Tuesday, August 9, 2011

ചില ഗൃഹസ്ഥാശ്രമ ചിന്തകള്‍


ശാന്തിഗിരിയില്‍ ഗുരുവിന്റെ പര്‍ണ്ണശാലാ സമര്‍പ്പണത്തിനുശേഷം സന്ദര്‍ശകരുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവിനെക്കുറിച്ചും ആശ്രമത്തെപ്പറ്റിയും നേരത്തെ അറിയുന്നവരോ, താരമപര്‍ണ്ണശാലയുടെ വിവരങ്ങള്‍ കേട്ടറിഞ്ഞവരോ ഒക്കെയായ ആളുകളാണ് കുടുംബസമേതം ആശ്രമത്തിലെത്തുന്നത്. ജാതിയുടെയോ മതത്തിന്റെയോ ആചാരങ്ങളുടേയോ യാതൊരുവിധ വേലിക്കെട്ടുകളുമില്ലാതെ ദൈവസാന്നിദ്ധ്യത്തെ അടുത്തറിയാനാകുന്ന ഇടമായതിനാല്‍ ഇവിടെ കൂടെക്കൂടെ വരാന്‍ ഇഷ്ടപ്പെടുന്നുവെന്ന് ഈയിടെ ഒരുയര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്നോടു പറഞ്ഞു. ആ കാരണം ഒന്നുകൊണ്ടുമാത്രമാണോ ശാന്തിഗിരിയിലെത്താന്‍ ആളുകളിഷ്ടപ്പെടുന്നതെന്ന്്് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. ഗുരുവിന്റെ അഭൗമമായ ശക്തിവിശേഷമറിയിക്കുന്ന താമരപര്‍ണ്ണശാലയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ വല്ലാത്ത ഒരൂര്‍ജ്ജം അനുഭവപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ശാന്തിഗിരിയിലെ അന്തരീക്ഷത്തിനുപോലും അതിന്റേതായ ഒരു പ്രത്യേകതയുണ്ട്്്. ആശ്രമത്തിലെത്തുന്ന സന്ദര്‍ശകര്‍ മുഴുവന്‍ സാക്ഷ്യപ്പെടുത്തുന്ന കാര്യമാണിത്. വാക്കുകള്‍ കൊണ്ടുപണിതു വയ്ക്കാനാകാത്ത ഒരനുഭവതലം. ദൈവസ്‌നേഹത്തിന്റെ ഒരു കരുതലെന്നു ഇതിനെ വിശേഷിപ്പിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.

ആശ്രമത്തിലേക്ക് കടന്നുവരുന്നവരില്‍ അധികവും കുടുംബങ്ങളാണ്. ആത്മീയാന്വേഷികളും ഏകാകികളും കാഴ്ചക്കാരുമൊക്കെയെത്താറുണ്ടെങ്കിലും ഒരു വീട്ടില്‍നിന്നുളള എല്ലാവരും ഒത്തുചേര്‍ന്നു വരുന്നത് അത്യപൂര്‍വ്വമായ കാഴ്ചയാണ്. കേരളത്തിലെ ഇന്നത്തെ കുടുംബജീവിതസാഹചര്യങ്ങളെ വിലയിരുത്തിയാണ് അത്യപൂര്‍വ്വം എന്ന വാക്കുപയോഗിച്ചത്. കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്നുകൊണ്ടുള്ള ഇത്തരം 'ഒത്തുനടപ്പുകള്‍' ഇന്നെവിടെ കാണാന്‍ സാധിക്കും? ക്ഷേത്രത്തിലേക്കോ പള്ളിയിലേക്കോ പാര്‍ക്കിലേക്കോ ഷോപ്പിങ്‌കേന്ദ്രത്തിലേക്കോ ഒക്കെ മലയാളി ഒറ്റയ്ക്കാണ് കടന്നുചെല്ലുന്നത്. പൊതുസമൂഹം സമ്മേളിക്കുന്ന ഇത്തരം സ്ഥലങ്ങള്‍ ഒന്നു നിരീക്ഷിച്ചാല്‍ കൗതുകരമായ ചില വസ്തുതകള്‍ വെളിപ്പെടും. ഏകാകികളായ മനുഷ്യര്‍ മലയാളികളെപ്പോലെ മറ്റെവിടെയെങ്കിലും കാണുമോ എന്നും സംശയകരമാണ്. അന്തര്‍മുഖത്വവും തന്നിലേക്കു തന്നെയുള്ള ചുരുങ്ങലുംമൂലം മലയാളി ഏറെ ഒറ്റപ്പെട്ടിരിക്കുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ യുവാവെന്നോ യുവതിയെന്നോ കുട്ടിയെന്നോ ഉള്ള വ്യത്യാസങ്ങളൊന്നും ഇതിനെ ബാധിക്കുന്നതേയില്ല. കേരളീയഭവനങ്ങളില്‍ നിന്നുയരുന്ന വാര്‍ത്തകളും ആശ്യാസമല്ല. വൃദ്ധരായ മാതാപിതാക്കളെ തൊഴുത്തിലും പുറമ്പോക്കിലുമൊക്കെ ഉപേക്ഷിച്ചതായ എത്രയെത്ര വാര്‍ത്തകള്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പത്രമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു! കേരളത്തില്‍ ഓരോ ഇരുപതു മിനിറ്റിലും ഓരോ കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം നമ്മുടെ ഉള്ളിലുയരണം, എന്തുകൊണ്ട്്് നമുക്കിങ്ങനെയൊക്കെ സംഭവിക്കുന്നു?

