Tuesday, August 9, 2011

തന്നെത്തന്നെ വിളിക്കുക


ഈയിടെ നാലഞ്ചു രക്ഷിതാക്കള്‍ എന്റെയടുത്ത് ചില പരാതികളുമായെത്തി. മക്കളുടെ മൊബൈല്‍ ഭ്രമത്തെക്കുറിച്ചും, എത്ര ശാസിച്ചിട്ടും അവസാനിക്കാത്ത അവരുടെ മൊബൈല്‍ ഭാഷണങ്ങളെയും കുറിച്ചായിരുന്നു പരാതി. കുട്ടികള്‍ക്ക് ആരാണ് ഫോണുകള്‍ വാങ്ങിക്കൊടുത്തതെന്ന് ഞാന്‍ ചോദിച്ചു. 'ഞങ്ങള്‍ തന്നെ' എന്നായിരുന്നു മറുപടി. സ്വയം വരുത്തിവച്ച വിനയ്ക്ക് അവനവന്‍ തന്നെ പരിഹാരം കാണുകയയേ ഉത്തമമെന്നു ഞാന്‍ പറഞ്ഞു.

വാങ്ങിക്കൊടുത്ത സമയത്ത് വിളി ഇത്ര പരിധി കടക്കുമെന്ന് വിചാരിച്ചില്ലത്രേ. വിളിക്കുന്നയാള്‍ പരിധിയിലില്ലെങ്കില്‍ മാത്രമേ ഇപ്പോള്‍ കുട്ടികള്‍ക്ക് വിശ്രമമുള്ളു. തന്റെ കുട്ടി ഇന്റര്‍നെറ്റിന്റെ മുന്നില്‍ മണിക്കൂറുകളോളം കുത്തിയിരിക്കുന്നതാണ് മറ്റൊരു രക്ഷിതാവിന്റെ ആവലാതി. കമ്പ്യൂട്ടറും മറ്റും വച്ചിരിക്കുന്ന മുറിയിലേക്ക് ആരുചെല്ലുന്നതും അവനിഷ്ടമില്ല. അതുകൊണ്ട്്് എപ്പോഴും കതകടച്ചിരിപ്പാണ്. കഴിക്കാന്‍ വിളിച്ചാലും വിരളമായേ പുറത്തുവരാറുള്ളൂ. രക്ഷിതാക്കളുടെ ആശങ്കള്‍ അസ്ഥാനത്തല്ല എന്നെനിക്കറിയാം. പക്ഷെ ആരാണ് പോംവഴി കണ്ടെത്തേണ്ടത്? മന:സമാധാനം തകര്‍ക്കാന്‍ ഓരോന്ന് ഇറങ്ങിക്കോളും എന്നുവിലപിച്ചിട്ടു കാര്യമുണ്ടോ? മന:സമാധാനവും കുടുംബസമാധാനവും കെടുത്തുമെന്നുപറഞ്ഞ് ശാസ്ത്രലോകത്തെ പുതിയ കണ്ടുപിടുത്തങ്ങളെ പടിക്കുപുറത്തു നിര്‍ത്തേണ്ടതുണ്ടോ? അകത്തേക്കു വിളിക്കുമ്പോള്‍ ഒരു കരുതലുണ്ടാവണമെന്നുമാത്രം.

