Saturday, August 13, 2011

മലയാളത്തില്‍ പുതിയ സിനിമയുടെ യുഗം




മലയാള സിനിമ ഒരു മാറ്റത്തിന്റെ തുടക്കത്തിലാണെന്ന് സമീപകാലത്തിറങ്ങിയ ചലച്ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. സൂപ്പര്‍താരങ്ങളുടെ ഭൂമിയില്‍ തൊട്ടുനില്‍ക്കാത്ത കഥാപാത്രങ്ങളേയും, തുരുമ്പുപിടിച്ച പഴയകാല ചലച്ചിത്രങ്ങളുടെ റീമേക്കുകളും, മൊഴിമാറ്റചിത്രങ്ങളും കണ്ടുമടുത്ത മലയാളപ്രേക്ഷകരുടെ മുന്നിലേക്കാണ് ചാപ്പാകുരിശും സാള്‍ട്ട് ആന്റ് പെപ്പറും പോലെയുള്ള ചില നല്ല ചലച്ചിത്രസംരഭങ്ങള്‍ കാഴ്ചയുടെയും അനുഭവത്തിന്റെയും നവ്യാനുഭവങ്ങളുമായി എത്തിയിരിക്കുന്നത്. കച്ചവടത്തിന്റെ സാധ്യതകളെ മാത്രം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയല്ല ഈ സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടത് എന്നതുതന്നെ ശുഭസൂചകമായ ലക്ഷണമാണ്.

ട്രാഫിക് എന്ന ചലച്ചിത്രത്തോടെയാണ് മലയാളസിനിമയുടെ വഴിയില്‍ ദിശാമാറ്റമുണ്ടായത്. സൂപ്പര്‍താരങ്ങളില്ലാത്ത ഇത്തരം ചിത്രങ്ങളെ
മലയാളിപ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ആശങ്കയോടെയായിരുന്നു ഇവയുടെ വരവെങ്കിലും നല്ലതിനെ സ്വീകരിക്കാനുള്ള മലയാളിമനസ്സിനെയാണ് എവിടെയും കണ്ടത്. സമൂഹത്തിലെ നേര്‍സാക്ഷ്യങ്ങള്‍ അതേ ഭാവതീവ്രതയോടെ ആവിഷ്‌കരിക്കുമ്പോള്‍ ജനം അതു സ്വീകരിക്കുന്നു. കരുത്തില്ലാത്ത കഥയും ഉള്ളടക്കവും മലയാളസിനിമയുടെ ദുര്യോഗമായിരുന്നു. ഇതിനൊരു അപവാദമായിരുന്നു 2011 ന്റെ തുടക്കത്തില്‍ പ്രേക്ഷകര്‍ സ്വീകരിച്ച സജ്ജയ്-ബോബി ടീം എഴുതി രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്ക്.

ട്രാഫിക്കിന്റെ നൂറാം വിജയദിനത്തില്‍ പങ്കെടുത്തുകൊണ്ട് തെന്നിന്ത്യയിലെ സൂപ്പര്‍താരം കമലഹാസന്‍ പറഞ്ഞ വാക്കുകള്‍ തന്നെ ഈ സിനിമയ്ക്കുള്ള ഗുഡ്‌സര്‍ട്ടിഫിക്കറ്റായി മാറുന്നു. ട്രാഫിക്കിന്റെ ചുവടുപിടിച്ചുതന്നെയാണ് സമീര്‍താഹിര്‍ സംവിധാനം ചെയ്ത ചാപ്പാകുരിശും ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്റ് പെപ്പറും പ്രദര്‍ശനത്തിനെത്തിയത്. വെള്ളിത്തിരയിലെ പുതിയ യൗവ്വനം ഗൗരവമായി സിനിമയെ കാണുന്നു എന്നതും സ്വാഗതാര്‍ഹം തന്നെ. വിനീത്ശ്രീനിവാസനും ഫഹദ്ഫാസിലും ആരോടും കിടപിടിക്കാവുന്ന അഭിനേതാക്കളാണ് തങ്ങളെന്ന് ഈ ചിത്രങ്ങളിലൂടെ തെളിയിച്ചിരിക്കുന്നു.

മലയാള രുചിയുടെ പുത്തന്‍ അനുഭൂതികള്‍ പങ്കുവയ്ക്കുന്ന ചിത്രമാണ് സാള്‍ട്ട് ആന്റ് പെപ്പര്‍. ലാല്‍, ബാബുരാജ് എന്നീ അഭിനേതാക്കളുടെ പ്രകടനത്തെ വാഴ്ത്താതെ തരമില്ല. സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ തളച്ചിടപ്പെട്ടിരുന്ന ബാബുരാജിനെ നല്ല അഭിനേതാവെന്ന ഖ്യാതിയിലേക്ക് ഈ ചിത്രം മോചിപ്പിച്ചു. ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവരെഴുതിയ തിരക്കഥ പതിവുശൈലിയില്‍ നിന്നും വേറിട്ടുനിന്നു.

മലയാള സിനിമ സ്വയം അഴിച്ചുപണിയലിന്റെ ഘട്ടത്തിലാണ്. ജീവിതത്തോട് അടുത്തുനില്‍ക്കുന്ന മനുഷ്യഗന്ധിയായ ചലച്ചിത്രഅനുഭവങ്ങള്‍ സമ്മാനിക്കുന്ന ഒരുപിടി ചിത്രങ്ങള്‍കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. മലയാളസിനിമയെ ലോകനിലവാരത്തിലെത്തിച്ച ആ നല്ലകാലങ്ങള്‍ മടങ്ങിയെത്തട്ടെ എന്നാശംസിക്കാം.

1 comment:

  1. ട്രാഫിക്‌ മലയാളത്തിനു ഒരു പുതിയ അനുഭവമായിരുന്നു.കഥാ ഘടന , ആവിഷ്ക്കാരം എല്ലാം പരമ്പരാഗത ശൈലിയില്‍ നിന്ന്
    ഭിന്നം.അത് ഒരു പുന : പരീക്ഷണം നടത്തിയത് അപൂര്‍വ രാഗം
    എന്ന സിബി ചിത്രത്തില്‍. അതും വിജയം. പക്ഷെ അതിനൊരു മറുവശം കൂടിയുണ്ട്. കാതലുള്ള കഥകളെ വളച്ചൊടിക്കാന്‍ ഈ ശൈലിക്ക് സാധിക്കുമോ......?

    ReplyDelete