ഒരു വ്യക്തിയുടെ സ്വഭാവവൈശിഷ്ട്യങ്ങളില്‍ ദൈവത്തിന് ഏറ്റവും പ്രിയങ്കരമായത് എന്തായിരിക്കുമെന്ന്്് ഞാന്‍ സഹൃദയരായ ചിലരോട് ചോദിച്ചു. ഈ ചോദ്യത്തിന് വ്യത്യസ്തമായ മറുപടികളാണ് ലഭിച്ചത്. നല്ല സ്വഭാവം, സത്യസന്ധത, ആത്മാര്‍ത്ഥത, വിനയം, സഹാനുഭൂതി, അന്യരോടുള്ള കാരുണ്യം, രോഗികളെയും അവശരെയും ശുശ്രൂഷക്കല്‍.... ഇങ്ങനെ പലവിധത്തിലുള്ള ഉത്തരങ്ങള്‍ ലഭിച്ചു. ഈ പറഞ്ഞതൊക്കെയും ഒരു തരത്തില്‍ ശരിതന്നെ. പക്ഷെ ഈശ്വരനു മുന്നില്‍ ഒരുവന്‍ സ്വയം തന്നെത്തന്നെ സമര്‍പ്പിക്കുന്നതല്ലേ ഏറ്റവും ശ്രേഷ്ഠതരം? സ്വജീവിതം ഈശ്വരനുമാത്രമായി സമര്‍പ്പിക്കുകയെന്നു പറഞ്ഞാല്‍ ഉടനെ സന്യസിക്കാനാണോ പുറപ്പാട് എന്നു ചോദിക്കുന്നവരാണ് അധികംപേരും. ഈ സമൂഹത്തിലെ ഒരു സാധാരണപൗരനെപ്പോലെ എന്തു തൊഴിലെടുത്തും ജീവിച്ച് ഒരാള്‍ക്ക് ഒരു സന്യാസി തന്റെ ജീവിതകാലംകൊണ്ട്് നേടുന്ന ആത്മീയലാഭങ്ങള്‍ കൈവരിക്കാനാകുമെന്നതാണ് സത്യം. അതിനുള്ള മാര്‍ഗ്ഗത്തെപ്പറ്റിയാണ് ആലോചിക്കേണ്ടതും ജീവിതത്തിലേക്ക് പകര്‍ത്തേണ്ടതും.