സയന്‍സിന്റെ വേഗത അത്ഭുതപ്പെടുത്തുന്നതാണ്. ചികിത്സയ്ക്കുവേണ്ടി മാത്രമല്ല പ്രാപഞ്ചികസത്യങ്ങളെക്കുറിച്ചും സയന്‍സ് ഇന്നു ചിന്തിക്കുന്നു. ഇങ്ങനെ പോയാല്‍ ശാസ്ത്രവികസനം മനുഷ്യന്റെ നിലനില്‍പ്പിനു ഭീഷണിയാകുമോ എന്നുപോലും പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. സയന്‍സിന്റെ ഗുണഫലങ്ങള്‍ സൗകര്യങ്ങളുണ്ടാക്കിയെന്നു പറയുമ്പോഴും അതിന്റെ സദ്ഫലങ്ങളുടെ ദുരുപയോഗം ഹാനികരമായ ഫലങ്ങള്‍ ഉളവാക്കുവെന്നത് വിസ്മരിക്കാനാവുമോ? മൊബൈല്‍ഫോണുകളുടെ അധികരിച്ച ഉപയോഗം ക്യാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നവെന്ന് മുന്നറിയിപ്പുകള്‍ വന്നുകഴിഞ്ഞു. ക്യാന്‍സറിനെ പേടിച്ച് ഫോണ്‍വിളി ആരും കുറച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. വിദ്യാഭ്യാസത്തിനോ ജോലിക്കോ ആയി വീടുവിട്ടു പോകുന്ന പെണ്‍മക്കളുടെ അച്ഛനമ്മമാര്‍ക്ക് ഇത്രകണ്ട്് ആശ്വാസം പകരുന്ന മറ്റൊരു വിദ്യയുണ്ടോ?

സാങ്കേതികവിദ്യകളുടെ സൗകര്യം പ്രയോജനപ്പെടുത്തുന്നതില്‍ ഒരു നിയന്ത്രണം വേണമെന്നാണ് അഭിപ്രായം. എന്തിന്റെയും ഉപയോഗം അത് അമിതമായായ ആപത്തു വിളിച്ചുവരുത്തും. 'ഞാന്‍ പുറപ്പെട്ടുവെന്നോ', 'ഇന്ന സ്ഥലത്തെത്തിയെന്നോ' മറ്റുമുള്ള ഹ്രസ്വമായ മറുപടികളില്‍ വിളിയുടേയും സംസാരത്തിന്റെയും ദൈര്‍്ഘ്യം ചുരുക്കണം.

ഒരാളുടെ ഫോണില്‍ ഒരു നൂറുപേരുടെ പേരുണ്ടെങ്കില്‍ അതില്‍ സ്ഥിരമായി ഒരു പത്തുപേരോടു മാത്രമേ സ്ഥിരമായി വിളികള്‍ കാണൂ. ആ പത്തുപേരെയെടുത്താല്‍ അതില്‍ത്തന്നെ അഞ്ചുപേരോടു മാത്രമേ നിരന്തരമായ വിളികള്‍ കാണൂ. ബാക്കി അഞ്ചുപേരോട് കാര്യമാത്രപ്രസക്തമായ സംഭാഷണമായിരിക്കും. നിരന്തരമായി വിളിക്കുന്ന അഞ്ചുപേരോടുള്ള നമ്മുടെ സംഭാഷണത്തില്‍ വലിയ കഴമ്പൊന്നും കാണില്ല. വെറുതെ കൊച്ചുവര്‍ത്തമാനം പറഞ്ഞു കളയുന്ന ഈ നേരത്തെ ആദ്യം തിരിച്ചുപിടിക്കാം. ഇനി അവരോട് സംസാരിക്കുമ്പോള്‍ മന:പൂര്‍വ്വം തന്നെ സംസാരദൈര്‍ഘ്യം കുറയ്ക്കണം. ഇങ്ങനെ വൃഥാവില്‍ സംസാരിച്ചു സമയവും പണവും നഷ്ടപ്പെടുത്തേണ്ടതുണ്ടോയെന്ന് അവരോടു ചോദിക്കണം. വ്യര്‍ത്ഥഭാഷണങ്ങളുടെ നിരര്‍ത്ഥകത ബോദ്ധ്യപ്പെട്ടാല്‍പ്പിന്നെ അപകടകാരിയായ ഈ ചെറുയന്ത്രം വായടച്ചു കിടന്നുകൊള്ളും.

