ആ ഔഷധഗുണമുണ്ട് എന്നൊക്കെ അറിയാമായിരുന്നു.''

അന്നത്തെ സമ്പന്നവും അനുഗൃഹീതവുമായ പ്രകൃതി പിന്നീട് നമുക്ക് നഷ്ടമായില്ലേ?

''അതെ. പണ്ടത്തെ കേരളം ഔഷധസങ്ങളുടേ കേദാരം തന്നെയായിരുന്നു. ഒരിലയോ ചെടിയോ കണ്ടാല്‍ അതേത്, അതിന്റെ ഗുണമെന്ത്്് എന്നറിയുന്നവരായിരുന്നു കേരളീയര്‍. ഇവിടെ പ്രകൃതിയെ ഏറ്റവും അടുത്തറിഞ്ഞിരുന്നത് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളായിരുന്നു. ചേര്‍ത്തലയ്ക്കടുത്തുള്ള കടക്കരപ്പള്ളി ഇന്നും ഒരു നാട്ടിന്‍പുറമാണ്. അവിടെ മുന്നൂറിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ഇട്ടി അച്ചുതന്‍ എന്ന സാധാരണക്കാരനായ ഒരു വൈദ്യനെ പോര്‍ച്ചുഗീസുകാര്‍ ആംസ്റ്റര്‍ഡാമില്‍ കൊണ്ടുപോയി കേരളത്തിലെ സകലമരുന്നുചെടികളുടെയും ഔഷധസസ്യങ്ങളുടെയും ഇല, തണ്ട്്്്, വേര് എല്ലാം ആമൂലാഗ്രം വരപ്പിച്ച് അതിനു തുല്യമായ ബൊട്ടാണിക്കല്‍ നാമങ്ങളും ചേര്‍ത്ത് ഒരു ഗ്രന്ഥം തയ്യാറാക്കിയത് ചരിത്രമാണ്. ഹോര്‍ത്തൂസ്
മലബാറിക്കസ് എന്നാണ് ആ അമൂല്യമായ കൃതിയുടെ പേര്. ഇട്ടി അച്ചുതന്‍ എന്ന അവര്‍ണ്ണനായ കടക്കരപ്പള്ളിക്കാരന്‍ അത് എഴുതിയുണ്ടാക്കി എന്നുപറയുമ്പോള്‍ ആലോചിച്ചുനോക്കൂ, എത്ര മഹത്തായ സംഭാവനയാണ് ഔഷരംഗത്ത് കേരളം നല്‍കിയതെന്ന്്്. ഭാരതത്തിന്റെ ചികിത്സാരംഗത്തിന് മഹത്തായ ഒരു പൈതൃകമുണ്ടായിരുന്നു. ഹിമാലയസാനുക്കളില്‍ നിന്നായാലും മരുത്വാമലയില്‍ നിന്നായാലും അഗസ്ത്യവനത്തില്‍ നിന്നായാലും നാം നമ്മുടെ ഔഷധനിര്‍മ്മിതിക്കാവശ്യമായ സസ്യജാലങ്ങളെ കണ്ടെത്തിയിരുന്നു. അതിന്റെയെല്ലാം രസഗുണങ്ങളെപ്പറ്റിയും മനുഷ്യശരീരത്തില്‍ അവയുടെ പ്രവര്‍ത്തനപ്രതിപ്രവര്‍ത്തനങ്ങളെപ്പറ്റിയും യുഗദീര്‍ഘമായ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടന്നിരുന്നു. ഇന്ന്്്് മരുന്നിനുവേണ്ടി സസ്യങ്ങള്‍ വച്ചുപിടിപ്പിക്കേണ്ട അവസ്ഥയാണുള്ളത്. ഇന്ത്യന്‍ ചികിത്സാരംഗത്ത് മള്‍ട്ടിനാഷണല്‍ മരുന്നുകമ്പനികളും അവരുമായി അവിശുദ്ധസമ്പര്‍ക്കം പുലര്‍ത്തുന്ന ഡോക്ടര്‍മാരും നിറഞ്ഞിരിക്കുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഇന്ന ക്ലിനിക്കല്‍ടെസ്റ്റുകളും സ്‌കാനിംഗുമൊക്കെയാണ്.''