ദൈവത്തെ ശരണം പ്രാപിക്കുന്നവന്‍ ശക്തിയെ വര്‍ദ്ധിപ്പിക്കുന്നു, അവന്‍ അത്യുന്നതങ്ങളിലേക്ക് ഉയര്‍ന്നുപറക്കുന്നു, ഒരിക്കലും തളരാതെയെന്നോണം അവനെ ഈശ്വരന്‍ കാത്തുരക്ഷിക്കുന്നു എന്ന്്് മഹാനായ പ്രവാചകന്‍ അരുളുന്നു. ദൈവത്തിന്റെ കരുതലിന് പാത്രമാവുകയാണ് പ്രധാനം. അതു വളരെ ലളിതമായ സംഗതിയാണുതാനും. പ്രാക്ടീസുകൊണ്ട്്് എളുപ്പം നേടിയെടുക്കാനാകുന്നത് എന്നൊക്കെ ആളുകള്‍ പറയുന്നതിനേക്കാള്‍ അതീവലളിതം. വീടും ആരാധനാലയവും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് ആദ്യം വേണ്ടത്. ആരാധനാലയത്തിനു സമീപം ചെന്ന്്് പാര്‍പ്പുറപ്പിക്കണമെന്നല്ല ഈ പറയുന്നതിനര്‍ത്ഥം. വീട് ആരാധാനാലയം തന്നെയാകണമെന്നാണ്. പൂജയും ഭജനയും മന്ത്രവും അകത്തുകൊ്ണ്ടുവരണമെന്നല്ല, ഒരാരാധനാലയത്തിന്റെ പരിശുദ്ധിയും നൈര്‍മല്യവും വീടിനകത്തേക്ക് കൊണ്ടുവരണമെന്നാണ്. വീട് പരിശുദ്ധമാകുമ്പോള്‍ വീട്ടുകാരുടെ മനസ്സും നിര്‍മ്മലമാകുന്ന സയന്‍സ് ആണിത്. അച്ഛനോ അമ്മയ്‌ക്കോ അല്ല കുട്ടികള്‍ക്കാണ് അതിന്റെ ഗുണഫലങ്ങള്‍ ഏറെയും. ശാസ്ത്രജ്ഞരും, ചിന്തകരും, ആത്മീയപുരുഷന്മാരും, കായികതാരങ്ങളുമൊക്കെ അവിടെയാണല്ലോ വന്നുപിറക്കുന്നത്.

കുട്ടികളില്‍ ശരിയായ ആത്മബോധവും മൂല്യബോധവും ചെറുപ്രായത്തില്‍ത്തന്നെ വളര്‍ത്തിയെടുക്കണം. അതിന് മാതാപിതാക്കള്‍ അറിവുള്ളവരാവുകയാണ് വേണ്ടത്. ഉന്നതവിദ്യാഭ്യാസമോ പേരിനൊപ്പം വലിയവലിയ ബിരുദങ്ങളോ നേടിയതുകൊണ്ടു മാത്രം അറിവുള്ളവരായി മാറുമോ? അറിവ് എന്നത് പ്രാപഞ്ചികസത്ത, ആത്മസത്ത എന്നിവയെ വിവേച്ചറയല്‍ കൂടിയാണ്
തിരക്കേറിയ ഇന്നത്തെ ജീവിതചുറ്റുപാടുകളിലും മത്സരാധിഷ്ഠിതജീവിതക്രമത്തിലും മൂല്യങ്ങള്‍ പുലര്‍ത്തി ജീവിക്കാന്‍ സ്ഥിരബുദ്ധിയുള്ള ആര്‍ക്കെങ്കിലും തുനിയുമോയെന്നു ചിന്തിക്കാം. പക്ഷെ കാര്യങ്ങള്‍ എത്ര അപകടകരമായ നിലയിലേക്കാണ് വളര്‍ന്നെത്തുന്നതെന്നു ആലോചിച്ചിട്ടുണ്ടോ? മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുവേണ്ടിയും തൊഴിലിനുവേണ്്ടിയും കുട്ടികള്‍ പരസ്പരം മത്സരമാണ്.ഈ മത്സരം വളര്‍ത്തുന്നതാകട്ടെ മാതാപിതാക്കളും. മത്സരത്തെപ്പറ്റിയുള്ള കഥകള്‍ മാത്രമാണ് മാതാപിതാക്കള്‍ക്ക് കുട്ടികളോടു പറയാനുള്ളൂ. എല്ലായിടത്തും ഒന്നാമതായി എത്തണം. ഒന്നാമനാവാന്‍ ശ്രമിച്ച കുട്ടി രണ്ടാമനോ മൂന്നാമനോ ആയിപ്പോയാല്‍ ആ അവസ്ഥയെ അവനെങ്ങനെ നേരിടും; അനുഭവിക്കുന്ന സമ്മര്‍ദ്ദമെത്രയാകും? 'മക്കളുടെ നല്ല ഭാവിക്കായി' എങ്ങനെയും പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ കൈക്കൂലിയെന്നോ കൊള്ളപ്പലിശയെന്നോ വ്യത്യാസമില്ലാതെ ധനം സമ്പാദിച്ചുകൂട്ടുന്ന രക്ഷിതാക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ദരിദ്രനാരായണന്‍മാരാണ്.
പണമുണ്ടാക്കുന്നത് മോശം കാര്യമൊന്നുമല്ല. പക്ഷെ മക്കള്‍ക്ക് ഈ ജീവിതകാലത്തിനിടയില്‍ അല്‍പ്പമെങ്കിലും ധാര്‍മ്മികബോധം പകരാനായില്ലെങ്കില്‍ തങ്ങളുടെ ജീവിതത്തില്‍ വന്നുഭവിക്കാവുന്ന നിരര്‍ത്ഥകതയെക്കുറിച്ച് മാതാപിതാക്കള്‍ ഒരു നിമിഷമെങ്കിലും ചിന്തിക്കണം. യോഗയും ധ്യാനവും മനോനിയന്ത്രണവുമൊക്കെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും ഒരല്‍പ്പം ധാര്‍മ്മികചിന്ത വിലയ്ക്കു വാങ്ങാമെന്നു കരുതിയാലും തെറ്റി. എവിടെയും കിട്ടാനില്ലാത്തതും എന്നാല്‍ തന്റെയുള്ളില്‍ത്തന്നെയുളളതുമായ ഒരു ചരക്കാണ് ഇത്. മനുഷ്യര്‍ ദേവന്മരെപ്പോലെയായിരുന്ന ഒരു കാലത്തെപ്പറ്റി ഹൈന്ദവപുരാണത്തില്‍ പറയുന്നുണ്ട്്്.

