Thursday, August 11, 2011

പച്ച..പച്ച..പച്ച കാമ്പസ്


കാമ്പസുകളുടെ നിറം മാറുകയാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസപ്പെടുക ഒരു പക്ഷെ പഴയ തലമുറയിലെ ആ പഴയ ക്ലാസ്‌മേറ്റുകളായിരിക്കും. ആല്‍മരച്ചുവട്ടിലും..ചായപ്പീടികയിലെ ബെഞ്ചിലും ബസ് സ്റ്റോപ്പിലുമൊക്കെയായി വെറുതെ സിഗരറ്റും പുകച്ചിരുന്ന ആ പഴയ ക്ലാസ്‌മേറ്റുകള്‍.. പ്രണയത്തിന്റെ പിങ്കുനിറങ്ങള്‍ നിലാവു പടര്‍ത്തിയ നമ്മുടെ സമീപകാലകാമ്പുകള്‍ ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. പ്രകൃതിയുടെ പച്ച നിറമണിയാന്‍ അവര്‍ വെമ്പല്‍കൊള്ളുകയാണെന്നു സാരം. ഈ മാറ്റം ഇതിനകം തന്നെ പല കാമ്പസുകളിലും പ്രതിഫലിച്ചുകഴിഞ്ഞിരിക്കുന്നു എന്നതാണ് വസ്തുത. കാര്യം മറ്റൊന്നുമല്ല തന്നെ, കൃഷിയിലേക്കും കൃഷിയറിവുകള്‍ പഠിപ്പിക്കുന്ന പഠനരീതികളിലേക്കും വിദ്യാര്‍ത്ഥികള്‍ ആകൃഷ്ടരാവുകയാണ്.

തിരുവനന്തപുരത്ത് പ്രമുഖമായ കാമ്പസായ മഹാത്മാഗാന്ധി കോളേജില്‍ (എം.ജി കോളേജ്) ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ തനതു കേരളീയ പാരമ്പര്യ കൃഷിക്കിറങ്ങിയിരിക്കുകയാണ്. മോഹന്‍ലാലും പ്രിയദര്‍ശനമൊക്കെയടങ്ങിയ ഒരു കൂട്ടം പ്രശസ്തരായ വിദ്യാര്‍ത്ഥികള്‍ മേഞ്ഞുനടന്ന കാമ്പസില്‍ നെല്ലും കപ്പയും കുരുമുളകുമൊക്കെ വിളയിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് ഇവിടത്തെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. കോളേജിലെ മലയാളം ഡിപ്പാര്‍ട്ടുമെന്റിലെ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ കൃഷിക്കിറങ്ങിയിരിക്കുന്നത്.

എഞ്ചിനീയറിംങ്, ഐടി, ബാങ്കിംങ് തുടങ്ങിയ ഗ്ലാമര്‍ പ്രൊഫഷണലുകള്‍ക്കൊപ്പം അഗ്രിക്കള്‍ച്ചറിംങിനും ഡിമാന്റ് വര്‍ദ്ധിക്കുകയാണ്. നേച്ചര്‍ ഫാമിംങ്, മെഡിസിനല്‍ പ്ലാന്റിംഗ് തുടങ്ങിയ വരുമാനം ഏറെ തരുന്ന കൃഷിരീതികള്‍ക്ക് പുറകെയാണ് വിജയം നേടിയ കര്‍ഷകരില്‍ ഭൂരിപക്ഷവും. പശുവളര്‍ത്തലും മൃഗപരിപാലനവും ഇറച്ചിക്കോഴി വളര്‍ത്തലും വരെ കൈനിറയെ പണം നല്‍കുന്ന ലാഭമേറിയ ബിസിനസുകളായി പുതുതല കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.

നമുക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങല്‍ സ്വയം കൃഷി ചെയ്‌തെടുക്കുന്നതില്‍ ഒരഭിമാനത്തിന്റെ പ്രശ്‌നം കൂടിയുണ്ട്. എത്ര കാലം പച്ചക്കറിക്കും പൂവിനുമൊക്കെയായി നമുക്ക് അയല്‍സംസ്ഥാനമായ തമിഴ്‌നാടിനെ ആശ്രയിക്കേണ്ടിവരും? വിദ്യാര്‍ത്ഥിയായ രണ്ടാം വര്‍ഷ സുവോളജി പ്രശാന്ത്‌നായര്‍ ചോദിക്കുന്നു. കൃഷിയേയും പാരമ്പര്യ അറിവുകളേയും പറ്റി സര്‍വ്വകലാശാല പഠനകാലത്തുതന്നെ വിദ്യാര്‍ത്ഥികളില്‍ അവബോധം പകരാനാണ് കാമ്പസ് കൃഷിയിലേക്കു തിരിയുന്ന ശ്രമം നടത്തുന്നതെന്ന് അദ്ധ്യാപകനായ സജീവ്കുമാര്‍ പറയുന്നു. തനതു അറിവുകളില്‍ നിന്നും നമ്മുടെ പാരമ്പര്യത്തില്‍ നിന്നും അന്യമായിരുന്നു കാമ്പസിന്റെ ഇതുവരെയുള്ള നടപ്പുശീലങ്ങള്‍. പിസയും ബര്‍ഗറും കോളയും മാത്രമല്ല നമ്മുടെ നിലങ്ങലില്‍ വിളയുന്ന കരിക്കും കരിമ്പുമൊക്കെ ഏറെ പ്രിയപ്പെട്ടതും അമൂ ല്യ വുമാണെന്ന് പുതുതലമുറ മനസ്സിലാക്കുന്നു. ഒട്ടേറെ കുട്ടികള്‍ ഇതിലെല്ലാം താല്‍പര്യപ്പെട്ട് മുന്നോട്ടു വരുന്നുണ്ട്. തിരുവനന്തപുരം നഗരത്തില്‍ തന്നെയുള്ള മറ്റുപല കാമ്പസുകളും സ്‌കൂളുകളുമെല്ലാം കൃഷി ചെയ്യാന്‍ മുന്നോട്ടു വരുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു.