കേരളത്തിന്റെ ആയുര്‍വ്വദരംഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ചികിത്സക്കായി ധാരാളമാളുകള്‍ ഇവിടെയെത്തുന്നു?

ആതുരശുശ്രൂഷയ്ക്കും അതിന്റെ ചിരപുരാതനമായ ഭാരതീയപൈതൃകത്തിനും പവിത്രത
നഷ്ടമായിരിക്കുന്നു. ഹെര്‍ബല്‍ എന്ന വിശേഷണം വിദേശീയരേയും സ്വദേശീയരെയുമെല്ലാം വളരെയേറെ ആകര്‍ഷിക്കുന്നു. കേരളത്തിന്റെ പാരമ്പര്യചികിത്സതേടി വിദേശീയര്‍ ധാരാളമായെത്തുത്തുവെന്നത് ശരിയാണ്. കടലില്‍ കുളിച്ച്, കടല്‍ത്തീരത്തെ പോക്കുവെയിലേറ്റ് കുറെദിവസം സുഖിച്ചിട്ടു പോകാന്‍ വരുന്നവരും ഉണ്ട്്്. എണ്ണയിട്ടു തടവലും, കിഴിയൂന്നലും, ശിരോധാരയുമൊക്കെ ഏവര്‍ക്കും സുപരിചിതമാണ്. ഇതിനൊക്കെയുള്ള സൗകര്യം നക്ഷത്രഹോട്ടലുകള്‍ ഒരുക്കിയിട്ടുണ്ട്്്. പണംകൊയ്യുന്ന മസാജ് പാര്‍ലറുകള്‍ കൂണുകള്‍പോലെ മുളച്ചുയരുന്നു. എന്നാല്‍ ഇത്തരം കുളിയും തടവലും ഒന്നുമല്ല ഇന്ത്യന്‍ ചികിത്സാ പാരമ്പര്യത്തിന്റെ മാര്‍ഗ്ഗമെന്ന് മനസ്സിലാക്കണം. പൗരസ്ത്യചികിത്സ ഏറ്റവുമധികം ആശ്രയിക്കുന്നത് പ്രകൃതിയെ ആണ്. നമ്മുടെ വീട്ടുതൊടിയിലും കാട്ടുപ്രദേശങ്ങളിലുമൊക്കെ ഔഷധസസ്യങ്ങള്‍ കൊണ്ടുസമ്പന്നമായ ഒരു കാലമുണ്ടായിരുന്നു. ഔഷധനിര്‍മ്മിതിക്ക് ശരിയായ പച്ചമരുന്നിന്റെ അഭാവം ഇന്ന് അനുഭവപ്പെടുന്നുണ്ട്്്. അത് പലതരം മായം ചേര്‍ക്കലുകള്‍ക്കും വഴിവയ്ക്കുന്നു. എല്ലാ വിശിഷ്ട മരുന്നുചെടികള്‍ക്കും ഇന്നു സിനിമാഭാഷയില്‍ പറഞ്ഞാല്‍ 'ഡ്യൂപ്പ്' ഉണ്ട്്്്. എത്ര ശ്രമിച്ചാലും യഥാര്‍ത്ഥ നായകനേത്, ഡ്യൂപ്പേത് എന്നു തിരിച്ചറിയാതിരിക്കാനുള്ള സാങ്കേതികവിദ്യകളും വികസിച്ചിരിക്കുന്നു. സിനിമയില്‍ അത് നല്ലതാകാം; പക്ഷെ ചികിത്സയില്‍ അപകടകരമാണ്.

ഒ.എന്‍.വിയോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സ് ആശ്വസിച്ചു. രാവിലെയുണരുമ്പോള്‍ തൊട്ടുമുന്നില്‍ കാണുന്ന മരങ്ങളും ചെടികളും വള്ളികളെല്ലാംകൂടി സൃഷ്ടിക്കുന്ന ശാന്തിഗിരിയിലെ വനപ്രകൃതിയുടെ കാഴ്ച മനസ്സില്‍ ശാന്തിനിറയ്ക്കും. ഭൂമിയ്ക്കും മരങ്ങള്‍ക്കും സൂര്യനും ജീവജാലങ്ങള്‍ക്കും വേണ്ടി കവിത രചിച്ച കവിയുടെ മനസ്സ് ഇവിടെ സ്വസ്ഥമാണ്.

No comments:

Post a Comment