തുടക്കത്തിലേ പറഞ്ഞ ഒറ്റപ്പെടലിന്റെയും അക്രമവാസനകളുടേയും ലോകത്തില്‍ നിന്നും സമൂഹത്തെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ വീടുകളില്‍ നിന്നുതന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു. വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിതത്തില്‍ ധര്‍മ്മവും വിശുദ്ധിയും പുലര്‍ത്തണം. ഒരാള്‍ തന്റെ ചിന്തയിലും ജീവിതരീതിയിലും പെരുമാറ്റത്തിലുമെല്ലാം ബോധപൂര്‍വ്വമായ പരിവര്‍ത്തനം നടത്തുമ്പോള്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതുകാണാം. ഈശ്വരനിലേക്കുള്ള അന്വേഷണം അവിടെനിന്നും ആരംഭിക്കുന്നു. സമുന്നതമായ ആദ്ധ്യാത്മികബോധത്തിലൂന്നിയ കുടുംബജീവിത്തില്‍ സമാധാനവും അനുരജ്ഞനവും സന്തുഷ്ടിയും പ്രതിഫലിക്കും.

ജീവിതപരാജയവും നിരാശയും വാര്‍ദ്ധക്യവും മൂലം ചെന്നെത്തേണ്ട മേഖലയല്ല ആത്മീയത. ഈ അത്ഭുതപ്രപഞ്ചത്തെയും അതിലെ സകലചരാചരങ്ങളെയും ഭൗതികപ്രതിഭാസങ്ങളെയുമൊക്കെ സൃഷ്ടിച്ച ദൈവത്തിനുവേണ്ടിയുള്ള സ്വയംസമര്‍പ്പണമാണ് ജനനം മുതല്‍ മരണം വരെയുള്ള ജീവിതകാലം. പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളുടെയും ആരാധനാരീതികളുടേയും ശുദ്ധവായു കയറാത്ത മതില്‍ക്കെട്ടുകള്‍ ഇല്ലാതാകട്ടെ. തങ്ങളുടെ തന്നെ പരിമിതികളുടെ വേലിക്കെട്ടുകളും തകരട്ടെ. മനസ്സുകള്‍ വിശാലമായ ജാലകങ്ങളാകട്ടെ. വെളിച്ചവും കാറ്റും ശുദ്ധവായുവും അവിടേക്ക് യഥേഷ്ടം കയറിവരട്ടെ!

(സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി)

No comments:

Post a Comment