Monday, August 8, 2011

മഹാരാജാസ്, നിന്റെ ഹൃദയപാളികളില്‍ ദിവസങ്ങളുടെ ചിത്രങ്ങള്‍ക്ക് ഓര്‍മ്മയുടെ കലുഷവിരലുകളാല്‍ ഞാനേതു വര്‍ണ്ണം നിറയ്്ക്കും?


കുതിച്ചോടുന്ന ഒരു തീവണ്ടിമുറിയാണ് മനസ്സ്. പിന്നിലാക്കപ്പെടുന്ന ഓരോ നിമിഷത്തിലും ഒരോ യാത്രഗീതിയുണ്ട്. യാത്രക്കാരാ..ഓ..യാത്രക്കാരാ.. നിങ്ങള്‍ കടന്നുപോവുകയാണോ? പൊയ്‌പ്പോയ വസന്തത്തിന്റെ പൂക്കാലങ്ങളും പെയ്തുതീര്‍ന്ന ചാറ്റല്‍മഴയുടെ കന്യാതുള്ളികളും, പറഞ്ഞുതീരാതെ സന്ധ്യ വന്നു മുടക്കിയ കിനാക്കളത്രയും തോളെല്ലുകളില്‍ കൊളുത്തി നിങ്ങള്‍ യാത്ര തുടങ്ങുന്നുവെന്നോ? കാല്‍മടമ്പില്‍ ചുംബിച്ചപ്പോള്‍ പാദസരങ്ങള്‍ കിലുക്കി അവള്‍ കാതില്‍ പറഞ്ഞതത്രയും മറന്ന് ഈ മഞ്ഞച്ച ചുവരുകളില്‍ ഒരു വാക്കുപോലുമെഴുതാതെ, നൂറ്റാണ്ടറുതിയുടെ ഈ ഇരുമ്പുവാതിലില്‍ മുഖമൊന്നമര്‍ത്താതെ നിങ്ങള്‍ യാത്രയാവുകയാണോ?

മഹാരാജാസ്, നിന്റെ ഹൃദയപാളികളില്‍ ദിവസങ്ങളുടെ ചിത്രങ്ങള്‍ക്ക് ഓര്‍മ്മയുടെ കലുഷവിരലുകളാല്‍ ഞാനേതു വര്‍ണ്ണം നിറയ്്ക്കും?

നമുക്കൊരിക്കലും ഇവിടെനിന്ന് യാത്ര പറയാനാവില്ല. വഴിതെറ്റി വന്നവരാരേയും നമ്മളിവിടെ കാണുന്നില്ല. തുറക്കപ്പെടുവാനായി നമുക്കുമുന്നില്‍ ഇനി വാതായനങ്ങളുമില്ല. ഈ ഭൂമിയുടെ നാലതിരുകളില്‍ ആകാശത്തോളം, പാതാളത്തോളം കുന്തമുനകള്‍ കാവല്‍നിര്‍ത്തി നമുക്കു പരസ്പരം നമ്മളിലേക്കുള്ള പാലങ്ങള്‍ തീര്‍ക്കാം. കരയുന്ന ഒരു മനുഷ്യന്റെ മേഘപ്രാര്‍ത്ഥന നെഞ്ചിലേറ്റുവാങ്ങി പരസ്പരം കൈകള്‍ വിരിച്ചുനിന്ന് നമുക്കു നെഞ്ചകത്തൊരു തീമരം സൂക്ഷിച്ചുവയ്ക്കാം.

സന്ധ്യയായാല്‍ മഹാരാജാസിനു മുകളില്‍ നക്ഷത്രങ്ങള്‍ പിറക്കും. സെന്‍ട്രല്‍ സര്‍ക്കിളില്‍ നിലാവുപടരും. സമരമരച്ചുവട്ടിലെ കല്ലുകളിലൊന്നില്‍ മുമ്പെന്നോ കടന്നുപോയ ഒരു പെണ്‍കുട്ടി കൊളുത്തിവച്ച മെഴുകുതിരിയുരുകാന്‍ തുടങ്ങും. സ്വാതന്ത്ര്യപ്രതിമയുടെ കണ്ണുകളപ്പോള്‍ കത്തിജ്വലിക്കും. ഇരച്ചെത്തുന്ന തണുത്ത കടല്‍ക്കാറ്റിനൊപ്പം മഹാരാജാസിലെ വന്‍മരച്ചില്ലകളില്‍ നക്ഷത്രക്കണ്ണുകളുള്ള പക്ഷികള്‍ ചേക്കേറാന്‍ തുടങ്ങും. ഹിസ്റ്ററിയെയും ഇംഗ്ലീഷിനെയും ബന്ധിപ്പിക്കുന്ന പാലത്തിലിരുന്ന് വെള്ളരിപ്രാവുകള്‍ നൃത്തംവച്ചു തുടങ്ങും. മാര്‍ക്വേസിന്റെ കഥയിലെപ്പോലെ മലയാളം ബ്‌ളോക്കിന്റെ കറുപ്പുപടര്‍ന്ന ഇടനാഴികളില്‍നിന്നും മഞ്ഞപ്പറവകള്‍ പറന്നുയരും.