വിദ്യാര്‍ത്ഥികളുടെ കാര്‍ഷികമുന്നേറ്റങ്ങള്‍ക്ക് കരുത്തുപകര്‍ന്നുകൊണ്ട് ഇന്നു പ്രശസ്തരായ പല മുന്‍ കാമ്പസ് താരങ്ങളും അവരുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നുണ്ട്. മൂന്നു തവണ തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലെ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയും ഒരു തവണ ചെയര്‍മാനുമായിരുന്ന പ്രശസ്ത സിനിമാതാരം ജഗദീഷ് എഴുപതുകളില്‍ കാമ്പസിനെ ജൈവവൈവിദ്ധ്യമണിയിച്ച വിദ്യാര്‍ത്ഥിനേതാവായിരുന്നു. അന്നു സംഘടിപ്പിച്ച കാമ്പസ് മാര്‍ക്കറ്റിലേക്ക് കുട്ടികള്‍ അവരവരുടെ വീട്ടില്‍നിന്നും ഓരോ കാര്‍ഷികഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നു. അങ്ങനെ തേങ്ങയും ചക്കയും മാങ്ങയുമൊക്കെ കാമ്പസില്‍ കുന്നുകൂടി. അന്ന് അവയെല്ലാം വന്‍വിലയ്ക്കാണ് ലേലത്തില്‍ പോയത്. അങ്ങനെ ആ വര്‍ഷം യൂണിയന്‍ പരിപാടി കള്‍ കെങ്കേമമാക്കാന്‍ പറ്റി. ഇതില്‍നിന്നും വ്യത്യസ്തമല്ലാത്തൊരു കഥയാണ് എം.പിയായ പി.ടി തോമസ് പങ്കുവയ്ക്കുന്നതും. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ജനറല്‍സെക്രട്ടറിയായിരുന്ന കാലത്ത് കവിയരങ്ങുകള്‍ക്കൊപ്പം കാര്‍ഷികസെമിനാറിനും തോമസ് നേതൃത്വം നല്‍കി. എറണാകുളം മഹാരാജാസ് കോളേജിലും തൊടുപുഴ ന്യൂമാനിലും വിദ്യാര്‍ത്ഥിയായിരുന്ന കാലത്തും കൃഷിയോടുള്ള കമ്പം തോമസ് കൈവിട്ടില്ല. കാര്‍ഷിക സെമിനാറുകളില്‍ വിദഗദ്ധരായ കാര്‍ഷികശാസ്ത്രജ്ഞരേയും കൃഷിക്കാരെയും അണിനിരത്താന്‍ കഴിഞ്ഞു. ഇന്നത്തെ കാമ്പസുകളും കൃഷിയോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം മാതൃകകള്‍ അവലംബിക്കണമെന്നും പി.ടി തോമസ് നിര്‍ദ്ദേശിക്കുന്നു.
കാലം മാറുകയാണ്; കാഴ്ചപ്പാടുകളും. ഐഐടികളില്‍ നിന്നും ഐടി ഹബ്ബുകളില്‍ നിന്നുവരെ യുവാക്കാള്‍ മണ്ണിന്റെ മഹത്വം തൊട്ടറിഞ്ഞെത്തുന്നു. ഭൂമി ഒരു വരദാനമാണെന്ന തിരിച്ചറിവ് അവര്‍ക്കു വലിയ പാഠങ്ങള്‍ സമ്മാനിക്കുന്നു. കാര്‍ഷികപ്രതീക്ഷകള്‍ നെഞ്ചിലേറ്റിയ പുതുതലമുറ പച്ചപുതയ്ക്കും കേരളനാട്ടിനെ ജൈവസമൃദ്ധിയിലേക്ക് നയിക്കുന്ന കാലത്തിനായി കാത്തിരിക്കാം.

No comments:

Post a Comment