Thursday, August 11, 2011

കൗമാര മനസ്സുകളുടെ ആരോഗ്യത്തിനും പരിപാലനത്തിനും നമ്മുടെ ആരോഗ്യസിലബസ്സുകളില്‍ വലിയ പ്രധാന്യം കല്‍പ്പിക്കപ്പെട്ടു കാണുന്നില്ല.



യുവമനസ്സുകളുടെ ആരോഗ്യവും ആനന്ദവും കൗമാര മനസ്സുകളുടെ ആരോഗ്യത്തിനും പരിപാലനത്തിനും നമ്മുടെ ആരോഗ്യസിലബസ്സുകളില്‍ വലിയ പ്രധാന്യം കല്‍പ്പിക്കപ്പെട്ടു കാണുന്നില്ല. യുവതലമുറ വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നില്ല എന്നാണോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്? എന്നാല്‍ വാസ്തവം അതാണോ? ലോക വ്യാപകമായി യുവാക്കള്‍ പലവിധമുളള പ്രതിസന്ധികള്‍ നേരിടുകയാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അടുത്ത കാലത്ത് പാശ്ചാത്യ ആരോഗ്യ പ്രസിദ്ധീകരണങ്ങള്‍ പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. സമ്പത്തിലും സാങ്കേതികവിദ്യാമുന്നേറ്റത്തിലുമൊക്കെ ഏറെ മുന്‍പന്തിയിലെന്ന് അഭിമാനം വെച്ചു പുലര്‍ത്തുന്ന അമേരിക്കയിലേയും ബ്രിട്ടനിലേയുമൊക്കെ യുവാക്കള്‍ മദ്യത്തിനും, കന്നാബീസ് പോലുള്ള മയക്കുമരുന്നുകള്‍ക്കും അടിമപ്പെട്ടുകൊണ്ടിരിക്കുയാണ്. ബ്രിട്ടനില്‍ യുവാക്കള്‍ക്കിടയില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നു. തോക്കും കൊലക്കത്തിയും പാശ്ചാത്യയുവാക്കളുടെ പ്രിയപ്പെട്ട ആയുധങ്ങളായി മാറിയിരിക്കുന്നു. വയലന്‍സും കുത്തഴിഞ്ഞ ജീവിതരീതിയും യുവാക്കളെ അങ്ങേയറ്റം പരിതാപകരമായ നിലയിലേക്കാണ് എത്തിക്കുന്നതെന്ന് ദ് ടെലിഗ്രാഫ് പോലുള്ള പത്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ലണ്ടനില്‍ എയ്ഡ്‌സ് അതിവേഗമാണ് പടര്‍ന്നുപിടിക്കുന്നത്. എന്തിനുമേതിനും പടിഞ്ഞാറിനെ ഉദാഹരിക്കുകയും മാതൃകയാക്കുകയും ചെയ്യുന്ന നമുക്ക് ഇതൊരു പാഠവും മുന്നറിയിപ്പുമാണ്. ലഹരിയുടെ പിടിയില്‍അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ കുടിയേറിയ മലയാളികള്‍ പങ്കുവെയ്ക്കുന്ന കഥകള്‍ ഞെട്ടിപ്പിക്കുന്നതാണ്. അമേരിക്കയിലെ മലയാളി സാന്നിദ്ധ്യം ഇപ്പോള്‍ നാലാമത്തെയോ അഞ്ചാമത്തെയോ തലമുറയില്‍ എത്തിനില്‍ക്കുന്നു. അവിടെ ജനിച്ചുവളരുന്ന കുട്ടികളുടെ ജീവിതം തീര്‍ത്തും പാശ്ചാത്യ ശൈലിയില്‍ ആയി മാറിയിരിക്കുന്നുവെന്ന് മാതാപിതാക്കള്‍ വിലപിക്കുന്നു. അവര്‍ക്കിടയില്‍ ആണ്‍കുട്ടിയെന്നും പെണ്‍കുട്ടിയെന്നുമുള്ള വേര്‍തിരിവുകളില്ല. ആണ്‍കുട്ടികളുടെ എല്ലാ സ്വാതന്ത്ര്യങ്ങളും പെണ്‍കുട്ടികളും അനുഭവിക്കുന്നു. രാത്രിയില്‍ നഗരത്തില്‍ ചുറ്റി നടക്കാനും ആണ്‍സുഹൃത്തിനൊപ്പം പബ്ബുകളില്‍ സമയം ചെലവിടാനും അവള്‍ക്കുമേല്‍ നിയന്ത്രണങ്ങളില്ല. ഫലമോ പെണ്‍കുട്ടികളെപ്പോലും മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാനാകാത്ത അവസ്ഥ. വിദേശനാടുകളില്‍ കുടിയേറിപ്പാര്‍ത്ത നല്ലൊരു ശതമാനം മലയാളി വനിതകളും സാമാന്യം നല്ലനിലയില്‍ മദ്യപിക്കുന്നവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദേശനാടുകളില്‍ സ്ത്രീകളിലെ മദ്യപാനം സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. ബ്രിട്ടനും അയര്‍ലണ്ടും അമേരിക്കയുമാണ് സ്ത്രീകളുടെ മദ്യപാനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങള്‍. ആഴ്ച മുഴുവന്‍ നീണ്ടുപോകുന്ന കഠിനാധ്വാനവും അതിന്റെ ക്ഷീണം തീര്‍ക്കാന്‍ അവധിദിവസം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ലഹരിയും എന്നാായിട്ടുണ്ട് പാശ്ചാത്യനാടുകളിലെ ജീവിതശൈലി. കുടുംബബന്ധങ്ങള്‍ക്ക് പ്രസക്തി ഇല്ലാതാകുന്നു. ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടുന്ന ദ്വീപുകളായി മനുഷ്യന്‍ മാറുന്നു.നിശാക്ലബ്ബുകളിലെ ജീവിതംലണ്ടനിലും ടെക്‌സാസിലും പ്രവര്‍ത്തിക്കന്ന ബാറുകളിലും നിശാക്ലബ്ബുകളിലും വാരാന്ത്യങ്ങളില്‍ യുവാക്കളാണ് തടിച്ചുകൂടുക. സാധാരണ ദിവസങ്ങളില്‍ വലിയ വിലയ്ക്ക് വിളമ്പുന്ന മദ്യത്തിന് അന്ന് പ്രത്യേക ഡിസ്‌കൗണ്ടുകളും പ്രഖ്യാച്ചിരിക്കുമത്രെ. രാവു മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മദ്യപാനവും ഡാന്‍സും പരിധി വിടുമ്പോള്‍ ലൈംഗികതയിലേക്കും ലൈംഗികാക്രമണങ്ങളിലേക്കും നീങ്ങുന്നു. രാവു മുഴുവന്‍ തുറന്നു പ്രവര്‍ത്തിക്കുന്ന നിശാ ക്ലബ്ബുകള്‍ പ്രകൃതിവിരുദ്ധ ലൈംഗികതയുടെ കേന്ദ്രങ്ങള്‍ കൂടിയാണ്. എയ്ഡ്‌സ് പോലെ ലോകജനതയെ കാര്‍ന്നുതിന്നുന്ന മാരകരോഗങ്ങളുടെ മൊത്തക്കച്ചവട കേന്ദ്രങ്ങള്‍ നമ്മുടെ വന്‍നഗങ്ങളിലും വേരുപിടിക്കുകയാണ്. പബ്ബുകളില്‍ നിന്നും വളരെ വൈകി അപ്പാര്‍ട്ടുമെന്റുകളിലേക്ക് പോകുന്ന സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി ഡല്‍ഹിയില്‍ നിന്നുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മാനഭംഗത്തിന് ഇരയായിക്കഴിഞ്ഞ പെണ്‍കുട്ടികള്‍ കേസു കൊടുത്താലും കുറ്റവാളികള്‍ രക്ഷപെടാറാണ് പതിവ്. മദ്യലഹരിയില്‍ കുറ്റവാളികളെ തിരിച്ചറിയാനോ പോലീസിന് സഹായകരമായ വിവരങ്ങള്‍ നല്‍കാനോ ഇവര്‍ക്ക് കഴിയാറില്ലെന്നതാണ് വാസ്തവം. കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മദ്യപിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പുതിയ മദ്യപന്മാരായി രംഗപ്രവേശം ചെയ്ത യുവാക്കളില്‍ 14 നും 18 നും ഇടയിലുള്ളവരായിരുന്നു കൂടുതല്‍. അതായത് ഒമ്പതാം ക്ലാസില്‍ എത്തുമ്പോഴേയ്ക്കും ഒരു വിദ്യാര്‍ത്ഥി മദ്യപാനശീലത്തിലേക്ക് കടക്കുന്നു എന്നര്‍ത്ഥം. യുപി തലത്തില്‍ പഠനം തുടങ്ങുമ്പോള്‍ത്തന്നെ വിദ്യാര്‍ത്ഥികള്‍ ശംഭു, പാന്‍പരാഗ്, മസാലകള്‍ തുടങ്ങിവയുമായി പരിചയത്തിലാവുകയും ചെയ്യുന്നു.