രാത്രികളെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? ഈ രാത്രികളില്‍ ആര്‍ക്കാണ് ഭ്രാന്തു പിടിക്കാത്തത്?

ഇവിടെനിന്നും നോക്കിയാല്‍ ആകാശച്ചെരുവില്‍ നമുക്കു ലോകത്തിന്റെ മറുചീള് കാണാം. സൗഹൃദങ്ങളില്‍നിന്നും ഒരുനിമിഷം ഒറ്റപ്പെട്ടുനിന്ന് മഞ്ജിത് സെന്നിന്റെയോ, ദേബരതിയുടെയോ പാട്ടുകള്‍കേട്ട് നമുക്കുനമ്മുടെ മനസ്സുകളിലെ ഗൃഹാതുരത്വം ഒരുനിമിഷം ഭൂകമ്പത്തിലാഴ്ത്താം.

നാല്‍പ്പതിന്റെ ബള്‍ബെരിയുന്ന ഹോസ്്റ്റല്‍ മുറിയില്‍ ചെ ചുവക്കുംചുവരില്‍ എട്ടുകാലിത്തടവില്‍ കാഫ്കയും നെരൂദയും അലറിവിളിക്കുമ്പോള്‍ മഹാരാജാസിന്റെ മണ്ണിലൂടെ പോസ്റ്റുമോര്‍ട്ടം ചെയ്യപ്പെടുംപോലെ വിതുമ്പിനടക്കുന്ന ഒരുവന്റെ ശരീരത്തില്‍ കുറ്റിച്ചെടികള്‍ മുളപൊട്ടുകയാണ്. അവയുടെ മുള്ളുകളും വേരുകളും എന്റെ മാംസത്തെ കാര്‍ന്നുതിന്നുന്നു. എന്റെ രക്തത്തെ ആര്‍ത്തിയോടെ പാനംചെയ്യുന്നു. മുള്ളുവള്ളികള്‍ ചുറ്റിവരിഞ്ഞ് എന്റെ കണ്ണുകള്‍കുത്തിപ്പൊട്ടിക്കുന്നു. എന്റെ ശരീരം കാണക്കാണെ ഇടമുറ്റിയ ഒരു കുറ്റിച്ചെടിപ്പടര്‍പ്പായി മാറിക്കൊണ്ടിരിക്കുന്നു. അവിശ്വസനീയമായൊരു പ്രണയാവേശത്തോടെ ഞാന്‍ ഈ ചില്ലുവാതായനങ്ങള്‍ക്കിടയിലൂടെ താഴേക്കു പതിക്കുന്നു.

ജീവിതത്തിന്റെ തിരിച്ചറിയപ്പെടാത്ത ഒരു കടലിന്റെ പച്ചപ്പരപ്പില്‍ കല്ലെറിഞ്ഞുരസിച്ച്, ഓളങ്ങളില്‍ കളിവഞ്ചിയൊരുക്കി, മുഷിഞ്ഞ നോട്ടുപുസ്തകങ്ങളില്‍ നരച്ച ചിത്രങ്ങള്‍ വരച്ച് , ബഞ്ചുകള്‍ക്കിരുപുറമിരുന്ന് കൈനോക്കി ഭാവിപറഞ്ഞ് ഓരോ നിരത്തിലും ഓരോ മതില്‍ക്കോട്ടകളുയര്‍ത്തി നടന്നുനീങ്ങുന്നവരേ, വാക്കുകള്‍ തളര്‍ന്ന് മൗനത്തിലേക്കിഴഞ്ഞിറങ്ങുമ്പോള്‍, പകലുകളില്‍ സമാധാനം വരണ്ടുപോകുമ്പോള്‍ വരിക- വന്യത പെരുമ്പറയാര്‍ക്കുന്ന നഗരത്തിനുള്ളില്‍ നിന്നെ സ്‌നേഹിച്ചുകൊണ്ട്, നിന്നെ മാത്രം കാത്തുകൊണ്ട് ഒരു പിരിയന്‍ ഗോവണിയുടെ പടവുകള്‍ ദൃഢമാകുന്നു.

No comments:

Post a Comment