Tuesday, August 9, 2011

സഹജീവി ബാധ്യതയോ?


ചര്‍ക്കയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനും ഭാരതീയരില്‍ സ്വാശ്രയശീലം വളര്‍ത്തുന്നതി
നുമായി മഹാത്മജി ഭാരതത്തിലെ ഓരോ ഗ്രാമങ്ങളിലൂടെയും യാത്ര ചെയ്യുകയായിരുന്നു.

നൂല്‍നൂല്‍പ്പു പ്രചരിപ്പിക്കുന്നതിനായി ഓരോ ഗ്രാമത്തിലും അദ്ദേഹം ഗ്രാമീണസഹകരണസംഘങ്ങള്‍ക്ക് രൂപം നല്‍കുകയും അവരിരില്‍ നിന്നും സംഭാവനകള്‍ പിരിക്കുകയും ചെയ്തു. ഒറീസയില്‍ വച്ച് അദ്ദേഹം ഒരു ജനക്കൂട്ടത്തോടു സംസാരിക്കുകയായിരുന്നു. പ്രസംഗം അവസാനിച്ചപ്പോള്‍ ദരിദ്രയായ ഒരു വൃദ്ധ മഹാത്മജിക്കരികിലേക്ക് ചെല്ലുവാന്‍ ശ്രമിച്ചു. പ്രായാധിക്യം കൊണ്ടുതളര്‍ന്നുപോയ ശരീരം.
പൂര്‍ണ്ണമായും നരച്ച മുടിയിഴകള്‍, പഴന്തുണിക്കു സമാനമായ കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍. വാളണ്ടിയര്‍മാര്‍ അവരെ ഗാന്ധിജിക്കരികിലേക്ക് പോകുന്നതില്‍നിന്നും തടഞ്ഞു. 'എനിക്ക് അദ്ദേഹത്തെ കണ്ടേതീരൂ..' വൃദ്ധ പ്രതികരിച്ചു. ആ നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ തടസ്സങ്ങള്‍ വിലപ്പോയില്ല.

അവര്‍ മഹാത്മാഗാന്ധിയിയുടെ അരികില്‍ചെന്ന് പാദങ്ങളില്‍ കുമ്പിട്ടു. സാരിയുടെ മടിശീലയില്‍ നിന്നും ഒരു ചെമ്പുനാണയമെടുത്ത് ഗാന്ധിജിയുടെ കൈകളില്‍ വച്ചുകൊടുത്തു. അദ്ദേഹം ശ്രദ്ധാപൂര്‍വ്വം അതുവാങ്ങി.

ഇതുകണ്ട്്്് അടുത്തുനിന്നിരുന്ന ഒരു ധനികപ്രമാണി ഗാന്ധിജിയോട് ഇപ്രകാരം ആവശ്യപ്പെട്ടു. 'ആ വൃദ്ധയുടെ പണം തിരിച്ചുകൊടുത്തേക്കൂ. അവരുടെ കൈയിലാകെയുള്ള സമ്പാദ്യമായിരിക്കും അത്. പകരമായി അങ്ങേയ്ക്ക് ഞാന്‍ ആയിരങ്ങള്‍ തന്നെ സംഭാവനയായി താരം..'

മഹാത്മജി മന്ദഹസിച്ചു, എന്നിട്ടു പറഞ്ഞു. ''സുഹൃത്തേ ഈ ചെമ്പുനാണയത്തിന് നിങ്ങളിടുന്ന വില നിസ്സാരമായേക്കാം. എന്നാല്‍ ഞാനിതിന് താങ്കള്‍ പറഞ്ഞ ആയിരങ്ങളേക്കാള്‍ വില കല്‍പ്പിക്കുന്നു. ഒരാളുടെ പക്കല്‍ ലക്ഷക്കണക്കിന് രൂപയുണെ്്ടങ്കില്‍ അതില്‍നിന്നും ആയിരങ്ങള്‍ സംഭാവന ചെയ്യുന്നതിന് മടിയുണ്ടാവില്ല. പക്ഷെ ഈ സാധുസ്ത്രീയുടെ കൈയിലെ ആകെയുള്ള സമ്പാദ്യമായ ഈ ചെമ്പുതുട്ട് യൊതുരമടിയും കൂടാതെ അവര്‍ സംഭാവന ചെയ്തിരിക്കുന്നു. ഒരു ധനികന് ഇങ്ങനെയുള്ള ത്യാഗത്തിന് കഴിയുമോ? അതുകൊണ്ടുതന്നെ ഈ ചെമ്പുപണത്തിന് ഞാന്‍ ഒരുകോടി രൂപയേക്കാളും വിലമതിക്കുന്നു.'' ഗാന്ധിജിയുടെ മറുപടികേട്ട് ധനികന്‍ തലതാഴ്ത്തിനിന്നു.

കേള്‍ക്കാനും പറയാനുമൊക്കെ ഇമ്പമുള്ളതാണ് ഈ കഥ. മഹാത്മജിക്ക് ആയിരങ്ങള്‍ വാഗ്ദാനം ചെയ്ത സമ്പന്നനേക്കാള്‍ മഹനീയമാണ് വൃദ്ധയുടെ പ്രവൃത്തിയെന്നു കാണാം. 'കൈയയച്ചു'തന്നെ അവര്‍ മഹാത്മാവിനെ സഹായിച്ചു. സഹജീവിക്ക് അത്യാപത്തുവരുമ്പോള്‍ ഇങ്ങനെ കൈയയക്കാന്‍ നമ്മളില്‍ എത്രപേര്‍ കാണും. പലപ്പോഴും പലതില്‍നിന്നും 'കൈയൊഴിയുന്ന'വരാണ് അധികംപേരും.

സഹജീവി റോഡില്‍ മരണത്തോട് മല്ലടിച്ചുകിടക്കുമ്പോള്‍ വേഗം ആശുപത്രിയിലെത്തിക്കാനല്ല എത്രയുംവേഗം അവിടെ നിന്നും് ഓടിയൊളിക്കാണ് പലര്‍ക്കും ധിറുതി. സഹായ അഭ്യര്‍ത്ഥനയുമായി ഒരു ഹസ്തം നീണ്ടുവരുമ്പോള്‍ നാമത് കണ്ടില്ലെന്നു നടിക്കുന്നു. സഹജീവിയുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്നാല്‍ അത് ബാധ്യതയായി മാറുമെന്നാണ് പലരുടെയും മനോഭാവം. നിര്‍ഭാഗ്യവശാല്‍ ഇതു സമൂഹമാകെ പടര്‍ന്നിരിക്കുന്നു. കുട്ടികളും ഇതില്‍നിന്നു മുക്തരല്ല. അവര്‍ക്കു കണ്ടുപഠിക്കാന്‍ നല്ല മാതൃകകള്‍ ഉണ്ടാകണം. ആര്‍ദ്രതയും സ്‌നേഹവും സഹാനുഭൂതിയുമൊക്കെ എന്തെന്ന്്് ചുരുങ്ങിയ പക്ഷം മക്കളുടെ മുന്നിലെങ്കിലും പ്രകടിപ്പിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. എങ്കിലേ അടുത്ത തലമുറയെങ്കിലും ഈ ശാപത്തില്‍നിന്നും രക്ഷപെടൂ.

(സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി)

No comments:

Post a Comment