അടച്ചിട്ട വീടും മനസ്സുംഎന്തുകൊണ്ട് യുവാക്കള്‍ അപഥമാര്‍ഗ്ഗങ്ങളില്‍പ്പെട്ടുപോകുന്നു എന്നുള്ള അന്വേഷണവും പ്രസക്തമാണ്. കുടുംബബന്ധങ്ങളിലെ ഛിദ്രം, വീടുകളിലെ പ്രതികൂലമായ അന്തരീക്ഷം, മാതാപിതാക്കള്‍ തമ്മിലുള്ള അകല്‍ച്ച, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്തത്, സ്‌കൂളില്‍ നിന്നും നേരത്തെയുള്ള കൊഴിഞ്ഞുപോക്ക് ,ഏകാന്തത, തെറ്റായ കൂട്ടുകെട്ടുകള്‍, നേരത്തെ തന്നെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയാണ് കുഴപ്പങ്ങള്‍ക്ക് കാരണമായി മനാശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. അണുകുടുംബങ്ങളില്‍ വളരുന്ന കുട്ടികള്‍ വലിയ തോതില്‍ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നു. വീടിനുള്ളിലെ അടച്ചിടപ്പെട്ട ഏകാന്തതയില്‍ വളരുന്ന കുട്ടി സമൂഹത്തോട് സക്രിയമായി പ്രതികരിക്കണമെന്നില്ല. മാതാപിതാക്കള്‍ ജോലിക്കു പോകുന്നതോടെ വീട്ടിലകപ്പെട്ട കുട്ടിക്ക് ടെലിവിഷന്‍ മാത്രമായിരിക്കും കുട്ട്. നാനാതരം ചാനലുകളിലൂടെ കുട്ടിയുടെ കാഴ്ചകള്‍ മാറിമാറി സഞ്ചരിച്ചുകൊണ്ടിരിക്കും. ഇതില്‍ ഏതു കാഴ്ചയാണ് അവന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുക എന്നറിയില്ലല്ലോ. വയലന്‍സും സെക്‌സും മറയില്ലാതെയാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. മക്കളെ വീടിനകത്ത് അടച്ചുപൂട്ടി ടിവി ഓണ്‍ചെയ്ത് പടിയിറങ്ങിപ്പോകുന്ന മാതാപിതാക്കള്‍ ഒരു റിമോട്ട് കണ്‍ട്രോള്‍ കൊണ്ടും തിരിച്ചുപിടിക്കാനാവാത്ത വലിയ നാശത്തിലേക്ക് കുട്ടികളെ തള്ളിവിടുന്നതെന്ന് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. പബ്ബുകള്‍, ബാറുകള്‍, ഡിസ്‌കോതെകുകള്‍, ഡാന്‍സ് ഫ്‌ളോറുകള്‍ , ഫാഷന്‍ ഷോകള്‍ എന്നിവയൊന്നും ഇന്ത്യന്‍ കുടുംബങ്ങള്‍ അംഗീകരിക്കുന്നില്ല. ചെറുപ്പക്കാര്‍ ഇത്തരം ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് 95 ശതമാനം മാതാപിതാക്കളും എതിര്‍ക്കുന്നു. ഇന്ത്യയിലെ കുടുംബങ്ങളുടെ ഒരു കണക്കെടുത്താല്‍ നാലില്‍ മൂന്ന് കുടുംബങ്ങളും സമൂഹത്തില്‍ നിന്നും ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കണമെന്നു തന്നെ ശഠിക്കുന്നു. ചെറുപ്പക്കാരുടെ മനസുകളെ ആരോഗ്യപരമായി മുന്നോട്ടു നയിക്കുന്നതില്‍ സമൂഹത്തിനും കാര്യമായ പങ്കു ചെലുത്താനുണ്ട്. സമൂഹം മന:പൂര്‍വ്വം സൃഷ്ടിച്ചുവച്ചിരിക്കുന്ന ചില വിലക്കുകളാണ് ചിലരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നോക്കുക. വ്യക്തിപരവും സാമൂഹ്യപരവുമായ മാനസികസംഘര്‍ഷങ്ങള്‍, കൃത്യമായ വിദ്യാഭ്യാസം തെരഞ്ഞെടുക്കാനോ മുന്നോട്ടു കൊണ്ടുപോകാനോ കഴിയാത്ത അവസ്ഥ, അമിതമായ ഉത്തരവാദിത്തം അടിച്ചേല്‍പ്പിക്കല്‍, മതപരമായ നിയന്ത്രണങ്ങള്‍, ഗൃഹാന്തരീക്ഷത്തിലെ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍ തുടങ്ങിയവയൊക്കെ ചെറുപ്പക്കാരില്‍ സംഘര്‍ഷം വളര്‍ത്തുന്നു. പാരമ്പര്യത്തെ തിരിച്ചുപിടിക്കാംഇന്ത്യയിലെ യുവാക്കള്‍ ഇന്ന് അഭിമുഖീകരിക്കുന്ന ജീവിതസാഹചര്യങ്ങളും ജീവിതശൈലികളും പാശ്ചാത്യനാടുകളില്‍ നിന്നും ഒട്ടും വിഭിന്നമല്ല. ആഗോളീകരണം ലോകമെമ്പാടുമുളള യുവാക്കളെ ഒരേ ജീവിതചുറ്റുപാടുകളില്‍ എത്തിച്ചിരിക്കുന്നു. പക്ഷെ ഇന്ത്യയിലെ യുവാക്കള്‍ ഒരു കാര്യത്തില്‍ ഭാഗ്യം ചെയ്തവരാണ്. ജീവന്റെയും ജീവിതത്തിന്റെയും സത്യങ്ങള്‍ തേടിയ വലിയ അന്വേഷികളുടെ നാടാണിത്. ലളിതമായ ജീവിതചര്യകളിലുടെ മനസ്സിന്റെയും ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തി ജീവിതാന്ത്യം വരെ സന്തോഷപൂര്‍വ്വം ജീവിക്കാവുന്ന മാര്‍ഗ്ഗങ്ങളെപ്പറ്റി ഭാരതീയ ചികിത്സാശാസ്ത്രങ്ങളില്‍ പുരാതന മാമുനികള്‍ വ്യക്തമാക്കുന്നുണ്ട്. ആയുര്‍വ്വേദം ഉള്‍പ്പെടെയുള്ള ഭാരതീയ ചികിത്സാപാരമ്പര്യങ്ങളുടെയും മഹത്തായ ഒരു ജീവിതസംസ്‌കൃതിയുടെയും സമ്പന്നതയാണ് ഇത്. ആധുനിക സാഹചര്യങ്ങളില്‍ നമ്മുടെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഉമ്മറങ്ങളിലേക്കുള്ള മടങ്ങിപ്പോക്കാണ് ആവശ്യം. അണുകുടുംബം എന്ന വ്യവസ്ഥിതിയെ ഇല്ലായ്മ ചെയ്തുകൊണ്ട് കൂട്ടുകുംടുംബത്തിലേക്കുള്ള ഒരു മടങ്ങിപ്പോകലല്ല അത്. പുതിയ കാലത്തിന്റെ ഉണര്‍വ്വുകളെയും നേട്ടങ്ങളെയും സ്വാംശീകരിച്ചുകൊണ്ട് പാരമ്പര്യത്തിന്റെ നന്മകളെ പകര്‍ത്തുകയാണ് ആവശ്യം. വളര്‍ന്നു വരുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും എങ്ങനെയുള്ള ജീവിതക്രമം പാലിക്കണമെന്ന് പൗരസ്ത്യ ചികിത്സാശാസ്ത്രങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. സമൂഹത്തിലെ കുടുംബം എന്ന അടിസ്ഥാന ഘടകത്തിന് അതില്‍ നിര്‍ണായമായ പങ്ക് വഹിക്കാനുണ്ട്. വീട് നന്നായാല്‍ നാട് നന്നായി എന്നാണ് പറയുന്നത്. അച്ഛന്‍, അമ്മ, ഒന്നോ രണ്ടോ കുട്ടികള്‍ എന്നതണ് ഇന്നത്തെ കുടുംബവ്യവസ്ഥിതിയിലെ അടിസ്ഥാന ഘടകങ്ങള്‍. ആശയവിനിമയം ഇവിടെ പ്രധാനഘടകമായി മാറുന്നു. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയ വിടവാണ് ഭൂരിഭാഗം കുട്ടികളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. മാതാപിതാക്കള്‍ തങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കുട്ടികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നു. കുട്ടികള്‍ അത് നിറവേറ്റുന്നതിനായി മാത്രം ജീവിച്ചാല്‍ മതിയെന്നാണ് അവരുടെ പക്ഷം. കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, അവരുടെ താല്‍പര്യങ്ങള്‍ ഒക്കെയും ബലി കഴിക്കപ്പെടുന്നു. മാതാപിതാക്കളുടെ അമിത പ്രതീക്ഷകള്‍ കുട്ടികളുടെ സ്വസ്ഥത കെടുത്തുന്നു. ആധുനിക ജീവിത സാഹചര്യങ്ങളില്‍ പണത്തിന് വലിയ പ്രാധാന്യമാണ് സമൂഹം കല്‍പ്പിക്കുന്നത്. പണം എന്നത് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ ഒരുപാധി എന്നതിനേക്കാള്‍ സംഭരിച്ചുവയ്‌ക്കേണ്ട ഒരുല്‍പ്പന്നം എന്നതിലേക്ക് എത്തിയിരിക്കുന്നു. യുവതലമുറയെ പണത്തിന്റെ മൂല്യത്തെപ്പറ്റി ബോധവാന്മാരാക്കം. അവര്‍ക്കായി പണം സമ്പാദിച്ചു കൂട്ടുന്നതിനേക്കാള്‍ അവരെ നന്നായി വളര്‍ത്തി സമൂഹത്തിന് പ്രയോജനം ചെയ്യപ്പെടുന്ന രീതിയില്‍ വളര്‍ത്തിയെടുക്കുന്നതാണ് ഉത്തമം. ജീവന്റെ ആനന്ദംഡാന്‍സ്ഫ്‌ളോറുകളില്‍ വിയര്‍പ്പില്‍ കുതിര്‍ന്ന് ആനന്ദനൃത്തം ചവിട്ടുന്നത് യഥാര്‍ത്ഥ മാനസികോല്ലാസം ലക്ഷ്യമിട്ടാണെന്ന് പറഞ്ഞാല്‍ തെറ്റി. അദ്ധ്വാനത്തിന്റെ ഭാരം ലഘൂകരിക്കുന്നതിനും യഥാര്‍ത്ഥ മാനസികോല്ലാസം കൈവരിക്കുന്നതിനും പവിത്രമായ മാര്‍ഗ്ഗങ്ങളാണ് ഭാരതീയശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്. തൊഴില്‍മേഖലയില്‍ കായികമായ ജോലികളേക്കാള്‍ തലച്ചോറുകൊണ്ടുള്ള അദ്ധ്വാനത്തിനാണ് ഇന്ന് മുന്‍തൂക്കം. അമിതമായ ജോലിഭാരം ശരീരത്തിന്റെയും മനസ്സിന്റെയും താപനില വര്‍ദ്ധിപ്പിക്കുന്നു. ഇത് ഉപാപചയപ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. ശരീരത്തിന്റെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കാന്‍ മാര്‍ഗ്ഗം കണ്ടെത്താന്‍ ശരീരം നിര്‍ബന്ധിതമാകും. ശരീരം വിയര്‍ക്കുന്നതിലൂടെയാണ് ശരീരത്തിന്റെ താപനില നിയന്ത്രിക്കപ്പെടുന്നത്. ഒരാള്‍ക്ക് അനുയോജ്യമായ കര്‍മ്മങ്ങളിലൂടെയാകണം ശരീരം വിയര്‍ക്കേണ്ടത്. ശരീരത്തെ ബാധിക്കുന്ന ഏതൊരു വ്യാധിയും കര്‍മ്മവ്യാധിയായി വിലയിരുത്തുന്നു. കര്‍മ്മത്തെ കര്‍മ്മം കൊണ്ട് അഴിക്കുക എന്നതാണ് യഥാര്‍ത്ഥ ചികിത്സയുടെ രീതിശാസ്ത്രം. ലിബിഡോ എന്ന ജീവശക്തിയാണ് (വൈറ്റല്‍ പവര്‍) ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. ഭാരതീയ ചിന്താമണ്ഡലത്തില്‍ കുണ്ഡലിനീശക്തി എന്ന് വ്യവഹരിക്കപ്പെടുന്നത് ഈ ലിബിഡോ തന്നെയാവാം. മൂലാധാരത്തില്‍ പാമ്പിന്റെ രൂപത്തില്‍ ചുരുണ്ടു കൂടിക്കിടക്കുന്ന ഈ ശക്തിവിശേഷം ജീവന്റെ അവസ്ഥ മാറുന്നതിനൊപ്പം ഉയര്‍ന്ന് ആജ്ഞാചക്രം വരെയെത്തി ഒടുവില്‍ സഹസ്രാരപത്മം വിടര്‍ന്ന് നിറുക തുളച്ച് പുറത്തേക്കു പോവുകയാണെന്ന് യോഗമാര്‍ഗ്ഗം വിശദീകരിക്കുന്നു. മൂലധാരം എന്നത് ഗുദമാണ്. (നട്ടെല്ലിന്റെ മൂലഭാഗം). സ്വാധിഷ്ഠാനം പ്രത്യുല്‍പ്പാദന അവയവങ്ങള്‍. മണിപൂരകം പൊക്കിള്‍ക്കൊടി. അനാഹതം എന്നത് ഹൃദയഭാഗം. വിശുദ്ധി എന്നത് കണ്ഠഭാഗം. ആജ്ഞ ഭ്രൂമധ്യം. (പുരികക്കൊടികളുടെ നടുവിലുള്ള ഭാഗം). തെര്‍മോമീറ്ററില്‍ മെര്‍ക്കുറി കയറിയിറങ്ങുന്നതുപോലെ കുണ്ഡിനീശക്തി ഒരാളുടെ ജീവന്റെ ഉന്നതി അനുസരിച്ച് ഈ ചക്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. മൂലാധാരം വരെയോ സ്വാധിഷ്ഠാനം വരെയോ മാത്രം ഉയര്‍ച്ച ലഭിക്കുന്ന ജീവനാണ് ഒരാളുടേതെങ്കില്‍ അയാളുടെ താല്‍പര്യങ്ങള്‍ അത്രയും പ്രവര്‍ത്തനങ്ങളില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നു. എന്നാല്‍ യഥാര്‍ത്ഥ ആഹ്‌ളാദങ്ങള്‍, സത്യങ്ങള്‍ അതിലുമെത്രയോ ഉയരത്തിലാണ്. ഒരു സസ്യം അല്ലെങ്കില്‍ മൃഗം പോലും പ്രത്യുല്‍പ്പാദനത്തെ ഒരു പ്രത്യേക കാലത്തേക്കായി മാറ്റിനിര്‍ത്തിയിരിക്കുന്നത് ഏററവും മികച്ച സന്തതികളെ ലഭിക്കാനാണ്. ഒരു വൃക്ഷം ഒരു വര്‍ഷം മുഴുവന്‍ അതിന്റെ ജീവശക്തി സ്വരുക്കൂട്ടിവെച്ച് ഏറ്റവും മികച്ച ഫലങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു. മനുഷ്യരുടെ ആത്മീയാവസ്ഥയുടെ ഉന്നതി അനുസരിച്ചും പ്രകൃതിയുടെ ഏറ്റിറക്കങ്ങളിലെ നന്മ വശമനുസരിച്ചും (ഇതാണ് രാശിചക്രങ്ങള്‍, പക്ഷങ്ങള്‍ എന്നെല്ലാം പറയുന്നത്) ഉണ്ടാകുന്ന ഒരു സന്തതി മാതാപിതാക്കള്‍ക്കും ലോകത്തിനും അവനവനു തന്നെയും ഗുണദാതാവായിരിക്കും. ആധുനികശാസ്ത്രം പറയുന്നത് അച്ഛനനമ്മമാരുടെ ജീവിതചര്യ, ആഹാരക്രമം, മാനസികഘടന ഇവ നവജാതഭ്രൂണത്തെപ്പോലും സ്വാധീനിക്കുന്നതായി തെളിവുകളുണ്ട് എന്നാണ്. അങ്ങനെ വരുമ്പോള്‍ ഇന്നത്തെ യുവാക്കള്‍ -നാളെ അച്ഛനമ്മമാരും വൃദ്ധരും ആകാനുള്ളവര്‍- ഇന്നവരുടെ ജീവിതചര്യകളും ആഹാരക്രമവും മാനസികഘടനയും പരിപക്വമായി, വിശുദ്ധമായി സൂക്ഷിച്ചാല്‍ നാളെ ഒരു കാലത്ത് അന്നത്തെ യുവതലമുറ വഴിതെറ്റുന്നു എന്നു പരിതപിക്കേണ്ടി വരില്ല എന്നര്‍ത്ഥം.

No comments:

Post a Comment