ജരാനരകളെ അകറ്റി നിത്യയൗവനത്തെ വീണ്ടെടുത്ത കഥകളും ചികിത്സാമുറകളുമൊക്കെ നമുക്ക് പരിചിതമാണ്. ഇപ്പോള്‍ സയന്‍സും ആ വഴിക്കു നീങ്ങുകയാണത്രെ. മുടി നരയ്ക്കുന്നതിനു കാരണമായ ഡബ്‌ളിയു.എന്‍.ടി പ്രോട്ടീനുകളെ കണ്ടെത്തിയെന്നും നരനീക്കാനുള്ള മരുന്നും ഷാമ്പൂവും വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലുലാണ് ്ശാസ്ത്രലോകമെന്നും കേള്‍ക്കുന്നു. മുടി കറുപ്പിക്കുന്ന മരുന്നുകൊണ്ട്്്് മരണത്തെ തടുക്കാനാകുമോ? ജനിമൃതവ്യവസ്ഥ തകിടം മറിച്ചുകൊണ്ടുുള്ള ഒരു കണ്ടുപിടുത്തത്തിനും പ്രകൃതിയില്‍ നിലനില്‍പ്പുണ്ടാകില്ല എന്നു കരുതാനാണിഷ്ടം. അതുതന്നെയാണ് സത്യവും. ലോകത്ത് ഇല്ലാത്തനൊന്നും ഇനിയുണ്ടാകാന്‍ പോകുന്നില്ല. ഉള്ളതൊന്നും ഇല്ലാതാകാനും പോകുന്നില്ല. പരമാണുവിനും ഊര്‍ജ്ജത്തിനും നാശമില്ല. ആരെങ്കിലും തുനിഞ്ഞിറങ്ങിയാല്‍ അതിനെ നശിപ്പിക്കാനോ പുനര്‍ജ്ജനിപ്പിക്കാനോ കഴിയുമോ? നാശമുള്ളത് ജീവനുള്ള ശരീരത്തിന് മാത്രമാണ്. ഈ ശാശ്വതസത്യത്തെ മുറുകെ പുല്‍കുക മാത്രമാണ് കേവലമനഷ്യജീവികളായ നമുക്കു സാദ്ധ്യമായിരിക്കുന്നത്.

ജനനം മുതല്‍ മരണം വരെ വെറുതെ ജീവിച്ചതുകൊണ്ട്്് എന്താകാന്‍? ആ ജീവിതകാലത്ത് ഒരുവന്‍ ചെയ്ത കര്‍മ്മങ്ങളെന്തോ അതുമാത്രമാവും നിലനില്‍ക്കുക. ജീവിതത്തിന് നമ്മള്‍ എന്തു ചിന്ത നല്‍കുന്നു, ഏതു നിറം നല്‍കുന്നു, ഏതു ഭാവന നല്‍കുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന് രൂപഭംഗിയും അര്‍ത്ഥവ്യാപ്തിയും കൈവരിക. ഒരാളുടെ ജീവിതം മറ്റൊരാള്‍ക്കു മാതൃകയാകുമ്പോള്‍, ഈ ജീവിതശൈലി മറ്റൊരാള്‍ തന്റെ ജീവിതത്തിലേക്കു പകര്‍ത്തുമ്പോള്‍ നമ്മുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടാകുന്നു. അങ്ങനെയുള്ള ജീവിതത്തെ ജരാനരകള്‍ ബാധിക്കുന്നില്ല; അത് മൃതിപ്പെടുന്നുമില്ല. സദ്കര്‍മ്മികള്‍ക്ക് മരണമില്ല എന്നു പറയുന്നതും ഇതുകൊണ്ടുതന്നെ. ജീവിതത്തെ ഭാവനയാല്‍ സമ്പുഷ്ടമാക്കുക. ഈ പരിശീലനം മാറ്റങ്ങളുണ്ടാക്കുന്നത് കണ്ടാനന്ദിക്കുക. സയന്‍സിനെയും മൊബൈല്‍ഫോണിനേയുംപറ്റി പറഞ്ഞാണ് തുടങ്ങിയത്. ഒടുവിലും അതുതന്നെയാണ് പറയാനുള്ളത്. നമ്മുടെ ഫോണുകളില്‍ നിന്നും അന്യരെ വിളിക്കുതിനു പകരം നമ്മളിലേക്കു തന്നെയുള്ള വിളികള്‍ തുടങ്ങുക.

(സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി)

No comments:

Post a Comment